യുക്തിയും വിശ്വാസവും: ചില നവോത്ഥാന ചിന്താസംഘർഷങ്ങൾ - ടി. വി. മധു

റിനൈസാൻസ്: സയൻസും ദൈവജ്ഞാനവും തമ്മിലെ വേർപിരിയല്‍ 

റിനൈസാൻസ് എന്ന പദത്തിന് പുനർജനി എന്നാണർത്ഥം. മരിച്ചു പോയ, ഇല്ലാതായിപ്പോയ എന്തോ ഒന്നിന്റെ വീണ്ടുമുള്ള ജനനത്തെ വിവക്ഷിക്കുന്നുണ്ട് ഈ പദം. ഒരുതരം ഉയിർത്തെഴുന്നേൽപ്പ്. വാസ്തവത്തിൽ നവോത്ഥാനം എന്ന പരിഭാഷയിൽ സമാനമായ മറ്റൊരർത്ഥമാണ് ഉള്ളത്. മനുഷ്യജീവിക്ക് സഹജമായി ഉണ്ടായിരുന്നതും  ഇടക്കാലത്ത് നഷ്ടപ്പെട്ടുപോയതുമായ യുക്തിവിചാരശേഷി ഇക്കാലത്ത് വീണ്ടും ജനിച്ചുവെന്നാണ് പൊതുവിൽ പറയാറുള്ള ഒരു കാര്യം.  പ്രാപഞ്ചികമായ സംഗതികളെ വിഷയനിഷ്ഠമായി വിശകലനം ചെയ്യാനും വിശദീകരിക്കാനുമുളള ശേഷിയാണ് യുക്തിചിന്ത എന്നാണ് ഇവിടെ വിവക്ഷ. മധ്യകാലഘട്ടത്തിൽ അതിന്റെ ഒളികെട്ടു പോയി; പ്രപഞ്ചത്തിന് അതീതമായ ശക്തികളിലുള്ള വിശ്വാസം പരമപ്രധാനമായി മാറി. പലപ്പോഴും വിശ്വാസം യുക്തിയുടെ ഭാഷ സംസാരിച്ചു. യുക്തി, വിശ്വാസത്തിന്റെ ഭാഷയും.  രണ്ട് മണ്ഡലങ്ങളും തമ്മിലെ വിചിത്രമായ ഒരു മിശ്രണം തന്നെ നടന്നു. നാച്ചുറൽ തിയോളജി എന്നൊക്കെ വിളിക്കുന്ന മട്ടിൽ. എന്നാൽ യുക്തിചിന്തകൊണ്ട് ദൈവത്തിലുള്ള വിശ്വാസത്തിനോ ദൈവജ്ഞാനം കൊണ്ട് പ്രകൃതിയെക്കുറിച്ചുള്ള അറിവിനോ പ്രത്യേകിച്ചൊരു ഗുണവും കിട്ടിയില്ല. പരികൽപനകളുടെ ഈ വന്ധ്യമായ മിശ്രണം പിൽക്കാലത്ത് പല മട്ടിൽ പ്രശ്നവൽക്കരിക്കപ്പെട്ടു. ഇതിന്റെ സംഘർഷങ്ങൾ മധ്യകാല ചിന്തയിൽത്തന്നെ കാണാം.  നാച്ചുറൽ സയൻസും ദൈവജ്ഞാനവും തമ്മിലെ ബന്ധം വേർപെടുത്താനുള്ള വെമ്പൽ സ്കൊളാസ്റ്റിക് ചിന്തയിൽത്തന്നെ കാണാം. തോമസ് അക്വിനാസിന്റേയും മറ്റും രചനകളിൽത്തന്നെ ഇതുണ്ട് (1). രണ്ടും തമ്മിലെ ബന്ധം വേർപിരിഞ്ഞ ഘട്ടത്തിൽ ചിന്തയ്ക്ക് കൈവന്ന പുതുജീവനെയാണ്  റിനൈസാൻസ് എന്ന പദം സൂചിപ്പിക്കുന്നത്. എന്നാൽ ഇന്ത്യയിലേയോ കേരളത്തിലേയോ നവോത്ഥാന നീക്കങ്ങൾക്ക് ഇങ്ങനെയൊരു ചരിത്രമല്ല ഉള്ളത്. വിശ്വാസവും യുക്തിചിന്തയും തമ്മിലെ സംഘർഷങ്ങൾ ഈ നീക്കങ്ങളിൽ, മറ്റൊരു നിലയിലാണെങ്കിലും, ദൃശ്യമാണുതാനും. 

എന്താണ് വിശ്വാസം? വിശ്വസിക്കുക എന്നാലെന്താണ്?

