ലക്ഷദ്വീപ്‌ എന്നാല്‍ ഫാസിസ്റ്റ് വിരുദ്ധപ്രക്ഷോഭത്തിന്റെ പര്യായപദമാണ് - കെ ഇ എന്‍

K E N 2 years ago

ലക്ഷദ്വീപ് ഇന്ന് വാര്‍ത്തകളില്‍ നിറയുകയാണ്. സത്യത്തില്‍ എന്താണ് ലക്ഷദ്വീപില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്?  ആരാണ് ഇതിന് ഉത്തരവാദി? എന്താണ് ഇതിനു പിന്നിലുള്ള അജണ്ട? ഇതിനെ ഏതുതരത്തിലാണ് എതിര്‍ത്ത് പരാജയപ്പെടുത്തേണ്ടത്? ആരാണ് പ്രഫുല്‍ ഘോഡാ പട്ടേല്‍? അയാളെ ദ്വീപുസമൂഹത്തിലേക്ക് പറഞ്ഞുവിട്ടത് ആരാണ്? ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഇന്ത്യയിലെ നവ ഫാസിസത്തിലാണ് ചെന്നു മുട്ടുക. നവ ഫാസിസത്തിന്റെയും കോര്‍പ്പറേറ്റ് മൂലധനത്തിന്‍റെയും അജണ്ടകളെ വിസ്മരിച്ചുകൊണ്ട് ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനാവില്ല.  

ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഒരിക്കലും ഒരിടത്തും സംഭവിക്കാന്‍ പാടില്ലാത്തതാണ് ലക്ഷദ്വീപില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. സമാധാനപ്രിയരായ ഒരു ജനതയെ, അവരുടെ ജീവിതത്തിന്റെ മഹത്തായ സാംസ്കാരിക മൂല്യങ്ങളെ, അവര്‍ ചവിട്ടി നില്‍ക്കുന്ന അവരുടെ പ്രിയപ്പെട്ട മണ്ണിനെ, അവരുടെ ജീവനോപാധിയായ കടലിനെ, അവരുടെ തലയ്ക്ക് മുകളിലുള്ള നീലാകാശത്തെ, നൂറ്റാണ്ടുകളായി അവര്‍ നിര്‍മ്മിച്ചെടുത്തിട്ടുള്ള മഹത്തായ ജീവിതമൂല്യങ്ങളെ വേട്ടയാടുകയാണ് ഇന്ത്യന്‍ ഫാസിസ്റ്റുകള്‍ ചെയ്യുന്നത്. വികസനത്തിന്റെയും പരിഷ്കാരത്തിന്റെയും പേരിലാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്നാണ് അവര്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എന്താണ് പരിഷ്കരണം? എന്താണ് വികസനം? 

പരിഷ്കരണമെന്ന് പറയുന്നത് ഒരു ജനതയുടെ ജീവിതത്തിന്റെ സാധ്യതകളെ വിപുലപ്പെടുത്തലാണ്. അവര്‍ അനുഭവിക്കുന്ന പരിമിതി പരിഹരിക്കലാണ്. എന്നാല്‍ ലക്ഷദ്വീപില്‍ നടപ്പാക്കുന്ന ഭൂപരിഷ്കരണം അവരുടെ പരിമിതി പരിഹരിക്കാനല്ല, നിലവിലുള്ള അവരുടെ സാധ്യതകളെ ഇല്ലാതാക്കാനാണ്. ഇന്നലെവരെ ദ്വീപ്‌ നിവാസികള്‍ക്ക് അവരുടെ മണ്ണിനെ കുറിച്ച്, അവരുടെ വീടിനെ കുറിച്ച്, കെട്ടിടങ്ങളെ കുറിച്ച് ഒരു ഉത്കണ്ഠയും ഉണ്ടായിരുന്നില്ല. അവര്‍ തങ്ങള്‍ക്കുള്ളതുകൊണ്ട് ആഹ്ളാദത്തോടെ ജീവിച്ചുപോന്നു. എന്നാലിപ്പോള്‍ പുതിയ ഭൂപരിഷ്കരണം അവരുടെ മണ്ണിനെയും വീടിനെയും നിലനില്‍പ്പിനെയും കുറിച്ച് വലിയ ഉത്കണ്ഠകളാണ് ഉണ്ടാക്കുന്നത്. ഇതാണോ പരിഷ്കരണം കൊണ്ടുദ്ദേശിക്കുന്നത്? ചവിട്ടിനില്‍ക്കുന്ന മണ്ണ് നഷ്ട്ടപ്പെട്ടുകഴിഞ്ഞാല്‍, ആ മണ്ണ് നഷ്ടപ്പെടും എന്ന ഉത്കണ്ഠ ഉണ്ടായിത്തീര്‍ന്നാല്‍ ഒരു ജനതയുടെ അവസ്ഥ എന്താകും?  ഇന്നലെവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു വലിയ അരക്ഷിതാവസ്ഥയിലേക്ക് ലക്ഷദ്വീപിലെ മനുഷ്യരെ ദയാരഹിതമായി വലിച്ചെറിയുന്നതാണോ പരിഷ്കരണം?

