80:20 എന്നാല്‍ ന്യൂനപക്ഷപ്രശ്നമല്ല; പിന്നാക്കപ്രശ്നമാണ് - ഡോ. പി എ ഫസൽ ഗഫൂർ

വലിയ സംഭവങ്ങൾ ഒരുമിച്ച് നടക്കുന്ന സമയമാണ്. ലക്ഷദ്വീപ് പ്രശ്നം, പലസ്തീൻ പ്രശ്നം, കോവിഡ് എന്നിങ്ങനെ. അതിനിടയിലാണ് 80:20 യുമായി ബന്ധപ്പെട്ട കോടതിവിധി വന്നിരിക്കുന്നത്. പാലോളി കമ്മിറ്റിയിൽ അംഗമായിരുന്ന, അതിന്‍റെ സത്യാവസ്ഥ കൂടുതൽ അറിയുന്നൊരു വ്യക്തി എന്ന നിലയില്‍ ഈ തലവേദന എന്നെ നേരിട്ട് ബാധിക്കുന്ന ഒരു കാര്യമാണ്. കോടതിവിധിയെ തുടര്‍ന്ന് ഇപ്പോള്‍ ഉണ്ടായിട്ടുള്ള ആശയക്കുഴപ്പം പരിഹരിക്കാന്‍ സച്ചാര്‍ കമ്മീഷനും തുടര്‍ന്ന് പാലൊളി കമ്മിറ്റിയും നിലവില്‍ വന്ന സാഹചര്യവും ഉദ്ദേശവും മനസ്സിലാക്കേണ്ടതുണ്ട്. മുകളില്‍ സൂചിപ്പിച്ചതുപോലെ പാലോളി കമ്മിറ്റിയിൽ അംഗമായിരുന്നു ഞാൻ. വി എസ് സര്‍ക്കാരിന്റെ കാലത്താണ് പാലോളി കമ്മിറ്റി ഉണ്ടാകുന്നതും മുസ്ലീം സമുദായത്തിന്റെ പിന്നോക്കാവസ്ഥയെക്കുറിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതും. ഇതാകട്ടെ ആ കാലഘട്ടത്തില്‍ മന്‍മോഹന്‍ സിംങ്ങിന്റെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ സച്ചാർ കമ്മീഷൻ റിപ്പോർട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു. 

എന്താണ് സച്ചാർ കമ്മീഷൻ  റിപ്പോർട്ട്‌? 

ഇന്ത്യയിലെ മുസ്ലിങ്ങളുടെ സാമൂഹിക, വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പഠിക്കാനായി നിയോഗിക്കപ്പെട്ട കമ്മീഷനാണ് സച്ചാർ കമ്മീഷൻ. ജസ്റ്റിസ് രജീന്ദര്‍ സച്ചാർ അധ്യക്ഷനായ കമ്മീഷന്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ കാലത്താണ് നിയോഗിക്കപ്പെട്ടത്. മുസ്ലിങ്ങളുടെ സാമൂഹ്യനില, വിദ്യാഭ്യാസ പുരോഗതി, ഉദ്യോഗങ്ങളിലെ പ്രാതിനിധ്യം എന്നിവ പഠിച്ച് ആ കമ്മീഷൻ ഒരു വര്‍ഷത്തിനുള്ളില്‍ കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. രാജ്യത്തെ ദളിത് സമുദായങ്ങളെക്കാള്‍ പിന്നാക്കമാണ് മേല്പറഞ്ഞ കാര്യങ്ങളിലൊക്കെ മുസ്ലീങ്ങളുടെ സ്ഥിതിയെന്നാണ് സച്ചാർ കമ്മീഷന്‍ കണ്ടെത്തിയത്. ഉദാഹരണത്തിന് ജനസംഖ്യയില്‍ 15 ശതമാനമുള്ള മുസ്ലീം ജനവിഭാഗത്തിന് കേന്ദ്ര സർവീസുകളിൽ രണ്ടര ശതമാനം മാത്രമേ പ്രാതിനിധ്യമുള്ളുവെന്ന് കണ്ടെത്തിയ കമ്മീഷൻ, മുസ്ലീങ്ങള്‍ക്ക് 12 ശതമാനം സംവരണമുള്ള കേരളത്തിൽ 10 ശതമാനം മാത്രമേ സർവീസിൽ പ്രാതിനിധ്യമുള്ളുവെന്ന് കണ്ടെത്തി. എല്ലാ സംസ്ഥാനങ്ങളെപ്പറ്റിയും അവര്‍ പഠിച്ചിട്ടുണ്ട്. ബംഗാളില്‍ 27 ശതമാനമാണ് മുസ്ലിംങ്ങളുള്ളത്. എന്നാല്‍ അവിടെ 2 ശതമാനമാണ് സര്‍ക്കാര്‍ സര്‍വ്വീസിലെ  പ്രാതിനിധ്യമെന്നാണ് സച്ചാര്‍ കമ്മീഷന്‍റെ പഠനം വെളിപ്പെടുത്തിയത്. അതുകൊണ്ടുതന്നെ സച്ചാര്‍ കമ്മീഷന്‍റെ പ്രവര്‍ത്തനഫലമായി കാര്യമായി വ്യത്യാസം വന്നത് വെസ്റ്റ്‌  ബംഗാളിലാണ്. അവിടെ സംവരണം ഏര്‍പ്പെടുത്തുകയും ചെയ്തു.

