ലക്നൗ: നവോത്ഥാനകാല ജാതി പീഡന മുറകളെ ഓര്‍മ്മിപ്പിച്ചുകൊണ്ട് ഉത്തര്‍പ്രദേശില്‍ വീണ്ടും ദളിത് പീഡനം. സ്കൂളില്‍ അധ്യാപകര്‍ക്ക് കുടിക്കാന്‍ വെളളം ശേഖരിച്ച പാത്രത്തില്‍നിന്ന് കുടിവെളളം എടുത്തു എന്ന കാരണത്താലാണ് ഏഴാം ക്ലാസുകാരിയായ വിദ്യാര്‍ത്ഥിനിക്ക് ക്രൂരമായ മര്‍ദ്ദനമേറ്റത്. സ്കൂളില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വെളളം കുടിക്കാനായി വെവ്വേറെ മണ്‍ഭരണികളാണ് സജ്ജീകരിച്ചിട്ടുളളത്. വിദ്യാര്‍ത്ഥികള്‍ക്കായുളള മണ്‍ഭരണിയിലെ വെളളം തീര്‍ന്നതിനാലാണ് കുട്ടി അധ്യാപകര്‍ക്കുളള ഭരണിയില്‍നിന്ന് വെളളമെടുത്തത്. ഇത് കണ്ട് പ്രകോപിതനായ അധ്യാപകന് കല്യാണ്‍ സിംഗാണ് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്.
പെണ്‍കുട്ടി വീട്ടിലെത്തി ഇക്കാര്യം മാതാപിതാക്കളോട് പറഞ്ഞു. അധ്യാപകന് ജാത്യാധിക്ഷേപം നടത്തിയെന്നും മര്‍ദ്ദിച്ചു എന്നുമാണ് പെണ്‍കുട്ടി പറയുന്നത്. അധ്യാപകനെതിരെ കര്‍ശനമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ പിതാവും പ്രദേശവാസികളും താലൂക്ക് ഓഫീസിലെത്തി പ്രതിഷേധിച്ചു. പെണ്‍കുട്ടി കുടത്തില്‍ കയ്യിട്ടാണ് വെളളമെടുത്തത്. ഇനി ഇത് ആവര്‍ത്തിക്കരുതെന്ന് പറഞ്ഞ് കുട്ടിയെ ശകാരിക്കുക മാത്രമാണ് ചെയ്തതെന്ന് ആരോപണ വിധേയനായ അധ്യാപകന് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
തനിക്ക് ഇതുവരെ സ്കൂളില്‍നിന്ന് ഇത്തരത്തിലുളള അധിക്ഷേപങ്ങള്‍ നേരിടേണ്ടിവന്നിട്ടില്ലെന്ന് വിദ്യാര്‍ത്ഥിനിയും പറഞ്ഞു. സംഭവത്തില്‍ അധ്യാപകന്റെയും വിദ്യാര്‍ത്ഥിനിയുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അഡീഷണല്‍ ബേസിക് ശിക്ഷാ അധികാരി (ബി എസ് എ) ഗൗരവ് ശുക്ല പറഞ്ഞു. ബി എസ് എ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ഉത്തരവിട്ടു.