ഡല്‍ഹി: നവി മുംബൈയിലെ തലോജ ജയിലില്‍ നരകജീവിതമാണെന്ന് എല്‍ഗാര്‍ പരിഷത്ത് കേസില്‍ അറസ്റ്റിലായ സാമൂഹ്യപ്രവര്‍ത്തകനും പുരോഹിതനുമായ ഫാദര്‍ സ്റ്റാന്‍ സ്വാമി. തലോജ ജയിലിലെത്തിയ ശേഷം കഴിഞ്ഞ എട്ട് മാസമായി തന്റെ ആരോഗ്യം തീരെ മോശമായെന്നും എണ്‍പത്തിനാലുകാരനായ സ്റ്റാന്‍ സ്വാമി മുംബൈ ഹൈക്കോടതി മുമ്പാകെ പറഞ്ഞു.
ജയിലിലെത്തുന്നത് വരെ തനിക്ക് എഴുന്നേറ്റ് നടക്കാനും ഒറ്റക്ക് ഭക്ഷണം കഴിക്കാനും കഴിയുമായിരുന്നു. ഇപ്പോഴതിനും പറ്റുന്നില്ല. തലോജ ജയിലിലെ ചികിത്സ തനിക്ക് വേണ്ടെന്നും അതിലും ഭേദം മരിക്കുന്നതാണെന്നും സ്റ്റാന്‍ സ്വാമി കോടതിയോട് പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് ജസ്റ്റിസ് എസ്.ജെ കഥാവാല, എസ്.പി താവ്ഡെ എന്നീ ജഡ്ജിമാര്‍ക്ക് മുമ്പാകെ ഹാജരാക്കിയത്.
ഭീമ കൊറേഗാവ് ഗൂഡാലോചന കേസുമായി ബന്ധപ്പെട്ടാണ് ഫാദര്‍ സ്റ്റാന്‍ സ്വാമി അറസ്റ്റിലാകുന്നത്. പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനാണ് അദ്ദേഹം. സ്വാമിയുടെ രണ്ട് ചെവിയുടെയും കേള്‍വിശക്തി ഏതാണ്ട് നഷ്ടമായിട്ടുണ്ടെന്ന് മുംബൈയിലെ ജെ.ജെ ആശുപത്രി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കാല്‍മുട്ടിന് വിറയല്‍ ഉണ്ട്, കാലിന് മുകളിലേക്ക് തളര്‍ച്ചയുമുണ്ട്. അതിനാല്‍ സ്റ്റാന്‍ സ്വാമിക്ക് നടക്കാന്‍ വാക്കിംഗ് സ്റ്റിക്കോ, വീല്‍ച്ചെയറോ അത്യാവശ്യമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ആശുപത്രിയിലേക്ക് മടങ്ങിപ്പോകണോ എന്ന കോടതിയുടെ ചോദ്യത്തിന് അവിടത്തെ ചികിത്സയേക്കാള്‍ ഭേദം മരണമാണ്, മരിക്കുന്നത് റാഞ്ചിയിലെ സുഹൃത്തുക്കള്‍ക്ക് നടുവില്‍ വച്ചാണെങ്കില്‍ ഭേദമായിരുന്നു എന്നായിരുന്നു സ്റ്റാന്‍ സ്വാമി മറുപടി നല്‍കിയത്.