പിണറായിക്ക് പ്രേമപൂർവം - പി. പി. ഷാനവാസ്‌

ഉറവിടം ഇന്നും അവ്യക്തമായി തുടരുന്ന മഹാമാരിയെ നേരിടാൻ എല്ലാ പ്രോട്ടോകോളുകളും ലംഘിച്ച് നിർമ്മിച്ച വാക്സിനുകളും പോലീസ് രാജും കൊണ്ട് ഭരണകൂടങ്ങൾ സ്വന്തം കഴിവില്ലായ്മയെ അടയാളപ്പെടുത്തുന്ന കാലം. മിഷേൽ ഫൂക്കോ ചൂണ്ടിക്കാണിച്ചതുപോലെ, എല്ലാം വൈദ്യന്‍റെ 'തുറിച്ചു നോട്ട'ത്തിന് അടിയറവ് വെച്ച, മൂലധനാധികാര ഘടന നിർമിച്ച 'ഏകാധിപതികളുടെ ശിശിര കാലം'. തലമുറകളായി മനുഷ്യര്‍ ആർജ്ജിച്ച പരമ്പരാഗതമായ അറിവിനെയെല്ലാം പുച്ഛിച്ചു തള്ളുന്ന, സാനിറ്റൈസ്ഡ് യുക്തിയുടേയും അതിവൃത്തി ബോധത്തിന്‍റേയും ആധുനികത ഒസിഡി (ഒബ്സസ്സീവ് കമ്പല്‍സീവ് ഡിസോർഡർ) മനോഗതിയിലേക്ക് പരിണമിച്ച് ന്യൂറോസിസ് തീർക്കുന്ന സമകാലം. ഭയസംക്രാന്തികളിൽ പുലരുന്ന ഒരു ജനതയെ വാർത്തെടുത്താൽ, തങ്ങളുടെ 'കുള്ളമനസ്സുകൾ' (കുറിയ മനുഷ്യാ ശ്രദ്ധിക്കൂ - വില്യം റീഹ് ) കൊണ്ടു രാജ്യഭാരം നടത്താമെന്ന് വ്യാമോഹിക്കുന്ന ആൾക്കൂട്ടമനസ്സുകളുടെ മാനേജർമാർ ഭരിക്കുന്ന അജ്ഞത വാഴും കാലം. 'ഭരണകൂട മർദ്ദകോപാധികൾ'എന്ന് അള്‍ത്യൂസര്‍ വിശേഷിപ്പിച്ച യന്ത്ര സന്നാഹങ്ങൾക്കൊണ്ട് സോഷ്യലിസം നടപ്പാക്കാമെന്ന സ്റ്റാലിനിസ്റ്റ് യുക്തികൾ തെയ്യമണിയുന്ന കാലം. മനുഷ്യരുടെ സാമാന്യബുദ്ധി പോലും ചോർന്നുപോയ, ക്രൂരതകൾക്ക് സമ്മതപത്രം നൽകുന്ന ആൾക്കൂട്ടങ്ങൾ രാഷ്ട്രീയത്തെ നിര്‍ണ്ണയിക്കുന്ന കെട്ട കാലം. ഇതിനെ ഫാസിസം എന്ന് ഓമനപ്പേരിട്ടു വിളിച്ചാൽ മതിയാകുമോ? 

മനുഷ്യരുടെ സകലവിധ ചിന്തകളേയും പ്രയോഗങ്ങളേയും പണത്തിന്റെയും മുതലാളിത്ത മനോഭാവത്തിന്റെയും യുക്തി ഭരിക്കുന്ന കാലത്ത്, അതിൽ നിന്ന് വേറിട്ടു നടക്കാനുള്ള പരിവ്രാജകാവബോധം ആർജ്ജിക്കേണ്ട ഒരു സന്ദർഭത്തെ അത്രയെളുപ്പം ചിരിച്ചു തള്ളാമോ? മനുഷ്യരുടെ എല്ലാ വ്യവഹാരങ്ങളേയും ഭരണകൂട പ്രത്യയശാസ്ത്രം ചൂഴുന്നു എന്ന് പഠിപ്പിച്ച മാർക്സിസത്തിന്റെ പാഠശാലകൾ തന്നെ, സാമ്രാജ്യത്വ വികസനത്തിന്‍റേയും ഔഷധ കമ്പനികളുടേയും മനുഷ്യക്കൊല്ലിയായ ലാഭാക്കൊതിയെന്ന അതി ലളിത യുക്തിയിൽ രഥമുരുട്ടുന്നവരായി, കണ്ടാലറിയാത്തവരായി രൂപാന്തരം  സംഭവിച്ചവരായി മാറിയ കാഫ്കാകാലം. അധികാര രഥമുരുളാൻ കൈവിരൽ നൽകുന്ന കൈകേയിമാരായിമാറി കൂടിയ ബുദ്ധിജീവിതങ്ങൾ ധൈഷണിക ലോകത്തെ പരിഹാസ്യമാക്കിക്കൊണ്ടിരിക്കുന്ന കാഴ്ച. 

