ലക്നൗ: ഉത്തര്‍പ്രദേശ് ബിജെപിയില്‍ കൂട്ടരാജി തുടരുന്നു. യോഗി മന്ത്രിസഭയിലെ വനം-പരിസ്ഥിതി മന്ത്രി ധാരാ സിംഗ് ചൗഹാനാണ് ഇന്ന് രാജിവെച്ചത്. മധുബന്‍ മണ്ഡലത്തില്‍ നിന്നുളള നിയമസഭാംഗമാണ് ധാരാ സിംഗ് ചൗഹാന്. നേരത്തെ ബി എസ് പി നേതാവായിരുന്ന അദ്ദേഹം 2015-ലാണ് ബിജെപിയില്‍ ചേര്‍ന്നത്. ധാരാ സിംഗ് പാര്‍ട്ടി വിടുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ ഈ വിഷയവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്താനിരിക്കെയാണ് രാജിപ്രഖ്യാപനം.
ഇരുപത്തിനാല് മണിക്കൂറിനിടെ രണ്ടാമത്തെ മന്ത്രിയാണ് യോഗി മന്ത്രിസഭയില്‍ നിന്ന് രാജിവെക്കുന്നത്. കഴിഞ്ഞ ദിവസം തൊഴില്‍ മന്ത്രിയായിരുന്ന സ്വാമി പ്രസാദ് മൗര്യയും ബിജെപിയില്‍ നിന്ന് രാജിവെച്ചിരുന്നു. സ്വാമി പ്രസാദ് മൗര്യയോടൊപ്പം റോഷന് ലാല്‍ വര്‍മ്മ, ബ്രിജേഷ് പ്രജാപതി, ഭാഗവതി സാഗര്‍, വിനയ് ശാഖ്യ എന്നീ എംഎല്‍എമാരും ബിജെപി വിട്ടിരുന്നു. ദളിതരോടും പിന്നാക്ക വിഭാഗക്കാരോടും ബിജെപി കാട്ടുന്ന അനീതിയില്‍ പ്രതിഷേധിച്ചാണ് താന്‍ പാര്‍ട്ടി വിടുന്നത് എന്നാണ് പ്രസാദ് മൗര്യ പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
'ഞാന്‍ പാര്‍ട്ടി വിട്ടത് ബിജെപിക്കുളളില്‍ വന്‍ ഭൂചലനമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇനി ബിജെപിയില്‍ നിന്ന് കുറേ എംഎല്‍എമാരും മന്ത്രിമാരും എനിക്കൊപ്പം പാര്‍ട്ടി വിടും. എന്റെ അടുത്ത രാഷ്ട്രീയനീക്കം അടുത്ത മാസം പതിനാലിന് ഞാന്‍ പ്രഖ്യാപിക്കും. എന്റെ കൂടെ ആരൊക്കെ വരുന്നുണ്ടെന്നും ഞാന്‍ അന്ന് വെളിപ്പെടുത്തും'- എന്നാണ് പ്രസാദ് മൗര്യ പറഞ്ഞത്.
പാര്‍ട്ടി വിടുകയാണെന്ന് പ്രസാദ് മൗര്യ പ്രഖ്യാപിച്ചതിനുപിന്നാലെ അദ്ദേഹത്തെ സ്വാഗതം ചെയ്ത് സമാദ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് രംഗത്തെത്തിയിരുന്നു. പ്രസാദ് മൗര്യക്കും അനുയായികള്‍ക്കും സമാജ് വാദിയിലേക്ക് സ്വാഗതം എന്നാണ് അദ്ദേഹത്തോടൊപ്പമുളള ചിത്രത്തോടൊപ്പം അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തത്.