എന്താണ് വിശ്വാസം? വിശ്വസിക്കുക എന്നാലെന്താണ്? പല അർത്ഥങ്ങളിൽ ഉപയോഗിക്കാറുള്ള വാക്കാണ് വിശ്വാസം എന്നത്. നിങ്ങൾ ഒരാളിലോ തത്വത്തിലോ വിശ്വസിക്കുന്നു എന്ന് പറയുമ്പോൾ വിശ്വാസമെന്നത് ഒരു തരം അർപ്പണമാണ്‌. ഒരു കാര്യം ഉണ്ടെന്നോ ഇല്ലെന്നോ വിശ്വസിക്കുന്നു എന്നു പറയുമ്പോൾ വിശ്വാസം അറിവിന്റെ ഒരു രൂപമാണ്. ആംഗലഭാഷയിൽ ഫെയ്ത്ത്, ട്രസ്റ്റ് എന്നിങ്ങനെ പല വാക്കുകൾ അർപ്പണരൂപത്തിലുള്ള വിശ്വാസത്തെ സൂചിപ്പിക്കാനായി ഉപയോഗിച്ചുപോരുന്നുണ്ട്. മലയാളത്തിൽ വിശ്വാസം എന്ന വാക്കുതന്നെ പല അർത്ഥങ്ങളിൽ ഉപയോഗിക്കുന്നു. ഫെയ്ത്ത് എന്ന അർത്ഥത്തിലെടുത്താൽ വിശ്വാസമെന്നത് എന്തിനോടോ ഉള്ള ഉറച്ച പ്രതിബദ്ധതയാണ്. അതിൽ യുക്തിയുടേയോ തെളിവിന്റെയോ വിഷയനിഷ്ഠമായ സാധൂകരണത്തിന്റേയോ പ്രശ്നം വലിയ തോതിൽ ഉൽഭവിക്കുന്നില്ല. ഈ അർത്ഥത്തിൽ  ട്രസ്റ്റിനോട് സദൃശമാണത്. അറിവിനെ കുറിക്കുന്ന സംജ്ഞയായി എടുത്താൽ വിശ്വാസമെന്നത് തെളിയിക്കപ്പെടാവുന്ന, തെറ്റോ ശരിയോ എന്ന് തീർപ്പാക്കാനാകുന്ന പ്രസ്താവമോ അറിവിന്റെ മുൻധാരണയോ ആണ്. തെളിയിക്കാനോ നിർവചിക്കാനോ പരികൽപനാരൂപത്തിൽ മുന്നോട്ട് വെയ്ക്കാനോ ആവുന്നതിന് മുമ്പ് തന്നെ ന്യൂട്ടണ് ഗുരുത്വാകർഷണം നിലനിൽക്കുന്നുണ്ട് എന്ന വിശ്വാസം ഉണ്ടായിരുന്നു. ഇവിടെ വിശ്വാസം എന്നത് സാധൂകരണയോഗ്യമായ അറിവാണ്. അർപ്പണ സംബന്ധിയായ അർത്ഥത്തിലെടുത്താൽ വിശ്വാസമെന്നത് ഇങ്ങനെയല്ല.

ന്യൂട്ടൺ  ഗുരുത്വാകർഷണത്തിൽ വിശ്വസിക്കുകയല്ല; ഗുരുത്വാകർഷണം ഉണ്ട് എന്ന് വിശ്വസിക്കുകയാണ് ചെയ്തത്

അറിവിന്റെ രൂപം എന്ന നിലയിലെടുത്താൽ വിശ്വാസത്തിൽ അർപ്പണം ഇല്ല. ന്യൂട്ടൺ ഗുരുത്വാകർഷണം ഉണ്ട് എന്ന് വിശ്വസിക്കുകയാണ് ചെയ്തത്; ഗുരുത്വാകർഷണത്തിൽ വിശ്വസിക്കുകയല്ല. ഉണ്ട് എന്ന് കരുതിയത് ഇല്ല എന്ന് കണ്ടെത്തിയാൽ വിശ്വാസം തെറ്റായി. മറിച്ച് അർപ്പിത വിശ്വാസം അതെന്തിലാണോ അർപ്പിതമായിരിക്കുന്നത്. അതിന്റെ തെളിയിക്കപ്പെടാവുന്ന നിലയെ ആശ്രയിച്ചല്ല രൂപപ്പെടുന്നത്. ദൈവം ഇല്ല എന്ന് തെളിയിച്ചാലും ദൈവത്തിൽ ഉള്ള ഒരാളുടെ വിശ്വാസം നിലനിന്നേക്കാം. ഒരു പക്ഷെ, മനുഷ്യജീവിയുടെ ഭവപരമായ പ്രത്യേകത  തന്നെയാവാം ഈ അർപ്പണം.

ചിന്തിക്കുന്ന ജീവി എന്നത് മനുഷ്യജീവിക്ക് പരമ്പരാഗതമായി ചാർത്തിക്കിട്ടിയ ഒരു പേരാണ്. പലതും ചെയ്യുന്ന കൂട്ടത്തിൽ ചിന്തിക്കുകയും ചെയ്യുന്നു എന്നതല്ല ഈ ജീവിയുടെ പ്രത്യേകതയായി എണ്ണപ്പെട്ടത്. പല ചെയ്തികളിൽ ഒന്നല്ല ചിന്ത. ചിന്തയാണ് അടിസ്ഥാന ഗുണം.  മറ്റു ജീവികളിൽ നിന്ന് മനുഷ്യനെ മൗലികമായും വേർതിരിക്കുന്ന വിശിഷ്ട ഗുണം. ഇതര ജീവികളിൽ നിന്ന് അകറ്റുന്ന ഗുണം മാത്രമല്ല മനുഷ്യജീവിയെ ദൈവത്തോട് അടുപ്പിക്കുന്ന ഗുണം കൂടിയാണത്. ആഴത്തിൽ ചിന്തിക്കുമ്പോൾ ഒരാൾ ലോകത്തെയും സ്വശരീരത്തേയും പുറത്താക്കുന്നു. ശരീരം നൽകുന്നത് തോന്നലുകളാണ്. ഇന്ദ്രിയാനുഭവങ്ങൾ പ്രതീതികളാണ്. സാധാരണ ഗതിയിൽ മനുഷ്യർ ഇവയൊക്കെ സത്യമെന്ന് വിശ്വസിക്കുന്നു. ഈ വിശ്വാസങ്ങൾക്കുള്ളിൽ തളഞ്ഞു കിടക്കുകയാണ് വ്യാവഹാരിക ലോകത്തിലെ മനുഷ്യജീവികൾ. നിഴലുകൾ മാത്രം കാണാനാവുന്ന തരത്തിൽ ഒരു ഗുഹയിൽ ബന്ധിതരായ ആളുകളെപ്പോലെയാണ് ഈ കിടപ്പെന്ന് പ്ലേറ്റോ(2). ഈ മണ്ഡലത്തിൽ നിന്ന് പാരമാർത്ഥിക മണ്ഡലത്തിലേക്ക് കടക്കുന്നതിന് ശരീരത്തെ അതിവർത്തിക്കണം. ശരിയായ ചിന്തയിലൂടെ വ്യാവഹാരികലോകത്തിൽ നിന്ന് ഉൾവലിയുന്നതിലൂടെയാണ് ഇത് സാധ്യമാവുക. ഈ ഉൾവലിയലിൽ, ഉടലിനെ റദ്ദാക്കുന്ന മുഹൂർത്തങ്ങളിൽ, മനുഷ്യജീവി സ്വ-ഭാവം വെളിവാക്കുന്നു എന്നതാണ് ചിരപുരാതനമായ സങ്കൽപം. ഈ അർത്ഥത്തിലെടുത്താൽ ചിന്ത അശരീരിയാണ്, ശരീരനിരപേക്ഷമായഒരു തരം ധ്യാനമാണ്. അതിൽ വ്യാപരിക്കാനാവുന്ന ജീവിയായി മനുഷ്യനെ നിർവചിക്കുന്ന ചിന്താസമ്പ്രദായങ്ങളുടെ വമ്പൻ പാരമ്പര്യത്തിന് പുറത്തുനിന്ന് നോക്കിയാൽ മറ്റൊരുകാഴ്ചപ്പാട് സാധ്യമാവും. അതിൽ തെളിയുന്ന മനുഷ്യജീവിയുടെ ഉൺമ അനിവാര്യമാംവിധം ശരീരസ്ഥമാണ്.

