സിപിഎമ്മും മുഖ്യമന്ത്രിയും ജലീലിനെ താക്കീത് ചെയ്തത് എന്തുകൊണ്ട്?- മെഹ്ജൂബ് എസ് വി

പി കെ കുഞ്ഞാലിക്കുട്ടിയോടുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ ജലീല്‍ പാര്‍ട്ടിയെക്കണ്ട് കളിയ്ക്കണ്ട എന്ന വ്യക്തമായ സന്ദേശം നല്‍കി സിപിഎം. പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയര്‍ന്നുവന്ന എ ആര്‍ നഗര്‍ സഹകരണ ബാങ്ക് കള്ളപ്പണാരോപണ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സഹകരണ മന്ത്രി വി എന്‍ വാസവനും പരസ്യമായി നടത്തിയ പ്രസ്താവനകള്‍ക്ക് പുറമെ സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ രഹസ്യമായി ടെലഫോണിലും ഈ സന്ദേശം നല്‍കിക്കഴിഞ്ഞു.

സംസ്ഥാനത്തിന്റെ അധികാര പരിധിയിലുള്ള വിഷയങ്ങള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് വിടുന്ന സമീപനത്തിന് കോണ്‍ഗ്രസും ഇടതുപക്ഷവുമടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ നേരത്തെതന്നെ എതിരാണ്. പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കേന്ദ്ര അന്വേഷണ ഏജന്‍സികളെ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നു എന്ന ആരോപണം രാഹുല്‍ ഗാന്ധിയും സീതാറാം യെച്ചൂരിയും ഒരുപോലെ ഉയര്‍ത്തിയിട്ടുണ്ട്. കര്‍ണാടകത്തില്‍ ഡി കെ ശിവകുമാറിനെതിരായ കേസ്, കേരളത്തില്‍ സ്വര്‍ണ്ണക്കടത്ത് കേസ്, ബംഗാളിലെ നാരദ കേസ് തുടങ്ങിയവ സമീപകാല ഉദാഹരണങ്ങളാണ്. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി ലഭിക്കാന്‍ ഇ ഡി സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് ജയിലായവരില്‍ നിന്ന് വെളിപ്പെടുത്തലുണ്ടായ സന്ദര്‍ഭത്തില്‍ അവര്‍ക്കെതിരെ കേസെടുക്കാനും സംസ്ഥാന സര്‍ക്കാര്‍ മടികാണിച്ചിട്ടില്ല. ഇതെല്ലാം കേന്ദ്ര അന്വേഷണ ഏജന്‍സികളോടുള്ള ബിജെപി ഇതര പ്രതിപക്ഷ പാര്‍ട്ടികള്‍ക്കാകെയുള്ള എതിര്പ്പി‍ന്റെ സൂചനകളാണ്. 

രാഷ്ട്രീയമായി കേന്ദ്ര സര്‍ക്കാരിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നുവെന്ന് പരക്കെ ആക്ഷേപം നേരിട്ട ഇ ഡിയെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള നീക്കങ്ങള്‍ ഒരുവശത്തും സഹകരണ മേഖല, ലീഗ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുമായുള്ള ബന്ധത്തിലെ ഉലച്ചില്‍ എന്നിവ മറുവശത്തും വന്നതോടെയാണ് സിപിഎം പെട്ടെന്ന് ഇക്കാര്യത്തില്‍ ജലീലിനെ തളയ്ക്കാനായി പരസ്യമായിത്തന്നെ രംഗത്തുവന്നത്. കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണമിടപാട് ഇ ഡി അന്വേഷിക്കണമെന്ന കെ ടി ജലീലിന്റെ ആവശ്യവും ആവേശവും മുന്‍നിര്‍ത്തി മാധ്യമ പ്രവര്‍ത്തകര്‍ ഉന്നയിച്ച ചോദ്യത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.

''അത്തരമൊരു നിലപാടിലേക്ക് പോകാന്‍ പാടില്ലാത്തതാണ്, സാധാരണ നിലയില്‍ ഇ ഡി അന്വേഷണം എന്ന ഒരാവശ്യം ഉയരാന്‍ പാടില്ലാത്തതാണ്. സംസ്ഥാനത്തെ സഹകരണ മേഖല ഇഡി കൈകാര്യം ചെയ്യേണ്ട വിഷയമല്ല. ഏ ആര്‍ നഗര്‍ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് സംബന്ധിച്ച് സഹകരണ വകുപ്പ് കര്‍ശന നടപടിയിലേക്ക് നീങ്ങിയിരുന്നു. കോടതി സ്റ്റേ മൂലമാണ് അതിപ്പോള്‍ തടസ്സപ്പെട്ടിരിക്കുന്നത്"- മുഖ്യമന്ത്രി പറഞ്ഞു. ഇ ഡി ചോദ്യം ചെയ്തതോടെ ജലീലിന് ഇ ഡിയിലുള്ള വിശ്വാസം കൂടിയെന്നാണ് തോന്നുന്നത് എന്നും വിഷയത്തില്‍ മുഖ്യമന്ത്രി ജലീലിനെ കളിയാക്കി. ഇതിലൂടെ ഈ വിഷയത്തില്‍ ഇനി കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടതില്ല എന്ന വ്യക്തമായ താക്കീതാണ് മുഖ്യമന്ത്രി, തനിക്കേറ്റവും പ്രിയപ്പെട്ട സഹപ്രവര്‍ത്തകന്‍ കൂടിയായ ജലീലിന് നല്‍കിയത്.

