അഹമദ് ദേവര്‍കോവിലിന്‍റെ മന്ത്രിസ്ഥാനം: ഐ എന്‍ എല്ലിന്‍റെ നീണ്ടകാലത്തെ ക്ഷമക്കുള്ള അംഗീകാരം

കോഴിക്കോട്: ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് മുസ്ലിം ലീഗിലുണ്ടായ അഭിപ്രായ ഭിന്നതയാണ് ഇന്ത്യന്‍ നാഷണല്‍ ലീഗ് എന്ന ഐഎന്‍എല്ലിന്‍റെ രൂപീകരണത്തിന് കാരണമായത്. ബാബറി മസ്ജിദ് തകര്‍ക്കപ്പെടുമ്പോള്‍ അന്നത്തെ പ്രധാനമന്ത്രി പി. വി. നരസിംഹ റാവു അതിനെതിരെ ചെറുവിരലനക്കാന്‍ തയാറായില്ല എന്ന് ഇടതുപക്ഷവും രാജ്യത്തെ കോണ്‍ഗ്രസിതര പാര്‍ട്ടികളും ശക്തമായ ആരോപണം ഉന്നയിച്ചിരുന്നു. ഈ ആരോപണം ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗില്‍ ഉണ്ടാക്കിയ പൊട്ടിത്തെറിയാണ് അഖിലേന്ത്യാ അദ്ധ്യക്ഷന്‍ കൂടിയായിരുന്ന ഇബ്രാഹിം സുലൈമാന്‍ സേട്ടിന്‍റെ നേതൃത്വത്തില്‍ ഒരു വിഭാഗത്തെ പാര്‍ട്ടി വിടുന്നതിലേക്ക് എത്തിച്ചത്.

ഇബ്രാഹിം സുലൈമാന്‍ സേട്ടിന്‍റെ നേതൃത്വത്തില്‍ പ്രബലരായ ഒരുകൂട്ടം നേതാക്കള്‍ മുസ്ലിം ലീഗ്, കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് രംഗത്തുവന്നു. കെ. കരുണാകരന്‍ മന്ത്രിസഭയില്‍ ഘടകകകക്ഷിയായിരുന്ന കേരളത്തിലെ മുസ്ലീം ലീഗ് നേതൃത്വം പക്ഷെ മന്ത്രിസ്ഥാനങ്ങളെല്ലാം നഷ്ടപ്പെടുത്തിക്കൊണ്ട്‌ മുന്നണി വിടാന്‍ തയാറായില്ല. ഇതേ തുടര്‍ന്ന് ഇബ്രാഹിം സുലൈമാന്‍ സേട്ട് പാര്‍ട്ടിയില്‍ നിന്ന് രാജിവെയ്ക്കാന്‍ തീരുമാനിച്ചു. കേരളത്തിലെ പ്രമുഖ നേതാവും 1982-ലെ കരുണാകരന്‍ സര്‍ക്കാരില്‍ ഭക്ഷ്യമന്ത്രിയുമായിരുന്ന യു. എ ബീരാന്‍, പ്രമുഖ നേതാവും നിയമസഭാ സമാജികനുമായിരുന്ന ചെറിയ മമ്മുക്കേയിയുടെ മകന്‍ എസ്. എ. പുതിയ വളപ്പില്‍ തുടങ്ങി പ്രമുഖ നേതാക്കളുടെ ഒരുനിര അദ്ദേഹത്തിനൊപ്പം ചേര്‍ന്നു. അങ്ങനെ പുതിയ പാര്‍ട്ടി നിലവില്‍ വന്നു. 

