ഉള്ളിലെ പെരുന്നാൾ പിറകൾ - പി. പി. ഷാനവാസ്

ആഘോഷങ്ങൾക്കും ആചാരങ്ങൾക്കും, പൊതുവില്‍ കർമ്മശാസ്ത്രങ്ങൾക്കുതന്നെയും അർത്ഥലോപം സംഭവിച്ച ഒരു കാലമാണ് നമ്മുടേത്. അത് ഉറവിടങ്ങളിലെ വിശുദ്ധിയും തനിമയും നഷ്ടമാകുകയും, സംഗമകേന്ദ്രങ്ങൾ കലങ്ങിമറിഞ്ഞു വിഷലിപ്‌തമാകുകയും ചെയ്ത ഒരു നദീതട സംസ്കാരമായി മാറിയിട്ടുണ്ട്. ഉള്ളിൽ അയൽക്കാര്‍ക്കുവേണ്ടി സൂക്ഷിച്ച ഇടങ്ങൾ സ്വാർത്ഥത്തിന്‍റെ ശവംതീനിക്കഴുകന്മാർ  കൊത്തിത്തിന്നുന്നതരത്തില്‍ പരിണാമംകൊണ്ട മലിനമായ ഒരു കാലം. അതിനാല്‍ ഹിംസയേയും ക്രൂരതയേയും മതമാക്കി വാഴുന്ന വര്‍ത്തമാനത്തിന്‍റെ ശഹബാൻ പിറകള്‍ സത്യാന്വേഷികള്‍ക്ക് അത്രമേല്‍ സന്തോഷം പകരാന്‍ ഇടയില്ല, പ്രത്യേകിച്ച് കോവിഡ് കോൾമയിർ കൊള്ളിക്കുന്ന സമകാലത്ത്. 

എങ്കിലും രാവിനെ പകലാക്കി, പൈദാഹങ്ങളെ ആര്‍ത്തിയുടെ പടിക്ക് പുറത്തുനിര്‍ത്തി നാം നോറ്റ നൊയ്മ്പുകൾക്ക് ചില അർത്ഥങ്ങൾ ഉണ്ടാകാതെ വയ്യ. പെരുന്നാൾചന്ദ്രികക്ക് ഏത് ആസുരകാലത്തും അത്തരം ഒരു മിസ്റ്റിക് വിസ്മയം ഇല്ലാതില്ല. ഇത്തവണയും കുട്ടികളുടെ സന്തോഷത്തിനും പെണ്ണുങ്ങളുടെ പോരിഷകൾക്കും ആൺപിറന്നോരുടെ അഹങ്ങൾക്കും അത് ചില ഇടങ്ങൾ ബാക്കിവെയ്ക്കുന്നുണ്ട്.

സമത്വദർശനമായി പിറന്ന ഇസ്‌ലാം, മനുഷ്യരാശിക്ക് നൽകിയ സംഭാവനകളെ വര്‍ത്തമാനം സംശയബുദ്ധിയോടെയാണ് നോക്കിക്കാണുന്നത്. എന്നാല്‍ എം എൻ റോയിയെ പോലുള്ള മനീഷികൾ അത് ചരിത്രബോധത്തോടെ അടയാളപ്പെടുത്തിയിട്ടുണ്ട്. ലെനിനുമൊത്ത് താഷ്‌ക്കന്റിൽ, ഇന്ത്യൻ മുഹാജിറുകളെ കമ്മ്യൂണിസ്റ്റുകാരാക്കിയ റോയിക്ക്, ഇസ്‌ലാം ചരിത്രത്തിനു നൽകിയ സംഭാവന എന്ത് എന്നതുസംബന്ധിച്ച് ശരിയായ അവബോധമുണ്ടായിരുന്നു. റോമൻ, പേർഷ്യൻ സാമ്രാജ്യങ്ങൾ ഉച്ചനീചത്വത്തിന്‍റേയും ധനമോഹത്തിന്‍റേയും നിയമാവലികൾ രാഷ്ട്രനിയമമാക്കി അടിച്ചേൽപ്പിച്ചുകൊണ്ടിരുന്ന ഒരു കാലത്താണ്, ഒട്ടു നിർബന്ധബുദ്ധിയോടെ, ക്രിസ്തുവിന്‍റെ ആ സ്വർഗ്ഗരാജ്യത്തെക്കുറിച്ച്, ഒരിക്കൽകൂടി, ഒരു പക്ഷേ,  മതചരിത്രത്തിലെ അവസാന ഉത്‌ബോധനവുംകൊണ്ട്, ദൂതര്‍ മുഹമ്മദ്‌ വന്നത്. "മനുഷ്യരാശിക്ക് സന്തോഷത്തിന്‍റെ വാർത്ത അറിയിക്കാനല്ലാതെ നിന്നെ ഞാൻ അയച്ചിട്ടില്ല" എന്നു പ്രഖ്യാപിച്ചുകൊണ്ട് ഖുർആൻ മുഹമ്മദിനെ അന്ത്യദൂതരായി അവതരിപ്പിച്ചു. പിന്നീട് പുലർന്ന യുക്തിയുടെ യുഗം, മുതലാളിത്ത സമൂഹമായി വളർന്നുവന്നപ്പോൾ, സ്വാഭാവികമായും മധ്യകാലത്തിന്‍റെ മതനിർമ്മിതികളിൽ അവസാനത്തേതായിത്തീർന്നു ഇസ്‌ലാം.

