പാർട്ടി മാറുമ്പോൾ ഒരാൾ അവസാനിക്കുമൊ?- ക്രിസ്റ്റിന കുരിശിങ്കല്‍

ഡല്‍ഹി ജവഹര്‍ ലാല്‍ നെഹ്‌റു യ്നിവേഴ്സിറ്റിയിലെ തീപ്പൊരി നേതാവും പിന്നീട് സിപിഐ കേന്ദ്ര കൌണ്‍സില്‍ അംഗവുമായിരുന്ന കനയ്യാ കുമാര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നതായിരുന്നു ഇക്കഴിഞ്ഞ ദിവസങ്ങളിലെ പ്രധാനപ്പെട്ട ചര്‍ച്ചകളില്‍ ഒന്ന്. പോയവാരത്തില്‍ ദേശീയ, പ്രാദേശിക മാധ്യമങ്ങള്‍ ഏറ്റവും കൂടുതല്‍ ഉച്ചരിച്ച പേരുകള്‍ക്ക് മറ്റൊരു പ്രത്യേകതയുമുണ്ട്. കനയ്യാ കുമാര്‍, പി ചിദംബരം, അമരീന്ദര്‍ സിംഗ്, ചരണ്‍ജിത് സിംഗ് ചന്നി, നവജ്യോത് സിംഗ് സിദ്ദു, കബില്‍ സിബല്‍, വി എം സുധീരന്‍, ജിഗ്നേഷ് മേവാനി. ഇവരാരും രാജ്യം ഭരിക്കുന്ന ബിജെപിയുടെ നേതാക്കളല്ല. എന്തൊക്കെ പരിമിതികള്‍ ഉണ്ടെങ്കിലും, നെഗറ്റീവായിട്ടാണെങ്കിലും പോസിറ്റീവായിട്ടാണെങ്കിലും ഇവരെല്ലാം കോണ്‍ഗ്രസ്സുകാരോ കോണ്‍ഗ്രസ്സിലേക്ക് വരുന്നവരോ കോണ്‍ഗ്രസ്സില്‍ നിന്ന് പോകുന്നവരോ ആണ്. അതായത് കഴിഞ്ഞാഴ്ച നമ്മുടെ മാധ്യമങ്ങള്‍ ഏറ്റവുമധികം സമയം നീക്കിവെച്ചത് കോണ്ഗ്രസ് പാര്‍ട്ടിക്ക് വേണ്ടിയായിരുന്നുവെന്നു ചുരുക്കം. ബിജെപി അജണ്ടക്ക് മേല്‍ കോണ്‍ഗ്രസ്സിനെ കൊണ്ടുവരാന്‍ ഇക്കഴിഞ്ഞ വാരത്തിന് കഴിഞ്ഞിട്ടുണ്ട്. ആ വാര്‍ത്തകളെ പോസിറ്റീവാക്കിമാറ്റി സജീവ സാന്നിദ്ധ്യമാക്കുക എന്നതുതന്നെയാണ് അഖിലേന്ത്യാ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിനും മറ്റ് മനിരപേക്ഷ പ്രസ്ഥാനങ്ങള്‍ക്കും ചെയ്യാനുള്ളത്. വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുക എന്നതാണ് എലക്ട്രല്‍ പൊളിറ്റിക്സിന് പ്രാമുഖ്യമുള്ള ഒരു രാജ്യത്ത് മുഖ്യ പാര്‍ട്ടികള്‍ക്ക് ചെയ്യാനുള്ളത്. അത് പരമാവധി പോസിറ്റീവാക്കുക എന്നതാണ് പ്രധാനം. 

കനയ്യകുമാർ ചെയ്തത് ശരിയൊ തെറ്റൊ എന്നതാണ് പ്രധാനമായും രാഷ്ട്രീയ സദാചാരവാദികൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. ഒരു പാർട്ടിയിൽനിന്നുകൊണ്ട് ആ പാർട്ടിക്കും അതിൻ്റെ പ്രത്യയശാസ്ത്രത്തിനും എത്രയധികം പരിക്കേൽപ്പിക്കാൻ പറ്റുമൊ, അതിൻ്റെ പരമാവധി ചെയ്യുന്നവരാണ് പാർട്ടി മാറുന്നവരെ ചൂണ്ടി 'അവസരവാദി'യെന്ന് ആക്ഷേപിക്കുന്നത്. ആദർശത്തെയും സ്വന്തം രാഷ്ട്രീയത്തെയും കളഞ്ഞുകുളിച്ച് പ്രസ്ഥാനത്തിനകത്തുനിന്നുകൊണ്ടുതന്നെ ആയിരംവട്ടം അവസരവാദികളായവർ നടത്തുന്ന ഈ ആദർശത്തെറിവിളി അസഹനീയമാണ്. 