ലോകത്തിന് പുറത്ത് തമ്പടിച്ച ജീവികളല്ല മനുഷ്യർ. പല മട്ടിലുള്ള വൃത്തിപ്രവൃത്തികളിലൂടെ, ഇടപാടുകളിലൂടെ ലോകത്തിലേക്ക് പടർന്നിറങ്ങുന്ന ഒന്നാണ് ഈ ജീവികളുടെ ഉൺമ. പ്രവർത്തനനിരതമായ ശരീരം വ്യാവഹാരികമായ ലോകത്ത് പൂർണമായും ആമഗ്നമാണ്. അതിന്റെ സാക്ഷാത്ഭാവം നിവൃത്തിയല്ല, പ്രവൃത്തിയാണ്. മനുഷ്യജീവികളുടെ ശരീരനിഷ്ഠമായ ആയിരിക്കൽ, അഥവാ, വർത്തനം എന്നത് പ്രവർത്തനം തന്നെയെങ്കിൽ അതിൽ പരസ്പരമുള്ള വിനിമയങ്ങളുണ്ട്, വസ്തുക്കളുടെ നിർമാണമുണ്ട്, സ്വയം നിർമാണമുണ്ട്, അറിയലുണ്ട്. ഈ പ്രവൃത്തിരൂപങ്ങൾ പരസ്പരം മുറിഞ്ഞു നിൽക്കുന്നുമില്ല. ഇങ്ങനെ പല പ്രവൃത്തികളിൽ വ്യാപൃതരാവുന്ന മനുഷ്യജീവികൾ സ്വയം അർപ്പിക്കുന്നുണ്ട് പലതിലും. ഈ അർപ്പണത്തിന്റെ ഒരു മട്ട് ആയി വിശ്വാസത്തെ എടുക്കാമെന്ന് തോന്നുന്നു. മനുഷ്യജീവിയുടെ ഉൺമ പലതിലും പറ്റിപ്പിടിച്ചിരിക്കുന്നു. അത് വസ്തുക്കളിലോ മൂല്യങ്ങളിലോ തത്വങ്ങളിലോ ബന്ധങ്ങളിലോ ഒക്കെയാവാം. മനുഷ്യൻ ലോകത്തിന് പുറത്ത് തമ്പടിച്ചിരിക്കുന്ന ജീവിയല്ല എന്ന് പറയുന്ന മാർക്സ് ലോകം തന്നെയാണ് (3), അതിലെ ബന്ധങ്ങളും സ്ഥാപനങ്ങളും ഒക്കെത്തന്നെയാണ് മനുഷ്യൻ എന്നുകൂടി ചേർക്കുന്നുണ്ട്. ചിന്തിക്കുന്ന ജീവി എന്ന നിലയിൽ മനുഷ്യനെ കാണുമ്പോൾ ഒന്നിലും പറ്റിപ്പിടിക്കാതെ ലോകത്തിൽ നിന്ന് ഉൾവലിഞ്ഞുനിൽക്കുന്ന ജീവിയായി അതിനെ കാണുക എന്നാണർത്ഥം. പറ്റിപ്പിടിച്ചതിന്റെ പാടുകൾ തുടച്ചുനീക്കി ലോകത്തെ ശുദ്ധമായ ഒരു വിഷയമാക്കി നിർത്തുകയും പറ്റിപ്പിടിക്കാതെ അതിനെ നോക്കാനും അറിയാനും കഴിയുന്ന സംശുദ്ധ വിഷയിയായി മനുഷ്യനെ മാറ്റുകയും ചെയ്യാനാണ് ആധുനികത ശ്രമിച്ചത്. ഇവിടെ അറിവ് ആണ് പ്രധാനം. അറിവിന്റെ ഒരു രൂപം എന്ന മട്ടിലുള്ള വിശ്വാസം ആണ് പ്രധാനം. അതിന്റെ വാസ്തവികതയോ അവാസ്തവികതയോ ഒക്കെയാണ് പ്രശ്നം. അർപ്പണനിഷ്ഠമായ വിശ്വാസങ്ങളുടെ കളം വേറെയാണ്. രണ്ടുതരം വിശ്വാസങ്ങൾക്കിടയിൽ ഭദ്രമായ ഒരു അതിർവരമ്പ് നിലവിൽ വന്നതും ഇതോടെയാണെന്ന് പറയാം. 

