ടി കെ രാമചന്ദ്രന്‍ കാലത്തിനു മുന്‍പേ നടന്ന ചിന്തകന്‍ - കെ. സച്ചിദാനന്ദന്‍

വ്യക്തിപരമായ ഓര്‍മ്മകളില്‍ നിന്ന് ഒഴിച്ചുനിര്‍ത്തി ടി കെ രാമചന്ദ്രനെക്കുറിച്ച് എന്തെങ്കിലും സംസാരിക്കുകയോ എഴുതുകയോ ചെയ്യുക എനിക്ക് അസാദ്ധ്യമാണ്. ഞങ്ങള്‍ വിദ്യാര്‍ത്ഥികളായിരുന്ന കാലം മുതല്‍ അദ്ദേഹം മരിക്കും വരെ തുടര്‍ന്ന ഒരു ആത്മബന്ധമായിരുന്നു ടി കെ.യുമായി എനിക്കുണ്ടായിരുന്നത്. എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനവും അവിസ്മരണീയവുമായ സാന്നിധ്യങ്ങളില്‍ ഒന്ന്.  കമ്മ്യൂണിസ്റ്റ്  പാര്‍ട്ടി പിളരും മുന്‍പുള്ള അഖിലേന്ത്യാ വിദ്യാര്‍ഥി ഫെഡറേഷനുമായി ബന്ധപ്പെട്ടാണ് ടി. കെ-യെ പരിചയപ്പെടുന്നത്. ഞാന്‍ എറണാകുളം മഹാരാജാസ് കോളേജില്‍ എം. എ. ഇംഗ്ലീഷ് വിദ്യാര്‍ഥിയായിരുന്നപ്പോള്‍ ടി കെ, ബി  എയ്ക്ക് പഠിക്കുകയായിരുന്നു. എന്‍. എസ്. മാധവനുമതെ. കോളേജ് തിരഞ്ഞെടുപ്പില്‍ ഞാന്‍ ഫെഡറേഷന്റെ ഒരു സ്വതന്ത്ര സ്ഥാനാര്‍ഥി ആയിരുന്നു. ടി. കെ. എഴുതാറുള്ള ഇലക്ഷന്‍ നോട്ടീസുകള്‍ ഭാവനിര്‍ഭരമായ സാഹിത്യസൃഷ്ടികളായിരുന്നു; ഞങ്ങളെ കൂടുതല്‍ അടുപ്പിച്ചതും സാഹിത്യമായിരുന്നു, വില്ല്യം  ബ്ലെയ്ക് മുതല്‍  റ്റി.എസ്സ്. എലിയറ്റ് വരെയുള്ള കവികളോടുള്ള ഇഷ്ടങ്ങള്‍, പൊതുവായ വായന. ബ്ലെയ്ക് ടി. കെയ്ക്ക് ഒരാവേശമായിരുന്നു, ടി കെയുടെ ഗവേഷണബിരുദവും ബ്ലെയ്ക്കില്‍  തന്നെ, ഒരു പക്ഷെ ചിത്രകാരനായ ആ കവിയെക്കുറിച്ചുണ്ടായിട്ടുള്ള ഏറ്റവും സമഗ്രമായ പഠനങ്ങളില്‍ ഒന്ന്.

ടി കെയെക്കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്ന വിശേഷണം 'തീക്ഷ്ണം' എന്നതാണ്. ധിഷണയുടെ, ഭാഷണത്തിന്റെ, നോട്ടത്തിന്റെ പോലും. രാജാജി റോഡിലെ വീട്ടില്‍ മേശയില്‍ നിരത്തി തുറന്നു  വെച്ചിരിക്കുന്ന നിരവധി പുസ്തകങ്ങളുടെ നടുവില്‍ സിഗരറ്റുകുറ്റികള്‍ ചിതറിക്കിടക്കുന്ന അടുക്കില്ലാത്ത മുറിയില്‍ കാലു കുന്തിച്ചു കസേരയിലിരുന്ന് ഇട വിടാതെ സംസാരിക്കുന്ന  ടി കെയുടെ രൂപമാണ് എന്റെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞിട്ടുള്ളത്. അതില്‍ കലാപകാരിയുടെ അരാജകത്വവും കുട്ടിയുടെ നിഷ്‌കളങ്കതയും അരക്ഷിതത്വവും ഒരുപോലെ കലര്‍ന്നിരുന്നു. ധാരാളം വൈരുദ്ധ്യങ്ങള്‍ ടി കെയില്‍ ഉണ്ടായിരുന്നു, പക്ഷെ അവസാനശ്വാസം വരെ ടി. കെ. തന്റെ കലാപസ്വഭാവവും കുട്ടിത്തവും നില നിര്‍ത്തി. ആകാംക്ഷ, ഭയം, സാഹസികത, അനുസരണയില്ലായ്മ, ജിജ്ഞാസ: കുട്ടിയുടെ വൈരുധ്യങ്ങള്‍ ടി കെയില്‍ ഒന്നിച്ചു നിലനിന്നു. തന്റെ ഭൗതികജീവിതം മറ്റുള്ളവര്‍ക്ക് വിട്ടു കൊടുത്ത് ധൈഷണിക ജീവിതത്തില്‍ മുഴുകിയ ഒരാള്‍. ഏകാന്തതയെ ഭയന്നതുകൊണ്ട് എഴുതാമായിരുന്നത്ര എഴുതാന്‍ കഴിയാതെ സംസാരിച്ചു തീര്‍ത്ത ഒരാള്‍- അതായിരുന്നു ടി കെ രാമചന്ദ്രന്‍.

ടി കെ. സ്വയം വിശേഷിപ്പിക്കാറുള്ളത് 'ക്ലാസ്സിക്കല്‍ മാര്‍ക്‌സിസ്റ്റ്' എന്നാണ്. ശരികള്‍ക്കു വേണ്ടി മാര്‍ക്‌സിലേയ്ക്കുതന്നെ പോയിരുന്ന ഒരാള്‍ എന്ന നിലയിലാണ് ഞാന്‍ ആ വിശേഷണത്തെ മനസ്സിലാക്കുന്നത്

ടി കെ. സ്വയം വിശേഷിപ്പിക്കാറുള്ളത് 'ക്ലാസ്സിക്കല്‍ മാര്‍ക്‌സിസ്റ്റ്' എന്നാണ്. ലെനിന്‍, മാവോ, എന്‍വര്‍ ഓജ തുടങ്ങിയ നേതാക്കളും ഗ്രാംഷി, അഡോണോ, വാള്‍ട്ടര്‍ ബെഞ്ചമിന്‍, ഹെയ്ബര്‍മാസ്, ഹോര്‍ഖൈമര്‍, അല്‍തുസ്സര്‍, പെരി ആന്റേഴ്‌സന്‍ തുടങ്ങിയ ചിന്തകരും ആകര്‍ഷിച്ചപ്പോഴും ശരികള്‍ക്കു വേണ്ടി മാര്‍ക്‌സിലേയ്ക്കുതന്നെ പോയിരുന്ന ഒരാള്‍ എന്ന നിലയിലാണ് ഞാന്‍ ആ വിശേഷണത്തെ മനസ്സിലാക്കുന്നത്. അതുകൊണ്ടുതന്നെ വിവിധ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുമായി ബന്ധപ്പെടുമ്പോഴും അവയില്‍ ഏതെങ്കിലും ഒന്നുമായി പൂര്‍ണ്ണമായ താദാത്മ്യം ടി.കെയ്ക്ക് സാധ്യമായിരുന്നില്ല, ഇ.എം.എസ് പോലുള്ള നേതാക്കളോട് വലിയ ആദരവുള്ളപ്പോഴും അദ്ദേഹത്തിന്റെ സാഹിത്യ വീക്ഷണവുമായി ടി കെ നേരിട്ടു തന്നെ ഇടഞ്ഞിരുന്നു. അത് ആത്മസംഘര്‍ഷങ്ങള്‍ക്കും കാരണമായിരുന്നു. അതിന്റെ പ്രതിഫലനങ്ങള്‍ ടി കെയുടെ പ്രവര്‍ത്തനങ്ങളിലെല്ലാം  ഉണ്ടായിരുന്നു, 'സമസ്യ' 'വിചിന്തനം' തുടങ്ങിയ മാസികകളില്‍, താന്‍ തുടക്കമിട്ട 'നിള' എന്ന പ്രസിദ്ധീകരണശാലയില്‍, 'മലയാളം' വാരികയില്‍ അവസാനകാലത്ത് എഴുതിയ 'കാഴ്ച്ചവട്ടം' എന്ന കോളത്തില്‍, ലേഖനങ്ങളില്‍, എല്ലാം. സ്വയം തന്നെ സാര്‍ത്ര് , എം എന്‍ റോയ്, മാര്‍ക്‌സ് എന്നിവര്‍ക്കിടയില്‍പെട്ട് ചിന്താക്കുഴപ്പം ബാധിച്ചിരുന്ന എനിക്ക് ടി കെ യുടെ സംഘര്‍ഷങ്ങള്‍ നന്നായി മനസ്സിലാകുമായിരുന്നു.  മഹാരാജാസ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഫെഡറേഷന്‍  സ്ഥാനാര്‍ഥി ആകുന്നതിനു പകരം ആ സംഘടനയുടെ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥി ആയി നില്‍ക്കാം എന്ന് ഞാന്‍ സമ്മതിച്ചപ്പോള്‍ ആ നിലപാടിനെ പിന്താങ്ങാന്‍ ടി കെയ്ക്ക് കഴിഞ്ഞതും അതു കൊണ്ടാകണം.

 ചിന്ത രവീന്ദ്രനും എന്‍ എസ് മാധവനും കൂടി സഹകാരികള്‍ ആയിരുന്ന 'നിള' യാണ്, അടുത്ത കാലത്ത് 'ചിന്ത' പുന: പ്രകാശിപ്പിച്ച 'കലാവിമര്‍ശം: മാര്‍ക്‌സിസ്റ്റ് മാനദണ്ഡം', മാധവന്റെ 'ചൂളൈമേട്ടിലെ ശവങ്ങള്‍', 'സോഷ്യലിസ്റ്റ് കഥകള്‍' എന്ന വിശ്വകഥാസമാഹാരം മുതലായവ  ആദ്യം പ്രസിദ്ധീകരിച്ചത്. വാള്‍ട്ടര്‍ ബെഞ്ചമിന്റെ 'ഇല്ല്യൂമിനേഷന്‍സ്', 'തീസെസ് ഓണ്‍ ദി ഫിലോസഫി ഓഫ് ഹിസ്റ്ററി', തിയഡോര്‍ അഡോണോയുടെ 'നെഗറ്റിവ് ഡയലെക്റ്റിക്‌സ്', 'മിനിമാ മൊറാലിയാ' ഗ്രാംഷിയുടെ 'പ്രിസണ്‍ നോട്ട്ബുക്‌സ്', വില്‍ഹെം റീഹിന്റെ 'മാസ് സയ്‌ക്കോളജി ഓഫ് ഫാസിസം'- പില്‍ക്കാലത്ത് അല്‍തുസ്സറിന്റെ  'ലെനിന്‍ ആന്‍ഡ് ഫിലോസഫി', ഫൂക്കോയുടെ 'ഡിസിപ്ലിന്‍ ആന്‍ഡ് പണിഷ്' തുടങ്ങിയ  പുസ്തകങ്ങളോട്, ഷേക്‌സ്പിയര്‍, ബ്രെഹ്റ്റ് തുടങ്ങിയവരുടെ കൃതികളോടൊപ്പം  ടി. കെയ്ക്ക് പ്രത്യേക പ്രതിപത്തി ഉണ്ടായിരുന്നു. കവിത ചിലപ്പോള്‍ മാത്രമേ എഴുതിയുള്ളൂവെങ്കിലും ടി. കെയുടെ ഉള്ളില്‍ എന്നും കാവ്യാസ്വാദകനെപ്പോലെ ഒരു  കവിയും ഉണ്ടായിരുന്നു.