സോവിയറ്റ് യൂണിയന്‍റെ തിരോധാനത്തിനുശേഷം തങ്ങൾക്ക് സംഭവിച്ചു എന്ന് സ്വയം സമ്മതിച്ച ഞെട്ടലിൽ നിന്ന് മുക്തമാകാൻ ഇഎംഎസ്, മാർക്സിസം-ലെനിനിസം പുനർവായന നടത്തിയപ്പോൾ, തന്റെ സ്വതസിദ്ധമായ നമ്പൂതിരി നിഷ്കളങ്കതകൊണ്ടാവണം ഒരു കാര്യം തുറന്നു സമ്മതിച്ചു, തങ്ങളുടെ തലമുറ ലെനിനെപ്പോലും മനസ്സിലാക്കിയത് അക്കാലത്ത് ഹീറോ ആയിരുന്ന സ്റ്റാലിന്‍റെ എഴുത്തുകളിലൂടെയാണ് എന്ന്. സ്റ്റാലിനിസമായി പ്രചുര പ്രചാരംകൊണ്ട പാർട്ടി ചട്ടകൂടുകളിൽ നിന്ന്, ചിന്തിക്കുന്ന മനുഷ്യരെയെല്ലാം ഉൾപാർട്ടി ജനാധിപത്യത്തിന്റെ പേരിൽ വെടിവെച്ചു കൊന്ന നിഷ്ഠൂരതയുടെ പേരായി കമ്മ്യൂണിസം അധപതിച്ചുകൊണ്ടിരുന്ന കാലത്തിന്റെ തുടക്കത്തില്‍ തന്നെയാണ്, തങ്ങളും മാർക്സിസത്തിന്റെ പേരിൽ സ്റ്റാലിൻകടുപ്പമുള്ള കട്ടൻചായ നുണഞ്ഞുകൊണ്ട്,  ഇന്ത്യൻ മണ്ണിലെ കമ്മ്യൂണിസത്തിന്റെ പരിപ്പുവടകൾ കഴിച്ച്‌ ഉദരസ്തംഭനം ഏറ്റുവാങ്ങിയത് എന്ന് ഇ എം എസിന്‍റെ ആ മലപ്പുറം ഗ്രാമീണ മനസ്സുകൊണ്ട്, മരണപൂർവ നാളുകളിലെങ്കിലും ഒട്ടു വ്യക്തതയോടെ രേഖപ്പെടുത്തിയത് മറിച്ച് നോക്കാൻ, ഇപ്പോൾ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ ഗോവിന്ദപിള്ളമാർ ആരുമില്ല.

കേവല കാര്യ-കാരണ യുക്തിയുടെ സങ്കുചിതത്വത്തിൽ നോക്കിക്കണ്ട്‌ ഹൃദയം ചുരുങ്ങിപ്പോയ അലോപ്പതി എന്ന കൊളോണിയൽ വൈദ്യം സമ്മാനിച്ച ചികിത്സാ പ്രയോഗങ്ങൾ എത്രത്തോളം ശാസ്ത്രീയമാണെന്ന സംശയവും, അത് നമ്മുടെ ജീവിതത്തെയും ശരീരത്തേയും എത്രത്തോളം ഊഷരമാക്കി എന്ന വസ്തുതയും, അത്തരത്തില്‍ ഹൃദയശൂന്യമായി മനുഷ്യാവയവങ്ങളെ കമ്പോള ചരക്കാക്കി പരസ്യപ്പലകയിൽ വിൽക്കാൻ വെച്ച ധർമ്മച്യുതിയും അലോസരപ്പെടുത്തുന്നുണ്ട്. അത് സംബന്ധിച്ച് ഐഎംഎ പോലുള്ള, പണം കടം വാങ്ങി പഠിച്ച് തൊഴിൽ വിപണിയിൽ ആർത്തിപൂണ്ട മത്സരാർത്ഥികളായി ട്രേഡ് യൂണിയൻ ഗുണ്ടായിസം നടത്തുന്ന ഡോക്ടർമാരുടെ സാമ്രാജ്യത്വ വാനരസേനയൊഴിച്ച് മറ്റെല്ലാവരും, സ്വകാര്യത്തിലെങ്കിലും ചിന്തിക്കുന്ന ഒരു കാലമാണിത്.

കാര്യ- കാരണ യുക്തിയുടെ, നിരന്തരം അപരത്വത്തെ നിർമിച്ചുകൊണ്ട് പുലരുന്ന സയണിസ്റ്റ് യുക്തിയുടെ, ചാർച്ചക്കാര്‍ തന്നെയാണ് ഈ അലോപ്പതിക്കാര്‍ എന്ന് നമ്മുടെ മുഖ്യമന്ത്രിയുടെ നാട്ടിലെ നാട്ടറിവുകള്‍ തന്നെ സമൃദ്ധമായി പറഞ്ഞുകൊണ്ടിരിക്കുന്നുണ്ടല്ലോ. മുത്തപ്പന്‍റെ കള്ളുകുടി സിദ്ധിയും തെയ്യങ്ങളുടെ രോഗശമന ശക്തിയും അധികാരത്തിന്‍റെ അലോപ്പതി യുക്തിക്ക് മനസ്സിലാക്കാൻ കഴിയുമോ സഖാവേ? കൊളോണിയൽ അപകർഷത്തിന്‍റെ മനോഗതിയിൽ, നിരന്തരം ആധുനികവൽക്കരിക്കാനുള്ള വ്യഗ്രതകളിൽ തായ്‌വേരുകളെ മറന്നുകളയുന്നത് ശരിയാണോ? ഒരു ചെത്തുകാരന്‍റെ മകനായി ജനിച്ചതിൽ അഭിമാനം കൊള്ളുന്ന താങ്കള്‍ അതിനെ ഒരു വാർത്താസമ്മേളന മനഃശാസ്ത്ര യുക്തിയിൽ മാത്രമാണോ കണ്ടുപോരുന്നത്? ശരിയായി പറഞ്ഞുവെച്ചാൽ, ആ വലിയ മനുഷ്യരുടെ നാട്ടറിവിന്‍റെ ശക്തിയല്ലേ,  താങ്കളുടെ ധമനികളുടെ ഊർജ്ജമായി, ഇന്ന് കേരളജനതയുടെ തണൽമരമായിത്തീരാൻ അങ്ങയെ പ്രാപ്തനാക്കിയത്? നാട്ടിൽ ഒരു യുക്തിയും തലസ്ഥാനത്തു മറ്റൊരു യുക്തിയും എന്ന് നമ്മിൽ പടരുന്ന മസ്തിഷ്ക പിളർപ്പുകളിൽ ആണോ അങ്ങയുടെ യുക്തിബോധവും വിഹരിക്കുന്നത്?  

