ഹിന്ദുത്വ ശക്തികളുടെ കൂടെ നില്‍ക്കാന്‍ ഒരിക്കലും എനിക്കാവില്ല- ബിന്ദു അമ്മിണി / ക്രിസ്റ്റിന കുരിശിങ്കല്‍

സമകാലിക കേരളത്തില്‍ ഒരു മുഖവുരയും ആവശ്യമില്ലാത്ത പേരാണ് ബിന്ദു അമ്മിണിയുടേത്. സംഘപരിവാര്‍ സൃഷ്ടിച്ച ഹിന്ദുത്വ യുക്തികളെ നഖശിഖാന്തം എതിര്‍ക്കുകയും സ്ത്രീ, ദലിത് പരിപ്രേക്ഷ്യത്തില്‍ നിന്നുകൊണ്ട് അതിനെതിരെ അവബോധ രൂപീകരണത്തിന് ശ്രമിക്കുകയും പലപ്പോഴും ഒറ്റയാള്‍ പോരാട്ടം നയിക്കുകയും ചെയ്ത ബിന്ദു അമ്മിണി, അക്കാരണത്താല്‍ തന്നെ തെരുവുകളില്‍ പോലും ആക്രമിക്കപ്പെട്ട ആക്ടിവിസ്റ്റാണ്. കേരള സമൂഹത്തില്‍ തിരിച്ചുവന്ന നവ ജാതി വ്യവസ്ഥയെ കുറിച്ച് മുസിരിസ് പോസ്റ്റുമായി സംസാരിക്കുകയാണ് അവര്‍. കേരളാ പൊലീസില്‍ സംഘപരിവാര്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന രീതിയില്‍ നേരത്തെ തന്നെ ഉയര്‍ന്നുവന്ന ആരോപണങ്ങളെ തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ശരിവെക്കുകയാണ് ഈ അഭിമുഖത്തില്‍ ബിന്ദു അമ്മിണി. 

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ ഒറ്റയാൾ പോരാട്ടത്തിലൂടെയാണ് ബിന്ദു അമ്മിണി ജനശ്രദ്ധയിലേക്ക് വരുന്നത്. എന്താണ് ഒരു കേവല വിശ്വാസി പോലുമല്ലാത്ത താങ്കളെ മല കയറാൻ പ്രേരിപ്പിച്ചത്?

അതൊരു വിശ്വാസത്തിന്‍റെ മാത്രം പ്രശ്നമല്ല. അവകാശത്തിന്‍റെ കൂടിയാണ്. പല അന്ധവിശ്വാസങ്ങളും തുടച്ചുനീക്കിയത് കേവല വിശ്വാസികൾ പോലും അല്ലാത്തവരുടെ ഇടപെടലിലൂടെയാണ്. എനിക്ക്‌ മുന്നേ വിപ്ലവകരമായ ഇടപെടലുകൾ നടത്തിയ നാവോത്ഥാന നായകർ തന്നെയാണ് എനിക്കും പ്രചോദനമായത്. ഭരണഘടന നിലനില്‍ക്കുന്ന രാജ്യത്ത് മനുസ്മൃതിയും അതുമായി ബന്ധപ്പെട്ട കാര്യങ്ങളുമെല്ലാം ആ സ്ഥാനത്തേക്ക് വരികയും ജാതി മുമ്പൊരിക്കലുമില്ലാത്ത രീതിയില്‍ മേല്‍ക്കൈ നേടുകയും അത്തരം ശക്തികള്‍ സമൂഹത്തില്‍ അഴിഞ്ഞാടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ആത്മാഭിനമുള്ള ഏതൊരാളും ചെയ്യുന്നതാണ് ഞാനും ചെയ്തത്. പിന്നെ ശബരിമല പ്രവേശം ഒറ്റയാൾ പോരാട്ടമായിരുന്നുവെന്നത് തികച്ചും അബദ്ധ ജഡിലമായ വിലയിരുത്തലാണ്. ഒരുപാടുപേർ പലവിധത്തിൽ അണിചേർന്നിട്ടുണ്ട്. ചിലർ പ്രത്യക്ഷമായും മറ്റു ചിലര്‍ പരോക്ഷമായും ശബരിമലയിലെ യുവതീ പ്രവേശത്തെ പിന്തുണക്കുകയും പങ്കാളികളാവുകയും ചെയ്തുകൊണ്ട് ഭരണഘടനാ മൂല്യങ്ങൾക്കൊപ്പം നിന്നിരുന്നു. സമൂഹത്തിലെ പുരോഗമനവാദികളായ കുറെയധികം ആളുകളുടെ പിന്തുണ ആ സമരത്തിന് ലഭിച്ചിരുന്നു. പക്ഷെ ശബരിമലയില്‍ കയറുവാന്‍ എല്ലാവര്‍ക്കും സാധിച്ചില്ല. വളരെ കുറച്ച് പേര്‍ക്ക് മാത്രമാണ് അതില്‍ വിജയിക്കുവാന്‍ സാധിച്ചത് എന്നത് ഒരു യാഥാര്‍ഥ്യമാണ്. 