ഡല്‍ഹി ഉള്‍പ്പെടെ ഞാന്‍ താമസിച്ച വീടുകളിലെല്ലാം ടി കെ വന്നിട്ടുണ്ട്, ടി കെ താമസിച്ച സ്ഥലങ്ങളിലെല്ലാം ഞാനും പോയിട്ടുണ്ട്, രണ്ടും പല കുറി.

ഡല്‍ഹി ഉള്‍പ്പെടെ ഞാന്‍ താമസിച്ച വീടുകളിലെല്ലാം ടി കെ വന്നിട്ടുണ്ട്, ടി കെ താമസിച്ച സ്ഥലങ്ങളിലെല്ലാം ഞാനും പോയിട്ടുണ്ട്, രണ്ടും പല കുറി. എറണാകുളത്തെ ടി കെ.യുടെ വീട്ടില്‍ ഞാന്‍ ഒരു കുടുംബാംഗമായിരുന്നു. അതുപോലെ തന്നെയാണ് ടി കെ യുടെ വത്സലരായ മാതാപിതാക്കള്‍ എന്നോട് പെരുമാറിയിരുന്നതും. വിവാഹം കഴിഞ്ഞു ഞാന്‍ ആദ്യം പോയ വീടും അതായിരുന്നു. ടി കെയുടെ ക്ഷണമനുസരിച്ച് കോഴിക്കോടും തലശ്ശേരിയിലും ഹിന്ദുത്വഫാസിസം മുതല്‍  ഘടനാവാദാനന്തരചിന്ത വരെയുള്ള വിഷയങ്ങളില്‍  പ്രഭാഷണങ്ങള്‍ നടത്താന്‍ ഞാന്‍ പോയിട്ടുമുണ്ട്. ടി എന്‍ ജോയ് കൊടുങ്ങല്ലൂരില്‍ 'സൂര്യകാന്തി' എന്ന ബുക്ക് സ്റ്റാള്‍ അഥവാ ലൈബ്രറി തുടങ്ങിയപ്പോള്‍ അവിടെയും ടി കെ നിത്യസന്ദര്‍ശകനായിരുന്നു- അവിടമായിരുന്നല്ലോ അന്ന് നവമാര്‍ക്‌സിയന്‍ ഗ്രന്ഥങ്ങളുടെയും മാസികകളുടെയും ചര്‍ച്ചകളുടെയും കേന്ദ്രം.  

'പോപ്പുലര്‍ കള്‍ച്ചര്‍' സര്‍വകലാശാലകളില്‍ അദ്ധ്യയന വിഷയമാകുന്നതിനു എത്രയോ മുന്‍പ് ഗ്രാംഷിയുടെ പ്രചോദനത്തില്‍ ടി. കെ ആ വിഷയം പഠിച്ചിരുന്നു, അത് വിശേഷിച്ചും ടി. കെ. നടത്തിയ പോപ്പുലര്‍ സിനിമാപഠനങ്ങളില്‍ കാണാം- 'കാഴ്ച്ചയുടെ കോയ്മ' എന്ന പുസ്തകം ഉദാഹരണം.  പൊതുവേ ലിറ്റില്‍ മാഗസിനുകളോടും അവാങ് - ഗാദ് കലാ-സാഹിത്യങ്ങളോടും യുവാക്കളുടെ നവസംരംഭങ്ങളോടും ടി. കെ. ആഭിമുഖ്യം പുലര്‍ത്തി. എന്നും ചെറുപ്പക്കാരുമായി സംവദിക്കാന്‍ ഇഷ്ടപ്പെട്ടു. ടി കെ യുടെ താമസ സ്ഥലങ്ങളെല്ലാം  വ്യത്യസ്തമായി ചിന്തിക്കുന്ന ചെറുപ്പക്കാരുടെ അഭയകേന്ദ്രങ്ങളായിരുന്നു; ആ ഹൃദയവിശാലത പലരും ചൂഷണം ചെയ്തിരുന്നെങ്കിലും.

ആഴമേറിയ വായന, പ്രസക്തമായ വിചിന്തനം, സിദ്ധാന്തവത്കരണശേഷി,  ചോദ്യം ചെയ്യാനാകാത്ത ആര്‍ജ്ജവം, സംഘാടന പാടവം, ഊര്‍ജസ്വലത, ഉദാരത, സഹൃദയത്വം, സൗഹൃദ തീവ്രത, ഉറച്ച പ്രതിജ്ഞാബദ്ധത: ഈ ഗുണങ്ങളിലൂടെ മലയാളികള്‍ക്ക് സഹജമായ സിനിസിസത്തെ അകറ്റി നിര്‍ത്തിയ  ചിന്തകനും എഴുത്തുകാരനും ആയിരുന്നു ടി. കെ

ഹിന്ദുത്വ ഫാസിസം ശക്തമായ ഈ കാലത്ത്, അതേക്കുറിച്ച് ഏറെ വേവലാതിപ്പെടുകയും 'സെക്യുലര്‍ കളക്റ്റിവ്' പോലുള്ള സംഘടനകളിലൂടെ വര്‍ഷങ്ങള്‍ക്കു മുന്‍പേ അതിനെ ചെറുക്കാന്‍ തുടങ്ങുകയും ചെയ്ത ടി. കെ യുടെ ചിന്തകള്‍ക്കും 'ഒരു മിഥ്യയുടെ ഭാവി', ഹിന്ദുത്വഫാസിസവും സാംസ്‌കാരിക കേരളവും' തുടങ്ങിയ പുസ്തകങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും പുതിയ പ്രസക്തിയുണ്ട്. ഒപ്പം തന്നെ ഗ്രാംഷി പറഞ്ഞ, ടി കെയുടെ രീതികളിലും കാണാവുന്ന,  'ധിഷണയുടെ നിരാശാവാദവും ഇച്ഛയുടെ ശുഭാപ്തിവിശ്വാസവും' എന്ന സമീപനത്തിനും.  

ആഴമേറിയ വായന, പ്രസക്തമായ വിചിന്തനം, സിദ്ധാന്തവത്കരണശേഷി,  ചോദ്യം ചെയ്യാനാകാത്ത ആര്‍ജ്ജവം, സംഘാടന പാടവം, ഊര്‍ജസ്വലത, ഉദാരത, സഹൃദയത്വം, സൗഹൃദ തീവ്രത, ഉറച്ച പ്രതിജ്ഞാബദ്ധത: ഈ ഗുണങ്ങളിലൂടെ മലയാളികള്‍ക്ക് സഹജമായ സിനിസിസത്തെ അകറ്റി നിര്‍ത്തിയ  ചിന്തകനും എഴുത്തുകാരനും ആയിരുന്നു ടി. കെ. ബോംബെ കേന്ദ്രമായിരുന്ന 'വികാസ് അദ്ധ്യയന്‍ കേന്ദ്ര'യുടെ നേതൃത്വത്തില്‍ 'സംസ്‌കാരവും ദൈനംദിന ജീവിതവും' എന്ന പേരില്‍ ശില്പ്പശാലകളുടെ ഒരു പരമ്പര നടത്തുന്നതില്‍ ടി കെ മുന്‍കയ്യെടുത്തിരുന്നു. അവയില്‍ റൊമീലാ ഥാപ്പര്‍, റുസ്തം ഭറൂച്ചാ, കെ. എന്‍. പണിക്കര്‍, രാം ബാപ്പട്ട്, ഗോപാല്‍ ഗുരു, ചന്ദ്രലേഖ, മിഹിര്‍ ഭട്ടാചാര്യ, രാജന്‍ ഗുരുക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.  ടി കെ യുടെ നര്‍മ്മബോധത്തെക്കുറിച്ചും ഊര്‍ജ്ജസ്വലതയെക്കുറിച്ചും മലയാളിയുടെ ചില അരാജകശീലങ്ങള്‍ ടി കെ യുടെ അകാലവിയോഗത്തിന് ഹേതുവായതിനെക്കുറിച്ചും സദാനന്ദ് മേനോന്‍ ഹൃദയസ്പൃക്കായ ഒരു അനുസ്മരണത്തില്‍ എഴുതുന്നുണ്ട്. 

ഇച്ഛയുടെ ശുഭാപ്തി; ഫാസിസ്റ്റ് വിരുദ്ധ കുറിപ്പുകള്‍ 

മുഖ്യമായും ഫാസിസത്തിന്നെതിരെ ടി കെ രാമചന്ദ്രന്‍ എഴുതിയ ലേഖനങ്ങളുടെ ഈ സമാഹാരം അദ്ദേഹം കാലത്തിനു മുന്‍പേ നടന്ന, പ്രവാചകത്വമുള്ള ഒരു ചിന്തകന്‍ ആയിരുന്നു എന്ന് കാണിക്കുന്നു.

1. സംഘ പരിവാരത്തിന്റെ മായായുദ്ധം

''നാസി ജര്‍മ്മനി സന്ദര്‍ശിക്കാനെത്തിയ ഒരു വിദേശീയ സഞ്ചാരിയോട് 'ആരാണ്  അവിടെ ഭരിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു: ''ഭയം''. ബ്രെഹ്റ്റിന്റെ 'ഭരണകൂടത്തിന്റെ ഉത്കണ്ഠകള്‍' എന്ന കവിതയിലെ ഈ  ഉദ്ധരണിയോടെയാണ് ഈ സമാഹാരത്തിലെ 'സംഘ പരിവാരത്തിന്റെ മായായുദ്ധം' എന്ന ലേഖനം ആരംഭിക്കുന്നത്. എങ്ങിനെ ഫാസിസം ജനങ്ങളില്‍ ഭയം നിറയ്ക്കുന്നു എന്ന്, സമൂഹ മനസ്സിലെ അബോധ ഭീതികളെയും വിശ്വാസങ്ങളെയും ഉണര്‍ത്തുന്നു എന്ന്, നഗ്‌നവും നിര്‍വികാരവുമായ ശക്തിപ്രയോഗത്തെ മാത്രം ആശ്രയിക്കുന്ന ഒരു നിഷ്ഠുരക്രമം നടപ്പിലാക്കുന്നു എന്ന്, കുടുംബം മുതല്‍ സമൂഹം വരെ മാത്രമല്ല, സ്വന്തം കക്ഷിയില്‍ പോലും ആളുകള്‍ പരസ്പരം സംശയിക്കുന്നതുവരെ എങ്ങിനെ ഈ ഭയം സംക്രമിക്കുന്നു എന്ന് ലേഖകന്‍ ഭൂതകാലത്തിലും  വര്‍ത്തമാനത്തിലും നിന്നെടുത്ത അനേകം ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കുന്നു. 

ടി കെ എഴുതുമ്പോള്‍ പരികല്‍പ്പനകളില്‍ വിശദാംശങ്ങള്‍ നഷ്ടപ്പെടുന്നില്ല, വാര്‍ത്താ-വിവരങ്ങളില്‍ സിദ്ധാന്തങ്ങള്‍ മുങ്ങിപ്പോകുന്നുമില്ല.