മനുഷ്യരുടെ ജൈവികമായ നിലനില്പിനെ മറന്ന്, അവരുടെ ശാരീരികമായ അതിർത്തികളെ വേറിട്ടുകണ്ട്, ചുറ്റുപാടുകളും പരിസ്ഥിതിയുമായി ബന്ധമറ്റ, കേവല യന്ത്രശരീരമായി മനുഷ്യനെ പരിഗണിക്കുന്ന ആ യുക്തി ചെന്നെത്തുന്ന ക്രൂരമായ പരിഗണനകളോട് കലഹിച്ചു കണ്ടുപിടിച്ച ഹാനിമാന്‍റെ വൈദ്യവും,  നമ്മെ നാമാക്കിയ പ്രതിരോധത്തിന്‍റെ നാട്ടറിവുകളും, ബുദ്ധഭിക്ഷുക്കളുടേയും ജൈന മുനിമാരുടേയും ആയുർവേദത്തിന്‍റെ ഗഹനമായ പാഠങ്ങളും, ഗ്രീക്ക് വൈദ്യത്തിൽ നിന്ന് ഇസ്‌ലാമിക സമൂഹങ്ങൾ വികസിപ്പിച്ചു വലുതാക്കിയ യുനാനിയും, അർബുദരോഗ ഗവേഷകർ പോലും അന്വേഷിക്കുന്ന ചൈനീസ് പാരമ്പര്യ വൈദ്യവും, ആദിവാസി ചികിത്സാ വിധികളും, ആന്‍റിവൈറൽ പ്രതിരോധത്തിന്‍റെ ആഹാര സംസ്കാരവും അശാസ്ത്രീയമായി കാണുന്ന അലോപ്പതിയുടെ അധികാരപ്രമത്തമായ ആ കച്ചവടകണ്ണ്, അതാണ് മിഷേൽ ഫൂക്കോ തത്വചിന്താവൽക്കരിച്ചത് എന്ന് ശരിയായി തിരിച്ചറിയാൻ ശേഷികെട്ട, സ്വവർഗ ലൈംഗിക ഭാവുകത്വത്തെ പുത്തൻ ലെനിനിസമായി  വികസിപ്പിച്ച, പോസ്റ്റ് മാർക്സിസ്റ്റ് മന്ത്രിക്കസേരകൾ, അങ്ങയുടെ (ഞങ്ങളുടേയും) അന്തകവിത്തായി മാറുന്ന കാലം അടുത്തെത്തിയോ?

തത്വചിന്തയെ ചരമക്കോളമാക്കി അധഃപതിപ്പിച്ച 'പാർട്ടി സംഘാടക'ന്‍റെ ഉള്ളിലെ കാവി പടരുന്ന വർണമാറ്റങ്ങൾ ഇന്ദുചൂഢന്മാരായി ഷോർട്സ് ധരിച്ചു പുറത്തുവരാനിരിക്കുന്നേയുള്ളൂ സഖാവേ. അ റിവിനേയും അനുഭവത്തേയും പുത്തൻകൂറ്റുകാരുടെ പെന്തകോസ്ത് യുക്തികൊണ്ട് വന്ധ്യങ്കരിക്കാം എന്ന വ്യാമോഹവും നാളെ അസ്ഥാനത്താകാതെ വയ്യ. ക്രൂരതയുടേയും ധാർഷ്ട്യത്തിന്‍റേയും പുച്ഛത്തിന്‍റേയും കൊലച്ചിരിയുടേയും നാട്ടുമാവുകൾ എന്നും പൂത്തുകാണുമെന്ന പുത്തൻ മാനേജർ യുക്തിയും കാളിദാസ ഗാഥ ചമയ്ക്കാതെ വയ്യ. ആധുനികതയുടെ ഈ വാലറ്റം ഗർഭം ധരിച്ചിരിക്കുന്നത്, ഫാസിസത്തെ തന്നെയെന്ന് അഡോർണോയും ഹോക്കിമറും, സ്റ്റാലിനിസത്തിന്‍റെ ആ ജീർണനാളുകളിൽ, ദുരന്തഛവി പുരണ്ട വിഷാദ രാഗത്തിൽ, ഫ്രാങ്ക്ഫർട് സ്കൂളിന്‍റെ പാഠങ്ങളിൽ, പുതിയ സിദ്ധാന്തങ്ങളുടെ ചമൽക്കാരം രചിച്ചിട്ടുള്ളതാണല്ലോ സഖാവേ. ആ നാളുകളിൽ തന്നെ തത്വചിന്തയെഴുതിയ ഹെർബെർട് മാർക്യുസ് വിശേഷിപ്പിച്ച, ആ 'ഏകമുഖമായ മനുഷ്യജന്മങ്ങൾ' സോഷ്യൽ മീഡിയ ബിംബങ്ങളായി ആരോഗ്യ നികേതനം ചമയ്ക്കുന്ന അധികാരക്കാഴ്ചകൾ എത്ര പരിഹാസ്യമാണെന്ന് നാളെ ചരിത്രം വിലയിരുത്തും. ഒ വി വിജയന്‍റെ സ്നേഹ പരിഹാസങ്ങളോ, മാർക്സിസത്തെ ഒട്ടു സത്യത്തോടെ മനസ്സിലാക്കാൻ ശ്രമിച്ചുകൊണ്ട്, ലെനിനിസം എന്നു തെറ്റിദ്ധരിച്ച സ്റ്റാലിനിസ്റ്റ് ചതിക്കുഴികളിൽ വീണ് മരിച്ച, രവീന്ദ്രനും ടി കെയും മുരളീധരനും എ സോമനും വികസിപ്പിക്കാൻ  ശ്രമിച്ച ധൈഷണിക പ്രതിപക്ഷ ചിന്തകളെ മാധ്യമ മധ്യവർതിത്വത്തിന്റെ ടെക്നോഗുണ്ടകളും കുള്ളൻ യുക്തികളും കയ്യേറിയ ഈ കാലം അടയാളപ്പെടുത്താൻ,  പ്രാവ്ദാ ദുരന്തങ്ങളെപ്പറ്റി, അടുത്തൂൺ പറ്റുന്ന കുമാരസേനകൾ അങ്ങേക്ക് വിവരം തരാറുണ്ടോ?  

