ആലുവ: നിയമവിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരായ കൂടുതല്‍ തെളിവുകള്‍ പുറത്ത്. മോഫിയയെ ഭര്‍ത്താവ് സുഹൈല്‍ ത്വലാക്ക് ചൊല്ലിയിരുന്നെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിട്ടുണ്ട്. ത്വലാക്ക് ചൊല്ലിയതുമായി ബന്ധപ്പെട്ട് പളളിക്കമ്മിറ്റിയോടും ക്രൈംബ്രാഞ്ച് വിവരങ്ങള്‍ അന്വേഷിച്ചു. നിയമവിരുദ്ധമായി ഒന്നുംതന്നെ ചെയ്തിട്ടില്ലെന്നാണ് പളളിക്കമ്മിറ്റി അധികൃതര്‍ പറയുന്നത്.
അതേസമയം, ത്വലാക്ക് ചൊല്ലിയതിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് വീണ്ടും പരാതി നല്‍കുമെന്ന് മോഫിയയുടെ കുടുംബം അറിയിച്ചു. ഇതിനായി മോഫിയയുടെ പിതാവ് സുപ്രീംകോടതി അഭിഭാഷകനില്‍ നിന്ന് നിയമോപദേശം തേടിയിട്ടുണ്ട്. ഡോക്ടറല്ലാത്ത ഒരാളെ വിവാഹം ചെയ്തതില്‍ സുഹൈലിന്റെ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നുവെന്നും ഇക്കാര്യം പറഞ്ഞ് മോഫിയയെ വീട്ടുകാര്‍ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
മോഫിയയെ അടിമയെപ്പോലെ ജോലികള്‍ ചെയ്യിപ്പിച്ചു. ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. മാനസികരോഗിയായി ചിത്രീകരിക്കാന്‍ ശ്രമിച്ചു. സുഹൈല്‍ ലൈംഗിക വൈകൃതത്തിന് അടിമയാണെന്നും മോഫിയയെ ഒഴിവാക്കി വേറെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നതായും ഇക്കാര്യങ്ങളിലുണ്ടായ മനോവിഷമമാണ് മോഫിയയെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നുമാണ് പൊലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.