ഇന്ത്യയില്‍ മതവിഭാഗങ്ങള്‍ തമ്മില്‍ അകലാന്‍ സാമൂഹിക മാധ്യമങ്ങള്‍ കാരണമായെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് ഹിന്ദു - മുസ്ലിം സ്പര്‍ധ വളരുന്നതില്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക് പ്രധാനപ്പെട്ട പങ്കുണ്ടെന്നാണ് വാര്‍ത്താ ഏജന്‍സിയായ ഐ എന്‍ എസിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 1942 പേരെ ഉള്‍പ്പെടുത്തിയാണ് ഐ എന്‍ എസ് സര്‍വേ നടത്തിയത്. ഇതില്‍ 48.2 പേര് മതവിഭാഗങ്ങള്‍ തമ്മിലുള്ള അകലം വര്‍ധിക്കുന്നതില്‍ സോഷ്യല്‍ മീഡിയയ്ക്ക് പ്രധാന പങ്കാളിത്തമുണ്ടെന്ന് അഭിപ്രായപ്പെട്ടു.
രാജ്യത്ത് നടക്കുന്ന മതസംഘര്‍ഷങ്ങളുടെ മൂലകാരണം സാമൂഹിക മാധ്യമങ്ങളാണെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 71 ശതമാനം ആളുകളും പറഞ്ഞു. എന്നാല്‍ 23 ശതമാനം ആളുകളും എതിരഭിപ്രായമാണ് രേഖപ്പെടുത്തിയത്. മതവിഭാഗങ്ങള്‍ തമ്മില്‍ വിദ്വേഷം വളരുന്നതില്‍ സാമൂഹിക മധ്യമങ്ങള്‍ക്ക് ചെറിയ അളവില്‍ മാത്രമേ പങ്കുള്ളൂ എന്നാണ് ഈ വിഭാഗം അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന സാമൂഹിക മാധ്യമമായ ഫേസ്ബുക്ക് വഴിയാണ് മത സ്പര്‍ധ കൂടുതലായും വളരുന്നതെന്നും ഐ എന്‍ എസിന്റെ സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഇന്ത്യയില്‍ മുസ്ലീം വിരുദ്ധത വളര്‍ത്താന്‍ ഫേസ്ബുക്ക് സഹായിക്കുന്നുവെന്ന് കാണിച്ച് 'ദി വാള്‍സ്ട്രീറ്റ് ജേണലും' റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നു. വര്‍ഗീയ പരാമര്‍ശങ്ങളും വ്യാജ വാര്‍ത്തകളും നീക്കുന്നതില്‍ ഫേസ്ബുക്ക് പക്ഷപാതം കാണിക്കുന്നുവെന്നും 2019 മുതല്‍ ഇന്ത്യയിലുണ്ടായ മുസ്ലീം വിരുദ്ധ ആക്രമണങ്ങളെ സഹായിച്ചുവെന്നുമാണ് ദി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയില്‍ പൗരത്വനിയമത്തിനെതിരെ പ്രതിഷേധങ്ങള്‍ നടന്നത് 2019 ഡിസംബറിലാണ്. തുടര്‍ന്നുളള മാസങ്ങളില്‍ മുസ്ലീങ്ങള്‍ക്കെതിരായ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്ന പോസ്റ്റുകളും സന്ദേശങ്ങളും ഫേസ്ബുക്കിലൂടെയും വാട്ട്സ്ആപ്പിലൂടെയും പ്രചരിച്ചുവെന്നും വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
മുസ്ലീങ്ങളാണ് ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിനുകാരണമെന്നും രാജ്യത്തെ മുസ്ലീങ്ങള്‍ ഹിന്ദു യുവതികളെ വിവാഹം ചെയ്ത് ഇന്ത്യയെ ഇസ്ലാം രാഷ്ട്രമാക്കാന്‍ ശ്രമിക്കുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. അതോടൊപ്പം, ഹിന്ദുക്കളുടെ ജീവന് അപകടത്തിലാണ്, മുസ്ലീങ്ങള്‍ നമ്മെ കൊല്ലും എന്നുവരെയുളള വര്‍ഗീയ വിദ്വേഷം പരത്തുന്ന സന്ദേശങ്ങളാണ് ഫേസ്ബുക്കിലൂടെ പ്രചരിച്ചതെന്നും വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.