ടി കെ എഴുതുമ്പോള്‍ പരികല്‍പ്പനകളില്‍ വിശദാംശങ്ങള്‍ നഷ്ടപ്പെടുന്നില്ല, വാര്‍ത്താ-വിവരങ്ങളില്‍ സിദ്ധാന്തങ്ങള്‍ മുങ്ങിപ്പോകുന്നുമില്ല. അങ്ങിനെ എഴുതുന്നവര്‍ തീരെ കുറഞ്ഞുവരുന്ന ഇക്കാലത്ത്, ഉദാഹരിക്കപ്പെടാത്ത തത്വങ്ങളും സിദ്ധാന്തവത്കരിക്കപ്പെടാത്ത സംഭവ വിവരണങ്ങളുമായി അഥവാ തീസിസും ജേര്‍ണലിസവുമായി - എഴുത്ത് പിരിഞ്ഞു പോകുന്ന കാലത്ത്- ഈ രചനാരീതി മാര്‍ക്‌സിന്റെയും മറ്റും രീതികളെ വീണ്ടെടുക്കുകയാണ് ചെയ്യുന്നത് എന്ന് പറയാം. അയോദ്ധ്യയിലെ സംഭവവികാസങ്ങളെക്കുറിച്ച് ടി കെ സംസാരിക്കുന്നത് അനേകം ഹിന്ദുത്വ വക്താക്കളുടെ പ്രഭാഷണങ്ങളും സംഭാഷണങ്ങളും ഉദ്ധരിച്ചു കൊണ്ടും മസ്ജിദ് തകര്‍ത്തതിനു ശേഷമുണ്ടായ കൊലപാതകങ്ങള്‍ ഉള്‍പ്പെടെയുള്ള മുസ്ലിംവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടും അതെല്ലാം ഫാസിസ്റ്റുകള്‍ക്ക് നല്‍കിയ പുതിയ ശക്തിയും മുന്‍കയ്യും എടുത്തു കാണിച്ചു കൊണ്ടുമാണ്. ഇരുപത്തേഴു വര്‍ഷം മുന്‍പെഴുതിയ ഈ ലേഖനത്തില്‍ത്തന്നെ അവര്‍ വിഭാവനം ചെയ്യുന്ന ഭരണഘടനയെക്കുറിച്ച് ടി കെ ദീര്‍ഘദൃഷ്ടിയോടെ സംസാരിക്കുന്നുണ്ട്, അത് എങ്ങിനെ മനുസ്മൃതിയെ നിയമമാക്കും, ദളിതരെയും ഇതരമതക്കാരെയും അപരരാക്കും, ജനാധിപത്യത്തെ അസ്തപ്രായമാക്കും, അസ്പൃശ്യതയെപ്പോലും നിയമവത്കരിക്കും എന്നെല്ലാം പഴയ പുരി ശങ്കരാചാര്യരായ നിരഞ്ജന്‍ ദേവ തീര്‍ത്ഥന്‍ മുതല്‍ അദ്വാനി വരെ പല മേഖലകളിലുള്ള നേതാക്കളെ ഉദ്ധരിച്ചു കൊണ്ട് ലേഖനം കാണിച്ചുതരുന്നു. 'ഓര്‍ഗനൈസര്‍' മുഖപ്രസംഗം മുതല്‍ പഴയ ജനസംഘം നേതാവ് ബല്‍രാജ് മാധോക്കിനെ വരെ ഉദ്ധരിച്ചു കൊണ്ട് എങ്ങിനെ ഇക്കൂട്ടര്‍ ഇന്ത്യയില്‍ മുസ്ലിം ആഗമനത്തിന്റെയും ഭരണത്തിന്റെയും അവസാന തെളിവുകള്‍ വരെ നശിപ്പിക്കാനും എല്ലാ മുസ്ലിം പുണ്യസ്ഥലങ്ങളും പള്ളികളും സ്മാരകങ്ങളും പിടിച്ചെടുക്കാനും  കച്ചകെട്ടി ഇറങ്ങിയിരിക്കുന്നു എന്നും കാണിക്കുന്നു. യുക്തിയുടെ അപഹാരകാലം ഫാസിസത്തിന്റെ വികാസകാലവുമാണെന്നു ജര്‍മ്മനി , ഇറ്റലി ഇവിടങ്ങളിലെ അനുഭവങ്ങള്‍ എടുത്തു കാണിച്ചു ടി കെ വാദിക്കുന്നു.  ഭരണകൂടവും കോടതിയും മുതല്‍ ദേവസ്വവും പ്രാദേശിക ശയനപ്രദക്ഷിണക്കാരും വരെ ആരെയും ലേഖകന്‍ കുറ്റവിമുക്തരാക്കുന്നില്ല. അനേകം ഫണങ്ങളുള്ള വിഷസര്‍പ്പം പോലെ എങ്ങിനെ പല പേരുകളില്‍ ഈ പ്രത്യയശാസ്ത്രം സംഘടിച്ചിരിക്കുന്നു എന്നും അത് എങ്ങിനെ മിത്തുകളെയും ഭ്രമകല്‍പ്പനകളെയും ആശ്രയിച്ചു വളരുന്നു എന്നും  ലേഖനം വ്യക്തമാക്കുന്നു. റൊളാങ് ബാര്‍ത്ത്, ലെവി സ്‌ട്രോസ് മുതലായവരുടെ പഠനങ്ങളുടെ പിന്‍ബലത്തിലാണ് മിത്തുകളുടെ ശക്തിയെക്കുറിച്ചും പ്രത്യയശാസ്ത്രം സൃഷ്ടിക്കുന്ന മിത്തുകള്‍ ചരിത്രത്തെ അട്ടിമറിക്കുന്നതിനെക്കുറിച്ചും ലേഖകന്‍ സംസാരിക്കുന്നത്. ഹിന്ദുത്വദേശീയതയും ഇടതുപക്ഷ ദേശസങ്കല്പ്പവും തമ്മിലുള്ള അന്തരം, ഒരു ബദല്‍ മുന്നണിയുടെ ആവശ്യം ഇവയെക്കുറിച്ചു പറഞ്ഞുകൊണ്ടാണ് ലേഖനം അവസാനിക്കുന്നത്. ഇന്ത്യയില്‍ ഇടതുപക്ഷം കുറേക്കൂടി ശക്തമായിരുന്ന കാലത്താണ് ഇത് എഴുതപ്പെട്ടത് എന്ന് ഓര്‍ക്കേണ്ടതുണ്ട്. അതുകൊണ്ട് ഇതിലെ ശുഭവിശ്വാസത്തെക്കാള്‍  അശുഭഭയം ആണ് യഥാര്‍ത്ഥം എന്ന് ഞാന്‍ കരുതുന്നു. പക്ഷെ അത് ഈ അപഗ്രഥനതിന്റെ ശക്തിയോ പ്രസക്തിയോ ഒട്ടും കുറയ്ക്കുന്നില്ല. 

2.  ധിഷണയുടെ ദുരന്ത ബോധവും ഇച്ഛയുടെ ശുഭാപ്തിവിശ്വാസവും
'യഥാര്‍ത്ഥ ചരിത്രജ്ഞാനം ആപത്തിന്റെ നിമിഷത്തില്‍ മിന്നിമറയുന്ന ഒരു ഓര്‍മ്മയെ എത്തിപ്പിടിക്കലാണ് ' എന്ന വാള്‍ട്ടര്‍ ബെഞ്ചമിന്റെ വാക്യം ടി കെ യ്ക്ക് പ്രത്യേകം പ്രിയങ്കരമായിരുന്നു.

'യഥാര്‍ത്ഥ ചരിത്രജ്ഞാനം ആപത്തിന്റെ നിമിഷത്തില്‍ മിന്നിമറയുന്ന ഒരു ഓര്‍മ്മയെ എത്തിപ്പിടിക്കലാണ് ' എന്ന വാള്‍ട്ടര്‍ ബെഞ്ചമിന്റെ വാക്യം ടി കെ യ്ക്ക് പ്രത്യേകം പ്രിയങ്കരമായിരുന്നു. ചരിത്രത്തെ നിശ്ചലമായ ഒരു വസ്തുതാസംഘാതം ആയല്ല ലേഖകന്‍ കണ്ടത് എന്ന് ' ധിഷണയുടെ ദുരന്ത ബോധവും ഇച്ഛയുടെ ശുഭാപ്തിവിശ്വാസവും' എന്ന ലേഖനം തെളിയിക്കുന്നു. ആഗോള മുതലാളിത്തം സമാധാന നാട്യം ഉപേക്ഷിച്ച് സൈനികഭാഷ ഉപയോഗിക്കാന്‍ ആരംഭിച്ചിരിക്കുന്നു എന്ന് അത് താക്കീത് ചെയ്യുന്നു. മൈക്രോ സോഫ്റ്റ് പ്രതിസന്ധിയുടെ സന്ദര്‍ഭത്തില്‍, അതിനെ രക്ഷിക്കാന്‍ പോകുന്ന സ്വതന്ത്രകമ്പോളത്തിന്റെ പിന്നിലുള്ള മുഷ്ടിയെക്കുറിച്ചു തുറന്നുപറയുന്ന മില്‍ട്ടണ്‍ ഫ്രീഡ്മാന്‍ ഈ പരിണാമമാണ് സൂചിപ്പിക്കുന്നത്. അമേരിക്കയും ഇസ്രായേലും ചേര്‍ന്നു നയിക്കുന്ന പ്രതിലോമകരമായ ആഗോളമുതലാളിത്തത്തിന്റെ നിര്‍ല്ലജ്ജമായ ശക്തിപ്രയോഗം ഫലസ്തീനിലും അഫ്ഘാനിസ്ഥാനിലും നാം കണ്ടു. വിയത്‌നാമിലെ സംഘര്‍ഷത്തിലും ഇറാന്‍-ഇറാഖ് യുദ്ധം സൃഷ്ടിക്കുന്നതിലും അമേരിക്കയുടെ പങ്കു നമുക്കറിയാം. ഇന്നത്തെ ഹിന്ദുത്വം ഈ ശക്തികളെത്തന്നെയാണ് ആശ്രയിക്കുന്നതും പിന്തുടരുന്നതും. മോദിയുടെ ഉയര്‍ച്ചയ്ക്കുശേഷം ഇന്ത്യ ഇസ്രായേലുമായി തുറന്ന സഖ്യത്തില്‍ ഏര്‍പ്പെടുന്നത് നാം കണ്ടു; എന്നാല്‍ ഇതിലും എത്രയോ മുന്‍പ് ടി കെ ഈ ബാന്ധവത്തിന്റെ തുടക്കം കണ്ടിരുന്നുവെന്ന് ഈ ലേഖനം തെളിയിക്കുന്നു. ഇറ്റലിയിലെയും ജര്‍മ്മനിയിലെയും ഫാസിസവുമായി ഇന്ത്യന്‍ ഹൈന്ദവ ഫാസിസത്തിന്നുള്ള സാദൃശ്യങ്ങള്‍ ലേഖകന്‍ ആവര്‍ത്തിച്ചു പറയുന്നുണ്ട്. വില്‍ഹെം റീഹ്, ടാല്‍കോട്ട് പാഴ്‌സണ്‍സ്, ഹന്നാ ആരന്റ്, നോം ചോംസ്‌കി, ഗൊരാന്‍ തെര്‍ബോണ്‍, ഴാക് റാന്‍സിയെ തുടങ്ങിയവര്‍ അധികാരോന്മുഖ ഭരണകൂടങ്ങളെയും ഭരണാധിപതികളെയും കുറിച്ച് നടത്തിയ വിശകലനങ്ങള്‍ ടി കെ യുടെ നിലപാടിനെ ശരിവെയ്ക്കുന്നുണ്ട്.

ഹിന്ദുമഹാസഭയുടെ നേതാക്കള്‍ മാതൃകയാക്കിയിരുന്നത്  ഹിറ്റ്‌ലര്‍-മുസ്സോലിനിമാരെയാണെന്നതും രഹസ്യമല്ല. ഇന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ചേഷ്ടകളും പ്രഭാഷണ ശൈലിയും പ്രവര്‍ത്തനങ്ങളും എങ്ങിനെ കൃത്യമായും മുസ്സൊലീനിയെ ഓര്‍മ്മിപ്പിക്കുന്നു എന്ന് ഇയ്യിടെ  രാമചന്ദ്രഗുഹയെപ്പോലെ ഒരു ലിബറലിനു കൂടി പറയേണ്ടി വന്നു. ആ നേതാക്കളുടെ അതേ 'അപര'സൃഷ്ടി , വംശപ്രതാപം,  പ്രതിപക്ഷ വിദ്വേഷം, സ്വാതന്ത്ര്യ ഭയം, വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുത, നിയമങ്ങളുടെ ദുരുപയോഗം, തങ്ങള്‍ക്കുതകുന്ന ഒരു ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും നിര്‍മ്മാണം, ഭൂതകാലക്കുളിര്‍, മിത്തുകളും ഇതിഹാസങ്ങളും ചരിത്രമായി അവതരിപ്പിക്കല്‍, സങ്കുചിത ദേശീയ വാദം, മുതലാളിത്തവുമായുള്ള ചങ്ങാത്തം, എല്ലാറ്റിനെയും കറുപ്പും വെളുപ്പുമായി മാത്രം കാണുന്ന വിചാര സങ്കോചം, ജനാധിപത്യത്തോടുള്ള വിദ്വേഷം ഇവയെല്ലാം ഹിന്ദുത്വരാഷ്ട്രീയത്തിലും നാം കാണുന്നു. അതില്‍ അതിന്റെ നേതാക്കള്‍ അഭിമാനിക്കയും ചെയ്യുന്നു. ബുഹന്‍വാള്‍ഡു മുതല്‍ ഗുജറാത്ത് വരെ നീണ്ട ഒരു വംശഹത്യാചരിത്രം ഈ തീവ്രവലതുപക്ഷ രാഷ്ട്രീയത്തിന്നുണ്ട്.