അഖിലേന്ത്യാ തലത്തില്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ യാതൊരു സാധ്യതയുമില്ലാത്ത പാര്‍ട്ടിക്ക് കേരളത്തിലെ ഇടതുമുന്നണി മാത്രമായിരുന്നു അഭയം. എന്നാല്‍ 1967-ലെ സപ്തകക്ഷി മുന്നണിയിലൂടെ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിനും 1980-ല്‍ അഖിലേന്ത്യാ  ലീഗിനും അധികാര പങ്കാളിത്തം നല്‍കിയ സിപിഎം തുടര്‍ന്നു നടന്ന പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ സാമുദായിക പാര്‍ട്ടികളെ മുന്നണിയില്‍ എടുക്കേണ്ടതില്ല എന്ന് തീരുമാനിച്ചു. ഈ തീരുമാനത്തിനെതിരെ ഇ കെ നായനാരും എം വി രാഘവനുമടക്കമുള്ള നേതാക്കള്‍ രംഗത്തുവന്നതും പാര്‍ട്ടി തീരുമാനം അംഗീകരിച്ചുകൊണ്ട് നായനാര്‍ പിന്‍വാങ്ങിയതും ബദല്‍ രേഖ അവതരിപ്പിച്ചുകൊണ്ട് എം വി ആര്‍ പുറത്തായതും ചരിത്രത്തിന്റെ ഭാഗമാണല്ലോ! ഈ സംഭവവികാസങ്ങളുടെ സമ്മര്‍ദ്ദം മറിച്ചൊരു തീരുമാനമെടുക്കാന്‍ കഴിയാത്ത വിധത്തിലുള്ള രാഷ്ട്രീയ കണിശതയിലേക്ക് സിപിഎമ്മിനെ കൊണ്ടെത്തിച്ചിരുന്നു. ഇതിലൂടെ നായര്‍ സമുദായ പാര്‍ട്ടിയായ എസ് ആര്‍ പി, ഈഴവ പാര്‍ട്ടിയായ എന്‍ ഡി പി, ക്രിസ്ത്യന്‍ സമുദായ പാര്‍ട്ടികളായ കേരളാ കോണ്‍ഗ്രസ്സുകള്‍, മുസ്ലീം ലീഗ് തുടങ്ങിയവര്‍ക്കെല്ലാം തങ്ങളുടെ കളിക്കളത്തിന്റെ വിസ്തൃതിയും സാധ്യതയും കുറയുകയാണുണ്ടായത്. മാറിവന്ന രാഷ്ട്രീയ സാഹചര്യത്തില്‍ എക്കാലത്തും യു ഡി എഫ് പക്ഷത്തു നിലയുറപ്പിച്ചിരുന്ന എസ് ആര്‍ പി, എന്‍ ഡി പി തുടങ്ങിയ പാര്‍ട്ടികള്‍ കാലയവനികക്കുള്ളില്‍ മറഞ്ഞു. 

സിപിഎം കൈക്കൊണ്ട സാമുദായിക രാഷ്ട്രീയ പാര്‍ട്ടീവിരുദ്ധ നിലപാടിനെ തുടര്‍ന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം കേരളാ കോണ്‍ഗ്രസ്സും മുസ്ലീം ലീഗും ഇല്ലാത്ത ഒരു സര്‍ക്കാര്‍1987-ല്‍ ഇ കെ നായനാരുടെ നേതൃത്വത്തില്‍ കേരളത്തില്‍ അധികാരത്തില്‍ വന്നു. സാമുദായിക പാര്‍ട്ടികളെ മുന്നണിയില്‍ എടുക്കേണ്ടതില്ല എന്ന നിലപാടിന് ലഭിച്ച അംഗീകാരമായി സിപിഎം അതിനെ കണക്കാക്കി. അത് രാഷ്ട്രീയ പൊതുയോഗങ്ങളില്‍ വലിയ നേട്ടമായി അവതരിപ്പിച്ചുകൊണ്ടിരുന്ന കാലത്ത് 1992 ലാണ് യു ഡി എഫ് വിട്ട് ലീഗിന്റെ ഒരു വിഭാഗം എല്‍ ഡി എഫ് പക്ഷത്തേക്ക് ചാഞ്ഞത്. രാഷ്ട്രീയമായി ഈ തീരുമാനത്തെ സ്വാഗതം ചെയ്ത സിപിഎമ്മിന് പക്ഷെ അവരെ മുന്നണിയിലെടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളാന്‍ കഴിഞ്ഞില്ല. 

എല്‍ ഡി എഫിന്‍റെ കൂടെ നിന്നെങ്കിലും അതിന്റെ ഭാഗമാകാന്‍ ഐ എന്‍ എല്ലിന് കഴിഞ്ഞില്ല. മുന്നണി യോഗങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാതെ എന്നും ഏ കെ ജി സെന്‍ററിന്‍റെ ഇറയത്തുതന്നെ പരാതികളില്ലാതെ നിന്നു. ഇതിനിടയില്‍ സ്ഥാപക നേതാക്കളായ ഇബ്രാഹിം സുലൈമാന്‍ സേട്ട്, യു എ ബീരാന്‍, എസ് എ പുതിയ വളപ്പില്‍ തുടങ്ങിയ തലയെടുപ്പുള്ള നേതാക്കള്‍ മരണപ്പെട്ടു. ഐ എന്‍ എല്ലിന് ഇടതുമുന്നണി ബന്ധം മൂലം ലഭിച്ച ഏക എംഎല്‍എ പി എം എ സലാം ലീഗിലേക്ക് തിരിച്ചുപോയി. സ്ഥാപക പ്രസിഡന്‍റ് ഇബ്രാഹിം സുലൈമാന്‍ സേട്ടിന്‍റെ മകന്‍ സിറാജ് ഇബ്രാഹിം സേട്ട് യൂത്ത് ലീഗ് നേതാവായി ലീഗില്‍ ഇടം കണ്ടെത്തി. അതോടെ തെരഞ്ഞെടുപ്പു കാലത്ത് മാത്രം സിപിഎം ഓര്‍ക്കുന്ന, ഒരുവിധത്തിലും സമ്മര്‍ദ്ദ ശക്തിയല്ലാത്ത പാര്‍ട്ടിയായി ഐ എന്‍ എല്‍ ഒതുങ്ങി.

