കോഴിക്കോട്: കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ച് സിപിഎമ്മില്‍ ചേര്‍ന്നതിനെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് കെ മുരളിധരനെതിരെ രൂക്ഷവിമര്‍ശനവുമായി അനില്‍ കുമാര്‍. മുരളിധരന് എന്നെ അച്ചടക്കം പഠിപ്പിക്കേണ്ടതില്ല. കോണ്‍ഗ്രസിന്റെ പ്രസിഡന്റിനെ മദാമയെന്നു വിളിച്ചു പരിഹസിച്ച പാരമ്പര്യമാണ് മുരളിധരനുള്ളത്. അതോടൊപ്പം, മരിച്ചുപോയ പൊളിറ്റിക്കല്‍ അഡൈ്വസര്‍ അഹമ്മദ് പട്ടേലിനെ അലൂമിനിയം പട്ടേല്‍ എന്ന് വിളിച്ച പരിഹസിക്കുകയും, എ.കെ. ആന്റണിയെ മുക്കാലില്‍ കെട്ടിയടിക്കണമെന്ന് പറയുകയും ചെയ്ത മുരളീധരനാണോ തന്നെ അച്ചടക്കം പഠിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നാണ് അനില്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞത്.
'നിങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് അധികാരം വീതം വെക്കുകയോ, കുത്തിമരിക്കുകയോ ചെയ്തോളു, പക്ഷേ തന്നെക്കുറിച്ച് സംസാരിക്കേണ്ടതില്ല. ഇപ്പോള്‍ ഞാന്‍ നില്‍ക്കുന്നത് പഴയ കോണ്‍ഗ്രസിലല്ല. മറിച്ച് സിപിഎമ്മിലാണ്. അതിനാല്‍ പാര്‍ട്ടി സെക്രട്ടറിയുടെ അനുമതിയില്ലാതെ പത്രക്കാരെ കാണാനോ, അഭിപ്രായങ്ങള്‍ പറയാനോ സാധിക്കില്ല'- അനില്‍ കുമാര്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അച്ചടക്കലംഘനത്തിന് പാര്‍ട്ടി പുറത്താക്കാനിരിക്കെയാണ് കെ.പി. അനില്‍കുമാര്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വിട്ടത്. അച്ചടക്ക ലംഘനത്തിന്റെ പേരില്‍ അനില്‍കുമാറിനെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് അറിയിച്ചിരുന്നു.