ജോർജ് എം. തോമസ് ഒരു നാക്കുപിഴയല്ല - പ്രമോദ് പുഴങ്കര

വ്യത്യസ്ത മതങ്ങളിൽ പെട്ടുപോയ ഒരാണും പെണ്ണും കല്യാണം കഴിച്ചപ്പോൾ കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിക്ക് ഉണ്ടായ നാനാവിധ നഷ്ടങ്ങൾ കുറയ്ക്കാനും അതിനെചൊല്ലി സംസ്ഥാനത്തെ നസ്രാണി വർഗീയവാദികൾക്കുണ്ടായ രോഷത്തിനോട് ഈ പാപത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് പറയാനും ടി പാർട്ടി നടത്തുന്ന വിശദീകരണയോഗം ഹോളണ്ട് -ബെൽജിയം അതിർത്തിയിലുള്ള കോടഞ്ചേരിയിൽ അല്പസമയത്തിനകം തുടങ്ങുന്നതാണ്. യൂറോപ്യൻ ജീവിതനിലവാരം അതിന്റെ ഉച്ചസ്ഥായിയിൽ ആർജ്ജിച്ച ജനതയാണ് കോടഞ്ചേരിയിൽ എന്ന് പാർട്ടി ജനറൽ സെക്രട്ടറി കഴിഞ്ഞ ദിവസം പറഞ്ഞിട്ടുണ്ട്.

പാർട്ടി ഇപ്പോൾ ഇതൊരു വ്യക്തിയുടെ നാക്കുപിഴയായി പറഞ്ഞൊഴിയുകയാണ്. കേരളത്തിലെ  ഇടതുപക്ഷരാഷ്ട്രീയമുള്ള വലിയൊരു വിഭാഗം ജനങ്ങൾ പാർട്ടി നേതൃത്വത്തിന്റെ ജീർണമായ രാഷ്ട്രീയ അവസരവാദ നയങ്ങളേക്കാൾ ഉയർന്ന രാഷ്ട്രീയ, സാമൂഹ്യബോധം ഉയർത്തി നടത്തിയ ശക്തമായ എതിർപ്പുകളാണ് ഈ നിലപാടെടുക്കാൻ രാഷ്ട്രീയ നേതൃത്വത്തെ നിർബന്ധിതമാക്കിയത്. ഇതിനുമുമ്പ് സമാനമായ രീതിയിൽ കൃസ്ത്യൻ വർഗീയത ഉറഞ്ഞുതുള്ളിയപ്പോൾ ലവ് ജിഹാദ് അടക്കമുള്ള വർഗീയവിഷം തുപ്പിയ ബിഷപ്പിനെ ഒരു സി പി എം മന്ത്രി അരമനയിൽ സന്ദർശിച്ച് തങ്ങളുടെ ഐക്യമറിയിക്കുകയായിരുന്നു ചെയ്തത്. കഴിഞ്ഞ ദിവസം ജോർജ്ജ് തോമസ് പറഞ്ഞ ക്രിസ്ത്യൻ സമുദായവും ബിഷപ്പുമാരും തങ്ങൾക്കൊപ്പം വരുന്നു എന്നതിനുവേണ്ടി ഇത്തരത്തിലുള്ള വൃത്തികെട്ട അവസരവാദത്തിന്റെ ഏതറ്റം വരെയും പോകും എന്ന സൂചനയാണ് നേതൃത്വം നൽകിയത്. അതായത് ജോർജ്ജ് തോമസ് ഒരു നാക്കുപിഴയല്ല  അധികാര രാഷ്ട്രീയ വ്യാപാരത്തിന്റെ പല നാക്കുകളിലൊന്നാണ്.