അതുകൊണ്ട് ഒരുകാര്യം തീര്‍ത്തുപറയാം. ലക്ഷദ്വീപില്‍ ഇപ്പോഴീ നടക്കുന്നത് പരിഷ്കരണമോ വികസനമോ അല്ല. പകരം വലിയൊരു കോര്‍പ്പറേറ്റ് അജണ്ടയാണ്. ആ അജണ്ട ലക്ഷ്യം വെയ്ക്കുന്ന വികസനമാകട്ടെ ജനങ്ങളുടെ വികസനവുമല്ല. മറിച്ച് അത് മൂലധനത്തിന്റെ വികസനമാണ്. ഇതാണ് ഒന്നാമത്തെ കാര്യം. 

രണ്ട്

ഒരു ജനതയുടെ ജീവിതത്തെ സംബന്ധിച്ചിടത്തോളം മണ്ണ് എത്ര പ്രധാനമാണോ, അത്ര തന്നെ പ്രധാനമാണ് അവരുടെ മനസ്സും സംസ്കാരവും തൊഴിലും ഭക്ഷണവും വസ്ത്രവും വിശ്വാസങ്ങളും ആചാരങ്ങളുമൊക്കെ.  ഒരു പ്രദേശം കേന്ദ്രഭരണപ്രദേശമാകുന്നതിന്റെ ഭരണഘടനാപരമായ യുക്തി, അവരുടെ തനതായ സംസ്കാരത്തെ, പ്രത്യേക ഭൂപ്രദേശത്തെ, ഭൂപ്രകൃതിയെ സംരക്ഷിക്കുക എന്നതാണ്. എന്നാല്‍ ഇപ്പോള്‍  സംഭവിച്ചുകൊണ്ടിരിക്കുന്നത് അതല്ല. കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപിലെ ജനതയുടെ സംസ്കാരത്തെ സംരക്ഷിക്കുന്നതിനു പകരം തീര്‍ത്തും അപ്രസക്തമായ നിരവധി കാര്യപരിപാടികള്‍ അവരുടെ മേല്‍വെച്ചുകെട്ടുകയാണ് കേന്ദ്രമയച്ച അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഘോഡാ പട്ടേലില്‍ ചെയ്യുന്നത്.

ഭക്ഷണത്തില്‍ നിന്ന്  ബീഫ് എടുത്തുമാറ്റുമ്പോള്‍ 

ലക്ഷദ്വീപിലെ ജനങ്ങള്‍ മാംസം ഭക്ഷിക്കുന്നവരാണ് എന്ന് നമുക്കറിയാം. അവിടുത്തെ സ്കൂള്‍ കുട്ടികളുടെ ഭക്ഷണത്തില്‍ നിന്ന് ബീഫ് എടുത്തുമാറ്റുമ്പോള്‍ അത് വളരെ നിരുപദ്രവകരമായ ഒരു കാര്യമായി നമുക്ക് തോന്നുമെങ്കിലും, ഇന്ത്യന്‍ സംഘപരിവാറിന്റെ പ്രധാനപ്പെട്ട രാഷ്ട്രീയ അജണ്ടകളിലൊന്നായി ബീഫ് പ്രവര്‍ത്തിക്കുന്നുണ്ട് എന്ന കാര്യം മറന്നുകൂടാ. ഇന്ത്യന്‍ ജാതിക്കോയ്മ ബുദ്ധമതത്തെ പരാജയപ്പെടുത്താന്‍ വേണ്ടി വികസിപ്പിച്ചെടുത്ത ഒന്ന്, എന്ന അര്‍ത്ഥത്തില്‍ അതിന്റെ വേരിലേക്ക് നാം പോകണം. ലക്ഷദ്വീപിലെ കുട്ടികളുടെ ഭക്ഷണപാത്രത്തില്‍ നിന്ന് മാംസം എടുത്തുമാറ്റുന്നു എന്നുള്ളതല്ല മൌലികമായ വിഷയം. മറിച്ച് ഇന്ത്യന്‍ ഫാസിസത്തിന്റെ ഒരജണ്ട ലക്ഷദ്വീപിനുമേല്‍ കെട്ടിവെക്കുന്നു എന്നതാണ്.