തന്റെ കറുത്ത പ്രവചനങ്ങള്‍ കണ്മുന്‍പില്‍ സത്യമായി മാറുന്നത് ടി. കെ-യുടെ ബുദ്ധിയെ സന്തോഷിപ്പിക്കുകയും ഹൃദയത്തെ വ്രണപ്പെടുത്തുകയും ചെയ്യുമായിരുന്നു

ഫാസിസത്തിന്റെ മദ്ധ്യവര്‍ഗ്ഗ അടിത്തറ ആദ്യമേ തിരിച്ചറിഞ്ഞ ചിന്തകനായിട്ടാണ് ഈ ലേഖനത്തില്‍ ടി കെ, ഗ്രാംഷിയെ അവതരിപ്പിക്കുന്നത്.ജര്‍മ്മനി, ഇറ്റലി, സ്‌പെയിന്‍ എന്നീ നാടുകളിലെ ഫാസിസ്റ്റ് കാലഘട്ടം അപഗ്രഥിച്ചുകൊണ്ട് അത് വിശദീകരിക്കുന്നുമുണ്ട്. ദാരിദ്ര്യം മുതല്‍ മഹാമാരി വരെ എല്ലാറ്റിനും സൈനിക പരിഹാരം കാണുന്നതാണ് അതിന്റെ ഒരു രീതി. ഏതു പ്രതിസന്ധിയെയും അവസരമാക്കി മാറ്റാന്‍ അതിനു കഴിയുമെന്ന് സമീപകാല ഇന്ത്യാ ചരിത്രം തന്നെ തെളിയിക്കുന്നുണ്ടല്ലോ. അതിര്‍ത്തിയില്‍ തര്‍ക്കമുണ്ടായാല്‍ ദേശസ്‌നേഹത്തിന്റെയും ദേശദ്രോഹത്തിന്റെയും കാര്യം പറഞ്ഞു പ്രതിപക്ഷത്തെ ജയിലില്‍ അടയ്ക്കാം, മഹാമാരി വന്നാല്‍ തങ്ങള്‍ സൃഷ്ടിച്ച സാമ്പത്തിക പ്രശ്‌നം അതിന്റെ തലയില്‍ വെയ്ക്കാം, ലഹളയുണ്ടായാല്‍ വിശേഷാധികാരം ഉപയോഗിച്ച് ഉണ്ടാക്കിയവരെ ഒഴിവാക്കി ഇരകളെ തടവിലാക്കാം, ജനാധിപത്യപരമായ പ്രതിഷേധങ്ങളെ രാജ്യദ്രോഹമായും എതിരാളികളായ ബുദ്ധിജീവികളെ  തീവ്രവാദികളായും ചിത്രീകരിക്കാം, മാധ്യമങ്ങളെ ചൊല്‍പ്പടിയിലാക്കി അസത്യപ്രചാരണം നടത്തി ജനങ്ങളെ മസ്തിഷ്‌ക പ്രക്ഷാളനം നടത്താം, ന്യായാധിപരെപ്പോലും പ്രലോഭനവും ഭീഷണിയും കൊണ്ട് വശത്താക്കാം, നീതിയെ നേരെ തലതിരിച്ചു നിര്‍ത്താം, സ്വന്തം വര്‍ഗീയത 'സംസ്‌കാര'വും  മറ്റുള്ളവരുടെത് ദേശവിരോധവുമായി വ്യാഖ്യാനിക്കാം, സാംക്രമിക രോഗത്തിന്റെ മറവില്‍ വരും തലമുറകളെ തങ്ങള്‍ക്കനുകൂലമാക്കുന്ന വിദ്യാഭ്യാസ നയം നടപ്പിലാക്കാം, രാഷ്ട്രപിതാവിനെ തൂപ്പുകാരനും രാഷ്ട്രപിതാവിന്റെ കൊലപാതകിയെ ബലിദാനിയുമാക്കാം, ജനാധിപത്യം നിലനിര്‍ത്തിയ മുന്‍കാലനേതാക്കളെ ഓര്‍മ്മയില്‍ നിന്നുതന്നെ മായ്ച്ചു കളയാം. ഇതെല്ലാം കാണാന്‍ ടി കെ ഉണ്ടായിരുന്നെങ്കില്‍ എങ്ങിനെ പ്രതികരിക്കുമായിരുന്നു എന്ന് ഇന്ന് ആലോചിക്കുക തന്നെ വേദനാകരമാണ്.

തന്റെ കറുത്ത പ്രവചനങ്ങള്‍ കണ്മുന്‍പില്‍ സത്യമായി മാറുന്നത് അദ്ദേഹത്തിന്റെ ബുദ്ധിയെ സന്തോഷിപ്പിക്കുകയും ഹൃദയത്തെ വ്രണപ്പെടുത്തുകയും ചെയ്യുമായിരുന്നു എന്നും തന്റെ വലതുപക്ഷ വിമര്‍ശത്തോടൊപ്പം, ഗ്രാംഷി ലേഖനത്തില്‍ നാം കാണുന്ന  ഇടതുപക്ഷ വിമര്‍ശനം കൂടുതല്‍ തീവ്രമാകുമായിരുന്നു എന്നും ഊഹിക്കാം. ഗ്രാംഷി തടവിലാകും എന്നറിഞ്ഞിട്ടും നേതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങാതെ, മുങ്ങുന്ന കപ്പലിന്റെ കപ്പിത്താന്റെ ധാര്‍മ്മികതയില്‍ ഉറച്ചുനിന്നു ജയിലില്‍ പോയതും അവിടെ വെച്ചെഴുതിയ നോട്ട്ബുക്കുകള്‍ വരും തലമുറകള്‍ക്കുള്ള പാഠങ്ങള്‍ ആയതും നമ്മുടെ സാഹചര്യത്തില്‍ അവയുടെ പ്രസക്തിയും ടി കെ  ഇവിടെ വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. പ്രത്യയ ശാസ്ത്രം എന്ന പരികല്‍പ്പനയുടെ വ്യാപ്തി എങ്ങിനെ ഗ്രാംഷി വര്‍ദ്ധിപ്പിച്ചു എന്നദ്ദേഹം വിശദീകരിക്കുന്നു. നിയമങ്ങളും തടവറകളും രാഷ്ട്രീയ കക്ഷികളും മുതല്‍ പാഠപുസ്തകങ്ങളും പഴഞ്ചൊല്ലുകളും 'സാമാന്യ ബോധ'ങ്ങളും വരെ  വ്യാപിച്ചു കിടക്കുന്ന, സങ്കീര്‍ണ്ണമായ ഒരു വ്യവസ്ഥയാണ് അത്. നമുക്കറിയാം, ഗ്രാംഷിയെ തുടര്‍ന്ന്, ല്യൂക്കാച്, അല്‍തുസ്സര്‍, അഡോണോ, തെര്‍ബോണ്‍, ടെറി ഈഗിള്‍ടണ്‍ തുടങ്ങിയവര്‍ 'പ്രത്യയശാസ്ത്രം' എന്ന പരികല്പ്പനയെ വീണ്ടും വികസിപ്പിച്ചു എന്ന്; എന്നാല്‍ ആ ചര്‍ച്ചകള്‍ക്കു തുടക്കമിട്ടത് ഗ്രാംഷി ആയിരുന്നു. സെപ്റ്റംബര്‍ പതിനൊന്നിനും ഗുജറാത്ത് നരഹത്യയ്ക്കുമെല്ലാം ഉണ്ടായ ന്യായീകരണങ്ങളില്‍ പ്രത്യയശാസ്ത്രവും സ്ഥിതധാരണകളെ നിര്‍മ്മിച്ച് ന്യായീകരിക്കുന്ന സാമാന്യബോധവും വഹിച്ച പങ്കിനെക്കുറിച്ചും ടി കെ ചര്‍ച്ച ചെയ്യുന്നുണ്ട്. എപ്പോഴും നമ്മുടെ മണ്ണിലും ഭാഷയിലും ഉറച്ചുനിന്നുകൊണ്ടാണ്  ഈ ചര്‍ച്ചകള്‍ ലേഖകന്‍ നടത്തുന്നത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. 'നാടോടുമ്പോള്‍ നടുവേ ഓടണം' തുടങ്ങിയ ഉദാഹരണങ്ങള്‍ നോക്കുക. 


3. ഫാസിസ്റ്റ് ഹിന്ദുത്വ പ്രത്യയ ശാസ്ത്രവും കേരളീയ സാംസ്‌കാരിക ജീവിതവും

'ഫാസിസ്റ്റ് ഹിന്ദുത്വ പ്രത്യയശാസ്ത്രവും കേരളീയ സാംസ്‌കാരിക ജീവിതവും' എന്ന പ്രബന്ധത്തില്‍ കേരളത്തില്‍ രാഷ്ട്രീയം പോലും എങ്ങിനെ സംസ്‌കാരമെന്ന മുഖം മൂടി ധരിച്ചു മാത്രമേ പ്രത്യക്ഷപ്പെടാന്‍ ധൈര്യപ്പെടുന്നുള്ളൂ എന്ന് ജനകീയ 'സാംസ്‌കാരിക'വേദി, കോണ്‍ഗ്രസ് വിഭാഗങ്ങളുടെ 'സാംസ്‌കാരികമായ' ഐക്യപ്പെടല്‍ തുടങ്ങി അനേകം ഉദാഹരണങ്ങളിലൂടെ ടി കെ കാണിക്കുന്നുണ്ട്. നവോത്ഥാനകാലത്തും പുരോഗമന സാഹിത്യകാലത്തും ആധുനികതയുടെ കാലത്തുമെല്ലാം  സംസ്‌കാരം- എന്തിന്, സാഹിത്യത്തിലെ ഉള്ളടക്കം/ രൂപം മുതലായ ചര്‍ച്ചകള്‍ പോലും- പൊതു ചര്‍ച്ചകളുടെ കേന്ദ്രമായി മാറുന്നത് നാം കണ്ടിട്ടുണ്ടല്ലോ. ഈ സന്ദര്‍ഭത്തിലാണ് ഹിന്ദുത്വവാദികള്‍ സാംസ്‌കാരിക രംഗത്തിന്  ഊന്നല്‍ നല്‍കുന്നതിനെ നാം മനസ്സിലാക്കേണ്ടത്. ബൂര്‍ഷ്വാ പൊതുമണ്ഡല രൂപീകരണവും, തുടര്‍ന്ന് പുരോഗമന പ്രസ്ഥാനങ്ങളും ചേര്‍ന്നു ദുര്‍ബലപ്പെടുത്തിയിരുന്ന ഫ്യൂഡല്‍ മൂല്യങ്ങളെ സാംസ്‌കാരികരംഗത്ത് ഗൃഹാതുരതയോടെ പുനരാനയിച്ചുകൊണ്ടാണ് അവര്‍ രംഗപ്രവേശം ചെയ്തത്. കുപ്രസിദ്ധമായ 'വിമോചന സമരം' മുതല്‍ വര്‍ഗീയത കേരളത്തില്‍ ശക്തി പ്രാപിക്കുന്നതും ആള്‍ ദൈവങ്ങള്‍ വളര്‍ന്നു വരുന്നതും അന്ധവിശ്വാസങ്ങള്‍ തിരിച്ചു വരുന്നതും ആണ്‍കോയ്മ കരുത്തു നേടുന്നതും ടി കെ കാണുന്നു. ഇന്നുണ്ടായിരുന്നെങ്കില്‍ സദാചാരപ്പോലീസ് , ഗണേഷ് ചതുര്‍ഥി, ശ്രീകൃഷ്ണ ജയന്തി, ശബരിമല പ്രക്ഷോഭം തുടങ്ങിയ കാര്യങ്ങളും ടി കെ ചര്‍ച്ച ചെയ്യുമായിരുന്നു. അഡോണോ പറയുന്ന 'രാഷ്ട്രീയത്തിന്റെ സൌന്ദര്യവത്കരണം' എന്ന ഫാസിസത്തിന്റെ രീതി വ്യാപകമാകുന്നു. ക്ഷേത്രോത്സവങ്ങളില്‍, പണ്ട് പുരോഗമനപരമായ കഥാ പ്രസംഗങ്ങളും കെ പി എ സി നാടകങ്ങളും മറ്റും നടന്നിരുന്ന പൊതുവിടങ്ങളില്‍ വേദാദ്ധ്യയനവും മതപ്രസംഗങ്ങളും ഹരികഥയും ഭാഗവത പാരായണങ്ങളും നടക്കുന്നു. കേരളത്തില്‍ വലിയൊരു ദൈവമല്ലാതിരുന്ന രാമന്‍, ടി വി രാമായണത്തിലും കര്‍ക്കിടകത്തിലെ രാമായണം വായനയിലും കൂടെ രാഷ്ട്രീയരാമനായി ശക്തി പ്രാപിക്കുന്നു. ഈ 'രാമാ കള്‍ട്ട്' അയോദ്ധ്യയിലെ പ്രതിലോമകരമായ വികാസങ്ങള്‍ക്ക് ശക്തി പകര്‍ന്നിരിക്കുന്നു. ഇടതുപക്ഷത്തിന് സാംസ്‌കാരിക രംഗത്ത് മേല്‍ക്കൈ നഷ്ടപ്പെടുന്നു. പൈങ്കിളി സിനിമകളും തുടര്‍ക്കഥകളും ടി വി സീരിയലുകളും ഉപരിവര്‍ഗ്ഗ 'സാമാന്യ ബോധ' ത്തെ ശക്തിപ്പെടുത്തുന്നു.

