കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 5 കിലോഗ്രാം തൂക്കം വരുന്ന ഹെറോയിനുമായി വിദേശ വനിതയെ പിടികൂടി. ആഫ്രിക്കന്‍ യുവതിയെയാണ് പിടികൂടിയത്. ഇവരില്‍ നിന്ന് പിടിച്ചെടുത്ത ഹെറോയിന്‍ ഏകദേശം 25 കോടി രൂപ വിലമതിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഇതാദ്യമായാണ് ഇത്രയധികം വിലയുള്ള ലഹരി മരുന്ന് കേരളത്തിലെ ഒരു എയര്‍പോര്‍ട്ടില്‍ നിന്ന് പിടികൂടുന്നത്.
ഇന്ന് (ബുധന്‍) പുലര്‍ച്ചെ എത്തിയ ഫ്ളൈറ്റില്‍ നെയ്റോബിയില്‍ നിന്നെത്തിയ യുവതിയാണ് ഹെറോയിന്‍ കടത്തുമായി ബന്ധപ്പെട്ട് ഡയറക്ട്രേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി ആര് ഐ) ഉദ്യോഗസ്ഥരുടെ പിടിയിലായത്. നെയ്റോബിയില്‍ നിന്നെത്തിച്ച ഈ ലഹരി മരുന്ന് കേരളത്തിന് പുറത്തേക്ക് കൊണ്ടുപോകാനാണ് പ്രതി ഉദ്ദേശിച്ചത് എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ഡി ആര് ഐക്ക് വ്യക്തമായത്. ഇവര്‍ കൊണ്ടുവന്ന ബാഗേജുകള്‍ പരിശോധിക്കുന്നതിനിടയിലാണ് ഹെറോയിന്‍ കണ്ടെടുത്തത്. യുവതിയെ ചോദ്യം ചെയ്തുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.