പാർട്ടി മാറുമ്പോൾ, മതം മാറുമ്പോൾ, മരണത്തിലെന്ന പോലെ ഒരാൾ അവസാനിക്കുന്നു എന്ന ഭീതിയാണിത്തരക്കാർ പ്രചരിപ്പിക്കാൻ നോക്കുന്നത്. ജീവിതത്തിൻ്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ നാം എത്തിച്ചേരുന്ന ബോധ്യങ്ങളിൽ അവസാനം വരെ കുറ്റിയടിച്ചുനിൽക്കലാണ് ആദർശാത്മകത എന്നാണ് ഇക്കൂട്ടർ പെരുമ്പറയടിക്കുന്നത്.

ഇങ്ങനെ, ഒരു പാർട്ടി മാറാൻ പോലും ധൈര്യമില്ലാത്ത ഭീരുക്കളെ സൃഷ്ടിക്കാനാണ് സാമാന്യബോധത്തിൻ്റെ പരിലാളനകൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വർത്തമാനത്തിൽ നിന്ന് ഇത്തിരികൂടി വികസിച്ച ഒരു ഭാവി സ്വപ്നം കണ്ട്, തന്നെ സ്വയം അന്വേഷിക്കുന്നതിൻ്റെ ഭാഗമായി ഒരാൾക്ക് പാർട്ടിയും മതവും പ്രദേശവും തൊഴിലും രൂപവും മാറാം. കനയ്യാ കുമാറിന് അയാളുടെ സ്വയം ബോധ്യങ്ങളിൽ നിൽക്കാം.

പണ്ടു വിളിച്ച മുദ്രാവാക്യങ്ങൾ, അക്കൊടിക്ക് കിഴിൽ നാം നടത്തിയ സമരങ്ങൾ, ഇപ്പോൾ നിങ്ങൾ നടത്തിയ കാലുമാറ്റം, എന്നൊക്കെ പറഞ്ഞുള്ള ഈ വേട്ടയാടൽ, പാർട്ടി മാറിയ വ്യക്തിയുടെ മൊറൈലും ആത്മവിശ്വാസവും തകർക്കാനുള്ള പരിശുദ്ധ സദാചാര വാദികളുടെ തന്ത്രങ്ങളിൽ ചിലതു മാത്രം. അപ്പുറത്തെ  പാർട്ടിയിലേക്ക് പോകുന്നവർ അവസാര വാദികൾ, അപ്പുറത്തു നിന്ന് നമ്മുടെ പാർട്ടിയിലേക്ക് വരുന്നവർ സത്യാന്വേഷികൾ! ഇങ്ങനെയാണ് ഒരോ പാർട്ടി വിശ്വാസിയുടേയും കാഴ്ചപ്പാട്. നോക്കൂ സുഹൃത്തുക്കളെ ഇതുതന്നെയാണ് കടുത്ത മതമൗലികചിന്തയുള്ളവരും പറയുന്നത്. ഒന്നുമാറി ചിന്തിക്കാൻ പറ്റുമൊ എന്ന് നോക്കുന്നതായിരിക്കും നല്ലത്.