അനുഷ്ഠാനങ്ങളുടെ തിരിച്ചുവരവ് ഒരു ഭ്രാന്തായി മാറാം എന്ന ടി കെ യുടെ നിരീക്ഷണം ഇന്ന്,  കുടുംബങ്ങളെപ്പോലും വിഭജിച്ച  ശബരിമല പ്രശ്‌നത്തില്‍ എന്ന പോലെ,  ശരിയായിരിക്കുന്നു. പഴയ നിഷ്‌കളങ്കമായ ഭക്തി അല്ല ഇന്ന് നാം കാണുന്നത്, ഭക്തിയുടെ വര്‍ഗ്ഗീയമായ ചൂഷണമാണ്.

'ആര്യന്‍', 'ധ്രുവം', ' പൈതൃകം' തുടങ്ങിയ സിനിമകള്‍ ഉദാഹരണമായെടുത്ത് പുതിയ ജനപ്രിയ സിനിമയെയും ആധുനികതയുടെ കാലത്തുണ്ടായ റിയലിസത്തിന്നെതിരായ ലാവണ്യ ചര്‍ച്ചകള്‍ എടുത്തുകാട്ടി വരേണ്യ സൌന്ദര്യശാസ്ത്രത്തെയും ടി.കെ. വിമര്‍ശിക്കുന്നു. അനുഷ്ഠാനങ്ങളുടെ തിരിച്ചുവരവ് ഒരു ഭ്രാന്തായി മാറാം എന്ന ടി കെ യുടെ നിരീക്ഷണം ഇന്ന്,  കുടുംബങ്ങളെപ്പോലും വിഭജിച്ച  ശബരിമല പ്രശ്‌നത്തില്‍ എന്ന പോലെ,  ശരിയായിരിക്കുന്നു. പഴയ നിഷ്‌കളങ്കമായ ഭക്തി അല്ല ഇന്ന് നാം കാണുന്നത്, ഭക്തിയുടെ വര്‍ഗ്ഗീയമായ ചൂഷണമാണ്. അയ്യപ്പന്‍ ആരായിരുന്നു എന്ന ചര്‍ച്ച പോലും ഹിന്ദുത്വവാദികള്‍ക്ക് സഹിക്കാനാകുന്നില്ല. പാരമ്പര്യത്തെ ഓരോ കാലത്തും യാഥാസ്ഥിതികരില്‍ നിന്ന് തിരിച്ചുപിടിച്ചു പുതുതായി വ്യാഖ്യാനിക്കണം എന്ന വാള്‍ട്ടര്‍ ബെഞ്ചമിന്റെ നിരീക്ഷണം ഇന്ന് അതീവ പ്രസക്തമായിരിക്കുന്നു. ടി കെ യുടെ ഈ ലേഖനത്തില്‍ ആധുനികതയുടെ വിഭിന്നധാരകളുടെ ഒരു ദീര്‍ഘ വിമര്‍ശനവും ഉണ്ട്. കലയുടെ വരേണ്യവത്കരണം, ഭാഷയുടെ ജഢിലീകരണം, യാഥാര്‍ത്ഥ്യത്തിന്റെ നിരാസം, ആത്മീയതയ്ക്കായുള്ള ധൂസരമായ അന്വേഷണം, സംസ്‌കൃത പദാവലികളുടെ  ഉദാത്തീകരണം  ഈ വശങ്ങളിലാണ് ലേഖനത്തിന്റെ ഊന്നല്‍. ഇക്കാലത്തെ വിമര്‍ശനത്തിന്റെ രീതിശാസ്ത്രമില്ലാത്ത എക്ലെക്റ്റിക് സ്വഭാവും വിമര്‍ശനവിധേയമാകുന്നുണ്ട്. ഒ വി വിജയനും അരവിന്ദനും എന്‍ എന്‍ കക്കാടും ഉള്‍പ്പെട്ട ഒട്ടേറെ ആധുനികരുടെ സൃഷ്ടികളുടെ ഉദാഹരണത്തോടെയാണ് ഈ വിമര്‍ശനങ്ങള്‍ ഉന്നയിക്കപ്പെടുന്നത്. ദീര്‍ഘമായ ചര്‍ച്ചയും സംവാദവും ആവശ്യപ്പെടുന്നതാണ് ടി കെ യുടെ ആധുനികതാ വിമര്‍ശനം എന്ന് മാത്രം ഇവിടെ നിരീക്ഷിക്കട്ടെ. 

4. കലയിലെ പുതിയ സാമ്പത്തിക ക്രമം

'കലയിലെ പുതിയ സാമ്പത്തിക ക്രമം' മുതലാളിത്തത്തിന്റെ വികാസഘട്ടത്തില്‍ കലയ്ക്കു സംഭവിക്കുന്ന വിപരിണാമങ്ങളെയാണ് വിഷയമാക്കുന്നത്. എലിയറ്റ്, പൌണ്ട് എന്നിവരാല്‍ പ്രചോദിതമായ ആധുനികതയിലൂടെയാണ് പ്രതിലോമ പ്രത്യയശാസ്ത്രം കേരളത്തില്‍ കടന്നു കൂടിയതെന്നും അതേ സമയം കേരളത്തിലെ സമൂഹത്തില്‍ പുരുഷ മേധാവിത്തവും ജാതി മേധാവിത്തവും മറ്റും തുടരുകയായിരുന്നു എന്നും എം ഗോവിന്ദന്റെ 'സമീക്ഷ' പോലുള്ള പ്രസിദ്ധീകരണങ്ങള്‍ പ്രതിലോമ ചിന്തയുടെ വളര്‍ച്ചയില്‍ കാര്യമായ പങ്കു വഹിച്ചുവെന്നും ടി കെ വാദിക്കുന്നു.

സവര്‍ണ്ണഹിന്ദുക്കളുടെ ചില മാനസിക വിഭ്രാന്തികളുടെയും അവരുടെ നഷ്ടപ്പെടുന്ന പ്രസക്തിയെക്കുറിച്ചുള്ള ദാര്‍ശനിക വ്യഥകളുടെയും പ്രതിനിധി ആയിട്ടാണ് ടി കെ 'ഖസാക്കിന്റെ ഇതിഹാസ'ത്തിലെ രവിയെ കാണുന്നത്

ഇടശ്ശേരിയും വൈലോപ്പിള്ളിയും ജി ശങ്കരക്കുറുപ്പും തകഴിയും എന്‍.വി. കൃഷ്ണവാരിയരും  ഒക്കെയാണ് യഥാര്‍ത്ഥ ആധുനികര്‍ എന്നും പിന്നെ വന്നവര്‍- അവര്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ ഒന്നും പരിഗണിക്കാതെ- അധീശപ്രത്യയശാസ്ത്രത്തെ സേവിക്കുകയാണ് ചെയ്തതെന്നും ടി കെ വാദിക്കുന്നു. സവര്‍ണ്ണഹിന്ദുക്കളുടെ ചില മാനസിക വിഭ്രാന്തികളുടെയും അവരുടെ നഷ്ടപ്പെടുന്ന പ്രസക്തിയെക്കുറിച്ചുള്ള ദാര്‍ശനിക വ്യഥകളുടെയും പ്രതിനിധി ആയിട്ടാണ് ടി കെ 'ഖസാക്കിന്റെ ഇതിഹാസ'ത്തിലെ രവിയെ കാണുന്നത്. ഖസാക്കിന്റെ ആംഗലവിവര്‍ത്തനം തീര്‍ത്തും ഒരു പുനര്‍രചന ആയിരുന്നു എന്നും കിഴക്കന്‍ യൂറോപ്പിലെ സംഭവവികാസങ്ങളുമായി അതിന്റെ വിവര്‍ത്തകന്‍ കൂടിയായ വിജയന്‍ ബന്ധിപ്പിക്കുന്നു എന്നും മൂലപാഠങ്ങള്‍ക്ക് അങ്ങിനെയൊരു ചിന്ത പോലും ഉണ്ടായിരിക്കാനിടയില്ലെന്നും ടി കെ ശരിയായിത്തന്നെ നിരീക്ഷിക്കുന്നുണ്ട്.

കെ സി എസ് പണിക്കരുടെ 'വാക്കുകളും പ്രതീകങ്ങളും' എന്ന പരമ്പരയെക്കുറിച്ച്  എം വി ദേവന്‍ എഴുതുന്നത് മിസ്റ്റിസിസത്തിന്റെ  ഭാഷയില്‍ ആണെന്നും ഈ ഭാഷ വലതുപക്ഷ പ്രത്യയശാസ്ത്രവുമായി ചേര്‍ന്നു പോകുന്നതാണെന്നും ടി കെ നിരീക്ഷിക്കുന്നു. ഇത് തുറന്നു കാട്ടുന്ന ആര്‍. നന്ദകുമാറിന്റെ സമീപനത്തെ പ്രശംസിക്കുന്നുമുണ്ട്. നാടകത്തില്‍ കാവാലം, ജി ശങ്കരപ്പിള്ള, നരേന്ദ്ര പ്രസാദ് തുടങ്ങിയവര്‍ കൊണ്ടു വന്ന പരിഷ്‌കാരങ്ങള്‍ പി എം താജ്, ടി പി സുകുമാരന്‍ തുടങ്ങിയവരുടെ പുരോഗമനപരമായ നാടകവേദിയെ അദൃശ്യമാക്കും വിധം മേല്‍ക്കൈ നേടി എന്നും ലേഖകന്‍  നിരീക്ഷിക്കുന്നുണ്ട്. 