എന്തെങ്കിലുമൊക്കെ നിലനിൽക്കുന്നുണ്ട് എന്ന വിശാസം ജ്ഞാനസിദ്ധാന്തപരമാണ്. ഇങ്ങനെ നോക്കിയാൽ ദൈവം നിലനിൽക്കുന്നുണ്ട് എന്ന വിശ്വാസവും ജ്ഞാനസിദ്ധാന്തപരമാണ്. ഇവിടെ, വിശ്വാസം സത്യമായിക്കൊള്ളണമെന്നില്ല. എന്നാൽ സത്യത്തെക്കുറിച്ചുള്ള അവകാശവാദം അതിലുണ്ട്. ഈ നിലയിൽ നോക്കിയാൽ അത് വിഷയീനിഷ്ഠമാണ്. അതുകൊണ്ടുതന്നെ തെറ്റായിപ്പോകാൻ ഇടയുള്ള ഒന്നാണ് ഈ വിശ്വാസം. ശരിയായ അറിവിൽ വിഷയിയുടെ അവകാശവാദം മാത്രമല്ല വിഷയനിഷ്ഠമായ തെളിവും ഉണ്ടാവണം എന്നതാണ് പൊതുവെ  നിലനിൽക്കുന്ന ഒരു ധാരണ. വിഷയനിഷ്ഠമായി ന്യായീകരിക്കാവുന്ന, ശരിയായ വിശ്വാസം ആണ് അറിവ് എന്ന സിദ്ധാന്തം ഉറച്ചുപോയത് ജ്ഞാനോദയത്തിന്റെ ഘട്ടത്തിലാണ്. ഈ സിദ്ധാന്തമനുസരിച്ച്, ഒരാൾക്കുള്ള ഒരു വിശ്വാസം ജ്ഞാനം ആകണമെങ്കിൽ അതിന് പര്യാപ്തവും അനിവാര്യവുമായ രണ്ട് ഉപാധികൾ വേണം. ഭൂമി പരന്നതാണ് എന്ന് ഒരാൾ വിശ്വസിക്കുന്നു എന്നിരിക്കട്ടെ. അത് വസ്തുതാപരമായി സത്യമാണെങ്കിൽ, ഭൂമി പരന്നതാണ് എന്ന വിശ്വാസം ഈ മട്ടിൽ ന്യായീകരിക്കപ്പെടുന്നുണ്ടെങ്കിൽ പ്രസ്തുത വിശ്വാസം ജ്ഞാനമാണ് എന്ന് പറയാം. ന്യായീകരണത്തിന്റേയും വസ്തുനിഷ്ഠതയുടേയും ഈ മാനദണ്ഡങ്ങൾ അറിവുരൂപത്തിലുള്ള വിശ്വാസത്തിന്റെ കാര്യത്തിൽ മാത്രമേ ചേരൂ. മറിച്ച്, അർപ്പണരൂപത്തിലുള്ള വിശ്വാസത്തിന്റെ കാര്യത്തിൽ ന്യായീകരണം എന്നത് പൂർണമായും പ്രവൃത്തീനിഷ്ഠമാണ്. ഒരാൾ അയാളുടെ പ്രവൃത്തികളിലൂടെയാണ് വിശ്വസിക്കുന്നത്. അഥവാ, വിശ്വസിക്കുക എന്നാൽ വിശ്വാസപൂർവം പ്രവർത്തിക്കുക എന്നാണ്. സ്നേഹമെന്നാൽ സ്നേഹപൂർവം പെരുമാറുക എന്നാണെന്ന് പറയുന്നതുപോലെ.