രണ്ട് 

അധികാരപ്രമത്തത കൊളോണിയൽ അനന്തര രാഷ്ട്രീയ ഇന്ത്യയിൽ ഒരു ജാതി അപകർഷത്തെയാണ് ഗർഭം ധരിച്ചിട്ടുള്ളത്. നൂറ്റാണ്ടിലൂടെ ബ്രാഹ്മണ പ്രയശാസ്ത്രവും കൊളോണിയൽ നുകവും പേറി പരിക്ഷീണരായ ഒരു ജനത ഉണർന്നെണീക്കുമ്പോൾ, അവരിൽ ബുദ്ധിജീവി വിഭാഗങ്ങൾ രൂപം കൊള്ളുമ്പോൾ, ഇത്തരം ധാർഷ്ട്യവും തൻപോരിമയും, അറിവിന്‍റെ ജ്ഞാനിമങ്ങളെ അധികാരപ്രയോഗം കൊണ്ട് അടിച്ചമർത്തുന്ന സാങ്കേതികതയും രൂപംകൊള്ളുക സ്വാഭാവികം. ഹിറ്റ്ലറേയും മുസോളിനിയേയും സ്റ്റാലിനിസ്റ്റ് പ്രതിഭാസങ്ങളേയുംപ്പറ്റി പഠിച്ച ഫ്രാങ്ക്ഫർട് ചിന്തകരും, പാർട്ടി ഉൾപ്പിരിവുകൾ സ്റ്റാലിനിസ്റ്റ് നിയന്ത്രണങ്ങൾക്ക് വിധേയമായി പതുക്കെ ഏകഛത്രാധിപത്യത്തിലേക്ക് പോയ പരിണാമ പ്രക്രിയയുടെ ഉള്ളറിഞ്ഞ ഗ്രാംഷിയും, ജനാധിപത്യത്തിന്‍റെ വസന്തവായുവിൽ നിന്ന് നെപ്പോളിയൻ ബോണപാർട് പ്രതിഭാസങ്ങൾ രൂപം കൊള്ളുന്ന ഫ്രഞ്ച് അനുഭവങ്ങളെകുറിച്ച് നിരീക്ഷിച്ച കാള്‍ മാർക്സും, ആൾക്കൂട്ട മനഃശാസ്ത്രത്തിന്റെ ആൾദൈവ അഭയങ്ങളെപ്പറ്റി വിശദമാക്കിയ വില്യം റീഹുമെല്ലാം, വളരെ ഗഹനമായ അന്വേഷണ ബുദ്ധിയോടെ ഈ അവസ്ഥാന്തരങ്ങളെ പല പരിപ്രേക്ഷ്യങ്ങളിൽ നിന്ന് ചൂണ്ടികാണിച്ചിട്ടുണ്ട്. ഇ.എം.എസിന്‍റെ പുസ്തകമെഴുത്തുശാല മാത്രമായി ചുരുങ്ങിപ്പോയ ചിന്ത പബ്ലിഷേഴ്സിന് ഇതെല്ലാം അന്യവർഗ ചിന്തയായി തോന്നിയതിന്‍റെ അനന്തര ഫലമാണ് ഇന്ന് ചിതലരിച്ചുനില്‍ക്കുന്ന നമ്മുടെ ധൈഷണിക ജാഗ്രത. 