ഈ പരിണാമങ്ങളെ ഒരുവശത്ത് കേരളത്തില്‍ അനാചാരങ്ങളുടെയും ആള്‍ദൈവ മതങ്ങളുടെയും  വളര്‍ച്ചയുമായും മറുവശത്ത് ആഗോളീകൃത മുതലാളിത്തത്തിന്റെയും യൂറോപ്പിന്റെ ഫാസിസവത്കരണത്തിന്റെയും സന്ദര്‍ഭവുമായും ടി കെ ബന്ധിക്കുന്നു. ചരക്കുവത്കരണത്തിന്റെ കാലത്ത് സാംസ്‌കാരികവ്യവസായം സമാന്തരമായി വളരുന്നതെങ്ങിനെ എന്നും നിരീക്ഷിക്കുന്നുണ്ട്. കമ്പോളസിനിമ, ( എം ടി-യുടെ സാഹിത്യവും സിനിമയും തമ്മിലുള്ള അകലവും ഇവിടെ ഉദാഹരണമായി എടുക്കുന്നുണ്ട്) എങ്ങിനെ ആദ്യകാല നവസിനിമയുടെ ഘട്ടക്, ജോണ്‍ അബ്രഹാം, സത്യജിത് റായ് -ഭാഷയെപ്പോലും അപ്രസക്തമാക്കുന്നുവെന്നും ഒപ്പം ആഗോളീകരണം ജ്ഞാനോദയകാലത്തെ മൂല്യങ്ങളെപ്പോലും എങ്ങിനെ അപ്രസക്തമാക്കുന്നുവെന്നും ടി കെ നിരീക്ഷിക്കുന്നു. 'മ' പ്രസിദ്ധീകരണങ്ങളും കോടമ്പാക്കം സിനിമയും തമ്മിലുള്ള സമാന്തരങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്നു. ദേശാടനം, വാനപ്രസ്ഥം, പിറവി തുടങ്ങിയ സിനിമകളിലെ പിന്തിരിപ്പന്‍ ഉള്ളടക്കവും വിമര്‍ശവിധേയമാകുന്നുണ്ട്. പഴയ വിപ്ലവ മുദ്രാവാക്യങ്ങളും പ്രതീകങ്ങളും കമ്പോളത്തിലേക്കും പരസ്യങ്ങളിലേക്കും  ആഗിരണം ചെയ്യപ്പെടുന്നതും ടി കെ കാണുന്നു.

ഓറിയന്റലിസം എങ്ങിനെ ഒരു പ്രത്യേകതരം പൗരസ്ത്യത സൃഷ്ടിക്കുകയും കൊളോണിയലിസത്തിന്റെ ശ്രേണീകൃത ലോകവീക്ഷണവുമായി കണ്ണിചേരുകയും ചെയ്യുന്നുവെന്നും പരിശോധിക്കപ്പെടുന്നു. ശിഥിലമനസ്‌കരായ - വീട്ടില്‍ പൂജ നടത്തുകയും ഓഫീസില്‍ കോട്ടിട്ടു ഇംഗ്ലീഷ് പറയുകയും ചെയ്യുന്ന - ഒരു സവര്‍ണ്ണ ബുദ്ധിജീവി വര്‍ഗ്ഗത്തെ ഇത് സൃഷ്ടിക്കുന്നു

പൌരസ്ത്യവാദം അഥവാ 'ഓറിയന്റലിസം' എങ്ങിനെ ഒരു പ്രത്യേകതരം പൗരസ്ത്യത സൃഷ്ടിക്കുകയും കൊളോണിയലിസത്തിന്റെ ശ്രേണീകൃത ലോകവീക്ഷണവുമായി കണ്ണിചേരുകയും ചെയ്യുന്നുവെന്നും പരിശോധിക്കപ്പെടുന്നു. ശിഥിലമനസ്‌കരായ - വീട്ടില്‍ പൂജ നടത്തുകയും ഓഫീസില്‍ കോട്ടിട്ടു ഇംഗ്ലീഷ് പറയുകയും ചെയ്യുന്ന - ഒരു സവര്‍ണ്ണ ബുദ്ധിജീവി വര്‍ഗ്ഗത്തെ ഇത് സൃഷ്ടിക്കുന്നു. ഇവിടെ ടാഗോറിനെയല്ല, 'ആനന്ദ മഠ' ത്തിന്റെ രചയിതാവായ, ഹിന്ദുത്വവാദത്തിന്റെ ആദ്യവക്താക്കളില്‍ ഒരാളായ, ബങ്കിംചന്ദ്ര ചാറ്റര്‍ജിയെയാണ് ടി കെ ഉദ്ധരിക്കുന്നത് എന്നത് ടി കെ യിലുള്ള അനേകം വൈരുദ്ധ്യങ്ങളുടെ ഒരു ഉദാഹരണം ആയെടുക്കാം. ആധുനിക നാടകകൃത്തുക്കളില്‍ സി. എന്‍. ശ്രീകണ്ഠന്‍ നായരെയും സിനിമയില്‍ അടൂരിനേയും കഥയിലും കവിതയിലും നിരവധി പേരെയും വിട്ടുകളയുന്നതും ശ്രദ്ധിക്കണം. തനിക്ക് കൃത്യമായി സ്ഥാനപ്പെടുത്താന്‍ കഴിയാത്ത പല എഴുത്തുകാരെയും കലാകാരന്മാരെയും ഈ രീതിയില്‍ ടി കെ കണ്ടില്ലെന്നു നടിക്കുന്നുണ്ട്. കറുപ്പും വെളുപ്പുമായുള്ള വര്‍ഗീകരണത്തിന്റെ ഒരു ദൗര്‍ബല്യമാണിത്. 

ആധുനികതയെക്കുറിച്ചുള്ള ടി.കെയുടെ വിമര്‍ശനം അന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സ്വീകരിച്ചിരുന്ന ല്യൂക്കാച്ചിയന്‍ രീതിയിലുള്ള ലളിതവത്കരണമാണെന്നും, ബെഞ്ചമിന്‍, ബ്രെഹ്റ്റ്, ഏണസ്റ്റ് ഫിഷര്‍, ജോണ്‍  ബര്‍ഗര്‍, അലക്‌സാണ്ടര്‍ ബ്ലോഹ് തുടങ്ങിയവരുടെ പിത്കാല കാഴ്ചപ്പാടുകള്‍ അദ്ദേഹം പരിഗണിക്കുന്നില്ലെന്നുമുള്ളത് നമ്മെ തെല്ലൊന്നുമല്ല അത്ഭുതപ്പെടുത്തുക.  കാഫ്കയെക്കുറിച്ചുള്ള തര്‍ക്കങ്ങളും മറ്റും ടി കെ യ്ക്ക് അറിയാത്തതല്ല തന്നെ. ഒരു പക്ഷെ പാര്‍ട്ടികള്‍ തന്നെ നിലപാട് മാറ്റിയ ഈ കാലത്ത് അദ്ദേഹം തന്റെ വീക്ഷണങ്ങള്‍ പുന:സന്ദര്‍ശിക്കുമായിരുന്നു എന്ന് കരുതുകയേ വഴിയുള്ളൂ. ടി കെ-യുടെ പല ലേഖനങ്ങളിലുമുള്ള ആകസ്മികമായ ശാഖാചംക്രമണങ്ങള്‍ , പലതരം വാര്‍ത്തകളും ഉദ്ധരണികളും കൂട്ടി ചേര്‍ക്കുമ്പോള്‍ മുഖ്യവാദത്തിനു വരുന്ന ശൈഥില്യം, നവ സമീപനങ്ങളും ഡോഗ്മാറ്റിസവും തമ്മില്‍ ടി കെ യില്‍ എന്നും നടന്നിരുന്ന സംഘര്‍ഷം ഇവയെല്ലാം ഈ ലേഖനം ഉദാഹരിക്കുന്നുണ്ട്. 

5. സാംസ്‌കാരിക വലതുപക്ഷത്തിന്റെ  വര്‍ത്തമാനം

ഇതിന്റെ തുടര്‍ച്ചയായ 'സാംസ്‌കാരികവലതുപക്ഷത്തിന്റെ  വര്‍ത്തമാനം' എന്ന ലേഖനത്തില്‍ കേരളന വോത്ഥാനത്തിന്റെ പിന്നോട്ടുപോക്ക്, പുതിയ, അനാഥമായ, അതിജീവന സമരങ്ങള്‍, മാധ്യമങ്ങളുടെ അപചയം, മതാത്മകതയുടെ സ്വാധീനം, വിമോചനസമര ശക്തികളുടെ പുന:സംയോജനം, എം. ഗോവിന്ദന്‍, സി.ജെ. തോമസ്, എം ജി എസ് നാരായണന്‍, എം വി ദേവന്‍, സുകുമാര്‍ അഴീക്കോട്, സി പി ശ്രീധരന്‍ തുടങ്ങിയവരിലൂടെ സൃഷ്ടിക്കപ്പെടുന്ന കമ്മ്യൂണിസ്റ്റ് വിരോധം, റഷ്യയിലെയും കിഴക്കന്‍ യൂറോപ്പിലെയും സംഭവങ്ങളുടെ ആഹ്‌ളാദപൂര്‍വ്വമായ സ്വീകരണവും തെറ്റായ വ്യാഖ്യാനവും, സി ഐ എ -യ്ക്ക് ഇവയില്‍ ഉണ്ടായിരുന്ന പങ്ക്, ശുദ്ധകലാവാദത്തിന്റെ തിരിച്ചുവരവ്, അതിരില്ലാത്ത വ്യക്തിവാദം, മതപുനരുത്ഥാനം, ബോദ്രിയാദ് പറയുന്ന , ജനങ്ങളെ നിഷ്‌ക്രിയരായ കാണികളാക്കുന്ന കെട്ടുകാഴ്ചകളുടെ സമൂഹത്തിന്റെ ആഗമനം, മാര്‍ക്‌സിസം ഫാസിസത്തെക്കാള്‍ അപകടകരമാണെന്ന വീക്ഷണത്തിന്റെ പ്രചാരം ഇതെല്ലാം ചര്‍ച്ചാവിഷയമാകുന്നു.

ഇനിയും പിറന്നിട്ടില്ലാത്ത ഒരു കേരളത്തിന്റെ നിറവേറാത്ത വാഗ്ദാനത്തിന്റെ പ്രതീകമാകാന്‍ വിധിക്കപ്പെട്ട കേരളത്തിന്റെ പിതാവ്' എന്ന്  ഇ.എം.എസ്സിനെ ടി. കെ. വിശേഷിപ്പിക്കുന്നു. ബി ജെ പി അധികാരത്തില്‍ കയറിയ ദിവസം തന്നെയാണ് അദ്ദേഹം മരിച്ചതെന്നതിലെ ഐറണി ലേഖകന്‍ കാണുന്നുണ്ട്

6. ലോട്ടസ്സ് തീനികളുടെ നാട്

'ലോട്ടസ്സ് തീനികളുടെ നാട്' എന്ന ലേഖനത്തില്‍ 'ഇനിയും പിറന്നിട്ടില്ലാത്ത ഒരു കേരളത്തിന്റെ നിറവേറാത്ത വാഗ്ദാനത്തിന്റെ പ്രതീകമാകാന്‍ വിധിക്കപ്പെട്ട കേരളത്തിന്റെ പിതാവ്' എന്ന്  ഇ.എം.എസ്സിനെ ടി. കെ. വിശേഷിപ്പിക്കുന്നു. ബി ജെ പി അധികാരത്തില്‍ കയറിയ ദിവസം തന്നെയാണ് അദ്ദേഹം മരിച്ചതെന്നതിലെ ഐറണി ലേഖകന്‍ കാണുന്നുണ്ട്. ഇടതുപക്ഷം കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ ഈ ക്യാപ്റ്റന്റെ തിരോധാനം സൃഷ്ടിക്കുന്ന ശൂന്യതയെക്കുറിച്ചും അദ്ദേഹം ചിന്തിക്കുന്നു. അനേകം സമകാലീന സംഭവങ്ങള്‍ ഉദ്ധരിച്ചു നാം എങ്ങോട്ടാണ് പോകുന്നത് എന്ന് ടി കെ ഹതാശനാകുന്നു. ഫ്രെഡ്‌റിക് ജെയിംസണ്‍, ലോറാ മള്‍വി, പീറ്റര്‍ വോളന്‍ തുടങ്ങിയവരുടെ  സൈദ്ധാന്തികസഹായത്തോടെ ദൃശ്യമാധ്യമങ്ങളുടെ വൈകൃതം ലേഖകന്‍ തുറന്നുകാട്ടുന്നു. മാധ്യമങ്ങള്‍ നമ്മെ ഒരു പന്നിക്കൂട്ടമായി മാറ്റുന്നത് അദ്ദേഹം നിരീക്ഷിക്കുന്നു. അവ സ്ഥിതബോധത്തെ പരിചരിക്കുക മാത്രമേ ചെയ്യുന്നുള്ളൂ, ഒപ്പം മുതലാളിത്തത്തിന്റെ വക്താക്കളായി വാര്‍ത്തകള്‍ വളച്ചൊടിക്കുകയും. രാമക്ഷേത്ര പ്രചാരണം, ഇര്‍ഫാന്റെ കൊലപാതകം, ഗ്രഹാം സ്‌റൈന്‍സിന്നെതിരായ ഒഡീസ്സയിലെ ആക്രമണം, മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ഇതെല്ലാം ചൂണ്ടിക്കാട്ടി വലതുപക്ഷ ഹിംസയുടെ തിരനോട്ടത്തെ ടി കെ പ്രവാചക ദൃഷ്ടിയോടെ കാണുന്നു. 

