കാശ്മീരി പണ്ഡിറ്റുകള്‍ ആട്ടിയോടിക്കപ്പെട്ടിട്ടുണ്ട് പക്ഷേ...- ശ്രീജിത്ത് ശിവരാമന്‍

കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ ആസ്പദമാക്കി സംഘപരിവാർ സിനിമാ പ്രവർത്തകർ നിർമിച്ച സിനിമ കാണാൻ കഴിഞ്ഞില്ല. പക്ഷെ വലിയ ചർച്ചയും വെറുപ്പിന്റെ അന്തരീക്ഷവുമാണ് ആ സിനിമ രാജ്യത്ത് സൃഷ്ടിക്കുന്നത് എന്ന് മനസിലാക്കുന്നു. കാശ്മീരി പണ്ഡിറ്റുകളുടെ ദുരിതം യാഥാർഥ്യമാണ്. ( അതിന്റെ സ്കെയിലിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം എങ്കിലും). എന്നാൽ അതിന്റെ ഉത്തരവാദിത്തം കാശ്മീരിലെ മുസ്‌ലിം സമുദായത്തിനാകെ കല്പിച്ചുനൽകുന്നത് വെറുപ്പിന്റെ രാഷ്ട്രീയത്തിന് ശക്തിപകരാനുള്ള സംഘപരിവാർ കുടിലതയും ചരിത്ര നിഷേധവുമാണ്. 

മഹാഭൂരിപക്ഷം ജനങ്ങളും മുസ്ലിം സമുദായ വിശ്വാസികളും രാജാധികാരം ഹിന്ദു രാജവംശത്തിനും ഉണ്ടായിരുന്ന സവിശേഷ ഭൂമികയായിരുന്നു കാശ്മീരിന്റെത്. 96% മുസ്‌ലിംകളായിരുന്നെങ്കിലും സർക്കാർ സർവീസിൽ മുസ്ലിം ജനതക്ക് പ്രവേശനമുണ്ടായിരുന്നില്ല. മുസ്ലിം ജനവിഭാഗത്തിലെ സാക്ഷരതാ നിരക്ക് വെറും 0.8% മാത്രമായിരുന്നു. ലാഹോറിലും ഡൽഹിയിലും പഠിക്കാൻ പോയി തിരിച്ചെത്തിയ ചെറുപ്പക്കാരുടെ നേതൃത്വത്തിൽ രാജാവിനെതിരെ പ്രക്ഷോഭങ്ങൾ ആരംഭിച്ചു. 1924 -ൽ കാശ്മീരിനെ സ്തംഭിപ്പിച്ച പൊതു പണിമുടക്ക് നടന്നു. സർക്കാർ സമരക്കാർക്കു നേരെ വെടിയുതിർത്തു. 1931-ൽ ഷെയ്ക്ക് അബ്ദുള്ള എന്ന ചെറുപ്പക്കാരന്റെ നേതൃത്വത്തിൽ പതിനൊന്നു യുവാക്കൾ രാജാവിനെ കണ്ടു നിവേദനം നൽകി. നിവേദനം പൂർണമായും അവഗണിച്ച രാജാവ് കൂടുതൽ ശക്തമായ ആക്രമണങ്ങൾ ആരംഭിച്ചു. വെള്ളിയാഴ്ച പ്രാർത്ഥനകൾ നടക്കുന്ന നേരം പള്ളികളിൽ പോലീസ് റെയ്ഡ് നടത്തി. തുടർന്ന് നടന്ന വെടിവെപ്പിൽ 21 പേർ രക്തസാക്ഷികളായി.

1932-ൽ ഈ പ്രതിഷേധങ്ങൾക്ക് സംഘടിത രൂപം നൽകി ' ജമ്മു കാശ്മീർ മുസ്ലിം കോൺഫറൻസ്' സ്ഥാപിക്കപ്പെട്ടു. ഷെയ്ക്ക് അബ്ദുല്ല പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. തികഞ്ഞ മതേതരവാദിയായ അബ്ദുള്ള ഭൂപരിഷ്ക്കരണം, ദോഗ്ര ഭരണത്തിന്റെ അന്ത്യം എന്നീ മുദ്രാവാക്യങ്ങളാണ് കാശ്മീരി ജനതക്ക് മുന്നിൽ വെച്ചത്. പക്ഷെ അപ്പോഴും ഈ രാഷ്ട്രീയ മുന്നേറ്റം സെക്കുലർ പ്ലാറ്റ്‌ഫോമിൽ തന്നെയാണ് നടന്നത്. സർക്കാർ ഉദ്യോഗങ്ങൾ മുഴുവൻ കൈവശം വെച്ചിരുന്ന കാശ്മീരി ബ്രാഹ്മണർക്കു നേരെ ഉണ്ടായതുപോലും മതപരമായ എതിർപ്പായിരുന്നില്ല മറിച്ച് വ്യവസ്ഥാപരമായ വിമർശനമായിരുന്നു. സ്വാതന്ത്ര്യാനന്തരം കശ്മീർ സ്വതന്ത്ര പദവിയുള്ള ഘടകമായി ഇന്ത്യൻ യൂണിയനിൽ ചേർക്കപ്പെട്ടു. വിദേശകാര്യം, വാർത്താവിനിമയം, ആഭ്യന്തര സുരക്ഷ എന്നീ വിഷയങ്ങളിൽ മാത്രമായിരുന്നു ഇന്ത്യൻ സർക്കാരിന് അധികാരമുണ്ടായിരുന്നത്. ( ഈ ചരിത്രം മറ്റൊരു ലേഖനത്തിൽ വിശദമായി പരിശോധിച്ചതിനാൽ ആവർത്തിക്കുന്നില്ല ). എന്നാൽ ക്രമേണ ഇന്ത്യൻ സർക്കാർ കശ്മീരിന്റെ സകല അധികാരങ്ങളും റദ്ദ് ചെയ്തു, ലോകത്തെ ഏറ്റവും സൈനികവൽക്കരിക്കപ്പെട്ട ഇടമായി കശ്മീർ മാറി.

1987 -ലെ തെരഞ്ഞെടുപ്പ് കാശ്മീരിന്റെ ചരിത്രത്തിലെ ഏറ്റവും നിർണായകമായ സംഭവമായിരുന്നു. ജനാധിപത്യ പ്രക്രിയയിലൂടെ തങ്ങളുടെ ജീവിതാവസ്ഥയെ മറികടക്കാമെന്നു കാശ്മീരികൾ ആദ്യമായും അവസാനമായും പ്രതീക്ഷിച്ചത് ആ തെരഞ്ഞെടുപ്പിലാണ്. ആ തെരഞ്ഞെടുപ്പിൽ മുസ്ലിം യുണൈറ്റഡ് ഫ്രണ്ട് എന്ന ലേബലിൽ കാശ്മീരിലെ വിവിധ സംഘടനകൾ ഒന്നിച്ചു മത്സരിച്ചു. അപ്പുറത്ത് കോൺഗ്രസ്സ് - നാഷണൽ കോൺഫറൻസ് സഖ്യവും. എം യു എഫിന്റെ റാലികളിൽ ജനലക്ഷങ്ങൾ പങ്കെടുത്തു. എം യു എഫ് വൻവിജയം നേടുമെന്ന് എതിരാളികൾ പോലും ഉറപ്പിച്ചിരുന്നു. 75% പേർ വോട്ട് രേഖപ്പെടുത്തി, കാശ്മീരിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിങ്. റിസൾട്ട് വന്നപ്പോൾ കോൺഗ്രസ്സ് - നാഷണൽ കോൺഫറൻസ് സഖ്യം 66 സീറ്റുകളിലും വിജയിച്ചു. എം യു എഫിന് വെറും നാല് സീറ്റു മാത്രം. റിസൾട്ട് കൃത്രിമമായി സൃഷ്ടിച്ചതാണെന്നു വിജയികൾ പോലും പരസ്യമായി പറഞ്ഞു. ജനാധിപത്യം അപഹാസ്യമായി മാറി. തൊട്ടടുത്ത ദിവസങ്ങളിൽ വൻ പ്രതിഷേധങ്ങൾ കാശ്മീരിലെങ്ങും അലയടിച്ചു. എം യു എഫ് നേതാക്കളെല്ലാം അറസ്റ്റു ചെയ്യപ്പെട്ടു, തടവറകളിൽ പീഡിപ്പിക്കപ്പെട്ടു. 