'ഒരു മുഖ്യമന്ത്രിയുടെ ഓർമ്മക്കുറിപ്പുകൾ' എന്ന ഇഎംഎസിന്‍റെ ഗ്രന്ഥത്തിൽ-' താൻ നേതൃത്വം നൽകിയ മന്ത്രിസഭയ്ക്ക് പ്രധാനമായും ഒരു കാര്യത്തിലാണ് ദൗർബല്യം നിഴലിച്ചത്' എന്ന് അദ്ദേഹം ഓർക്കുന്നുണ്ട്, പൊലീസ് ജനങ്ങളെ അടിച്ചർത്തുന്ന നിലയിൽ ഒരു ഉപകരണമായിത്തീരരുത് എന്ന കമ്മ്യൂണിസ്റ്റ്‌ അവബോധത്താൽ വന്നുപോയ ചില നിയന്ത്രണപ്പാളിച്ചകളെ കുറിച്ചായിരുന്നു അത്. എന്നാൽ ആ പരാജയത്തിൽ കമ്മ്യൂണിസ്റ്റുകാരൻ എന്ന നിലയിൽ താൻ അഭിമാനം കൊള്ളുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പിൽക്കാലത്ത് ഇടതുപക്ഷ മുന്നണി അധികാരത്തിൽ വന്നപ്പോൾ പൊലീസിന്‍റെ അന്തർഹിതമായ മർദ്ദകസ്വഭാവം ജനവിരുദ്ധതതയിൽ കലാശിക്കാതിരിക്കാൻ അവയെ പാർട്ടി  കമ്മിറ്റികൾക്ക് വിധേയപ്പെടുത്തുന്ന തരം ശൈലി സ്വീകരിക്കുകയുണ്ടായി. എന്നാൽ അത് പാർട്ടി കമ്മിറ്റികൾ അധികാര സ്ഥാപനമായി വളരുന്നതിലേക്ക് വഴിവെക്കുകയായുണ്ടായി. പിൽക്കാലത്ത് പാർട്ടി വിഭാഗീയതകൾ ലെനിനിസത്തിന്‍റെ ചരമ ഗീതങ്ങൾ എഴുതാൻ ഒരുമ്പെട്ടപ്പോൾ, പൊലീസിനെ സംസ്ഥാന അധികാരത്തിന്‍റെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന വലിയ ഒരു തെറ്റ്  സംഭവിച്ചു. 'പൊലീസിന്റെ ആത്മവീര്യം കെടുത്താതെ' നോക്കാൻ അങ്ങ് അവർക്ക് അനുവദിച്ച സ്വാതന്ത്ര്യം വലിയ ഒരു ദുരന്തമായിതത്തീർന്നു കമ്മ്യൂണിസ്റ്റ്‌ സർക്കാരുകളുടെ സമകാല ചരിത്രത്തിൽ. ഭരണകൂട ഉപകരണങ്ങളെ വിശകലനം ചെയ്ത അള്‍ത്യൂസ്സേറിയൻ പാഠങ്ങൾ അറിയാമായിരുന്ന ബുദ്ധിജീവികൾ എന്തെ അങ്ങേക്ക്‌ അത് ഒരു 'പ്രസ്നോട്ട്' ആയിപ്പോലും എഴുതിതരാതിരുന്നു? പൊലീസുകാർ കൊന്ന അങ്ങയുടെ കുലത്തിൽ തന്നെയുള്ള ആ 'വഴി തെറ്റിപ്പോയ കുഞ്ഞാടുകളുടെ രക്തം' വയലിൽ നിന്ന് നിലവിളിക്കുന്നത് അങ്ങ് കേൾക്കുന്നില്ലേ?..

നോക്കൂ, ഫാർമസ്യൂട്ടിക്കല്‍ കമ്പനികളും ഹോസ്പിറ്റൽ ലോബികളും മനുഷ്യാരോഗ്യത്തെ പരസ്യപ്പലകകളില്‍ വില്പനക്കുവെച്ച, സാമ്രാജ്യത്വ ലാഭക്കൊതിയുടെ 'ഹൃദയശൂന്യമായ ആ റൊക്കം പണത്തിന്‍റെ 'ചങ്ങാതിമാരാണെന്ന, താടിക്കാരൻ കാതിലോതിയ മാനിഫെസ്റ്റോ മന്ത്രം പണിത്തിരക്കിനിടയിൽ താങ്കൾ വിട്ടുപോയോ? കൊളോണിയൽ മെഡിസിൻ നേടിയ വിജയങ്ങൾ സാംസ്കാ രിക അധിനിവേശത്തിന്‍റെ സ്വഭാവത്തിലേക്ക് പരിവർത്തനംകൊണ്ടപ്പോൾ ബോബെ, മദ്രാസ് പ്രവിശ്യകളിൽ ആയുർവേദികൾ ഉൾപ്പെടുന്ന തദ്ദേശീയ വൈദ്യർ നടത്തിയ വൈദ്യപ്രക്ഷോഭങ്ങൾ കേരളത്തിൽ 'കോട്ടക്കൽ പ്രസ്ഥാന'മായി നമ്മുടെ നാട്ടിൽ വികസിച്ചുവന്നതും, രാഘവൻ തിരുമുൽപ്പാടിനെപ്പോലുള്ളവരുടെ ചിന്തകളായി സമകാലത്തും നില നിലനില്‍ക്കുന്നതും സ്വന്തം ചികിത്സാ അനുഭവമായിത്തന്നെ അങ്ങേക്ക് അറിവുള്ളതാണല്ലോ! സ്ത്രീരഹസ്യങ്ങളെ ഉളുപ്പില്ലാതെ ആഘോഷിക്കുന്ന ആ കൊളോണിയൽ മനസ്സിന്‍റെ ചാനൽ ഉപദേശം കൊണ്ട് അങ്ങയുടെ ധൈഷണികത ദരിദ്രമായിപ്പോകരുത്. ഹോളിസ്റ്റിക്ക് ആയ പരിഹാരങ്ങളിലാണ് മനുഷ്യസ്നേഹികളായ ധിഷണാശാലികൾ ശ്രദ്ധവെയ്ക്കുന്നത്. പ്രയോഗമതിത്വം എന്ന ബൂർഷ്വാപ്രത്യയം കൊണ്ട് 'പ്രയോഗത്തിന്റെ ആ മഹത്തായ തത്വചിന്തയുടെ' ചരമഗീതം ചമയ്ക്കരുത്. 