പഴയ ആവേശം കെട്ടടങ്ങിയ പ്രവര്‍ത്തകരില്‍ ഒരു വലിയ വിഭാഗം മാതൃസംഘടനയിലേക്ക് തിരിച്ചുപോയി. ലീഗില്‍ നിന്ന് ഒറ്റയ്ക്ക് പുറത്തുവന്ന് കൊടുവള്ളിയില്‍ ചരിത്രം സൃഷ്ടിച്ച സീനിയര്‍ നേതാവ് അഡ്വ. പി ടി എ റഹീമിനെ കൊണ്ടുവന്ന് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ഇടക്കാലത്ത് ശ്രമമുണ്ടായെങ്കിലും റഹീം സിപിഎം സ്വതന്ത്രന്‍ എന്ന നിലയിലുള്ള സൌകര്യപ്രദമായ ഇടത്തിലേക്ക് തന്നെ തിരിച്ചുപോയി. അപ്പോഴും പ്രൊഫ. എ.പി. അബ്ദുള്‍ വഹാബിന്‍റെയും കാസിം ഇരിക്കൂറിന്‍റെയും അഹമദ് ദേവര്‍കൊവിന്‍റെയുമൊക്കെ നേതൃത്വത്തില്‍ ഒരു ചെറിയ വിഭാഗം പരാതികളില്ലാതെ എല്‍ ഡി എഫില്‍ തന്നെ തുടര്‍ന്നു.

എന്നാല്‍ 1991 ല്‍ യു ഡി എഫിലെ പ്രതിസന്ധിയില്‍ നിന്ന് മറുകര തേടി എല്‍ഡിഎഫിലേക്ക് നീന്തിക്കയറിയ പി ജെ ജോസഫിന്‍റെ പാര്‍ട്ടിക്ക് എല്‍ ഡി എഫില്‍ വന്ന ഉടന്‍തന്നെ ഇടം കിട്ടി. സാമുദായിക പാര്‍ട്ടി എന്ന ലേബല്‍ കളയാന്‍ ഇന്ത്യന്‍ നാഷണല്‍ മുസ്ലീം ലീഗ് എന്ന പേര് മാറ്റി ഇന്ത്യന്‍ നാഷണല്‍ ലീഗ് ആയി മാറിയെങ്കിലും നീണ്ട 25 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം 2019 ലാണ് ഇടതുമുന്നണി ഐ എന്‍ എല്ലിനെ എല്‍ ഡി എഫിന്‍റെ ഭാഗമാക്കിയത്. ഇതിനിടെ ബിജെപി മന്ത്രിസഭയില്‍ സഹമന്ത്രിയായിരുന്ന പി സി തോമസ്‌ അടക്കമുള്ളവര്‍ പിന്‍വാതിലിലൂടെ എല്‍ ഡി എഫ് മീറ്റിങ്ങില്‍ കയറിയിരുന്നുവെന്നത് ചരിത്രം. എല്‍ ഡി എഫില്‍ നിന്നുള്ള കടുത്ത അവഗണന മൂലം തുടരെ മെലിഞ്ഞുണങ്ങിപ്പോയ ഐ എന്‍ എല്ലിന്, മൂന്നു പതിറ്റാണ്ടോളം നീണ്ട ക്ഷമാപൂര്‍വ്വമായ കാത്തിരിപ്പിനൊടുവില്‍ അഹമദ് ദേവര്‍കോവിലിന്റെ മന്ത്രിസ്ഥാനത്തിലൂടെ ലഭിക്കുന്നത് വളരെ വൈകിവന്ന അംഗീകാരമാണ്.

Contact the author

Recent Posts

Dr. Azad 4 days ago
Views

പിണറായി വിജയന്റെ രാഹുൽ വിരുദ്ധ നിലപാട് വലിയ പ്രത്യാഘാതമുണ്ടാക്കും- ആസാദ് മലയാറ്റിൽ

More
More
K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 3 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More