സച്ചാര്‍ കമ്മീഷന്‍റെ നിര്‍ദ്ദേശമനുസരിച്ച് മുസ്ലീം വിഭാഗത്തിന്റെ ഈ ശോചനീയാവസ്ഥ പരിഹരിക്കാനും ബദല്‍ നടപടികള്‍ ശുപാര്‍ശ ചെയ്യാനും രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും  പഠനങ്ങള്‍ക്കായി കമ്മറ്റികള്‍ വെച്ചിട്ടുണ്ട്. അതിന്റെ ചുവടുപിടിച്ച് കേരളത്തില്‍ രൂപീകരിക്കപ്പെട്ട കമ്മിറ്റിയാണ് പാലോളി കമ്മറ്റി. അന്ന് തദ്ദേശ മന്ത്രിയായിരുന്ന സിപിഐ എമ്മിന്‍റെ മുതിര്‍ന്ന നേതാവ് പാലോളി മുഹമ്മദ്ക്കുട്ടിയുടെ നേതൃത്വത്തിലാണ് കമ്മറ്റി നിലവില്‍വന്നത്. സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ ഇ ഇസ്മയില്‍, മുന്‍ ന്യൂനപക്ഷ ക്ഷേമ മന്ത്രി കെ.ടി ജലീല്‍, മാധ്യമം ദിനപത്രത്തിന്റെ ചീഫ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍, പി എസ് എം ഒ കോളേജിലെ ചരിത്രാധ്യാപകനായിരുന്ന ഡോ. ഹുസൈന്‍ രണ്ടത്താണി എന്നിവര്‍ക്കൊപ്പം ഞാനും പാലൊളി കമ്മിറ്റിയിലുണ്ടായിരുന്നു.

