കച്ചാ ബദാം എന്ന പാട്ട് വൈറലായതോടെ താന്‍ സെലിബ്രിറ്റിയായെന്ന് തെറ്റിദ്ധരിക്കുകയായിരുന്നെന്ന് പാട്ടിന്റെ സൃഷ്ടാവ് ഭൂപന്‍ ഭട്യാക്കര്‍. പാട്ട് വൈറലായതോടെ താന്‍ സെലിബ്രിറ്റിയായി എന്ന് തോന്നിയെന്നും അതിലിപ്പോള്‍ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, സെലിബ്രിറ്റിയായതിനാല്‍ ഇനി കടല വില്ക്കാന് പോകില്ലെന്ന് പറഞ്ഞിരുന്ന ഭൂപന്‍ താന്‍ വേണ്ടിവന്നാല്‍ ഇനിയും കടല വില്ക്കാനിറങ്ങും എന്ന് തിരുത്തിപ്പറയുകയും ചെയ്തു.
പശ്ചിമ ബംഗാളിലെ കുരാള്‍ജുരി ഗ്രാമത്തില്‍ കപ്പലണ്ടി വില്ക്കുന്നയാളായിരുന്നു ഭൂപന്‍. ബൈക്കിനുപിന്നില്‍ കപ്പലണ്ടിച്ചാക്ക് കെട്ടിവച്ച് വില്‍പ്പനക്കെത്തുമ്പോള്‍ ആളുകളെ ആകര്‍ഷിക്കാനായി പാടുന്ന പാട്ടായിരുന്നു കച്ചാ ബദാം. ഭൂപന്റെ ഈ പാട്ട് ഏക്താര എന്ന യൂട്യൂബ് ചാനലാണ് ആദ്യം പുറത്തുവിടുന്നത്. നസ്മു റീച്ചറ്റ് എന്ന സംഗീതജ്ഞന് ഈ പാട്ടിനെ റീമിക്സ് ചെയ്തു. പാട്ടിന്റെ നൃത്തരംഗങ്ങളും കൂടെ പുറത്തിറങ്ങിയതോടെ ഇന്‍സ്റ്റഗ്രാം റീല്‍സിലും കച്ചാ ബദാം തരംഗമായി. നിരവധി സെലിബ്രിറ്റികളും പാട്ടിന് ചുവടുവെച്ച് രംഗത്തെത്തി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
പാട്ട് വൈറലായതോടെ തന്റെ പാട്ടുവെച്ച് ആളുകള്‍ പണമുണ്ടാക്കുന്നു എന്നാരോപിച്ച് ഭൂപന്‍ പൊലീസിനെ സമീപിച്ചു. പക്ഷേ പിന്നീട് അദ്ദേഹം തന്നെ ഈ പാട്ടിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് തന്റെ ജീവിതനിലവാരം മെച്ചപ്പെട്ടു. സെലിബ്രിറ്റിയായി. അതുകൊണ്ട് ഇനി കപ്പലണ്ടി വില്‍ക്കില്ലെന്നും പ്രഖ്യാപിച്ച് ഭൂപന്‍ രംഗത്തെത്തിയിരുന്നു. ഭൂപന്റെ പ്രഖ്യാപനത്തിനുപിന്നാലെ സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ വിമര്‍ശനങ്ങളുയര്‍ന്നു. ഇതോടെയാണ് താന്‍ വേണ്ടിവന്നാല്‍ വീണ്ടും കപ്പലണ്ടി വില്‍ക്കുമെന്നും സെലിബ്രിറ്റിയെന്ന് പറഞ്ഞതില്‍ ഖേദമുണ്ടെന്നും വ്യക്തമാക്കി ഭൂപന്‍ രംഗത്തെത്തിയിരിക്കുന്നത്.