വിശ്വാസം ചിന്തയിലല്ല, പ്രവൃത്തിയിലാണ്

വിശ്വാസത്തെക്കുറിച്ചുള്ള  ഒരു കാഴ്ചപ്പാട് ഇതാണ്: മനോവ്യാപാരങ്ങൾ ആയല്ലാതെ പ്രവൃത്തികളായി വിശ്വാസങ്ങളെ കാണുക. നിങ്ങൾ മനസാ വിശ്വസിക്കുകയും ശരീരംകൊണ്ട് പ്രവൃത്തി ചെയ്യുകയുമല്ല. വിശ്വസിക്കുക എന്നാൽ ചില പ്രത്യേക രീതികളിൽ പ്രവൃത്തിക്കുക എന്നാണ് അർത്ഥം. വിശ്വാസം ചിന്തയിലല്ല, പ്രവൃത്തിയിലാണ്. ഈ അർത്ഥത്തിൽ അത് ചിത്തവൃത്തിയല്ല, ഭൗതികമായ പ്രയോഗമാണ്. നിങ്ങൾ എന്തിലോ വിശ്വസിക്കുന്നു എന്നാൽ അതിനോടുള്ള പ്രതിബദ്ധത പ്രകടമാകും വിധം ചില പ്രവൃത്തികളിൽ ഏർപ്പെടുന്നു എന്നാണർത്ഥം. ഇങ്ങനെയെങ്കിൽ വിശ്വാസമെന്നത് ജ്ഞാനസിദ്ധാന്തപരമായ ഒരു സംവർഗമേ അല്ല എന്നു വരും. തികച്ചും ഭൗതികമായ പ്രയോഗങ്ങളാണെങ്കിൽ പ്രവൃത്തികളെ തെറ്റെന്നോ ശരിയെന്നോ തരം തിരിക്കുന്നതെങ്ങനെ? ഒരു പാറ തെറ്റോ ശരിയോ അല്ലാത്തതു പോലെ വിശ്വാസവും തെറ്റോ ശരിയോ അല്ല ! അതിന് അടയാളങ്ങൾ ആവശ്യമില്ല. അടയാളങ്ങൾ ചോദിക്കുന്നത് അവിശ്വാസികളുടെ തലമുറയാണ് എന്ന് ബൈബിൾ വചനം. വിശ്വാസം പാറയാണ്.  ആ പാറയിൽ നിങ്ങൾക്ക് പള്ളി പണിയാം. വിശ്വാസത്തെ നോക്കാനുള്ള വഴി പ്രവൃത്തികളെ നോക്കലാണ് എന്ന് പറയുമ്പോൾ നാം അതിന്റെ പ്രാപ്യതയെക്കുറിച്ചാണ് സംസാരിക്കുന്നത്. ഒരാളുടെ വിശ്വാസം മറ്റൊരാളുടെ നോട്ടത്തിന് പ്രാപ്യമാകുന്നത് പ്രവൃത്തികളിലൂടെയാണ് എന്ന മട്ടിൽ. എന്നാൽ മേൽപ്പറഞ്ഞതിന്റെ വിവക്ഷകൾ കുറെക്കൂടി സങ്കീർണമാണ്. പ്രവൃത്തികളായല്ലാതെ വിശ്വാസത്തിന് നാമ്പെടുക്കാൻ മറ്റൊരിടം ഇല്ലെങ്കിലോ? വിശ്വാസം ഉടലെടുക്കുന്നതുതന്നെ പ്രവൃത്തികളിലൂടെയാണെങ്കിലോ? തിബത്തിലെ പ്രാർത്ഥനാചക്രത്തെപ്പറ്റി സ്ലാവോയ് സിസെക്കിന്റെ ഒരു നിരീക്ഷണമുണ്ട് (4). ഒരാൾ പ്രാർത്ഥിക്കുമ്പോൾ സംഭവിക്കുന്നതെന്താണ്? ഭക്തിനിർഭരമായ അകം ചില ശാരീരിക ചേഷ്ടകളിലൂടെ പുറത്തേക്ക് വരുകയാണോ? ആത്മ നിവേദനത്തിന്റെ പ്രകടനമാണോ അത്? തിബത്തിലെ ഒരു സമ്പ്രദായപ്രകാരം, പ്രാർത്ഥന ഒരു കടലാസിൽ പകർത്തി ചുരുട്ടി മടക്കി നിക്ഷേപിച്ച ശേഷം നിങ്ങൾ ഒരു ചക്രം കറക്കുന്നു. ചക്രം കറങ്ങുമ്പോൾ പ്രാർത്ഥന നടക്കുന്നുവെന്നർത്ഥം. തത്സമയം നിങ്ങൾ എന്തുചിന്തിക്കുന്നു എന്നത് പ്രശ്നമല്ല. ‘ആത്മം’ എവിടെ വ്യാപരിക്കുമ്പോഴും ‘വസ്തുനിഷ്ഠമായി ‘ നിങ്ങൾ പ്രാർത്ഥനയിലാണ്! പ്രാർത്ഥനയുടെ ആത്മീയത വിലയം കൊള്ളുന്നത് ചക്രത്തിന്റെ യാന്ത്രികമായ കറക്കത്തിലാണ്, മനോവ്യാപാരങ്ങളിലല്ല! 

വിശ്വാസവും പ്രവൃത്തികളും തമ്മിലെ ബന്ധത്തെപ്പറ്റി പതിനേഴാം നൂറ്റാണ്ടിലെ ഫ്രഞ്ച് ഗണിത ശാസ്ത്രകാരനും തത്വചിന്തകനുമായിരുന്ന പാസ്കൽ (Blaise Pascal-5) മുന്നോട്ടുവെച്ച ആശയങ്ങളെ പിൻപറ്റുന്നതാണ് മേൽപ്പറഞ്ഞ കാഴ്ചപ്പാട്.  യാന്ത്രികമായി പ്രവർത്തിക്കുന്നതിലൂടെയാണ് വിശ്വാസം ഉടലെടുക്കുക എന്നതാണ് പാസ്കലിന്റെ വാദം. മുട്ടുകുത്തുക, പ്രാർത്ഥനാനിർഭരമായി എന്ന പോലെ ചുണ്ടുകൾ ചലിപ്പിക്കുക. അപ്പോൾ വിശ്വാസമൊന്നും വേണമെന്നില്ല. നാമജപം മാത്രം മതി. അങ്ങനെ വിശ്വാസം ഉടലെടുക്കും. ശാരീരികമായ പ്രവൃത്തികൾ വിശ്വാസത്തിന് ജന്മം നൽകും. എന്തുകൊണ്ട് ദൈവത്തിൽ  വിശ്വസിക്കണം എന്നതിന് പാസ്കൽ നൽകുന്ന ന്യായം ലളിതമാണ്. യുക്തികൊണ്ട് തെളിവുണ്ടാക്കുകയൊന്നും വേണ്ട. ഒരു പന്തയം വെക്കുന്നതു പോലെ അങ്ങ് വിശ്വസിച്ചേക്കുക. അഥവാ ദൈവം ഉണ്ടെങ്കിലോ! അപ്പോൾ വിശ്വസിച്ചതിന് ഗുണം കിട്ടും. ഇനി ദൈവം ഇല്ലെങ്കിലും വിശ്വസിച്ചതുകൊണ്ട് വലിയ നഷ്ടമൊന്നും വരാനില്ല. അതുകൊണ്ട് വിശ്വാസത്തിന്റെ വഴിയാണ് താരതമ്യേന സുരക്ഷിതം! ഇതാണ് വിശ്വാസത്തിന്റെ പ്രായോഗികത. വാസ്തവത്തിൽ വിശ്വാസികൾ ചെയ്യുന്നത് ഇതുതന്നെയാണ്. അഥവാ മോക്ഷം കിട്ടിയാലോ, അഥവാ ദൈവം കനിഞ്ഞെങ്കിലോ! ഒത്താൽ ഒത്തു എന്ന മട്ടിലുള്ള ഒരു കളി!