വൈദ്യനേയും വാസ്തുശിൽപകാരനേയും പോലും മുതലാളിത്തം അതിന്‍റെ കൂലിപ്പണിക്കാരനും റൊക്കം പണത്തിന്‍റെ ഉപാസകനുമാക്കി എന്ന ലളിതമായ മാനിഫെസ്റ്റോ വാചകം അങ്ങയുടെ ഹൃദയമന്ത്രമായിരിക്കണം. അസ്തപ്രജ്ഞമായിക്കൊണ്ടിരിക്കുന്ന ലെനിനിസ്റ്റ് സംഘടനക്ക്, പടിഞ്ഞാറൻ സന്നദ്ധസേവന പ്രവർത്തനത്തിന്റെ 'നാസി' സ്വരൂപം പകർന്നുകൊടുക്കാതെ, പ്രാദേശിക സർഗാത്മകതയുടേയും വ്യവഹാരാത്മക സത്യത്തിന്‍റെയും ഊർജ്ജം നൽകി ജീവനം നൽകണം. ഖനിജ കൊള്ളക്കാരുടെ കയ്യിൽ നിന്ന് നാശോന്മുഖമായ പശ്ചിമഘട്ട മലനിരകളെ സംരക്ഷിക്കണമെന്ന് പറയുന്നതിനെ വിഎസ് പക്ഷപാതിത്വമായി മുദ്ര കുത്തരുത്. കാളിദാസനെ സംരക്ഷിക്കാൻ കാളിയുണ്ടായിരുന്നു. ഇരിക്കുന്ന കൊമ്പ് വെട്ടി മുറിക്കലല്ല വികസനം. ഫിനാന്‍ഷ്യല്‍ മൂലധനം വികസന ഫണ്ടുകളായി രംഭയും തിലോത്തമയും അണിഞ്ഞെത്തുമ്പോൾ, നാളെ പ്രാരാബ്ദങ്ങൾ അങ്ങയുടെ ഇച്ഛയുടെ സംന്യാസം മുടക്കരുത്. വികസനം ആരുടേത് എന്ന ചിന്തയാകണം അങ്ങയുടെ തലയണമന്ത്രം. സീതയെ ജനസമ്മതിയുടേയും രാഷ്ട്രീയ ജാഗ്രതയുടേയും പേരിൽ ഭൂമിയുടെ ഗർഭത്തിനു തിരിച്ചുനൽകരുത്. അവളെ വീണ്ടെടുത്ത സംഘടനാശേഷി പ്രളയകാലത്ത് കേരളീയർ കണ്ടതാണല്ലോ! രാമനു പറ്റിയ 'ചരിത്ര വിഡ്ഢിത്തം' അങ്ങേക്ക് പറ്റരുത്. സീതാദുഃഖം പറയാൻ കവിയാശാന്മാർ നമുക്കില്ല. ഗ്രാംഷിയെ സ്വന്തം രാജത്വത്തെ വിളമ്പാൻ വ്യഖ്യാനിച്ചു വികൃതമാക്കിയ, അയ്യപ്പനെ കാട്ടിലയച്ച പന്തളം കുലം മാത്രമേ കള്ളകൃഷ്ണനായി കൂടെയുള്ളൂ. അയ്യപ്പ സന്നിധിയിൽ ഒളിപ്പിച്ചുവെച്ച തിരുവാഭരണം അടിച്ചുമാറ്റിയ പത്മനാഭനെ പറയിപ്പിച്ച ദാസന്മാരോടൊത്ത് പകിടയുരുട്ടിയ പാരമ്പര്യമേ അവർക്കുള്ളൂ. 

ജീവനുള്ളതിന്‍റേയും ഇല്ലാത്തതിന്റെയും ഇരട്ടജീവിതമുള്ള വൈറസ് ജന്മങ്ങൾ വിലസുന്ന ആസുരകാലമാണ്. മൈക്രോബുകളുടെ ഈ ദ്വന്ദഭാവത്തെക്കുറിച്ചും, നമ്മുടെ ഇച്ഛാശക്തിക്കുമേൽ ശരീരം സ്വയം നിർമിക്കുന്ന അർബുദാവസ്ഥകളെക്കുറിച്ചും പാശ്ചാത്യയുക്തി ചിന്തക്ക് കാര്യമായൊന്നും മനസ്സിലാക്കാനായിട്ടില്ല. സാന്ത്വന ചികിത്സയെ വിന്യസിച്ചുകൊണ്ട് സ്വന്തം കഴിവില്ലായ്മയേയും അജ്ഞതയേയും ശാശ്വതീകരിക്കുന്ന കൊളോണിയൽ യുക്തിയല്ല മാർക്സിസം നമുക്ക് പകർന്നുനൽകിയത്. പ്രയോഗത്തിലൂടെയും നിരന്തമായ അന്വേഷണങ്ങളിലൂടെയും വളരുന്ന ധിഷണയെയാണ് മാർക്സ്  യുക്തി എന്ന് പേരിട്ടുവിളിച്ചത്. യാന്ത്രിക യുക്തിയുടെ ഫൊയർബാഹിയൻ ചിന്തകളെ തിരുത്തിക്കൊണ്ടാണ് അദ്ദേഹം തന്‍റെ രീതിശാസ്ത്രം വികസിപ്പിച്ചത്. ആ ഫൊയർബാഹിയൻ യുക്തി ചിന്തയാണ് മുതലാളിത്തം അതിന്‍റെ ദുരയുടെ പ്രത്യയശാസ്ത്രമായി വികസിപ്പിച്ചത്. ഹെഗലിയൻ തത്വത്തെ തന്‍റെ അവസാനകാലത്ത് പുന:പാരായണം ചെയ്യാൻ സമയം കണ്ട ലെനിൻ, ഫൊയർബാഹിയൻ ചിന്തയിൽ മൂക്കുകുത്തിയ സ്റ്റാലിൻകാല ദുരന്തത്തെ നേരെ നിർത്താനാണ് ശ്രമിച്ചത്. 

രാഷ്രീയം വന്ധ്യമാകുമ്പോൾ അത് മുതലാളിത്ത യുക്തിയിൽതന്നെ വീണുമരിക്കുന്നു. അപ്പോൾ വീണ്ടും നാം ഉറവിടത്തിലേക്ക് മടങ്ങേണ്ടിവരും. പരാജയപ്പെട്ടാൽ നാം തുടക്കം തൊട്ട് വീണ്ടുമാരംഭിക്കുക എന്ന് ഏംഗൽസും പറഞ്ഞുവെച്ചിട്ടുണ്ടല്ലോ. തത്വചിന്ത നഷ്ടമായ രാഷ്ട്രീയം വന്ധ്യമാണ്.  അത് ജാനി നഷ്ടപ്പെട്ട കുതിരയെപ്പോലെ നാശം വിതക്കും. എല്ലായിടത്തും കയറി നിരങ്ങി രാജീവം തീർക്കും. അത് വികസനത്തിന്‍റെ മുതലാളിത്ത അർബുദമായിത്തീരും. അർബുദവളർച്ചയെ വികസനമായി തെറ്റിദ്ധരിക്കരുത്. പ്രാദേശിക വിഭവശേഷിയെ വിപുലീകരിക്കുന്ന ജനകീയാസൂത്രണത്തിന്‍റെ കേരള കോൺഗ്രസുകൾ നമുക്കുണ്ടല്ലോ. മറന്നു പോകരുത് ആ തുടർച്ചകൾ. 