മുഖ്യമന്ത്രിയുടെ നിലപാടൊപ്പിച്ച് സംസാരിക്കുകയല്ല സഹകരണ മന്ത്രി വി എന്‍ വാസവന്‍ ചെയ്തത്. വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ സര്‍ക്കാര്‍ നിന്ന് കൊടുക്കില്ല എന്ന അദ്ദേഹത്തിന്‍റെ പ്രസ്താവന യഥാര്‍ത്ഥത്തില്‍ ജലീലിന്‍റെ സകല ക്രെഡിബിലിറ്റിയും കളയുന്നാണ്. മുഖ്യമന്ത്രിയെ പിതൃതുല്യന്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ട് തന്റെ പ്രതികരണം ഒതുക്കിയ ജലീല്‍ പക്ഷേ മന്ത്രി വാസവന്റെ പ്രസ്താവനയോട് കാര്യമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍ തന്റെ വ്യക്തിപരമായ വിശ്വാസ്യതയ്ക്കെതിരെ ഉയര്‍ന്നുവന്ന ഈ പ്രസ്താവനയെ കൈകാര്യം ചെയ്യാതെ മുന്നോട്ടുപോകാനാവില്ല എന്ന നില, വരും ദിവസങ്ങളില്‍ കെ ടി ജലീലിനെ പ്രതിസന്ധിയിലാക്കും.

അതേസമയം സിപിഎമ്മിന് ഈ നിലപാട് എടുക്കാതെ രാഷ്ട്രീയമായിത്തന്നെ മുന്നോട്ടുപോകാന്‍ കഴിയില്ല എന്നതും ശ്രദ്ധേയമാണ്. അഞ്ച് കാര്യങ്ങളാണ് അതില്‍ പ്രധാനമായും ഉള്‍ചേര്‍ന്നിട്ടുള്ളത്. 

1. കേരളത്തിലടക്കം പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തി സ്രോതസ്സായി നില്‍ക്കുന്ന സഹകരണ മേഖലയെ വരുതിയില്‍ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ, കേന്ദ്ര സര്‍ക്കാര്‍ സഹകരണ വകുപ്പ് തന്നെ രൂപീകരിച്ച സാഹചര്യത്തില്‍ അവര്‍ക്ക് സംസ്ഥാനങ്ങളിലെ സഹകരണ ബാങ്കുകള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ ഇടപെടാനുള്ള യാതൊരവസരവും നല്‍കരുത് എന്ന കേരളത്തിലെ ഭരണ, പ്രതിപക്ഷ താത്പര്യം സ്വാഭാവികമായും സിപിഎമ്മിന്റെ ഇപ്പോഴത്തെ നിലപാടില്‍ പ്രകടമാണ്. അതാകട്ടെ രാഷ്ട്രീയമായ നീക്കമാണുതാനും. 

2. ഇ ഡി അടക്കമുള്ള കേന്ദ്ര അന്വേഷണ എജന്‍സികളെ, നേരത്തെ വ്യക്തമാക്കിയതുപോലെ കേരളത്തിന്റെ സര്‍ക്കാരിനും പാര്‍ട്ടികള്‍ക്കും മീതെ ഒരധികാരശക്തിയായി പ്രതിഷ്ഠിക്കാനുള്ള ഏതുനീക്കവും സംസ്ഥാന സര്‍ക്കാരിനും ബിജെപിയിതര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും ആത്യന്തികമായി എതിരാണ് എന്ന ബോധ്യം.

3. ഏ ആര്‍ നഗര്‍ സഹകരണ ബാങ്ക് പ്രശ്നം വലിയ തോതില്‍ ഉയര്‍ത്തിക്കൊണ്ടുവരുമ്പോള്‍ മറുഭാഗത്ത് കരുവന്നൂര്‍ സഹകരണ ബാങ്ക് തങ്ങളെ പ്രതിസന്ധിയിലാക്കും എന്ന ഭയം. 

