ചെന്നൈ: തമിഴ്നാട് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മത്സരത്തിനിടെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്ന നടത്തിയ പരാമര്‍ശം വിവാദമാകുന്നു. മത്സരത്തിനിടെ കമന്റേറ്ററുടെ ചോദ്യത്തിനുമറുപടിയായാണ് സുരേഷ് റെയ്ന താനും ബ്രാഹ്മണനാണെന്ന പരാമര്‍ശം നടത്തിയത്. വേഷ്ടിയും മുണ്ടും ധരിച്ച് വിസിലടിച്ച് നൃത്തം ചെയ്യുന്ന ചെന്നൈക്കാരെ കാണുമ്പോള്‍ എന്താണ് തോന്നുന്നത്, ദക്ഷിണേന്ത്യന്‍ സംസ്കാരത്തെ എങ്ങനെ നോക്കിക്കാണുന്നുവെന്നായിരുന്നു കമന്റേറ്ററുടെ ചോദ്യം.
'ഞാനും ബ്രാഹ്മണനാണ്. 2004 മുതല്‍ ചെന്നൈയ്ക്കായി കളിക്കുന്നു. ഇവിടുത്തെ സംസ്കാരം എനിക്കിഷ്ടമാണ്. അതുപോലെ എന്റെ സഹതാരങ്ങളെയും ഇഷ്ടമാണ്' എന്നായിരുന്നു റെയ്നയുടെ മറുപടി. അനിരുദ്ധ് ശ്രീകാന്ത്, ലക്ഷ്മിപതി ബാലാജി, സുബ്രമണ്യന്‍ ബദ്രിനാഥ് തുടങ്ങിവരോടൊപ്പം താന്‍ കളിച്ചിട്ടുണ്ട്. വളരെധികം കാര്യങ്ങള്‍ പഠിക്കാനായി. ചെന്നൈ ടീമിന്റെ ഭാഗമായത് വലിയ ഭാഗ്യമായാണ് കരുതുന്നത് തുടര്‍ന്നും ചെന്നൈയുമായി കളിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും റെയ്ന പറഞ്ഞു.
റെയ്നയുടെ ഞാനും ബ്രാഹ്മണനാണ് പരാമര്‍ശം വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കി. താരത്തിന്റെ ആരാധകരടക്കം നിരവധിപേരാണ് റെയ്നയുടെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയത്.