ഓൺലൈൻ റമ്മിയുടെ ബ്രാൻഡ് അംബാസിഡർമാർക്ക് കേരള ഹൈക്കോടതിയുടെ നോട്ടീസ്. ഓൺലൈൻ റമ്മിയുടെ പരസ്യത്തിൽ അഭിനയിച്ച ക്രിക്കറ്റ് സിനിമാ താരങ്ങൾക്കാണ് നോട്ടീസ് അയക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി, തെന്നിന്ത്യൻ നടി തമന്ന ഭാട്യ, മലയാള സിനിമാ നടൻ അജു വർഗീസ് എന്നിവർക്കാണ് നോട്ടീസ് അയക്കുക.
ഓൺലൈൻ റമ്മിയെ ചൂതാട്ടമായി പരിഗണിച്ച് നിരോധിക്കണമെന്ന ഹർജിയിലാണ് ഹൈക്കോടതി നടപടി.ഹർജിയിൽ സംസ്ഥാന സർക്കാറിനും ഹൈക്കോടതി നോട്ടീസ് അയക്കും. ഓൺലൈൻ റമ്മി നിരോധിക്കുന്നത് സംബന്ധിച്ച് സർക്കാർ നിലപാട് വ്യക്തമാക്കാനാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്. നോട്ടീസിന് മറുപടി ലഭിച്ച ശേഷം ഹർജിയിൽ കൂടുതൽ വാദം കേൾക്കും.