ആചരിക്കുക എന്നാൽ എന്താണ്?

പാസ്കൽ പറഞ്ഞ കാര്യങ്ങളെ ആചാരങ്ങളുമായി ബന്ധിപ്പിക്കാം. ആചരിക്കുക എന്നാൽ എന്താണ്? ഒരാൾ താൻ ചെയ്യുന്ന പ്രവൃത്തിയ്ക്കുള്ള ന്യായം എന്നവണ്ണം അതു മുമ്പേതന്നെ താനും മറ്റുള്ളവരും ചെയ്തുകൊണ്ടിരിക്കുന്ന ഒന്നാണ് എന്നു പറയുമ്പോൾ അത് ആചാരമാണ്. ഈ പ്രവൃത്തികളിലെ ന്യായത്തെ യുക്തിപൂർവകമായ പ്രവൃത്തികളിലെ ന്യായവുമായി ഒരേ തലത്തിൽ നിന്ന് തുലനം ചെയ്യാനാവില്ല. പരസ്പരം തുലനം ചെയ്യാനാവാത്ത വിധത്തിൽ ഒരു വിടവുണ്ട്  അവ തമ്മിൽ. യുക്തിയുടെ ന്യായം വെച്ച് ആചാരത്തിലെ ന്യായത്തെ വിലയിരുത്തുന്നത് അബദ്ധമാവും. എന്നാൽ ആചാരം സംരക്ഷിക്കപ്പെടേണ്ടതാണ് എന്ന് വാദിക്കുന്ന ഒരാളുടെ പ്രവൃത്തിയുടെ ന്യായം ആചാരപരമായ ഒന്നല്ല. ആചാരങ്ങൾ ഇന്നലത്തെ അബദ്ധങ്ങളാണെന്ന വാദത്തിലെ ന്യായം പോലെത്തന്നെ ആചാരങ്ങൾക്ക് പുറത്താണ് അതും. ആചാരാനുഷ്ഠാനങ്ങൾ വാസ്തവത്തിൽ മുൻകൂറായി മനസിൽ നിലനിൽക്കുന്ന വിശ്വാസങ്ങളുടെയോ, ആന്തരികമായ ഇഛയുടേയോ ബഹിർസ്ഫുരണങ്ങളല്ല. വിശ്വാസത്തിന്റെ പൂർവ പാഠങ്ങൾ (Pre - texts) ആണ് അവ. 

ആന്തരികമെന്ന് വിശേഷിപ്പിക്കപ്പെടുന്ന വ്യാപാരങ്ങളെ ബാഹ്യമായ ചേഷ്ടകളിലേക്ക് വെട്ടിച്ചുരുക്കേണ്ടതുണ്ടെന്ന വാദത്തെ ചേഷ്ടാവാദം എന്ന് പറയാറുണ്ട്. പാസ്കലിന്റെ വാദം കുറെക്കൂടി സങ്കീർണമാണ്. ആചാരങ്ങൾ അനുഷ്ഠിക്കുന്നതിലൂടെ ഒരാൾ വിശ്വാസിയാകുന്നുവെന്ന് മാത്രമല്ല; താൻ വിശ്വാസിക്കുന്നുവെന്ന് തിരിച്ചറിയുന്നതിനും മുമ്പ് തന്നെ അയാൾ വിശ്വാസിയാകുന്നുവെന്നതാണ് പ്രധാനം. അയാളുടെ വിശ്വാസം പൂർണമായും അനുഷ്ഠാനങ്ങളിൽ പ്രകാശിതമാവുന്നു. തിരിച്ചറിയും മുമ്പുതന്നെ അത് ആവിഷ്കരിക്കപ്പെട്ടിരിക്കുന്നു. താൻ വിശ്വാസിയാണെന്ന് അറിയുമ്പോൾ വാസ്തവത്തിൽ അയാൾ ചെയ്യുന്നത് വിശ്വാസം തന്റെ അറിവിനും മുമ്പേ തീരുമാനിക്കപ്പെട്ടിരിക്കുന്നുവെന്ന വസ്തുതതയെ തിരിച്ചറിയുകയാണ്. ആചാരങ്ങൾ വിശ്വാസത്തെ എന്ന പോലെ വിശ്വാസം എന്ന ആചാരം ആചാരത്തിലുള്ള വിശ്വാസത്തേയും മുൻകൂറായിത്തന്നെ  ഉൽപാദിപ്പിക്കുന്നു. ഈ വിരോധാഭാസം വിശ്വാസത്തിന്റെ പ്രകൃതത്തെത്തന്നെ സൂചിപ്പിക്കുന്നുണ്ടെന്ന് സിസേക്ക് നിരീക്ഷിക്കുന്നു (6).

