തിരുവനന്തപുരം : കൊറോണ വ്യാപനം തടയുക എന്ന ഉദ്ദേശത്തോടെ സംസ്ഥാന ഭാഗ്യക്കുറിയും സര്‍ക്കാര്‍ താല്‍ക്കാലികമായി നിര്‍ത്തുന്നു. ഞായറാഴ്ച മുതല്‍ ഈ മാസം 31- വരെയുള്ള നറുക്കെടുപ്പ് അടുത്ത മാസം (എപ്രില്‍) 14 -നകം നടത്താനാണ് തീരുമാനം.
കൊറോണയുടെ സാമൂഹ്യ വ്യാപനമാണ് ഇപ്പോള്‍ കേരളം മുന്നില്‍ കാണുന്ന ഭീഷണി എന്നതിനാല്‍ ഉപഭോക്താക്കളുമായി വളരെ അടുത്ത് ഇടപഴകേണ്ട തരത്തിലുള്ള ജോലികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി വരികയാണ് സര്‍ക്കാര്‍. സര്‍ക്കാര്‍ ജീവനക്കാര്‍ക്കടക്കം ഒന്നിടവിട്ട ദിവസങ്ങളില്‍ വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള നിര്‍ദ്ദേശം നല്കിക്കഴിഞ്ഞ സാഹചര്യത്തിലാണ് മറ്റു തോഴില് വിഭാഗങ്ങളുടെയും സമൂഹ ഇടപെടലുകള്‍ കുറക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഭാഗ്യക്കുറി വില്പന തല്‍ക്കാലത്തേക്ക് നിര്‍ത്തി വെക്കുന്നത്.
അതേസമയം ഭാഗ്യക്കുറി വില്പന നിര്‍ത്തിവെക്കുന്നത് മൂലം ദുരിതമനുഭവിക്കുന്ന വില്‍പ്പനക്കാര്‍ക്ക് ക്ഷേമനിധിയില്‍ നിന്ന് താല്‍ക്കാലിക ആശ്വാസം നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി..