ഡല്‍ഹി: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ ആശിഷ് മിശ്രയ്ക്ക് ജാമ്യം നല്‍കിയതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് കര്‍ഷകരുടെ കുടുംബം. ആശിഷ് മിശ്രയ്ക്ക് ജാമ്യം ലഭിച്ചതിനെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകാത്തതിനാലാണ് തങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ചതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. പ്രതിക്കെതിരായ തെളിവുകളൊന്നും പരിഗണിക്കാതെയാണ് ജാമ്യം അനുവദിച്ചത് എന്നാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ വാദം. ജാമ്യം ലഭിച്ചാല്‍ പ്രതി കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്ന കാര്യം കോടതി പരിഗണിച്ചില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
ഫെബ്രുവരി പത്തിനാണ് ലഖിംപൂര്‍ കൂട്ടക്കൊലക്കേസ് മുഖ്യപ്രതി ആശിഷ് മിശ്രക്ക് ജാമ്യം ലഭിച്ചത്. അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചാണ് ആശിഷ് മിശ്രക്ക് ജാമ്യം അനുവദിച്ചത്. വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമാധാനപരമായി സമരം ചെയ്ത കര്‍ഷകര്‍ക്കിടയിലേക്ക് ആശിഷ് മിശ്രയും സംഘവും വാഹനം ഇടിച്ച് കയറ്റുകയായിരുന്നു. സംഭവത്തില്‍ നാല് കര്‍ഷകരും ഒരു മാധ്യമപ്രവര്‍ത്തകനുമുള്‍പ്പെടെ 9 പേര്‍ കൊല്ലപ്പെട്ടിരുന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനാണ് ആശിഷ് മിശ്ര.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കര്‍ഷകരെ ഇടിച്ചുതെറിപ്പിച്ച വാഹനത്തില്‍ ആശിഷ് മിശ്രയുണ്ടായിരുന്നുവെന്നും, പ്രക്ഷോഭം നടത്തികൊണ്ടിരുന്ന കര്‍ഷകര്‍ക്ക് നേരെ ആശിഷ് വെടിയുതിര്‍ത്തുവെന്നും പൊലീസിന്‍റെ എഫ് ഐ ആറില്‍ നിന്ന് വ്യക്തമാണ്. കര്‍ഷകര്‍ക്കെതിരെ നടന്ന ആക്രമണം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയാണെന്നും പൊലീസ് എഫ് ഐ ആറില്‍ പറയുന്നുണ്ട്.