കേരളത്തിലെ ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനം ശബരിമല പ്രവേശനത്തിന്‌ പിന്തുണ നല്കിയിരുന്നോ? 

വ്യക്തിപരമായി ഒരു പാര്‍ട്ടിയും എന്നോട് ഈ വിഷയത്തെ അനുകൂലിച്ച് സംസാരിച്ചിട്ടില്ല. ഇതൊരു പ്രത്യേക സാഹചര്യത്തിലുണ്ടായ മുന്നേറ്റമാണ്. ഇന്ത്യന്‍ ഭരണഘടനക്കും നീതിന്യായ വ്യവസ്ഥക്കും ഒരു വിഭാഗമാളുകള്‍ യാതൊരുവിധത്തിലുള്ള വിലയും കല്‍പ്പിക്കാതെ വരിക, സ്ത്രീകളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുക, കാലപങ്ങളുണ്ടാക്കുക തുടങ്ങിയ നിലയിലേക്ക് സാഹചര്യങ്ങള്‍ മാറിയപ്പോഴാണ് ഇത്തരമൊരു മുന്നേറ്റം നടത്താന്‍ ഞാന്‍ തീരുമാനിച്ചത്. അല്ലാതെ ശബരിമല കയറണമെന്ന് ഒരിക്കലും ഞാന്‍ ആഗ്രഹിച്ചിട്ടില്ല. അതിനകത്ത് നടക്കുന്ന അനിതീക്കെതിരെ ശബ്ദമുയര്‍ത്തണമെന്ന് തോന്നിയിട്ടുണ്ട്. എന്നാല്‍ എന്‍റെ ജീവിതാഭിലാഷം ശബരിമല പ്രവേശനമായിരുന്നില്ല. ഏതെങ്കിലും ഒരു രാഷ്ട്രീയപാര്‍ട്ടി ശക്തമായി നിലപാട് വ്യക്തമാക്കി, കൂടെ നിന്നിരുന്നുവെങ്കില്‍ ആ സമരം കുറച്ചുകൂടി എളുപ്പത്തില്‍ സാധ്യമാകുമായിരുന്നുവെന്നാണ് ഞാന്‍ മനസിലാക്കുന്നത്. കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രത്യേകിച്ച് ഇടതുപക്ഷ പാര്‍ട്ടികള്‍ കൃത്യമായ സമീപനം ഈ വിഷയത്തില്‍ സ്വീകരിച്ചില്ലെന്ന് നിസംശയം പറയാന്‍ സാധിക്കും. വ്യക്തമായ ഒരു നിലപാട് രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിച്ചിരുന്നെങ്കില്‍ കേരളത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ വളരെ വികൃതമായ രീതിയില്‍ പ്രവര്‍ത്തിക്കുമായിരുന്നില്ല. സിപിഐഎം, സിപിഐ എന്നീ രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ വനിതാ സംഘടനകളും ഒരുമിച്ചുനിന്ന് ശബരിമല പ്രവേശനത്തെ അനുകൂലിച്ചിരുന്നുവെങ്കില്‍ അത് തികച്ചും വേറിട്ട ഒരു സമരമായി മാറുമായിരുന്നു. അതിനാല്‍ ഈ വിഷയത്തില്‍ ഇടതുപക്ഷത്തെ നിശിതമായി വിമര്‍ശിക്കാതെ വേറെ വഴിയില്ല. 

ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട നിലപാടില്‍ നിന്ന് ഇടതുമുന്നണി വ്യതിച്ചലിച്ചത് നിയമസഭാ തെരഞ്ഞെടുപ്പ് വന്നപ്പോഴാണോ ?

തെരഞ്ഞെടുപ്പ് വന്നപ്പോള്‍ മാത്രമായുണ്ടായ ഒരു ചുവടുമാറ്റമായി ഇടതുപക്ഷ നിലപാടുമാറ്റത്തെ കാണാനോ വിലയിരുത്താനോ സാധിക്കില്ല. തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ശബരിമലയുടെ അടുത്തുവരെ ഞങ്ങള്‍ എത്തിയിരുന്നു. ആ സമയം ദേവസ്വം ബോര്‍ഡ് ഇടപെട്ടാണ് ഞങ്ങളെ താഴേക്ക് ഇറക്കിയത്. സ്ത്രീകളെ മലകയറ്റണമെന്ന ശക്തമായ തീരുമാനം ഇടതുപക്ഷത്തിന്‍റെ  ഭാഗത്തുനിന്നുമുണ്ടായിട്ടില്ല. ശബരിമലയില്‍ കയറണമെന്ന ഞങ്ങളുടെ വാശിക്ക് മുന്‍പില്‍ കോടതി ഉത്തരവ് പാലിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്. അല്ലാതെ ബഹുഭൂരിപക്ഷം രാഷ്ട്രീയ നേതാക്കള്‍ക്ക് അതിപ്പോള്‍, ഇടതോ വലതോ ആയിക്കോട്ടെ ശബരിമല സ്ത്രീപ്രവേശത്തെ അംഗീകരിക്കാനോ പിന്തുണ നല്‍കാനോ തയ്യാറായിരുന്നില്ല. സംഘപരിവാര്‍ ശക്തികള്‍ക്ക് മേല്‍ക്കൈ നേടാനുള്ള സാഹചര്യം സൃഷ്ടിച്ചതിന് സര്‍ക്കാരിന് വലിയ പങ്കാണുള്ളത്. കേരളാ സമൂഹത്തില്‍ ജാതി ഇത്രയുമധികം ചര്‍ച്ച ചെയ്യുന്ന ഒരു അവസ്ഥയിലേക്ക് എത്തിനില്‍ക്കുമ്പോഴാണ് ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആ സമയം സിപിഎം നിലപാട് മാറ്റിപ്പറഞ്ഞതിനെ ഒരിക്കലും ന്യായികരിക്കാന്‍ സാധിക്കില്ല. പവര്‍ പൊളിറ്റിക്സില്‍ ഇതെല്ലാം ഒരു അവിഭാജ്യ ഘടകമാണെന്ന് വിളിച്ചുപറയുന്ന ഒരു രീതിയാണ്‌ സിപിഎം സ്വീകരിച്ചത്. ഇത് സംഘപരിവാറിന്‍റെ വളര്‍ച്ചക്ക് വലിയ രീതിയിലുള്ള സഹായമാണ് നല്‍കിയത്. 

സ്ത്രീകള്‍ക്ക് വേണ്ടി നടത്തിയ ഒരു ചുവടുവെപ്പായിരുന്നു ശബരിമല പ്രവേശന സമരം. നമ്മുടെ സമൂഹത്തിലെ സ്ത്രീകളില്‍ നിന്നും പിന്തുണ ലഭിച്ചതായി കരുതുന്നുണ്ടോ?

ബഹുഭൂരിപക്ഷം സ്ത്രീകളും നല്ല പിന്തുണയാണ് നല്‍കിയത്. ഒരു ചെറിയ വിഭാഗമാണ്‌ പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്. എന്നാല്‍ ആ ചെറിയ വിഭാഗം വലിയൊരു വിഭാഗമായി മാറിയതായാണ് സമൂഹത്തിന് തോന്നിയത്. ഒരുപാട് സ്ത്രീകള്‍, അതായത് പ്രായമായവരും യുവജനങ്ങളും വളരെ സ്നേഹത്തോടെയാണ് മലയിറങ്ങി വരുമ്പോള്‍ സ്വീകരിക്കാന്‍ നിന്നത്. എന്നാല്‍ ചിലയാളുകള്‍ അതായത് പൊളിറ്റിക്കലി മോട്ടിവേറ്റഡ് ആയ ചിലര്‍ സംഘര്‍ഷങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്. ബിജെപി, സംഘപരിവര്‍ എന്നിവരെ പിന്തുണക്കുന്ന ഒരു വിഭാഗം ആളുകളാണ് തെരുവില്‍ ഇറങ്ങി ശബരിമല പ്രവേശനത്തെ എതിര്‍ത്തത്. കേരളത്തിലെ എല്ലാ സ്ത്രീകളും ഈ സമരത്തിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നെങ്കില്‍ എന്താകും അവസ്ഥയെന്ന് നമുക്ക് ഊഹിക്കാന്‍ പോലും സാധിക്കില്ല. 

സത്രീകൾക്ക് മലകയറ്റം സാദ്ധ്യമാകുമെന്ന് താങ്കൾ കരുതുന്നുണ്ടൊ?

എന്തുകൊണ്ടില്ല. ബഹിരാകാശ ഗവേഷണത്തില്‍ വരെ സ്ത്രീകൾ ഒട്ടും ചെറുതല്ലാത്ത സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്ന കാലത്ത് മനുസ്മൃതി അടിസ്ഥാനമാക്കിയുള്ള സാമൂഹിക നീതിയും, നിയമവ്യവസ്‌ഥയും ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങൾക്ക് പ്രാധാന്യം കല്പ്പിച്ചുകൊടുക്കുന്ന പിന്തിരിപ്പന്മാർക്ക് ചരിത്രം മാപ്പ് കൊടുക്കില്ല.  ജാതി വളരെ പ്രകടമായി മറനീക്കി പുറത്തുവന്നു. വർഗീയ ധ്രുവീകരണം, ജാതിവ്യവസ്ഥ, അതിലെ എല്ലാ പിന്തിരിപ്പൻ ആശയങ്ങളും പുരോഗമന കേരളത്തിൽ എത്രമാത്രം വേരോടിയിരിക്കുന്നു എന്നത് വെളിച്ചത്തുകൊണ്ടുവരാന്‍ ആ സമരംകൊണ്ട് കഴിഞ്ഞു. ആരൊക്കെ എതിര്‍ത്താലും ശബരിമലയെന്നല്ല എല്ലാ മേഖലയും സ്ത്രീകള്‍ കൈയ്യടക്കും. ശബരിമലയില്‍ വ്യാപകമായി ആളുകള്‍ കയറാന്‍ കാലതാമസം വന്നേക്കും. എങ്കിലും ഒരിക്കല്‍ തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ടാകുമ്പോള്‍ സ്ത്രീകള്‍ മലകയറുകതന്നെ ചെയ്യും. വളര്‍ന്നു വരുന്ന തലമുറയില്‍ വളരെ പ്രതീക്ഷയാണുള്ളത്. അവര്‍ അവരുടെ തലച്ചോര്‍ ആര്‍ക്കും അടിയറവ് വെച്ചിട്ടില്ലെന്ന് പലകാര്യങ്ങളില്‍ നിന്നും നമുക്ക് മനസിലാക്കാന്‍ സാധിക്കും. വളരെ കുറച്ച് ആളുകള്‍ മാത്രമാണ് രാഷ്ട്രീയമായി ചില പ്രശ്നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നത്. അവരെ ബഹുഭൂരിപക്ഷമായി പ്രതിഷ്ഠിക്കുന്നതില്‍ ഇവിടുത്തെ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും വീഴ്ച പറ്റിയിട്ടുണ്ട്.