ബീഫിനെ ഇന്ത്യയുടെ അഭിമാനമായ വിവേകാനന്ദന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് നമുക്കൊഴിവാക്കാന്‍ പറ്റാത്ത 'മൂന്ന് ബി' എന്ന ഗണത്തിലാണ്. ഒന്നാമത്തേത് ഭഗവത്ഗീത, രണ്ട് ബൈസെപ്സ് അഥവാ പേശീബലം മൂന്നാമത്തേത് ബീഫ്. ബീഫ് കഴിക്കാത്തവര്‍ ഹിന്ദുക്കളല്ല എന്ന് 1900 ത്തില്‍ വിവേകാനന്ദന്‍ അമേരിക്കയിലെ കാലിഫോര്‍ണിയ സംസ്ഥാനത്തെ ഷേക്സ്പിയര്‍ ക്ലബ്ബില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ പറയുന്നുണ്ട്. നമ്മളമ്പരന്നുപോകും, ഇത് വിവേകാനന്ദന്‍ പറഞ്ഞതാണോ എന്ന് ആര്‍ക്കും പരിശോധിക്കാവുന്നതേയുള്ളൂ.

ഞാന്‍ സൂചിപ്പിക്കുന്നത് ഇന്ത്യന്‍ ഫാസിസം ബീഫിനെ ഉയര്‍ത്തിപ്പിടിക്കുന്നത് എതര്‍ത്ഥത്തിലാണ് എന്ന് പരിശോധിക്കേണ്ടതുണ്ട്. ഏതായാലും അത് 'ഒരു ജന്തുവിനെ ആരാധിക്കാനുള്ള ഒരു ജനതയുടെ അവകാശം നിലനിര്‍ത്തുക എന്ന അര്‍ത്ഥത്തിലല്ല', മറിച്ച് ഒരു ജന്തുവിനെ ആരാധിക്കാതിരിക്കാനുള്ള ഒരു ജനതയുടെ അവകാശത്തെ ചോദ്യം ചെയ്യുക' എന്നതിന്റെ ഭാഗമായിട്ടാണ്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ പരസ്പരം ഐക്യപ്പെടേണ്ട സന്ദര്‍ഭങ്ങളെപ്പോലും ഭിന്നിപ്പിന്റെയും വിഘടനത്തിന്റെയും വേദികളാക്കി മാറ്റുന്ന ഇന്ത്യന്‍ ഫാസിസത്തിന്റെ ഇടപെടലാണ് ലക്ഷദ്വീപില്‍ കാണുന്നത്. ഇങ്ങനെ നോക്കിയാല്‍ ഇപ്പോള്‍ നടത്തുന്ന ഓരോ പരിഷ്കാരവും സത്യത്തില്‍ ദ്വീപിലെ ജനങ്ങളുടെ മാനസികമായ സുരക്ഷിതത്വത്തെ, അവരുടെ സംതൃപതിയെ, അവരുടെ ആഹ്ളാദത്തെ അപകടപ്പെടുത്തുന്നതാണ് എന്ന് നമുക്ക് കാണാന്‍ പറ്റും.

ഇത്തരം ഒരു പശ്ചാത്തലത്തില്‍ ഞാന്‍ തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ സംഭവിക്കാന്‍ പാടില്ലാത്തതാണ് അവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അവിടെ പരിഷ്കരണങ്ങള്‍ തീര്‍ച്ചയായും വേണം. നല്ല ആശുപത്രികള്‍, വിദ്യാലയങ്ങള്‍..അങ്ങനെയങ്ങനെ എല്ലാം വേണം. അത്തരം ഒരു ജനകീയ വികസന അജണ്ടയാണ് മുന്നോട്ടുവെക്കേണ്ടത്. നേരത്തെ അവിടെ പരിമിതികളോടെ തുടങ്ങിവെച്ച വികസന പ്രവര്‍ത്തനങ്ങളെ വിപുലീകരിക്കുന്നതിനും പൂര്‍ത്തീകരിക്കുന്നതിനും നേതൃത്വമാകാന്‍ പുതിയ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഘോഡാ പട്ടേലിന് കഴിയുമോ ഇല്ലയോ എന്നുള്ളതാണ് ചോദ്യം. തീര്‍ച്ചയായും പട്ടേലിന് കഴിയില്ല. കാരണം പട്ടേലിനെ കുറിച്ച് പറയുമ്പോള്‍ നമ്മള്‍ മറക്കാന്‍ പാടില്ലാത്ത ഒരുപാട് കാര്യങ്ങളുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും പിന്തുടര്‍ച്ചയായിട്ടാണ്, സംഘപരിവാറിന്‍റെ അജണ്ട നടപ്പിലാക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ടാണ്‌ പ്രഫുല്‍ പട്ടേല്‍ ദ്വീപിലേക്ക് വരുന്നത്. വരുന്ന സമയത്തു തന്നെ അദ്ദേഹം ചെയ്തിട്ടുള്ളത് അവിടുത്തെ ജനാധിപത്യാവകാശങ്ങള്‍ എടുത്തുകളയുക എന്നതാണ്.

അവസാനിപ്പിക്കുമ്പോള്‍ ഞാന്‍ സൂചിപ്പിക്കുന്നത് ഒരൊറ്റക്കാര്യം മാത്രമാണ്, ഒരു പ്രദേശത്തെ ജനാധിപത്യാവകാശങ്ങള്‍ അപഹരിക്കപ്പെടുമ്പോള്‍ അത് അവിടെ തുടങ്ങി അവിടെത്തന്നെ അവസാനിക്കുന്നില്ല എന്നതാണ്. ഇന്ത്യയില്‍ ഫാസിസം നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകളുടെ ചരിത്രം മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ തെളിഞ്ഞുവരുന്നത് അതാണ്. ഒരു സ്ഥലത്ത് ആരംഭിച്ച ഇടപെടല്‍ അതിവേഗം മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുന്നത് നമുക്ക് കാണാന്‍ കഴിയും. കാശ്മീരില്‍ ചെയ്ത അതേ അജണ്ടയാണ് ലക്ഷദ്വീപില്‍ നടപ്പിലാക്കുന്നത് എന്ന് നിരീക്ഷിക്കപ്പെടുന്നുണ്ട്. ഗുജറാത്തില്‍ നടപ്പിലാക്കിയ കോര്‍പറേറ്റ് അജണ്ടയാണ് ലക്ഷദ്വീപിലേക്ക് പ്രഫുല്‍ പട്ടേല്‍ കൊണ്ടുവരുന്നത് എന്ന് സഖാവ് പ്രകാശ് കാരാട്ട് കൃത്യമായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അത് രണ്ടര്‍ത്ഥത്തിലാണ്, ഒന്ന് വംശീയമായി, സംഘപരിവാര്‍ അതിന്റെ അഭ്യന്തര ശത്രുക്കളില്‍ പ്രമുഖമായി പരിഗണിക്കുന്ന മുസ്ലീം വംശഹത്യ. ഗുജറാത്തില്‍ ആരംഭിച്ച, മുസഫര്‍ നഗറില്‍ കണ്ട, ഇനിയും പല സ്ഥലങ്ങളിലും ആവര്‍ത്തിച്ചേക്കാനിടയുള്ള, ജനാധിപത്യത്തിന്റെ പ്രതിരോധം കുറയുന്ന മുറയ്ക്ക് ഫാസിസത്തിന്റെ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കും. അതുകൊണ്ട് 'ലക്ഷദ്വീപിലെ മനുഷ്യര്‍ക്ക് ഐക്യദാര്‍ഢൃം' എന്ന് പറയുന്നതിന്റെ പൊരുള്‍- ഇന്ത്യന്‍ ഫാസിസത്തിന്റെ എല്ലാ ജനാധിപത്യ വിരുദ്ധതകളേയും പ്രതിരോധിക്കാന്‍, ഇനിയും മരിക്കാത്ത മനുഷ്യര്‍, ഇനിയും ചിതലുപിടിക്കാത്ത മനുഷ്യര്‍ ബാക്കിയുണ്ട് എന്ന പിന്മടക്കമില്ലാത്ത പ്രഖ്യാപനവും പ്രതിജ്ഞയുമാണ്. ലക്ഷദ്വീപ് എന്ന് പറയുന്നത് തീര്‍ച്ചയായിട്ടും ഇനിമുതല്‍ ഒരു സ്ഥലത്തിന്റെ പേരല്ല, മറിച്ച് ഇന്ത്യന്‍ ഫാസിസത്തിനെതിരെയുള്ള ധീരമായ സമരത്തിന്റെ ഒരു പര്യായപദമാണ് എന്ന് നാം  തിരിച്ചറിയണം. 

Contact the author

Recent Posts

Dr. Azad 4 days ago
Views

പിണറായി വിജയന്റെ രാഹുൽ വിരുദ്ധ നിലപാട് വലിയ പ്രത്യാഘാതമുണ്ടാക്കും- ആസാദ് മലയാറ്റിൽ

More
More
K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 3 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More