7. കാഴ്ച്ചയുടെ കോയ്മ

'കാഴ്ച്ചയുടെ കോയ്മ' എന്ന അടുത്ത ലേഖനത്തില്‍ മനുഷ്യപ്രകൃതിയെ ഒരൊറ്റ ഇന്ദ്രിയത്തിലേക്ക് വെട്ടിച്ചുരുക്കുന്ന നമ്മുടെ കാലത്ത് എങ്ങിനെ അധികാരവും നോട്ടത്തിനുമേലുള്ള നിയന്ത്രണവും ബന്ധപ്പെട്ടിരിക്കുന്നു എന്നാണു ലേഖകന്‍ അന്വേഷിക്കുന്നത്. പത്രങ്ങളില്‍, വെള്ളിത്തിരയില്‍, ടി വി സ്‌ക്രീനില്‍, ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നെല്ലാം ദൃശ്യങ്ങളുടെ ഒരു പ്രളയം വന്നു നമ്മെ മൂടുന്നു. ഈ ഇന്ദ്രിയാധിനിവേശം 'യുക്തിചിന്തയുടെ ഗ്രഹണകാല'ത്തെ ( മുതലാളിത്ത മൂര്‍ധദ്ധന്യകാലത്തെക്കുറിച്ച് ല്യൂക്കാച്ചിന്റെ പ്രയോഗം) അടയാളപ്പെടുത്തുന്നു. ഉദാത്തദര്‍ശനങ്ങള്‍  മുതല്‍ ലോലമായ സ്വകാര്യതകള്‍ വരെ വിപണിയില്‍ ചരക്കുകളായി എത്തുന്നു. ഓരോ സംഭവവും ദൃശ്യവത്കരിക്കപ്പെടുന്നു. സിദ്ധാന്തത്തിനു കര്‍മ്മശേഷി അറ്റ പോലെ തോന്നിക്കുന്നു. അതുകൊണ്ടു തന്നെ സിദ്ധാന്തം ആവശ്യമായും വരുന്നു. ഉപഭോഗ തൃഷ്ണയുടെ ദ്രുതയാത്രയില്‍ വിമര്‍ശനാത്മകമായ ചിന്ത ഒരു ഭാരമാകുന്നു. മിഥ്യയുടെ വസ്തുനിഷ്ഠ സന്ദര്‍ഭം മനസ്സിലാക്കാന്‍ സിദ്ധാന്തങ്ങളില്‍ അഴിച്ചുപണി നടത്തണം; ഇതിനു ഇടതുപക്ഷം സ്വയം വിമര്‍ശനം നടത്തണം എന്ന് ടി കെ നിര്‍ദ്ദേശിക്കുന്നു. ഇന്ന് ജനപ്രിയ കലകളും ജനകീയ കലകളും വേര്‍പിരിഞ്ഞിരിക്കുന്നു. ഒപ്പം തങ്ങളുടെ കയ്യിലൊഴികെ മറ്റാരുടെയും കയ്യില്‍ ചെങ്കൊടി കണ്ടുകൂടാ എന്ന പാര്‍ട്ടികളുടെ നിര്‍ബന്ധം, ശത്രുക്കളെ സ്വന്തം അണികള്‍ക്കിടയില്‍ തേടാനും ശരിയായ ശത്രുവിനെ രക്ഷപ്പെടാന്‍ അനുവദിക്കാനും ഇട വരുത്തുന്നു.

ഭൂതകാലരതി, അനുഷ്ഠാനപ്രേമം, ആദ്ധ്യാത്മികതയുടെ ജഡിലഭാഷണം, ബ്രാഹ്‌മണശീലങ്ങളുടെ ഉദാത്തീകരണം , അന്യമതവിരോധം അഥവാ അന്യമതങ്ങളില്‍പ്പെട്ടവരെ സംബന്ധിച്ച വാര്‍പ്പുമാതൃക സൃഷ്ടിക്കല്‍- ഇവയൊക്കെ പുനരുത്ഥാന ലക്ഷണങ്ങളാണ്.  പൈതൃകം, ധ്രുവം, ആര്യന്‍, ചിലമ്പ് തുടങ്ങിയ സിനിമകളെ ഈ പ്രവണതയുടെ ഉദാഹരണങ്ങളായി ടി കെ കാണുന്നു

മുഖ്യധാരാ സിനിമയ്‌ക്കെതിരെ ഉയര്‍ന്നുവന്ന ഫിലിം സൊസൈറ്റികള്‍ കൃത്യമായ ഒരു പ്രതിസിനിമാസങ്കല്‍പ്പം വികസിപ്പിച്ചില്ലെന്നും പലതരം സിനിമകള്‍ അവിടെ ഇട കലര്‍ന്നുവെന്നും പുരോഗമന സിനിമാസംവിധായകര്‍ക്കുപോലും തങ്ങളുടെ സൃഷ്ടികളെ ക്‌ളിഷ്ടമാക്കാനേ ഇത് ഉപകരിച്ചുള്ളൂ എന്നും ടികെ നിരീക്ഷിക്കുന്നു. ഫിലിം സൊസൈറ്റികള്‍ (പിന്നീട് ഫിലിം ഫെസ്റ്റിവലുകളും) വരുത്തിയ  അനിഷേദ്ധ്യമായ ഭാവുകത്വപരിവര്‍ത്തനത്തെ, ആധുനികത കൊണ്ടുവന്ന ഭാവുകത്വപരിവര്‍ത്തനത്തെ എന്ന പോലെത്തന്നെ, ടി കെ അവഗണിക്കുന്നു. കാണികളുടെ നിലവാരത്തില്‍ വ്യക്തമായ മാറ്റം ഇന്നുണ്ടായിട്ടുണ്ട്, അതിനു ലോക സിനിമയുമായുള്ള പരിചയം ഒരു മുഖ്യ കാരണമാണ്. തീര്‍ച്ചയായും മലയാളത്തില്‍ ഉണ്ടാകുന്ന സിനിമകളുടെ രാഷ്ട്രീയം സൂക്ഷ്മമായി അപഗ്രഥിക്കപ്പെടണം, ന്യൂ ജെന്‍ സിനിമകളുടേതുള്‍പ്പെടെ; പക്ഷെ അതിനു പൊതുവേ മലയാളികള്‍ക്കുണ്ടായ ഭാവുകത്വത്തിന്റെ വളര്‍ച്ചയെ തള്ളിപ്പറയേണ്ടതില്ല. കുറേക്കൂടി പ്രബുദ്ധരായ കാണികളും കുറേക്കൂടി ലോകസിനിമാ പരിചയമുള്ള സംവിധായകരും ആണ് ഇന്നുള്ളത് എന്ന കാര്യം കാണാതെ പോകേണ്ടതില്ല. അത് അംഗീകരിച്ചുകൊണ്ട് രാഷ്ട്രീയ വിമര്‍ശനം നടത്തുകയാണ് ഇന്ന് ആവശ്യം . ഇത് സാഹിത്യത്തെ സംബന്ധിച്ചും ശരിയാണ്. ടി കെ, തന്റെതന്നെ വിശ്വാസങ്ങള്‍ക്ക് വിരുദ്ധമായി ജനങ്ങളെ ഏതോ കാലഘട്ടത്തില്‍ - പുരോഗമന സാഹിത്യത്തിന്റെയോ കെ പി എ സി യുടെയോ ഒക്കെ - കെട്ടിയിട്ടുവോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ മാത്രം കുറ്റപ്പെടുത്താനാവില്ല. ബ്രെഹ്റ്റിനെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ടി കെ, ബ്രെഹ്റ്റ് റിയലിസത്തെ മാറ്റിയെടുക്കുകയും കാഫ്കയെപ്പോലുള്ളവരെ അംഗീകരിക്കുകയും, ഇന്ന് നാം വീടുകള്‍ പണിയുന്നത് പഴയ രീതിയില്‍ അല്ലാത്തതുപോലെ ഇന്നത്തെ കലയുടെ രൂപവും പഴയതല്ല എന്ന് പറയുകയും ചെയ്തത് മറന്നിരിക്കാനിടയില്ല. ടി കെ യുടെ സ്വന്തം സാഹിത്യ-കലാഭിരുചികള്‍ തന്നെ എത്രയോ ഉയര്‍ന്നതായിരുന്നു എന്നിരിക്കെ 'ജനങ്ങള്‍' എന്ന അമൂര്‍ത്തസാകല്യത്തിനു വേണ്ടി കലാകാരന്മാര്‍ സരളവത്കരണം നടത്തണം എന്ന് നിര്‍ദ്ദേശിക്കുന്നത് ശരിയാവില്ല. ഇ എം എസ്സു തന്നെ അവസാനകാലത്ത് ഇക്കാര്യത്തില്‍ പുതിയ തിരിച്ചറിവുകളില്‍ എത്തുകയുണ്ടായല്ലോ. അവാങ്-ഗാദിനെക്കുറിച്ചുള്ള പീറ്റര്‍ ബര്‍ഗറുടെ സങ്കല്‍പ്പത്തോട് തീര്‍ത്തും യോജിക്കുന്ന ഒരാളാണ് ഞാന്‍ പക്ഷെ അവിടെയും രൂപപരമായ വിപ്ലവത്തിന് സ്ഥാനമുണ്ടല്ലോ; അതില്‍ സമീപനപരമായ പുരോഗാമിത്വം കൂട്ടിച്ചേര്‍ക്കപ്പെടാവുന്നതേയുള്ളൂ. എഴുപതുകളിലെ സാഹിത്യപ്രയോഗങ്ങളിലെ ഉന്മുഖത്വപരമായ ശരി അവിടെയായിരുന്നു. മാര്‍ക്‌സിനു കലാ-സാഹിത്യങ്ങളുടെ സ്വച്ഛന്ദത അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ല എന്നും ഓര്‍ക്കുന്നതു നല്ലതാണ്, ഒപ്പം തന്നെ ബാര്‍ത്ത് മുതലെങ്കിലും പാരായണവും വായനക്കാരനും/ ക്കാരിയും പ്രധാനമായിട്ടുണ്ട്; പ്രതിജ്ഞാബദ്ധത എഴുത്തിന്റെ പ്രശ്‌നത്തെക്കാള്‍ വായനയുടെ പ്രശ്‌നമാണെന്നും തിരിച്ചറിയപ്പെട്ടിട്ടുണ്ട്. ഇത് മുന്‍പേ തിരിച്ചറിഞ്ഞവരായിരുന്നല്ലോ  മാര്‍ക്‌സ്,എംഗല്‍സ്, ലെനിന്‍ എന്നിവര്‍: (ഏഷന്‍ സൂ, ടോള്‍സ്‌റ്റോയ് എന്നിവരെക്കുറിച്ചുള്ള ചര്‍ച്ചകള്‍). ഈ സൂക്ഷ്മതകള്‍ പലതും ടി കെ യുടെ കലാ-സാഹിത്യ സമീപനത്തില്‍ നഷ്ടമാകുന്നതായി തോന്നുന്നു. 