പാലോളി കമ്മറ്റിയും മുസ്ലിം പെണ്‍കുട്ടികളുടെ സ്കോളര്‍ഷിപ്പും 

പാലോളി കമ്മിറ്റി കാര്യങ്ങള്‍ വിശദമായി പഠിച്ചുവന്നപ്പോള്‍ കേരളത്തില്‍ സാമ്പത്തികമായിട്ടുള്ള പ്രതിസന്ധിയൊന്നും മുസ്ലിം സമുദായത്തിനില്ല എന്നൊക്കെയുള്ള ഇഷ്യൂ വന്നു. നിലവില്‍ സംവരണമുണ്ടായതുകൊണ്ട് പുതുതായി സംവരണമേര്‍പ്പെടുത്തേണ്ട കാര്യവുമില്ല. പ്രധാനമായും കമ്മിറ്റി പിന്നെ ഫോക്കസ് ചെയ്തത് മുസ്ലിം പെണ്‍കുട്ടികളുടെ പിന്നോക്കാവസ്ഥയിലേക്കാണ്. മറ്റൊന്ന് ന്യൂനപക്ഷ മന്ത്രാലയം ഇല്ല എന്നതായിരുന്നു. എല്ലാ സംസ്ഥാനങ്ങളിലും ന്യൂനപക്ഷ മന്ത്രാലയമുണ്ട്. പക്ഷേ കേരളത്തിനതില്ല. അതുണ്ടാകണം എന്ന് പറഞ്ഞുകൊണ്ട് ഓഡറാക്കി, അതിനുശേഷം ഒരു ന്യൂനപക്ഷ സെല്‍ ഉണ്ടാക്കി. പിന്നീട് ന്യൂനപക്ഷ മന്ത്രാലയവും ന്യൂനപക്ഷ ഫിനാന്‍സ് കോപ്പറേഷനും ന്യൂനപക്ഷ കമ്മീഷനും നിലവില്‍ വന്നു.

അന്ന് നരേന്ദ്രന്‍ കമീഷന്‍ റിപ്പോര്‍ട്ട്‌ ചര്‍ച്ചയായിരുന്ന കാലഘട്ടം കൂടിയായിരുന്നു. നരേന്ദ്രന്‍ കമീഷന്‍ റിപ്പോര്‍ട്ട്‌ അനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ 7,000 ലധികം പോസ്റ്റുകള്‍ വേക്കന്‍റായി കിടക്കുന്നു. മുസ്ലിങ്ങള്‍ക്ക്  കിട്ടേണ്ടതായിരുന്നു അത്. ഈ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സര്‍വീസിലടക്കം ഉദ്യോഗം ലഭിക്കുന്നതിന് പ്രാപ്തരാക്കാന്‍ പാലൊളി കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം മുസ്ലിം പെണ്‍കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പുകളും തൊഴിലന്വേഷകര്‍ക്ക് കോച്ചിങ്ങും ആരംഭിച്ചു. ഒരെണ്ണം പൊന്നാനി എം ഇ എസില്‍ ആയിരുന്നു. അധികമൊന്നുമുണ്ടായിരുന്നില്ല, വെറും നാലോ അഞ്ചോ എണ്ണം. സ്കോളര്‍ഷിപ്പിനായി മാറ്റിവെച്ചത് വെറും10 കോടി രൂപയാണ്. ഒന്നാലോചിച്ചുനോക്കൂ എന്റെ സംഘടനയായ എം ഇ എസിന്റെ വാര്‍ഷിക ബഡ്ജറ്റ് 500 കോടി രൂപയാണ്. അപ്പോഴാണ്‌ ഒരു സംസ്ഥാനത്ത് ഒരു വിഭാഗം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസപരമായ ഉന്നമനത്തിനുവേണ്ടി വെറും 10 കോടി വകയിരുത്തിയതിനെ കുറിച്ക് വിവാദം നടക്കുന്നത്. ഒരര്‍ത്ഥത്തില്‍ ഇതൊരു തമാശയാണ്.

സ്കോളര്‍ഷിപ്പും ന്യൂനപക്ഷ ക്ഷേമവും കൂടിക്കുഴഞ്ഞത്തില്‍ എല്‍ഡിഎഫും യുഡിഎഫും കുറ്റക്കാര്‍  

പാലൊളി കമ്മിറ്റിയുടെ സ്കോളര്‍ഷിപ്പ്‌ 80:20 നിര്‍ദ്ദേശം വി എസ് അച്ചുതാനന്ദന്‍ സര്‍ക്കാരിന്റെ അവസാനകാലത്താണ്‌ നടപ്പിലാകുന്നത്. ശേഷം ഉമ്മന്‍ ചാണ്ടി അധികാരത്തിലിരുന്ന അഞ്ചുവര്‍ഷക്കാലവും കാര്യങ്ങള്‍ ആ രീതിയില്‍ത്തന്നെ മുന്നോട്ടുപോയി. എന്നിരുന്നാലും ഇതില്‍ ചെറിയൊരു പ്രശ്നം പറ്റിയിട്ടുണ്ട് എന്ന കാര്യം ചൂണ്ടിക്കാണിക്കാതിരിക്കാന്‍ കഴിയില്ല. സ്കോളര്‍ഷിപ്പ് ന്യൂനപക്ഷ ക്ഷേമ വകുപ്പില്‍ കൂടിക്കുഴഞ്ഞു എന്നതാണ് അത്. ഒരുഭാഗത്ത് സച്ചാര്‍ കമ്മീഷന്‍റെ റിപ്പോര്‍ട്ട്‌ പ്രകാരം ഉണ്ടാക്കിയ സ്കോളര്‍ഷിപ്പും മറ്റും, മറുഭാഗത്ത് ന്യൂനപക്ഷ മന്ത്രാലയം. പാലൊളി കമ്മിറ്റി നിര്‍ദ്ദേശപ്രകാരം നല്‍കിയ സ്കോളര്‍ഷിപ്പ്, പി ജി ക്ക് ഉള്‍പ്പെടെ രണ്ടായിരം, മൂവായിരം, നാലായിരം രൂപ വീതമൊക്കെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ മെഡിസിന്‍ പോലുള്ള കോഴ്സുകള്‍ക്ക് പ്രതിവര്‍ഷം പത്തുമുപ്പതിനായിരം രൂപയൊക്കെ നല്‍കുന്ന കേന്ദ്ര സ്കോളര്‍ഷിപ്പുണ്ട്. കാരണം മെഡിസിന്‍റെ ഫീസോക്കെ 25,000, 30,000 രൂപയൊക്കെയാണ് അക്കാലത്ത്. അതിന്‍റെ പേര് പ്രീ മെട്രിക്കുലേഷന്‍, പോസ്റ്റ്‌ മെട്രിക്കുലേഷന്‍ സ്കോളര്‍ഷിപ്പ്‌ എന്നാണ്. അത് ചാനലൈസ് ചെയ്തത് ന്യൂനപക്ഷ വകുപ്പിലൂടെയാണ്. അതായത് രണ്ടുതരത്തിലുള്ള സ്കോളര്‍ഷിപ്പുകള്‍ ന്യൂനപക്ഷ വകുപ്പിലൂടെ ചാനലൈസ് ചെയ്യുന്നത് കാണുന്നുണ്ട്. ഒരു ഭാഗത്ത് മുസ്ലിം വിഭാഗത്തിനുള്ള സ്കോളര്‍ഷിപ്പും, മറുഭാഗത്ത് കാണുന്നത് പ്രീ മെട്രിക്കുലേഷന്‍, പോസ്റ്റ്‌ മെട്രിക്കുലേഷന്‍ എന്ന എല്ലാ വിഭാഗങ്ങളുടെ സ്കോളര്‍ഷിപ്പുമാണത്.