വിശ്വാസങ്ങളുടെ ഒരു മണ്ഡലം അതിലെ ആന്തര വൈരുധ്യങ്ങൾകൊണ്ട് കലുഷമാവുമ്പോൾ അതുവരെ പ്രശ്നമല്ലാതിരുന്ന ചിലത്, പ്രശ്നരഹിതമായി ആചരിക്കപ്പെട്ടിരുന്നത്, പൊടുന്നനെ പ്രശ്നമായി മാറും. ഈ പ്രശ്നവൽക്കരണത്തിന്റെ മുഹൂർത്തമാണ് ചിന്തയുടെ മുഹൂർത്തം. ഇവിടെ ചിന്ത എന്നത് ആ ഘട്ടത്തിൽ അറിവ് ആകണമെന്നില്ല. വിശ്വാസത്തിന് ഇളക്കം തട്ടുന്ന മട്ടിൽ ആനുഭവികമായ ലോകത്തിന്മേൽ ഉണ്ടാകുന്ന സമ്മർദ്ദങ്ങൾ ആവാം അതിന് കളമൊരുക്കുന്നത്. വിശ്വാസഭംഗത്തിൽ നിന്നുണ്ടായ ഉണർവ് എന്ന നിലയ്ക്കാണ് നവോത്ഥാനം എന്നു നമ്മൾ വിളിക്കുന്ന നീക്കങ്ങൾക്കുള്ളിലെ ചിന്തയെ കാണേണ്ടത്. ചിന്ത ഇവിടെ മേൽപ്പറഞ്ഞ തരത്തിലുള്ള പ്രശ്നവൽക്കരണങ്ങളുടെ മുഹൂർത്തങ്ങൾ ആണ്. അവ ആചാരലംഘനങ്ങൾ തന്നെ. എന്നാൽ പുറത്തുനിന്നുള്ള ലംഘനമല്ല. അകത്ത് ഒരു പുറമുണ്ടാകുകയോ പുറം അകമാകുകയോ ചെയ്യുന്നതിലൂടെ രൂപപ്പെട്ട സമ്മർദ്ദങ്ങളിൽ നിന്നാണ് ഈ ലംഘനങ്ങൾ ഉണ്ടാവുന്നത്. 

ശബരിമല: വിശ്വാസസമൂഹവും നിഷ്കളങ്കരായ യഥാർത്ഥ ഭക്തരും 

നവോത്ഥാനത്തെക്കുറിച്ചുള്ള ചിന്തയെ സമകാല സംഭവങ്ങളെക്കുറിച്ചുള്ള വിശകലനത്തിലേക്ക് നീട്ടുമ്പോൾ ഈ സംഘർഷങ്ങൾ മൂടിവെക്കപ്പെടുന്നുണ്ട്. ശബരിമലയിലെ യുവതീ പ്രവേശനവിധിയുമായി ബന്ധപ്പെടുത്തി നവോത്ഥാനം എന്ന സംവർഗത്തിന് നിയതമായ ഒരു ഉള്ളടക്കം നിർമിച്ചെടുക്കാനുള്ള ശ്രമം അടുത്തകാലത്ത് നടന്നു. വാസ്തവത്തിൽ, മേൽപ്പറഞ്ഞ വിധി ആചാരങ്ങളുടെ ഒരു മണ്ഡലത്തിനകത്തുള്ള സമ്മർദ്ദങ്ങളുമായി കണ്ണി ചേർക്കപ്പെട്ടിട്ടില്ല. സത്രീകളുടെ ആരാധനക്കുള്ള സ്വാതന്ത്ര്യം എന്നതോ വിശ്വസിക്കാനുള്ള അവകാശമെന്നതോ ഒരു പ്രശ്നമായി ഉന്നയിക്കപ്പെടുകയോ ആചാരങ്ങളുടെ മണ്ഡലത്തിനുള്ളിൽ ആഭ്യന്തര സംഘർഷങ്ങൾക്ക് രൂപം കൊടുക്കുന്ന മട്ടിൽ പ്രശ്നമായി മാറുകയോ ചെയ്തിട്ടില്ല, കേരളത്തിൽ. സത്രീ ശരീരത്തിന്റെ ശുദ്ധിയും അശുദ്ധിയും സംബന്ധിച്ച വിശ്വാസങ്ങളേയും ആചാരങ്ങളേയും അടിയോടെ ഇളക്കുന്ന മട്ടിൽ ഒരു ചെറുഭൂചലനം പോലും ഉണ്ടായിട്ടുമില്ല. ജൈവശാസ്ത്രപരമായ അറിവിന്റെ തലത്തിൽ യുക്തിയുടെ ഭാഷയിൽ ബോധനങ്ങൾ ഉണ്ടായിട്ടുണ്ടാവാം. ആചരിക്കുന്ന ആളുകളുടെ ആനുഭവികമായ മണ്ഡലത്തിൽ ശുദ്ധാശുദ്ധി വിചാരങ്ങൾക്ക്  ലംഘനം നേരിടേണ്ടി വന്നിട്ടില്ല. ഇനി അത്തരം സംഘർഷങ്ങൾ രൂപപ്പെട്ടിരുന്നുവെങ്കിൽത്തന്നെ ശബരിമല ക്ഷേത്രപ്രവേശന വിധി അവയുമായി കണ്ണി ചേർക്കപ്പെട്ടിട്ടില്ല. അങ്ങനെയല്ല അത് വന്നതും. അതുകൊണ്ടു തന്നെ വിധിക്ക് എതിരായി വിശ്വാസസമൂഹം എന്ന ഒരു വ്യാജസമൂഹത്തെ നിർമിച്ചെടുക്കാൻ ഒരു വിഭാഗത്തിന് പെട്ടെന്നുതന്നെ കഴിഞ്ഞു. മറു വിഭാഗമാകട്ടെ, രണ്ട് സംവർഗനിർമിതികൾ നടത്തി. ഒന്ന്, നിഷ്കളങ്കരായ യഥാർത്ഥ ഭക്തർ എന്ന സംവർഗം. രണ്ട്, തെറ്റിദ്ധരിപ്പിക്കപ്പെട്ട വിശ്വാസി എന്ന  സംവർഗം. വാസ്തവത്തിൽ ആദ്യത്തെ സംവർഗം ശൂന്യമാണ്. കാരണം ഒന്നുകിൽ എല്ലാ വിശ്വാസവും കളങ്കിതമാണ് അല്ലെങ്കിൽ നിഷ്കളങ്കമാണ്. നമ്മൾ യഥാർത്ഥ വിശ്വാസികളുടെ പക്ഷത്താണ് എന്നു പറയുന്നവർ യഥാർത്ഥ വിശ്വാസികൾ എന്ന വിഭാഗത്തെ പ്രതിനിധാനം ചെയ്യുകയല്ല. അങ്ങനെയൊന്നിനെ പ്രതി ഒരു 'നമ്മളെ ‘ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഇതൊരു രാഷ്ട്രീയ നിർമിതിയാണ്. തെറ്റിദ്ധരിക്കപ്പെട്ട വിശ്വാസി എന്നതും ഒരു രാഷ്ട്രീയ നിർമിതിയുടെ ഉപാധിയാണ്. തെറ്റിദ്ധാരണ മാറ്റാൻ നിയുക്തരായ ‘നമ്മളെ ‘ സൃഷ്ടിക്കുന്ന നിർമിതി. ഈ നമ്മൾ സ്വാഭാവികമായും ശരിയായ അറിവിന്റെ പക്ഷമാണ്! ഈ ‘നമ്മൾ ‘ ‘അവരെ‘  തെറ്റിദ്ധാരണയിൽ നിന്ന് രക്ഷിക്കാൻ നവോത്ഥാന നാമജപം നടത്തി! അവർ ചെയ്യുന്നതെന്തെന്ന് അവരറിയുന്നില്ല എന്ന മട്ടിൽ. നമ്മൾ എന്നത് ശൂന്യമായ ഒരു സൂചകമാണ്; അല്ലെങ്കിൽ, തെന്നുന്ന സൂചകമാണത്. അതിന് സ്ഥായിയായ ഉള്ളടക്കം ഉണ്ടാക്കിയെടുക്കുന്നതിനായി നവോത്ഥാനം എന്ന സംവർഗത്തെ ഉപയോഗിക്കുമ്പോൾ സംഭവിക്കുന്നതെന്ത് എന്ന ചോദ്യം പ്രധാനമാണെന്ന് തോന്നുന്നു. ഈ നീക്കം യുക്തി / അയുക്തി, ജ്ഞാനം / അജ്ഞത എന്നിങ്ങനെയുള്ള ദ്വന്ദ്വങ്ങളിലൂടെ ചില സമവാക്യങ്ങൾ മെനഞ്ഞെടുക്കാനേ ഉപകരിക്കൂ. ഈ സമവാക്യങ്ങളാവട്ടെ നവോത്ഥാനത്തിനുള്ളിലെ സംഘർഷങ്ങളെയോ സമകാലജീവിതത്തിലെ സങ്കീർണതകളെയോ അഭിസംബോധന ചെയ്യുന്നതിന് അപര്യാപ്തവുമായിരിക്കും.

