തലശേരി കൊടുവള്ളിക്കടുത്ത് ആംബുലൻസും ചരക്കുലോറിയും കൂട്ടിഇടിച്ച് രോഗി മരിച്ചു. മൊകേരി ഈസ്റ്റ് വള്ള്യായിയിലെ യശോദ (65) ആണ് മരിച്ചത്. കണ്ണൂരിൽ നിന്ന് രോഗിയുമായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോവുകയായിരുന്ന ആംബുലൻസ്. ആംബുലൻസ് ഡ്രൈവർ ഉൾപ്പെടെ നാലുപേരുടെ നില ഗുരുതരമാണ്. ഇവരെ തലശേരി കോ-ഓപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാവിലെ ഏഴുമണിയോടെയാണ് അപകടം ഉണ്ടായത്. ഈസ്റ്റ് വള്ള്യായിയിലെ മുതിരകലായി ബാബുരാജിന്റെ ഭാര്യയാണ് യശോദ. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു ഇവർ. തലശേരി കോ﹣-ഓപ്പറേറ്റീവിൽ നിന്ന് ഞായറാഴ്ചയാണ് ഇവരെ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിലേക്കും പിന്നീട് കണ്ണൂർ എകെജി ആശുപത്രിയിലേക്കും മാറ്റിയത്. യശോദയുടെ നില ഗുരുതരമായതിനാൽ കോഴിക്കോട്ടേക്ക് കൊണ്ടുപോവുകയായിരുന്നു.