ജനാധിപത്യത്തോടുള്ള ഈ നിരാശയെ മുതലെടുത്താണ് കാശ്മീരിൽ പൊളിറ്റിക്കൽ ഇസ്‌ലാം ശക്തി പ്രാപിക്കുന്നത്. 89 നു ശേഷമാണ് കാശ്മീരിലെ തീവ്രവാദപ്രസ്ഥാനങ്ങൾ ഉടലെടുക്കുന്നത്. അതിനു മറ്റൊരു ആഗോള പശ്ചാത്തലം കൂടിയുണ്ട്. അഫ്‌ഗാനിലെ സോവിയറ്റ് ഇടപെടലിനെതിരെ അമേരിക്കൻ സഹായത്തോടെ പാക്കിസ്ഥാൻ കേന്ദ്രമാക്കി രാഷ്ട്രീയ ഇസ്‌ലാം നടത്തിയ മുജാഹിദീൻ തീവ്രവാദം വിജയം കണ്ട കാലം കൂടിയായിരുന്നു അത്. സ്വാഭാവികമായും സോവിയറ്റ് യൂണിയനെ പോലെ ഒരു മഹാശക്തിയെ കീഴടയ്ക്കാൻ മുജാഹിദീനുകൾക്ക് കഴിഞ്ഞാൽ കാശ്മീരിനെ ഇന്ത്യൻ നിയന്ത്രണത്തിൽ നിന്ന് മോചിപ്പിക്കാനും അവർക്കു കഴിയുമെന്ന് രാഷ്ട്രീയ ഇസ്‌ലാമും പാകിസ്ഥാനും കണക്കുകൂട്ടി. എൺപതുകളുടെ അവസാനത്തോടെ അതിർത്തികടക്കുന്ന ഏതു ചെറുപ്പക്കാരനും അമേരിക്കൻ സ്പോൺസേഡ് പാകിസ്ഥാനി കലാഷ്നിക്കോവ്കൾ കിട്ടുന്ന അവസ്ഥയുണ്ടായി. പൊളിറ്റിക്കൽ ഇസ്ലാമിസത്തിന്റെ വരവ് കാശ്മീരിനെ അശാന്തിയുടെ കൊടുമുടിയാക്കി മാറ്റി. തൊണ്ണൂറുകളുടെ തുടക്കത്തോടെ ഒന്നരലക്ഷത്തോളം കാശ്മീരി ഹിന്ദുക്കളെ നാട്ടിൽ നിന്നും ആട്ടിയോടിച്ചു. 

പക്ഷെ ഈ പൊളിറ്റിക്കൽ ഇസ്ലാം കശ്മീരിലെ മുസ്ലിം സമുദായത്തിന്റെ പരിച്ഛേദമേ ആയിരുന്നില്ല. വളരെ ചെറിയ ഒരു ഗ്രൂപ്പായ ജമാഅത്തെ ഇസ്‌ലാമിയും അവരുടെ ഫ്രിഞ്ച് ഗ്രൂപ്പുകളുമാണ് പ്രധാനമായും പൊളിറ്റിക്കൽ ഇസ്‌ലാമിസ്റ്റ് തീവ്രവാദത്തിനും കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിനുമെല്ലാം നേതൃത്വം നൽകിയത്. കാശ്മീരി പണ്ഡിറ്റുകൾ മാത്രമല്ല ഈ ഇസ്‌ലാമിസ്റ്റ് തീവ്രവാദികളുടെ വേട്ടക്ക് ഇരയായത്. സൂഫി - ഹിന്ദുത്വ - പ്രാദേശിക സംസ്കാരങ്ങൾ ലയിച്ചു ചേർന്ന സവിശേഷമായ 'കാശ്മീരിയത്ത് ' സംസ്കാരമായിരുന്നു കാശ്മീരി മുസ്ലിം ജനതയുടേത്. അത്തരം ആചാരങ്ങളെയും വിശ്വാസങ്ങളെയും അനുഷ്ഠാനങ്ങളെയുമെല്ലാം പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകൾ നിരോധിച്ചു. എതിർത്തവരെ വധിച്ചു. കാശ്മീരി ജനതക്ക് ആധുനിക വിദ്യാഭ്യാസവും തൊഴിലും നിഷേധിച്ചു. സെക്കുലർ ആയിരുന്ന കാശ്മീരി രാഷ്ട്രീയത്തിന് നേരെയും ഇസ്‌ലാമിസ്റ്റുകൾ വെടിയുതിർത്തു. നാഷണൽ കോൺഫറൻസിന്റെ നേതാക്കളും തരിഗാമി ഉൾപ്പെടെയുള്ള കമ്മ്യുണിസ്റ്റ് നേതാക്കളും വേട്ടയാടപ്പെട്ടു.

ഇങ്ങനെ ഒരുവശത്ത് ഇന്ത്യൻ ഭരണകൂടത്തിനും അതിന്റെ മർദ്ദനോപാധികൾക്കും മറുവശത്ത് പൊളിറ്റിക്കൽ ഇസ്‌ലാമിന്റെ തീവ്രവാദത്തിനും ഇടയിൽ പെട്ടുപോയൊരു ജനതയാണ് കാശ്മീരികൾ. അവരെയൊന്നടങ്കം വംശീയമായി അധിക്ഷേപിക്കാനും തീവ്രവാദികളായി ചിത്രീകരിക്കാനുമുള്ള സംഘരിവാർ അജണ്ട ഹീനമാണ്. ഗുജറാത്ത് വംശഹത്യയുടെ ഉത്തരവാദിത്തം മുഴുവൻ ഹിന്ദുക്കൾക്കുമാണ് എന്ന വാദം പോലെ തന്നെ അപക്വമാണ് കാശ്മീരി പണ്ഡിറ്റുകളുടെ ദുരിതം മുഴുവൻ മുസ്‌ലിംകളുടെയും തലയിൽ വെക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Sreejith Sivaraman

Recent Posts

Web Desk 1 week ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 1 week ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 1 week ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 1 week ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 1 week ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 1 week ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More