അതിനിടയില്‍ വേറെ ചില അവകാശവാദങ്ങള്‍ ഉയര്‍ന്നുവന്നു. മറ്റു ന്യൂനപക്ഷങ്ങളിലെ പിന്നോക്ക വിഭാഗങ്ങള്‍ക്കുംകൂടെ ഈ ആനുകൂല്യം കൊടുക്കണമെന്ന്. അങ്ങനെ നേരത്തെ സൂചിപ്പിച്ച പ്രകാരം 20 ശതമാനം ലത്തീന്‍ സമുദായത്തിനും പരിവര്‍ത്തിത പിന്നാക്ക ക്രൈസ്തവ സമുദായത്തിനും കൂടി നല്‍കാം എന്ന് തീരുമാനമാവുകയായിരുന്നു. ഈ തീരുമാനം പാലൊളി കമ്മിറ്റി അംഗങ്ങളായിരുന്ന എന്നെപ്പോലുള്ളവര്‍ പത്രദ്വാരാ പിന്നീട് അറിയുകയാണുണ്ടായത്. കാരണം പാലോളി കമ്മറ്റി അങ്ങനെയൊരു നിര്‍ദേശം നല്‍കിയിരുന്നില്ല. ഏതായാലും,മേല്പ്പറഞ്ഞതുപോലെ അതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയത് അച്ചുതാനന്ദന്‍ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തീകരിക്കുന്നതിന് തൊട്ടുമുന്‍പാണ്. എന്നാല്‍ നടപ്പാക്കിയതാകട്ടെ ഉമ്മന്‍‌ചാണ്ടി സര്‍ക്കാരാണ്. അപ്പോള്‍ രണ്ടുകൂട്ടരും കുറ്റക്കാരാണ്. കാരണമെന്ത് എന്ന് ചോദിച്ചാല്‍ ഉത്തരം വ്യക്തമാണ്, ഒന്നാമത്തെ കാര്യം അങ്ങനെയൊരു ഉത്തരവ് ഇറക്കാന്‍ പാടില്ല, രണ്ടാമത്തേത് അത് നടപ്പാക്കാന്‍ പാടില്ല. രണ്ടും നടന്ന സ്ഥിതിക്ക് ഇനി അങ്ങോട്ടുമിങ്ങോട്ടും പഴിചാരിയിട്ട് കാര്യമില്ല.

ഒരു തര്‍ക്കവും വേണ്ടാ, സര്‍ക്കാര്‍ അപ്പീല്‍ പോകണം.

ഏതായാലും ഈ മാറ്റര്‍ കോടതിയിലെത്തി, ന്യൂനപക്ഷ ക്ഷേമ വകുപ്പ് വഴി നല്‍കുന്ന ഒരാനുകൂല്യത്തില്‍ വേര്‍തിരിവ് നടക്കുന്നു, സ്കോളര്‍ഷിപ്പ്‌ ആനുകൂല്യം 80: 20 എന്ന അനുപാതത്തില്‍ മുസ്ലീങ്ങള്‍ക്ക് 80% വും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കാകെ 20% വും നല്‍കുന്നതിലെ അനീതി അവസാനിപ്പിക്കണം എന്ന് കാണിച്ചാണ് വിഷയം കോടതിയിലെത്തുന്നത്. കോടതി അതിന്റെ ഉത്തരവില്‍ പറയുന്നത് ഈ ആനുകൂല്യം ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്നാണ്. എന്‍റെ നോട്ടത്തില്‍ ഈ വിഷയം കോടതി പഠിച്ചതില്‍ തെറ്റുപറ്റിയിട്ടുണ്ട് എന്നാണ്. അല്ലെങ്കില്‍ കോടതി തെറ്റിദ്ധരിപ്പിക്കപ്പെട്ടതാണ്. ഒരു തര്‍ക്കവും വേണ്ട, ഇത് മുസ്ലിം പെണ്‍കുട്ടികള്‍ക്കും, പിന്നാക്ക വിഭാഗങ്ങള്‍ക്കും നല്‍കപ്പെട്ടിട്ടുള്ള സ്കോളര്‍ഷിപ്പാണ്.  അതില്‍ തീര്‍ച്ചയായിട്ടും ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട മുന്നോക്കക്കാര്‍ക്ക് യാതൊരവകാശവുമില്ല. അതുകൊണ്ടുതന്നെ ഈ കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോയി സ്റ്റേ ചെയ്യിപ്പിക്കണം. ഇത് തന്നെയാണ് പാലൊളി കമ്മിറ്റിയില്‍ അംഗമായിരുന്ന മുന്‍മന്ത്രി കെ.ടി ജലീല്‍ പറഞ്ഞതും. ഇക്കാര്യത്തില്‍ ഇനി കോണ്‍ഗ്രസ്‌ ഒരു നിലപാടെടുക്കണം. കാരണം സച്ചാര്‍ കമ്മീഷന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലല്ലാതെ ഇത് നടപ്പിലാക്കാന്‍ സാധിക്കില്ല.

