വനിതാ ജൻ ധൻ അക്കൗണ്ട് ഉടമകൾക്ക് പ്രധാൻ മന്ത്രി ഗരീബ് കല്യാൺ പാക്കേജ് അനുസരിച്ച് പ്രഖ്യാപിച്ച പ്രതിമാസ 500 രൂപയുടെ ആദ്യ ഗഡു നാളെ മുതൽ അക്കൗണ്ടുകളിൽ സർക്കാർ നിക്ഷേപിക്കും. ലോക്ക് ഡൗൺ കണക്കിലെടുത്ത് ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനായാണ് മൂന്ന് മാസത്തേക്ക് വനിതാ ജൻ ധൻ യോജന ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിൽ പ്രതിമാസം 500 രൂപ വീതം നിക്ഷേപിക്കുന്നതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് നേരത്തേ പറഞ്ഞിരുന്നു.
ഈ പദ്ധതി വഴി 20 കോടി വനിതകള്‍ക്ക് പ്രയോജനം ലഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കൊറോണ വൈറസ് മഹാമാരിയെ പ്രതിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 1.7 ലക്ഷം കോടിയുടെ ഗരീബ് കല്യാൺ പാക്കേജിന്റെ ഭാഗമാണിത് എന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. ജൻ ധൻ യോജനയില്‍ 53% അക്കൗണ്ട് ഉടമകൾ സ്ത്രീകളാണ്.
സാമൂഹിക അകലം പാലിക്കുന്നതിനും ഗുണഭോക്താക്കൾ ബുദ്ധിമുട്ടില്ലാതെ പണം പിൻവലിക്കുന്നതിനുമായി ഒരു 'ഷെഡ്യൂള്‍' ഇന്ത്യൻ ബാങ്ക് അസോസിയേഷൻ പുറത്തുവിട്ടു.
അക്കൗണ്ട് നമ്പറിലെ അവസാന അക്കം അനുസരിച്ചാണ് രൂപ നിക്ഷേപിക്കുന്നത്.
- 0 , 1 (ഏപ്രില്‍ 3)
- 2 , 3 (ഏപ്രില്‍ 4)
- 4 , 5 (ഏപ്രില്‍ 7)
- 6 , 7 (ഏപ്രില്‍ 8)
- 8 , 9 (ഏപ്രില്‍ 9)
ഏപ്രില്‍ 9 ന് ശേഷം അക്കൗണ്ട് ഉടമകൾക്ക് രൂപ പിന്‍വലിക്കാന്‍ സാധിക്കും. ശാഖകളിൽ തിരക്ക് ഒഴിവാക്കാൻ റുപേ കാർഡുകൾ, സിഎസ്പികൾ എന്നിവ ഉപയോഗിച്ച് അടുത്തുളള എടിഎമ്മുകൾ ഉപയോഗിക്കാന്‍ ഉപഭോക്താക്കളോട് ബാങ്കുകള്‍ അഭ്യര്‍ഥിക്കുന്നു.