നാം യുക്തിയുടെ അടിമകളായി മാറുകയും, യുക്തി ഉപകരണയുക്തിയായി മാറുകയും ശാസ്ത്രസാങ്കേതികതയുടെ പ്രാമാണൃത്തില്‍ ശാസ്ത്രത്തിന് ഹൃദയച്ചുരുക്കം സംഭവിക്കുകയും ചെയ്തപ്പോൾ, മൂല്യത്തിന്‍റെ അവസാനത്തെ വിളക്കുമാടങ്ങളെന്നോണം മതചിന്തകൾ പിന്നെയും പല നിലയിൽ അതിന്‍റെ ചരിത്രപ്രസക്തി നിലനിർത്തി. മതങ്ങളേയും അതിന്‍റെ അപ്പോസ്തലരേയും പതുക്കെപ്പതുക്കെ മുതലാളിത്തയുക്തി തങ്ങളുടെ പതാകാവാഹകരാക്കി മാറ്റിയപ്പോൾ, പലനിലയിൽ ഇസ്‌ലാം മുതലാളിത്ത വിമർശനത്തിന്‍റെ ആ പതാക ഉയർത്തിപ്പിടിച്ചുവെന്നത്, മിഷേൽ ഫൂക്കോ പോലുള്ള ധിഷണാശാലിള്‍ സാക്ഷ്യപ്പെടുത്തി. എന്നാൽ മതത്തിൽനിന്ന് അതിന്‍റെ തത്വചിന്തയും ചരിത്രപരതയും ചോർന്നുപോകുകയും, ഉറവിടങ്ങളിൽ അവ കാത്തുസൂക്ഷിച്ച വിശുദ്ധിയെ കിതാബുകളും പണ്ഡിതസേനയും വ്യഖ്യാനിച്ചു വശംകെടുത്തുകയും ചെയ്തപ്പോൾ, ബാക്കിയായത് അതിന്‍റെ പ്രത്യക്ഷ രാഷ്ട്രീയവശം മാത്രമാണ്. അതായത് മതം ഉള്ളടക്കം ചോർന്നുപോയ രൂപമായി, രാഷ്ട്രീയ സ്വത്വനിർമ്മിതിക്കുള്ള പുറംപൂച്ച്‌  മാത്രമായിത്തീർന്നു എന്നർത്ഥം. ഈ പുറംതോടുകളിലാണ് ഇന്നത്തെ മതം രാഷ്ട്രീയ പ്രതിരോധം ചമയ്ക്കാന്‍ ശ്രമിക്കുന്നത്.

ചരിത്രവും തത്വചിന്തയും ചോർന്നുപോയ, നിരന്തരം എതിരികളെ സൃഷ്ടിച്ചുകൊണ്ട് ജീവനം കണ്ടത്തുന്ന,  ഒരു പോസ്റ്റ് മോഡേൺ മതം നിർമ്മിക്കുന്ന കെട്ടുകാഴ്ചകളിൽപ്പെട്ടുഴലുകയാണ് വിശ്വാസികൾ ഇന്ന്. ഭൂതകാലത്തുനിന്ന് മോട്ടിഫുകൾ സ്വീകരിച്ചുകൊണ്ട്, തങ്ങളുടെ വർത്തമാന രാഷ്ട്രീയപ്രതിസന്ധിയുടെ ആവശ്യം മുന്‍നിര്‍ത്തി ഡിസൈന്‍ ചെയ്ത ഒരു വാസ്തുനിർമ്മിതിയായി, മതങ്ങളെ ഏതൊക്കെയോ പണ്ഡിത കേന്ദ്രങ്ങൾ പുതുക്കി നിർമ്മിച്ചുകൊണ്ടിരിക്കുന്ന പോസ്റ്റ്‌ ട്രൂത് കാഴ്ചകളാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ തീർക്കുന്ന അവിയൽ രൂപങ്ങളാണ്, പോസ്റ്റ് മോഡേൺ പാസ്റ്റീഷുകളാണ് പലസ്തീൻ മുതൽ കേരളം വരെ ഇസ്‌ലാം മതമായി നാമിപ്പോൾ കൊണ്ടാടിവരുന്നത്. തത്വചിന്ത ചോർന്ന് വെറും വന്ധ്യമായ രാഷ്ട്രീയ പ്രയോഗമായി സ്വന്തം ശവക്കുഴി തോണ്ടിക്കൊണ്ടിരിക്കുന്ന മതങ്ങൾക്ക്, അവയുടെ ഉറവിടങ്ങളുടെ നന്മയിലേക്കും ചരിത്രത്തിലേക്കും എത്തിനോക്കാനുള്ള സമയമായി. അതിനുള്ള പ്രേരണയായി ഈ ഈദുൽ ഫിത്ർ എന്ന ചെറിയ പെരുന്നാൾ മാറിത്തീരട്ടെ എന്നാശിക്കുന്നു. ക്രിസ്തുവും നബിയും മാർക്സും തീർത്ത ആ ആദ്യകാലങ്ങളിലേക്ക് ഒരു രാമായനം നടത്താൻ നാമുക്കാകട്ടെ. പുതിയ കാലങ്ങളെ പുതുക്കിപ്പണിയാൻ നമുക്ക് കഴിയട്ടെ. ഏത് കെട്ടകാലത്തിനും ഒരു ലക്ഷ്യമുണ്ടാകാതെ, ഒരു പാട്ടുണ്ടാകാതെ വയ്യല്ലോ...

Contact the author

P P Shanavas

Recent Posts

Dr. Azad 5 days ago
Views

പിണറായി വിജയന്റെ രാഹുൽ വിരുദ്ധ നിലപാട് വലിയ പ്രത്യാഘാതമുണ്ടാക്കും- ആസാദ് മലയാറ്റിൽ

More
More
K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 3 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More