അതേ സമയം കാഴ്ചയുടെ കോയ്മ, മറ്റെല്ലാ ഇന്ദ്രിയാനുഭവങ്ങളുടെയുംമേല്‍ കാഴ്ചയെ പ്രതിഷ്ഠിക്കുന്നു എന്നും സംഗീതം പോലും ഈ മാറ്റം പ്രതിഫലിപ്പിക്കുന്നു എന്നുമുള്ള ടി കെ യുടെ കാഴ്ചപ്പാടില്‍ ശരിയുണ്ട്. ഇമേജുകളുടെ പ്രളയം നമ്മുടെ ബോധത്തെ മുക്കിക്കളയുന്നു; അവ എങ്ങിനെ രാഷ്ട്രീയത്തില്‍ ഉപയോഗിക്കപ്പെടുന്നു എന്നതിന് ഇന്ന് തെളിവുകള്‍ നിരത്തേണ്ട ആവശ്യമില്ലല്ലോ. ചലച്ചിത്രത്തില്‍ സംഗീതം ബിംബങ്ങള്‍ക്ക് അടിപ്പെടുന്നതും സ്പര്‍ശ-രുചി-ഗന്ധങ്ങള്‍ പരസ്യങ്ങളില്‍ ദൃശ്യരൂപങ്ങള്‍ സ്വീകരിക്കുന്നതും ടി കെ എടുത്തുപറയുന്നുണ്ട്. ലെവി സ്‌ട്രോസ് മുതല്‍ അഡോണോ വരെയുള്ളവര്‍ പാശ്ചാത്യസംഗീതത്തെ സിദ്ധാന്തവത്കരിക്കുന്നതിന്റെ വിവരണത്തിലൂടെ  കാഴ്ച്ചയുടെ ഈ കോയ്മയ്ക്ക് ലേഖകന്‍ അടിവരയിടുന്നു. മാധ്യമങ്ങള്‍ കര്‍തൃത്വഘടനയെ എങ്ങിനെ മാറ്റിമറിക്കുന്നു എന്നും ലേഖകന്‍ പരിശോധിക്കുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയാണ് 'ഹൈന്ദവ പുനരുത്ഥാനവും മലയാള സിനിമയും' എന്ന ലേഖനം.

8. ഹൈന്ദവ പുനരുത്ഥാനവും മലയാള സിനിമയും

'കാഴ്ച്ചയുടെ കോയ്മ' എന്ന ലേഖനത്തിന്റെ തുടര്‍ച്ചയാണ് 'ഹൈന്ദവ പുനരുത്ഥാനവും മലയാള സിനിമയും' എന്ന ലേഖനം ഭൂതകാലരതി, അനുഷ്ഠാനപ്രേമം, ആദ്ധ്യാത്മികതയുടെ ജഡിലഭാഷണം, ബ്രാഹ്‌മണശീലങ്ങളുടെ ഉദാത്തീകരണം , അന്യമതവിരോധം അഥവാ അന്യമതങ്ങളില്‍പ്പെട്ടവരെ സംബന്ധിച്ച വാര്‍പ്പുമാതൃക സൃഷ്ടിക്കല്‍- ഇവയൊക്കെ പുനരുത്ഥാന ലക്ഷണങ്ങളാണ്.  പൈതൃകം, ധ്രുവം, ആര്യന്‍, ചിലമ്പ് തുടങ്ങിയ സിനിമകളെ ഈ പ്രവണതയുടെ ഉദാഹരണങ്ങളായി ടി കെ കാണുന്നു.

റിവ്യൂകള്‍, പംക്തികള്‍, കുറിപ്പുകള്‍, ഓര്‍മ്മകള്‍ 

തുടര്‍ന്ന് ഈ സമാഹാരത്തിലുള്ള റിവ്യൂകള്‍, പംക്തികള്‍, കുറിപ്പുകള്‍, ഓര്‍മ്മകള്‍  മുതലായവയിലും ഈ പ്രബന്ധങ്ങളിലെ നിലപാടുകള്‍ തന്നെയാണ് പൊതുവേ ഉള്ളത്. അവയില്‍ ശ്രദ്ധേയമായ രണ്ടു നിരീക്ഷണങ്ങളുണ്ട്. ഒരു കഥാ സമാഹാരം നിരൂപണം ചെയ്തുകൊണ്ട് ഇടതുപക്ഷത്തുനിന്നുള്ള ഇടതുപക്ഷ വിമര്‍ശനവും ശത്രുപക്ഷത്തു (അത് തീവ്ര വിപ്ലവവാദമായാലും വലതുപക്ഷമായാലും) നിന്നുള്ള ഇടതുപക്ഷവിമര്‍ശനവും തമ്മില്‍ നടത്തുന്ന വ്യവച്ഛേദമാണ് ഒന്ന്. എന്‍ എസ് മാധവന്റെയും സി ആര്‍ പരമേശ്വരന്റെയും കൃതികള്‍ യഥാക്രമം ഇവയ്ക്കു ഉദാഹരണങ്ങളായി ടി കെ ചൂണ്ടിക്കാണിക്കുന്നു. ഇത് ഇന്ന് കൂടുതല്‍ പ്രസക്തമായിട്ടുണ്ട്. വലതുപക്ഷം അധികാരത്തില്‍ വന്ന ഇക്കാലത്ത് ആവശ്യം ഇടതുപക്ഷത്തെ കൂടുതല്‍ ശക്തിപ്പെടുത്താനും തിരുത്താനുമായി അതിനെ ഇടതുപക്ഷത്തുനിന്നു കൊണ്ട് വിമര്‍ശിക്കുന്ന സമീപനങ്ങളാണ്. മറ്റൊരു നിരീക്ഷണം എങ്ങിനെ തീവ്രവാദം അടിച്ചമര്‍ത്തലിനു ന്യായീകരണമാകുന്നു എന്നതാണ്- ന്യൂ യോര്‍ക്കില്‍ സെപ്റ്റംബര്‍ 11 നു ലോകവാണിജ്യകേന്ദ്രത്തിനു നേരെ ഉണ്ടായ വിമാനാക്രമണത്തിന്റെ സന്ദര്‍ഭത്തിലാണ് ഈ അഭിപ്രായപ്രകടനം. ഇസ്ലാമിക തീവ്രവാദികള്‍ ഫലത്തില്‍ ഇസ്ലാമിനെത്തന്നെ അപകടപ്പെടുത്തുകയും ഹിന്ദു തീവ്രവാദത്തിനും സാമ്രാജ്യത്വത്തിനും മറ്റും ഹിംസയ്ക്കുള്ള ന്യായീകരണങ്ങള്‍ നല്‍കുകയുമാണ് എന്ന ശരിയായ നിലപാടാണ് ലേഖകന്‍ എടുക്കുന്നത്.

ടി കെയുടെ ഈ പ്രബന്ധസമാഹാരം ശ്രദ്ധാപൂര്‍വമായ വായനക്കും വിമര്‍ശനത്തിനുമായി ഞാന്‍ വായനക്കാരുടെ മുന്നിലേയ്ക്കു നീക്കിവെയ്ക്കുന്നു. 'ചരിത്രവത്കരിക്കുക, എല്ലായ്‌പ്പോഴും ചരിത്രവത്കരിക്കുക' എന്നുള്ള ഫ്രെഡ്രിക് ജെയിംസന്റെയും, 'ശത്രു വിജയിച്ചാല്‍ മരിച്ചവര്‍ക്കു പോലും രക്ഷയില്ല, ആ ശത്രു വിജയിക്കുന്നത് നിര്‍ത്തിയിട്ടുമില്ല' എന്ന വാള്‍ട്ടര്‍ ബെഞ്ചമിന്റെയും നിരീക്ഷണങ്ങള്‍ ഇപ്പോള്‍ ഓര്‍മ്മിക്കുന്നത് നല്ലതാണ്. ടി കെ യുടെ ഈ ലേഖനങ്ങളെ അവ എഴുതപ്പെട്ട കാലത്തുനിന്ന് കാണേണ്ടതുണ്ട്. ഇവ എഴുതപ്പെട്ട ശേഷം ഇടതുപക്ഷചിന്തയും സൗന്ദര്യശാസ്ത്രവും ഏറെ മുന്നോട്ടുപോയിട്ടുണ്ട്.  സ്ലാവോയ് സിസെക്,  ജോര്‍ജിയോ അഗംബന്‍, തോമസ് പിക്കെറ്റി, ഴാക് റാന്‍സിയെ, മൈക്കേല്‍ ഹാര്‍ട്ട്, അന്റോണിയോ നെഗ്രി തുടങ്ങിയവര്‍ സൈദ്ധാന്തിക ഭൂപടം ഏറെ മാറ്റി വരച്ചിട്ടുണ്ട്. ഇവ എഴുതുമ്പോള്‍ തന്നെ ലഭ്യമായിരുന്ന, നൈതികതയുടെ പ്രശ്‌നം മുന്നിലേക്ക് കൊണ്ടുവന്ന, ദലേസിനെപ്പോലുള്ള സുപ്രധാന ചിന്തകര്‍  ഇവയില്‍ ഏറെയൊന്നും പരാമര്‍ശിക്കപ്പെടുന്നില്ല. ഗാന്ധിയോ അംബേദ്കറോ അവരെ പിന്തുടര്‍ന്ന് വന്ന, അവരുടെ ചിന്തകള്‍ വിമര്‍ശനാത്മകമായി വികസിപ്പിച്ച  അനേകം ചിന്തകരോ അവയില്‍ ഗണ്യമായ പരിഗണനയ്ക്ക് വിധേയമാവുന്നില്ല. ഇത്തരം അസാന്നിദ്ധ്യങ്ങള്‍ കൂടി ഇവയില്‍ നാം വായിച്ചെടുക്കേണ്ടതുണ്ട്. ഇവയില്‍ കലാ-സാഹിത്യങ്ങളോടു പുലര്‍ത്തുന്ന, പലപ്പോഴും യാന്ത്രികം എന്നു തോന്നിക്കുന്ന, നിലപാടുകള്‍ കാര്യമായി വിലയിരുത്തപ്പെടേണ്ടതുണ്ട്.  അതേ സമയം ഇവയില്‍ ഒരുപാട് പ്രസക്തമായ നിരീക്ഷണങ്ങളും ഇന്ന് അധീശത്വം നേടിയ വലതുപക്ഷത്തിന്റെ സമഗ്ര വിമര്‍ശനത്തിനുള്ള ഉപകരണങ്ങളും ഉണ്ടെന്ന വസ്തുതയും പ്രധാനമാണ്. ഹിന്ദുത്വവാദത്തിന്റെ രാക്ഷസീയമായ  വളര്‍ച്ചയെ ടികെ മുന്‍കൂട്ടിത്തന്നെ കണ്ടിരുന്നു. ഒരു പുസ്തകത്തിന്റെ പ്രസക്തി തീരുമാനിക്കുന്നത് അതില്‍ നാം യോജിക്കുന്ന ആശയങ്ങള്‍ ഉണ്ടോ എന്നതല്ല, അതു നമ്മെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടോ എന്നതാണ്. എങ്കില്‍ ഈ പുസ്തകം അങ്ങേയറ്റം പ്രസക്തമാണ്. ടി കെയുടെ രാഷ്ട്രീയജാഗ്രത നമുക്കു വലിയ ഒരു മാതൃക കാണിച്ചു തരുന്നുണ്ട്. ഈ ലേഖനങ്ങളിലെ വിശദാംശങ്ങളെക്കാള്‍ പ്രധാനമാണ് അത് എന്നു ഞാന്‍ വിചാരിക്കുന്നു.                                  

ടി. എൻ. ജോയ് ഫൗണ്ടേഷൻ പ്രസിദ്ധീകരിക്കുന്ന ടി.കെ. രാമചന്ദ്രന്റെ "ഇച്ഛയുടെ ശുഭാപ്തി: ഫാസിസ്റ്റ് വിരുദ്ധ കുറിപ്പുകൾ" എന്ന കൃതിയുടെ ആമുഖം
Contact the author

കെ. സച്ചിദാനന്ദന്‍

Recent Posts

Dr. Azad 3 weeks ago
Views

പിണറായി വിജയന്റെ രാഹുൽ വിരുദ്ധ നിലപാട് വലിയ പ്രത്യാഘാതമുണ്ടാക്കും- ആസാദ് മലയാറ്റിൽ

More
More
K T Kunjikkannan 2 months ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 2 months ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 3 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 4 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More