കനയ്യകുമാറിനെ കുറ്റം പറയുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതിലൊന്ന്,  ഇന്ത്യയിലൊ സ്വന്തം സംസ്ഥാനമായ ബീഹാറിലൊ മുഖ്യപ്രതിപക്ഷം പോലുമല്ലാത്ത കോൺഗ്രസിലേയ്ക്കാണ് അദ്ദേഹം പോയത് എന്നതാണ്. JNUവിലെ ഉശിരൻ പോരാളി യുവാവിന് BJP യുമായി ഒരു നീക്കുപോക്കുണ്ടാക്കിയാൽ വേണ്ടുവോളം സമ്പത്തും പദവികളും ലഭിക്കും എന്നത് ആർക്കാണറിഞ്ഞുകൂടാത്തത്? പഞ്ചാബിലും രാജസ്ഥാനിലും അധികാരമില്ലാത്ത കേരളത്തിലും പരസ്പരം തുപ്പി തോൽപ്പിക്കാൻ  കോൺഗ്രസ് നേതാക്കൻമാർ പെടാപാട് പെടുന്നത് ടി വി തുറന്നാൽ കാണുന്ന കാഴ്ചയല്ലെ? എന്നിട്ടും, ഇന്ത്യൻ മതേനിരപേക്ഷത ഉയർത്തിപ്പിടിക്കാൻ, BJP യെ താഴെയിറക്കാൻ, കോൺഗ്രസ്സിൽ ചേരാൻ തീരുമാനിച്ച കനയ്യയുടെ അന്തസംഘർഷങ്ങൾ വിമർശകർ കാണാതെ പോകുന്നത് എന്തുകൊണ്ടാണ്വ്യ? വ്യക്തിപരമായി വലിയ സവിശേഷകളുള്ള Crowd Pullar ആണ് കനയ്യാകുമാർ. തൻ്റെ വ്യക്തിസവിശേഷകളുടെ ആവിഷക്കാരത്തിലൂടെ fascist മനോഘടനയുള്ള ഒരു സർക്കാറിനെ താഴെയിറക്കാൻ എന്തെങ്കിലുമൊക്കെ ചെയ്യാൻ കഴിയുമെന്ന് കനയ്യ സ്വപ്നം കണ്ടാൽ,  കുറേ കൂടി മെച്ചപ്പെട്ട പ്ലാറ്റ്ഫോം ലഭിക്കണമെന്ന് അയാൾ ആഗ്രഹിച്ചാല്‍, അയാളെ കുറ്റം പറയാനാവുമൊ? തൻ്റെ സഖാക്കളെ നഷ്ടപ്പെടുത്തുമ്പോൾ അതിന് അയാൾ കൊടുക്കുന്ന വിലയുണ്ട്.  ഇതെല്ലാം വിലയിരുത്തുന്ന ഒരാൾക്ക് ജ്യോതിരാതിത്യ  സിന്ധ്യയെപ്പോലെ, ജിതിൻ പ്രസാദയെ പോലെ, ഏപി അബ്ദുള്ളക്കുട്ടിയെപ്പോലെ കനയ്യ കുമാറിനെ കാണാനാവില്ല. കാലം മറ്റൊന്ന് തെളിയിക്കുന്നതു വരെ...

വ്യക്തിപൂജ പോലെ ശരിയല്ലാത്ത ഒന്നു തന്നെയാണ് വ്യക്തി നിരാസവും. രണ്ടും വ്യക്തികളെ തകർക്കും. ഒരു പ്രത്യേക ചരിത്ര ഘട്ടത്തിൽ വ്യക്തികൾ ഒരു പ്രസ്ഥാനത്തെയാകെ ചലിപ്പിച്ചതിന് എത്രയോ ഉദാഹരണങ്ങളുണ്ട്. ഗാന്ധി മുതല്‍ മണ്ടേല വരെ! അത്തരക്കാരിലൊരാളാവാൻ വ്യക്തിശക്തിയിൽ വിശ്വസിക്കാത്ത CPl മതിയാവില്ല എന്ന് കനയ്യക്ക് തോന്നിയാൽ, ആ തോന്നലിനനുസരിച്ച് അയാൾ പ്രവർത്തിക്കട്ടെ എന്നു മാത്രമാണ് നാം ആശംസിക്കേണ്ടത്.


Contact the author

Christina Kurisingal

Recent Posts

Views

മുന്നൂറ് ആണ്ടുകൾ ഉറങ്ങിപ്പോയ 7 യുവാക്കൾ- കുഞ്ഞനിയൻ ശങ്കരൻ മുതുവല്ലൂർ

More
More
Views

ജൂതരുടെ കോഷര്‍ ഫുഡും മുസ്ലീങ്ങളുടെ ഹലാലും- ഖാദര്‍ പാലാഴി

More
More
Gafoor Arakal 1 day ago
Views

ആദര്‍ശ ഹിന്ദുഹോട്ടലും ഹലാലും എഴുത്തച്ഛനും- ഗഫൂര്‍ അറക്കല്‍

More
More
Dr. B. Ekbal 2 days ago
Views

ഒമിക്രോൺ: നാം പേടിയ്ക്കണോ?- ഡോ. ബി. ഇക്ബാല്‍

More
More
P. K. Pokker 3 days ago
Views

കുടുംബജീവിതവും ലൈംഗീക സദാചാരവും തുറന്ന ചര്‍ച്ചക്ക് വെയ്ക്കണം- പി കെ പോക്കര്‍

More
More
K T Jaleel 3 days ago
Views

നൊട്ടിമ്മാമയുടെ ഊത്തും മന്ത്രിച്ചൂത്തും ഹലാലും- കെ ടി ജലീല്‍

More
More