ന്യൂനപക്ഷപ്രശ്നമല്ല; പിന്നാക്കപ്രശ്നം 

ഇതൊരു ന്യൂനപക്ഷവിഭാഗ പ്രശ്നമല്ല എന്ന കാര്യം നാം ആദ്യം തിരിച്ചറിയണം. ഇതൊരു പിന്നോക്കവിഭാഗ പ്രശ്നമാണ്. കേരളത്തിലെ സ്ഥിതി എന്താണെന്ന് വെച്ചാല്‍ ന്യൂനപക്ഷം എന്ന് പറയുമ്പോള്‍ ക്രിസ്ത്യാനിയും, മുസ്ലിമും ഒന്നായി. പിന്നോക്കത്തിന്‍റെ കാര്യം വരുമ്പോള്‍ മുസ്ലിമുകളും ഈഴവരും ഒന്നാകും. പിന്നാക്ക വിഭാഗത്തിന്റെ സംവരണപ്രശ്നം ഉള്‍പ്പെടെ വന്നപ്പോള്‍ രൂപീകരിക്കപ്പെട്ട സമിതിയില്‍ ഞാനും വെള്ളാപ്പള്ളി നടേശനും ഉണ്ടായിരുന്നു. തല്ഫലമായി നിരവധി പരിഷ്കാരങ്ങള്‍ അക്കാര്യങ്ങളിലെല്ലാം കൊണ്ടുവരാന്‍ കഴിഞ്ഞു. ഇപ്പോള്‍ മുന്നാക്ക സമുദായങ്ങള്‍ക്ക് ഒരുപാട് സ്കോളര്‍ഷിപ്പുകള്‍ നല്‍കുന്നുണ്ട്. പത്ത്പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രൂപീകരിക്കപ്പെട്ട മുന്നാക്ക സമുദായ കോര്‍പ്പറെഷന്റെ തുടര്‍ച്ചയിലാണ് അത് സംഭവിച്ചത്. ആര്‍.ബാലകൃഷ്ണയായിരുന്നു അതിന്‍റെ ചെയര്‍മാന്‍. ഇതേ സര്‍ക്കാര്‍ തന്നെയാണ് മുന്നോക്ക സമുദായങ്ങള്‍ക്ക് സംവരണം നല്‍കിയിട്ടുള്ളത്. മുന്നോക്ക സമുദായങ്ങള്‍ക്ക് സംവരണം 10 ശതമാനമായി വന്നെങ്കിലും കേരളത്തിലെ പിന്നോക്ക സമുദായങ്ങളുടെ സംവരണത്തിലെ പലവിധത്തിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാതെ കിടക്കുകയാണ്. ഉദാഹരണത്തിന് തൊഴില്‍ സംവരണം 13:12% ആണ്. ഈഴവ 13, മുസ്ലിം 12 എന്നിങ്ങനെയാണ്. എംബിബിഎസ് ആകുമ്പോള്‍ 9:8% ആകുന്നു. എംഡി ആകുമ്പോള്‍ 3:2 ആകും. പക്ഷേ  മുന്നോക്ക  വിഭാഗങ്ങള്‍ക്ക് 10% തികച്ചും ലഭിക്കും. അതായത് ജനസംഖ്യയില്‍ 27% മുള്ള മുസ്ലിം സമുദായത്തെക്കാള്‍ കൂടുതലാണ് മുന്നോക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണം എന്നര്‍ഥം. അത് എല്ലാ മേഖലയിലും ലഭിക്കുന്നുണ്ട്.പോസ്റ്റ്‌ ഗ്രാജുവേഷന്‍റെ കാര്യത്തില്‍ മുന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണം ലഭിക്കുമ്പോള്‍ പിന്നോക്കക്കാര്‍ക്ക് കിട്ടുന്നത് 3% മാണ്. അങ്ങനെയൊക്കെയുള്ള കുറെയേറെ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് ഞാന്‍ മുഖ്യമന്ത്രിക്ക് മെമോറാണ്ടം കൊടുത്തത്. ഇതൊക്കെ മാറ്റി ക്രമീകരിക്കണമെന്നാണ് അതില്‍ ആവശ്യപ്പെട്ടിരുന്നത്.