ബാങ്കിംഗ് മൂലധനവും അത് നിർണ്ണയിക്കുന്ന രാഷ്ട്രീയ അർത്ഥശാസ്ത്രവുമാണ് ഫാസിസത്തിന്റെ ജന്മഹേതു എന്ന് ദിമിത്രോവ് കമ്മ്യൂണിസ്റ്റ്‌ ഇന്‍റർനാഷണലിനു വേണ്ടി രചിച്ച ആ പ്രസിദ്ധ രേഖ നമ്മെ പഠിപ്പിക്കുന്നുണ്ടല്ലോ. നമ്മുടെ കണ്ടെയ്ന്‍മെന്‍റ് സോണുകൾ, നാളെ കോൺസെൻട്രേഷൻ ക്യാമ്പുകൾ ആക്കാൻപോന്ന ഒരു സയണിസ്റ്റ് യുക്തിയുടെ ഇരകളായി നാം മാറരുത്. ന്യൂനപക്ഷങ്ങളോടും ദളിതരോടും ആദിവാസികളോടുമുള്ള പ്രേമം വൈകാരികം മാത്രമായാൽ മതിയാകില്ല. അവരിലെ ശരിയായ പ്രതിനിധികളെ അധികാരത്തില്‍ വിന്യസിക്കാൻ ആർജ്ജവമുണ്ടാകണം. അതൊരു ദൃശ്യ വിസ്മയമോ നാമജപമോ കുടുംബ സ്നേഹമോ ആയാൽ മതിയാകില്ല.

മൂന്ന് 

തത്വചിന്തയും രാഷ്ട്രീയവും അർത്ഥശാസ്ത്രവും വിളക്കി വികസിപ്പിച്ചെടുത്ത മാർക്സിസത്തിന്‍റെ മൺചെരാത് അങ്ങേയ്ക്ക് വെളിച്ചമാകണം. ഭാഷാശാസ്ത്രവും നരവംശ ശാസ്ത്രവും മനശാസ്ത്രവും സംഗമിക്കുന്ന അള്‍ത്യൂസർ മുന്നോട്ടുവെച്ച അക്കാദമിക മാർക്സിസത്തേയും നാം സ്വംശീകരിക്കണം. എല്ലാം ഒരു ഘടനയിൽ പ്രത്യയശാസ്ത്രം ചമച്ചുകൊണ്ട് ഫാസിസത്തിന്റെ പണിശാലകളായി സമൂഹം അനുദിനം മാറുന്നു എന്ന അള്‍ത്യൂസ്സേറിയൻ ദുരന്തബോധത്തിൽ നിന്ന് മുന്നോട്ടു പോയി, നാസി ജയിലറക്കുള്ളിൽ നിന്ന് ഗ്രാംഷി കാണിച്ച ദീപങ്ങൾ നമുക്ക് പ്രത്യാശ നൽകണം. ഭവശാസ്ത്ര ചിന്തകരുടെ അപകർഷമായ  ജാതി യുക്തിയിൽ നാം വീണ് പോകരുത്. അത് ആത്യന്തികമായി നമ്മെ ഫാസിസ്റ്റു മൗനങ്ങളിലേക്കും ദാർഷ്ട്യം നിറഞ്ഞ വിധി തീർപ്പുകളിലേക്കും ഉൽകൃഷ്ടനാട്യത്തിന്‍റെ മുൻവിധികളിലേക്കും ജഡ്ജ്മെന്‍റിന്‍റെ വക്കീൽ അവബോധത്തിലേക്കും പ്രത്യയശാസ്ത്രപരമായ മൗഢ്യങ്ങളിലേക്കും നയിക്കും. ഭവശാസ്ത്രങ്ങൾ തത്വചിന്താപരമായ ഗണമാണ്. അതിനെ ശരിയായി അറിയാതെ രാഷ്ട്രീയത്തിൽ വിവർത്തനം കണ്ടെത്തുന്നത് ഫാസിസ്റ്റിക് ആന്ധ്യങ്ങളിലേക്ക് നയിക്കും. വലതുപക്ഷ പോസ്റ്റ്‌മോഡേൺ ചിന്തയുടെ മീൻവലയിൽ ഇടതുപക്ഷ ജാഗ്രതയുടെ 'സൗവർണ്ണ പ്രതിപക്ഷം' എന്നു കവി വിശേഷിപ്പിച്ച ആ ചരിത്ര ദൗത്യം അങ്ങ് മറക്കരുത്. അധികാര സാരഥ്യത്തെക്കാൾ, പരിവ്രജിക്കാനുള്ള സദാസന്നദ്ധയിലാണ്  സത്യം തേടേണ്ടത്. ഭവശാസ്ത്രങ്ങളുടെ സ്വതാപകർഷങ്ങള്‍, ഘടനാവാദ ചിന്തകരുടെ സ്വകീയമായ അന്വേഷണങ്ങള്‍ക്കൊണ്ട് പകരം വെയ്ക്കണം. കാരണം ആ ചിന്തകർ ഉള്ളിന്‍റെയുള്ളിൽ സൂക്ഷിക്കുന്ന 'തീ' മാർക്സിസം കൊളുത്തി വെച്ച മൺചെരാതിൽ നിന്നു പകർന്നുകിട്ടിയതാണ് എന്ന് അവർ സ്വയം സാക്ഷ്യം പറഞ്ഞിട്ടുണ്ട്. മാർക്സിന് തൊട്ടു പോകാൻ കഴിയാത്ത മനഃശാസ്ത്രത്തിന്റെ ഗണങ്ങൾ ആണ് അവർ തത്വചിന്തയിലേക്ക് ആവാഹിക്കാന്‍ ശ്രമിച്ചത്. നീതിയുടെ പുതിയ ക്രമങ്ങൾക്കുവേണ്ടിയുള്ള പോരാട്ടം തന്നെയായിരുന്നു അത്. അതിനെ നാം നമ്മിൽ ഉൾച്ചേർക്കുമ്പോൾ,  മാർക്സ് ചൂണ്ടിക്കാണിച്ച 'തത്വചിന്തയുടെ ആലസ്യം' തീർക്കുന്ന അപകടക്കുഴികൾ കാണാതെ പോകരുത്. അറിവിനെ ആയുധമാക്കിയ ഗുരുപരമ്പരകളിൽ നിന്നുള്ള ഊർജ്ജം ഹിംസയെ ഭരണകൂട നിയമമാക്കുന്ന സമകാല പ്രത്യയശാസ്ത്ര പ്രയോഗങ്ങളുടെ പോസ്റ്റ്‌മോഡേൺ നിർമിതികളുടെയും കെട്ടുകാഴ്ചകളുടെയും കാഫ്ക കോട്ടകളെ തകർക്കാനുള്ള കെൽപ്പായി വികസിപ്പിക്കണം. 