 1. അരിസ്റ്റോട്ടിലിന്റേയും മറ്റും ആദ്യകാല യവന തത്വചിന്താ സംവർഗങ്ങളെ ക്രിസ്തീയ ദൈവശാസ്ത്ര സങ്കൽപനങ്ങളുമായി പൊരുത്തപ്പെടുത്താനുള്ള ശ്രമമാണ് സ്കൊളാസ്റ്റിക് ചിന്തയിൽ കാണാവുന്നത്. തോമസ് അക്വിനാസ് (c.1225 - 1274) നാച്ചുറൽ തിയോളജിയെ സ്കൊളാസ്റ്റിക് പാരമ്പര്യത്തിനുള്ളിലെ മുൻകാല നിലപാടുകളിൽ നിന്ന് വ്യത്യസ്തമായി നോക്കിക്കാണാൻ ശ്രമിക്കുന്നുണ്ട്.

2. പ്ലാറ്റോയുടെ റിപ്പബ്ലിക് എന്ന കൃതിയിലാണ് ഈ പരാമർശവും വിശകലനവും ഉള്ളത്. വിശദാംശങ്ങൾക്ക് കാണുക: The Dialogues of Plato (Oxford: Clarendon, 1892) Vol. III, pp. 207-17.

3. മാർക്സിന്റെ 'ക്രിട്ടീക്ക് ഓഫ് ഹെഗൽസ് ഫിലോസഫി ഓഫ് റൈറ്റ്' എന്ന കൃതിയിലാണ് ഈ നിരീക്ഷണമുള്ളത്. Karl Marx, Critique of Hegel's Philosophy of Right, Karl Marx. Selected Writings, ed. David McLellan (Oxford Uni.Press, 1977)

4. സ്ലാവോയ് സിസെക്കിന്റെ 'The Sublime Object of Ideology' എന്ന കൃതിയിലാണ് ഇതുള്ളത്. കാണുക: Zizek, The Sublime Object of Ideology, (verso,1989) p. 32

5. പാസ്കലിന്റെ ദൈവശാസ്ത്രത്തെക്കുറിച്ചുള്ള സിസേക്കിന്റെ വിശകലനം 'The Sublime Object of Ideology' എന്ന പുസ്തകത്തിൽ.

6. പാസ്കലിന്റെ ചിന്തയെക്കുറിച്ചുള്ള സിസേക്കിന്റെ വിശകലനം അദ്ദേഹത്തിന്റെ 'On Belief' എന്ന പ്രബന്ധത്തിലുണ്ട്. കാണുക: Zizek. On Belief,(Routledge,2001).

Contact the author

Dr. T V Madhu

Recent Posts

Dr. Azad 1 week ago
Views

പിണറായി വിജയന്റെ രാഹുൽ വിരുദ്ധ നിലപാട് വലിയ പ്രത്യാഘാതമുണ്ടാക്കും- ആസാദ് മലയാറ്റിൽ

More
More
K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 2 months ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 3 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 4 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More