കോടതിവിധിക്ക് എതിരായി അപ്പീല്‍ പോകണം 

യുപിഎ സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്ക് അനുകൂലമായി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ പാര്‍ലമെന്‍റ് അംഗീകരിച്ചത്. ഈ റിപ്പോര്‍ട്ട്‌ അംഗീകരിച്ചതിന് ശേഷം പ്രായോഗികമായി നടപ്പാക്കുക എന്ന നിര്‍ദേശം സംസ്ഥാനങ്ങള്‍ക്ക് നല്‍കുമ്പോഴാണ് പാലോളി കമ്മറ്റി വരുന്നതും അതിന്‍റെ നിര്‍ദേശ പ്രകാരം ഈ സ്കോളര്‍ഷിപ്പുകളും കോച്ചിംഗ് സെന്ററും ആരംഭിക്കുന്നതും. അതുകൊണ്ട് കോണ്‍ഗ്രസിന് മറിച്ചൊരു നിലപാട് എടുക്കാന്‍ സാധിക്കുകയില്ല. ആര്‍ക്കും ആരെയും കുറ്റപ്പെടുത്താന്‍ സാധിക്കില്ല. എല്ലാവര്‍ക്കും ഒരു നിലപാടുണ്ട്. രാഷ്ട്രീയത്തിനതീതമായി, ജാതിമത ചിന്തകള്‍ക്ക് അതീതമായി സച്ചാര്‍ കമ്മീഷന്‍ ഈ ആനുകൂല്യം നടപ്പാക്കിയതിന്റെ സ്പിരിറ്റാണ് നോക്കേണ്ടത്, ആ നിലക്ക് ഇതൊരു വര്‍ഗീയ വിഷയമായി ആരും കണക്കാക്കരുത്. ഇത് നിയമപരമായുള്ള വിഷയമാണ്‌. ആര്‍ക്കെങ്കിലും എന്തെങ്കിലും ഔദാര്യം ഭരണഘടനപ്രകാരം നല്‍കിയിട്ടുണ്ടെങ്കില്‍ അതിനെ നിലനിര്‍ത്തുകയെന്നുള്ളതും, അത് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍, അതിനെതിരെ വിധി വന്നിട്ടുണ്ടെങ്കില്‍ ഒരു അപ്പീല്‍ കൊടുക്കുകയെന്നതും ധാര്‍മികമായി അനുവര്‍ത്തിക്കേണ്ട കാര്യമാണ്. കേരളത്തില്‍ ചരിത്രപരമായി സാമുഹികവും, സാംസ്‌കാരികവും, മതപരമായിട്ടുമുള്ള സ്നേഹബന്ധങ്ങളുണ്ട്. ആ സ്നേഹബന്ധങ്ങള്‍ക്ക് ഉലച്ചില്‍ തട്ടുന്ന രീതിയില്‍ കാര്യങ്ങള്‍ മുന്‍പോട്ട് കൊണ്ടുപോകരുതെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതി വിധിക്ക് എതിരായിട്ട് അപ്പീല്‍ പോകണമെന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്.

Contact the author

Dr. Fazal Gafoor

Recent Posts

Dr. Azad 5 days ago
Views

പിണറായി വിജയന്റെ രാഹുൽ വിരുദ്ധ നിലപാട് വലിയ പ്രത്യാഘാതമുണ്ടാക്കും- ആസാദ് മലയാറ്റിൽ

More
More
K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 3 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More