പാർട്ടി സമിതിയിൽ ആലോചിച്ചില്ല എന്നതൊക്കെ തമാശയാണ്. നിങ്ങളൊന്നു ഓർത്തുനോക്കൂ, കോടിയേരി ബാലകൃഷ്ണന്റെ മകൻ രവി പിള്ളയുടെ സ്ഥാപനത്തിൽ ഉയർന്ന പദവിയിൽ ജോലിക്ക് കയറുമ്പോൾ കോവളം കൊട്ടാരം ഇടപാടിലടക്കം പാർട്ടി എതിർത്ത ഒരു വ്യവസായിയുടെ സ്ഥാപനത്തിൽ പാർട്ടി നേതാവ് എന്ന പരിചയവും ബന്ധവും ഉപയോഗിച്ചുകൊണ്ട് (അല്ലാതെ അപേക്ഷ അയച്ചപ്പോൾ ആകസ്മികമായി കിട്ടിയ പണിയാണ് എന്ന് കരുതുന്നവർക്ക് അതാകാം ) ഇത്തരത്തിൽ ജോലി തരമാക്കുന്നത് പാർട്ടിക്ക് ദോഷം ചെയ്യുമോ ഇല്ലയോ എന്ന് ശ്രീ കോടിയേരി ബാലകൃഷ്ണൻ ഏത് ഘടകത്തിലാണ് ചർച്ചക്ക് വെച്ചത്?

പിണറായി വിജയന്റെ മകളും സമാനരീതിയിൽ ഇതേ വ്യവസായിയുടെ സ്ഥാപനത്തിന്റെ മേലധികാരിയായപ്പോൾ ഏത് ഘടകമാണ് ചർച്ച ചെയ്തത്? അത് പാർട്ടിക്കേല്പിക്കുന്ന പരിക്ക് ഏത് കമ്മറ്റിയാണ് തള്ളിക്കളഞ്ഞത്? കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാനത്തെ ഏറ്റവും പ്രമുഖരായ രണ്ടു നേതാക്കളുടെയും മക്കൾക്ക് ഒരേ വ്യവസായി ഉന്നതപദവികൾ തൊഴിലായി നൽകിയതിലെ ആകസ്മികതയുടെ വിളയാട്ടം ഏതെങ്കിലും കമ്മറ്റി ചർച്ച ചെയ്തോ? ചെയ്തെങ്കിൽ അതിലെ യാദൃശ്ചികതയിൽ കൗതുകം  പൂണ്ടോ? കോൺഗ്രസിലെയും മറ്റു ബൂർഷ്വാ കക്ഷികളിലെയും പോലെ രാഷ്ട്രീയ നേതൃത്വം തങ്ങളുടെ പദവികളും പാർട്ടി നൽകിയ അധികാരവും വ്യക്തിഗതമായ നേട്ടങ്ങൾക്കും സ്വജനപക്ഷപാതിത്വത്തിനും വേണ്ടി ഉപയോഗിക്കുന്ന കാഴ്ചയുമായി പൊരുത്തപ്പെടാനും അതിനെ ന്യായീകരിക്കാൻ ഒരു വിധേയ സംഘത്തെ മുൻനിരയിൽ നിർത്താനും കഴിഞ്ഞു എന്നതാണ് നമുക്ക് കാണാവുന്നത്. ആ പാർട്ടി ഒരു ലോക്കൽ കമ്മറ്റി അംഗം അയാളുടെ പെട്ടന്നുള്ള വിവാഹം പാർടി കമ്മിറ്റിയെ അറിയിച്ചില്ല എന്നതൊക്കെ ഒരു പ്രശ്നമായി പറയുന്നത് പാർട്ടിക്കുള്ളിലെ "ഞങ്ങളും -നിങ്ങളും " തമ്മിലുള്ള വ്യത്യാസം മാത്രമാണ് കാണിക്കുന്നത്.

ക്രിസ്ത്യൻ മതമേധാവിത്തത്തോടുള്ള ഇടപാട്  ഇപ്പോൾ തുടങ്ങിയതല്ല. ഓർത്തഡോക്സ് സഭ നിർദ്ദേശിച്ച സ്ഥാനാർത്ഥിയെ നിർത്തുകയും മന്ത്രി വരെയാക്കുകയും ചെയ്താണ് ഒരു ഭാഗത്ത് നീങ്ങിയത്. സഭ പറഞ്ഞ സ്ഥാനാർത്ഥിയെ ഇടുക്കി ലോകസഭ മണ്ഡലത്തിലും നിർത്തി. പാലാ ബിഷപ്പിനെ സന്ദർശിച്ച് ഐക്യപ്പെട്ടത് മതേതര സമൂഹത്തിനെയാകെ വെല്ലുവിളിച്ചായിരുന്നു.

ഇക്കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ കെ വി തോമസിന് വേദിയിൽ പാർട്ടി സംസ്ഥാന സെക്രട്ടറി സമ്മാനിച്ചത് യേശുവിന്റെ ചിത്രമാണ്. എന്തുമാത്രം തരംതാഴണം! തോമസ് ആ വേദിയിൽ വരുന്നത് കോൺഗ്രസുകാരനായാണ്. മുൻ മന്ത്രി എന്ന നിലയിലാണ്. രാഷ്ട്രീയ നേതാവായാണ്. ഇതിലെവിടെയാണ് യേശു കടന്നുവരുന്നത്? സെമിനാറാകട്ടെ ഫെഡറലിസം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചാണ്. ഇതിലെവിടെയാണ് യേശു!

അതായത് ഒരുതരത്തിലും മതവുമായി ബന്ധമില്ലാത്ത ഒരു പരിപാടിയെ വളരെ ബോധപൂർവ്വം മതബദ്ധമായ ഒന്നാക്കി മാറ്റിയത് പാർട്ടി കോൺഗ്രസുകളുടെ ഇന്നുവരെയുള്ള ചരിത്രത്തിലെ ഏറ്റവും ലജ്ജാകരമായ സംഭവമാണ്. ആ പാർട്ടി കോൺഗ്രസിൽ ജോർജ്ജ് തോമസ് പ്രതിനിധിയായിരുന്നു. ഓർത്തഡോക്സ് സഭക്കും കത്തോലിക്കാ സഭക്കുമൊക്കെ വേണ്ടി സംസാരിക്കാൻ പാർടിയുടെ ഉയർന്ന സമിതികളിലേക്ക് ആളുകളെ കയറ്റിയിരുത്തുന്ന കാലത്താണ് നാം നിൽക്കുന്നത്. 

ഇടതു മതേതര കക്ഷിയാണെന്ന് ജനങ്ങളോട് പറയുന്ന ഒരു പാർട്ടി അങ്ങനെയല്ല എന്നു വരുമ്പോൾ അതിനെ വിമർശിക്കാനും എതിർക്കാനുമുള്ള സ്വാതന്ത്ര്യമാണ് ജനാധിപത്യം. ഞങ്ങളെ ആരും നന്നാക്കേണ്ട എന്നത് ഒരു മാഫിയ സംഘത്തിന് പറയാം. ജനാധിപത്യത്തിൽ നിരന്തരമായ രാഷ്ട്രീയ സംവാദങ്ങൾക്കും വിമർശനങ്ങൾക്കും രാഷ്ട്രീയകക്ഷികൾ മറുപടി നൽകിയെ തീരൂ. അത് ജനങ്ങളോടുള്ള ഔദാര്യമല്ല  ജനങ്ങളുടെ രാഷ്ട്രീയാവകാശമാണ്.

ലവ് ജിഹാദ്‌ വിശദീകരണയോഗം വിളിച്ചത് ജോർജ്ജ് തോമസല്ല. അത് തീരുമാനിച്ചത് പാർട്ടി ജില്ലാ നേതൃത്വമാണ്. ഇത്തരമൊരു വിഷയത്തിൽ ജില്ലാനേതൃത്വം എടുത്തത് സംസ്ഥാന നേതൃത്വം പല വർഷങ്ങളിലായി എടുക്കുന്ന അവസരവാദ നിലപാടിന്റെ തുടർച്ചയാണ്. പക്ഷേ അത് കേരളീയ സമൂഹത്തിന്റെ പുരോഗമനധാരായേയാകെ മലിനമാക്കുമ്പോൾ പാർട്ടി പിഴവ് തിരുത്തുന്നതും നോക്കിയിരിക്കേണ്ട കാര്യമില്ല. പാർട്ടി നേതൃത്വം വണ്ടിക്ക് പിറകിൽ കെട്ടിയ കാളകളായി മാറിയാൽ എന്തൊരു സ്പീഡ് എന്നു പറയാൻ കേരളം സ്തുതിപാഠകരുടെയും കടന്നലുകളുടെയും കൂടല്ല.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 1 day ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 1 day ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 1 day ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 2 days ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 2 days ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More