4. ഏ ആര്‍ നഗര്‍ സഹകരണ ബാങ്ക് കള്ളപ്പണ വെളുപ്പിക്കല്‍ കേസിന് സമാന്തരമായി കെ ടി ജലീല്‍ ഇ ഡി ക്ക് മുന്നിലേക്ക് 'കൂടുതല്‍ തെളിവുകളോടെ' കൊണ്ടുച്ചെല്ലുന്ന ചന്ദ്രിക കേസ്, പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുടെ മൊഴിയെടുപ്പിനോളം എത്തി നില്‍ക്കുകയാണ്. ജലീലിന്റെ നടപടി ഇനിയും മുന്നോട്ടുപോയാല്‍, കേസ് മുറുകിയാല്‍, അത് തങ്ങന്മാരെ ആത്മീയ പരിവേഷത്തില്‍ കാണുന്ന സുന്നി വിഭാഗങ്ങളെ വേദനിപ്പിക്കുമെന്ന് സര്‍ക്കാരും സിപിഎമ്മും കരുതുന്നുണ്ട്. നിലവില്‍ സര്‍ക്കാരിനോട് പലനിലകളില്‍ സഹകരിച്ചിട്ടുള്ള ഈ വിഭാഗങ്ങളെ പിണക്കേണ്ടതില്ല എന്ന ചിന്ത ശക്തമാണ്. 

5. മേല്പറഞ്ഞ ഘടങ്ങള്‍ക്കൊപ്പമോ അതിനുമേലെയോ പ്രാധാന്യമുള്ളത് തന്നെയാണ് പി കെ കുഞ്ഞാലിക്കുട്ടിയോടുള്ള മുഖ്യമന്ത്രിയുടെ മൃദുസമീപനം എന്നും നിരീക്ഷണമുണ്ട്.

ഈ ഘടങ്ങളെല്ലാം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ജലീലിനെയും ഇ ഡിയെയും ഒരുമിച്ച് തള്ളിപ്പറയുന്നതിന് കാരണമായിട്ടുണ്ട് എന്ന് ചുരുക്കിപ്പറയാം. ഇതുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ വലിയ വെല്ലുവിളികളുമായി ജലീല്‍ രംഗത്തുണ്ട്. മുഖ്യമന്ത്രിയുടേയും തുടര്‍ന്നുണ്ടായ എ വിജയരാഘവന്റെയും മന്ത്രി വാസവന്റെയും രഹസ്യപരസ്യ പ്രതികരണങ്ങളിലൂടെ ഇക്കാര്യത്തില്‍ കെ ടി ജലീലിന് പിറകോട്ട് പോകേണ്ടിവരുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ജലീല്‍ ഉയര്‍ത്തിക്കൊണ്ടുവരികയും സിപിഎം ഫലം കൊയ്യുകയും ചെയ്ത മലപ്പുറം ജില്ലയിലെ ലീഗ് വിരുദ്ധ രാഷ്ട്രീയത്തിന്റെ ആര്‍ജ്ജവം ജലീലിന് സിപിഎമ്മിനൊപ്പം ഇനിഎത്രത്തോളം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയും എന്ന കാര്യം കാത്തിരുന്ന് കാണണം. 

Contact the author

Recent Posts

Views

ശാസ്ത്രജ്ഞന്മാർ യുക്തിവാദികളുടെ പുരോഹിതന്മാരല്ല-ഡോ. രാജഗോപാല്‍ കമ്മത്ത്

More
More
K T Kunjikkannan 2 weeks ago
Views

പൂരത്തിന്‍റെ മറവില്‍ രാജ്യദ്രോഹിയായ സവര്‍ക്കറെ വെളുപ്പിച്ചെടുക്കാനുള്ള നീക്കം കേരളം വകവെക്കില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Dr. Azad 2 weeks ago
Views

സിപിഎം നേതാക്കളെക്കുറിച്ചുള്ള വീക്കിലീക്സ് വെളിപ്പെടുത്തല്‍ ശരിയാണെന്ന് തെളിഞ്ഞു- ഡോ. ആസാദ്

More
More
Views

''കാട്ടുപന്നികളെ കൊന്നുതിന്നാമെന്ന ഗാഡ്ഗിലിന്‍റെ വെളിപാട്- ഡോ. എ രാജഗോപാല്‍ കമ്മത്ത്

More
More
J Devika 3 weeks ago
Views

ഹിന്ദുത്വത്തോളം സെമിറ്റിക്ക് സ്വഭാവമുള്ള ഒരു മതവും ഇന്ത്യയിലിന്നില്ല- ജെ ദേവിക

More
More
Chithranjali T C 3 weeks ago
Views

കല്‍ത്തപ്പത്തിന്റെ മണമുള്ള എന്റെ ചെറിയ പെരുന്നാള്‍- ടി സി ചിത്രാഞ്ജലി

More
More