അങ്ങയുടെ വിശ്വരൂപം ഈയുള്ളവൻ അടുത്തറിഞ്ഞിട്ടുണ്ട്. അതിനുള്ള കാര്യകാരണങ്ങൾ ഒരു ജീവിതം നൽകി തന്നെ മനസ്സിലാക്കിയിട്ടുണ്ട്. അറിയാതെ അടുപ്പത്തിന്‍റെ പേരിൽ എന്തെങ്കിലും കയർത്തു പറഞ്ഞുവെങ്കിൽ, അർജ്ജുനൻ ഭഗവാനോട് അപേക്ഷിച്ചതുപോലെ,  ഉദ്ദേശശുദ്ധിയാലും ആവേശം കൊണ്ടും അറിവില്ലായ്മകൊണ്ടുമാണെന്ന് ക്ഷമിച്ചു മാപ്പുനൽകണം. കാരുണ്യത്തിന്‍റെയും സ്നേഹത്തിന്‍റെയും ആ പ്രവാചക സ്വരൂപം കൊടുംപ്രളയം വിഴുങ്ങാൻ വന്ന ആ കാലത്ത് ഞങ്ങൾ ദർശിച്ചതാണ്. പ്രളയകാലത്ത് ആലിലത്തണൽ തീർത്ത ആ കണ്ണന്റെ ഊരുകാരനെയാണ് ഞങ്ങൾ ആരാധിക്കുന്നത്. കസേരകളിയുടെ മായാവിഭ്രമങ്ങളിൽ ആ ആത്മസ്വരൂപങ്ങളെ അങ്ങ് മറന്നു പോകരുതേ എന്നു പ്രാർത്ഥന.  അന്തക വിത്തുകളുടെ അപകടങ്ങൾ തിരിച്ചറിയാനുള്ള വിവേകം,  അർദ്ധ രാത്രിയിൽ പൂരപ്പറമ്പിൽ അമ്മയുടെ മടിയിൽ ഉറക്കമുണർന്നു ദർശിച്ച തെയ്യക്കോലങ്ങള്‍ അങ്ങേക്ക് പകർന്നു നൽകും. ഉപജാപങ്ങളുടെ കെട്ടുമന്ത്രവുമായെത്തുന്ന ഡാകിനിമാരിൽ നിന്ന് സർവശക്തൻ അങ്ങയെ രക്ഷിക്കട്ടെ. വിജയനല്ലേ വിജയിക്കും എന്ന ഗുരുവനുഗ്രഹം അന്വർത്ഥമായിത്തീരട്ടെ.

ശുഭം...

Contact the author

P P Shanavas

Recent Posts

J Devika 2 weeks ago
Views

പൊറുക്കൽ നീതി അഥവാ Restorative justice എന്നാല്‍- ജെ ദേവിക

More
More
Mehajoob S.V 3 weeks ago
Views

കര്‍ണാടക തെരഞ്ഞെടുപ്പ് ഫലത്തെ നിര്‍ണ്ണയിച്ച 4 ഘടകങ്ങള്‍- എസ് വി മെഹജൂബ്

More
More
Mehajoob S.V 1 month ago
Views

മാമുക്കോയയെ കണ്ട് നാം ചിരിച്ചത് എന്തിനായിരുന്നു- എസ് വി മെഹ്ജൂബ്

More
More
Mridula Hemalatha 2 months ago
Views

രാഹുല്‍ ഗാന്ധിയെ ഇനിയാരും പപ്പുവെന്ന് കളിയാക്കില്ല; 2024 പ്രതീക്ഷയുടെ വര്‍ഷമാണ്- മൃദുല ഹേമലത

More
More
Mehajoob S.V 2 months ago
Views

സ്വയം സമൂഹമാണെന്ന് കരുതി ജീവിച്ച പ്രസ്ഥാനത്തിന്‍റെ പേരാണ് ഇ എം എസ് - എസ് വി മെഹജൂബ്

More
More
Mehajoob S.V 3 months ago
Views

വൈരനിര്യാതന ബുദ്ധിയോടെ ഏഷ്യാനെറ്റും -സിപിഎമ്മും നടത്തുന്ന പോരാണ് നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്- എസ് വി മെഹജൂബ്

More
More