ഫ്യൂഡൽ മൂല്യങ്ങൾക്ക് ഇന്ന് നമുക്ക് ഊഹിക്കാൻ കഴിയുന്നതിനപ്പുറം ശക്തിയുണ്ടായിരുന്ന കാലത്താണ് ക്ഷേത്രപ്രവേശനത്തിനായി വൈക്കം, ഗുരുവായൂർ സത്യാഗ്രഹങ്ങൾ നടന്നത്. ആ ഐതിഹാസിക പോരാട്ടങ്ങളിൽ നേതൃത്വപരമായ പങ്കുവഹിച്ച കെ കേളപ്പൻ, പി കൃഷ്ണപിള്ള, ഏ കെ ജി തുടങ്ങിയവരെ കേരളം ഇന്ന് ആദരവോടെയാണ് കാണുന്നത്. ഇത്തരത്തിൽ ബിന്ദു അമ്മിണിയെപ്പോലുള്ളവർ വരുംകാലത്ത് ബഹുമാനിക്കപ്പെടും എന്ന് തോന്നുന്നുണ്ടൊ?

ബിന്ദു അമ്മിണിയോ മറ്റാരെങ്കിലുമൊ ആദരിക്കപ്പെടുക എന്നതിലല്ല, ഞാൻ മുന്നോട്ട് വെക്കുന്ന നിലപാട് അംഗീകരിക്കപെടുക എന്നതിലാണ് കാര്യം. ഭരണഘടനാ മൂല്യങ്ങളിലൂന്നിയ നിലപാടുകൾ അംഗീകരിക്കപെടുക തന്നെ ചെയ്യും. താങ്കള്‍ പറഞ്ഞ പേരുകാരുമായി എന്നെ തുലനം ചെയ്യാന്‍ പോലും സാധിക്കില്ല. സമൂഹത്തിലെ വിവിധപ്രശ്നങ്ങള്‍ക്കെതിരെ ശക്തമായ പോരാട്ടം നടത്തിയവരാണ് അവരൊക്കെയെന്ന് നമ്മുക്കറിയാം. അവര്‍ വലിയ നവോഥാന നായകന്‍മാരാണ്. 

മലകയറിയ മറ്റ് സ്ത്രീകളില്‍ നിന്നും ബിന്ദു അമ്മിണിയെ സംഘപരിവാര്‍ സംഘടനയുടെ ആളുകള്‍ തെരഞ്ഞുപിടിച്ച് അക്രമിക്കുന്നുവെന്ന് തോന്നിയിട്ടുണ്ടോ? 

തോന്നിയിട്ടുണ്ട്. ശബരിമല പ്രവേശനത്തിന് വേണ്ടി ആദ്യാവസാനം നിലകൊണ്ടയാളാണ് ഞാന്‍. അതുമാത്രമല്ല, ഞാന്‍ എപ്പോഴും പറയുന്നത് സംഘപരിവാര്‍ വിരുദ്ധ രാഷ്ട്രീയമാണ്. എന്‍റെ ദളിത് ഐഡന്‍റിറ്റി സംഘപരിവാര്‍ അനുകൂലികള്‍ ഒരു അവസരമായി മുതലെടുത്താണ് നിരന്തരമായി ഉപദ്രവിക്കാന്‍ ശ്രമം നടത്തുന്നത്. ഏറ്റവും അവസാനം അക്രമം നടന്നത് കോഴിക്കോട് ബീച്ച് സൈഡില്‍ വെച്ചാണ്. എന്‍റെ വീഡിയോ അയാളുടെ ഫോണില്‍ പകര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. ഞാന്‍ അത് ചോദ്യം ചെയ്തു. അതേതുടര്‍ന്നാണ് എനിക്ക് നേരെ അതിക്രമമുണ്ടായത്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. പലയിടങ്ങളില്‍ വെച്ച് ഇത്തരം അനുഭവങ്ങള്‍ എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. എനിക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളുടെ പിന്നിലെല്ലാം സംഘപരിവാര്‍ ശക്തികളാണ്. അവര്‍ സമൂഹത്തില്‍ ശക്തിപ്രാപിച്ചുവരുന്നുവെന്നതുകൊണ്ടാണ് എന്നെപ്പോലെയുള്ള സ്ത്രീകള്‍ ഇത്തരം ആളുകളുടെ അതിക്രമങ്ങള്‍ക്ക് ഇരയാകുന്നത്. ഞാന്‍ മനസിലാക്കുന്നത് എന്നെപ്പോലെയുള്ളവരെ ആക്രമിച്ച് കഴിഞ്ഞാല്‍ അവര്‍ക്ക് പണവും ഉന്നത പദവിയും ലഭിക്കുമെന്നാണ്. അത് മനസിലാക്കി തന്നെയാണ് അവര്‍ ഇത്തരം അതിക്രമങ്ങള്‍ മുതിരുന്നത്. എന്നെ ഒരിക്കല്‍ ബസില്‍ നിന്നും ഇറക്കിവിടാന്‍ ശ്രമിച്ച ബസിലെ കണ്ടക്ടറെയും സ്റ്റാഫിനെയും മാലയിട്ടാണ് ഇത്തരം ശക്തികള്‍ സ്വീകരിച്ചത്. സ്ത്രീകളെ അതിക്രമിക്കുന്നവര്‍ക്ക് ഒരു വീരപരിവേഷം ലഭിക്കുകയാണ്. ഇങ്ങനെ ഒരു വീരപരിവേഷം നല്‍കുന്ന സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കൂടികൊണ്ടെയിരിക്കും. 

സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല എന്ന് തോന്നുന്നുണ്ടോ? 

അങ്ങനെ പറയേണ്ടിവരും. കാരണം എനിക്കുനേരെ  അതിക്രമമുണ്ടായപ്പോഴാണ് സംഘപരിവാറിന്‍റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ പുറംലോകം അറിഞ്ഞത്. എന്നെ കോഴിക്കോട് ബീച്ചില്‍ വെച്ച് അതിക്രമിച്ച അതേ പ്രതി അതിന്‍റെ തലേയാഴ്ച്ച അവിടെയെത്തിയ മറ്റ് ആക്ടിവിസ്റ്റുകളോടും ഇതുപോലെ തന്നെ പെരുമാറിയിട്ടുണ്ട്. അവര്‍ പൊലീസിനോട് ഇക്കാര്യം പറഞ്ഞപ്പോള്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞത് ഞങ്ങള്‍ക്കിവര്‍ക്കെതിരെ കേസ് എടുക്കാന്‍ സാധിക്കില്ല. ഉപദേശിച്ച് വിടാന്‍ മാത്രമേ കഴിയൂവെന്നാണ്. പൊലീസുകാര്‍ പലപ്പോഴും കേസ് എടുക്കാനോ എഫ് ഐ ആര്‍ ഇടാനോ തയ്യാറാകുന്നില്ല. പരാതിയുമായി എത്തുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിലാണ് പൊലീസ് സംവിധാനം പെരുമാറുന്നത്. കേരളാ പൊലിസ് അറിഞ്ഞോ അറിയാതയോ പ്രതികളെ സംരക്ഷിക്കുന്ന ഒരു രീതിയാണ് സ്വീകരിക്കുന്നത്. എനിക്കെതിരെ അതിക്രമമുണ്ടായപ്പോള്‍ എന്നെ കുറ്റക്കാരിയാക്കാനാണ് പൊലീസ് ശ്രമിച്ചത്. എന്നാല്‍ ആരോ വീഡിയോ ഷൂട്ട്‌ ചെയ്തതുകൊണ്ടാണ് ഞാന്‍ ഇരയും മറ്റേയാള്‍ പ്രതിയുമായത്. കോടതി ഉത്തരവ് പ്രകാരം എനിക്ക് പൊലീസ് പ്രോട്ടക്ഷനുണ്ട്. എനിക്കെതിരെ അതിക്രമമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അരമണിക്കൂര്‍ മുന്‍പ് തന്നെ ഞാന്‍ പൊലീസിനെ വിവരം അറിയിച്ചതാണ്. പക്ഷെ ഞാന്‍ പറഞ്ഞതിനെ പൊലീസ് അല്‍പ്പം പോലും മുഖവിലക്കെടുത്തില്ല. അതുമാത്രമല്ല, സംഭവത്തിനുശേഷം എന്നെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് ശ്രമിച്ചത്. യുപിലോ,ബീഹാറിലോ മാത്രമല്ല, കേരളത്തിലും സ്ത്രീകളും ദളിതുകളുമെല്ലാം അതിക്രമങ്ങള്‍ക്ക് ഇരയാകുന്നുണ്ട്. 

സിപിഐ നേതാവ് ആനി രാജ പറഞ്ഞതുപോലെ നമ്മുടെ പോലീസ് സേനയില്‍ സംഘപരിവാര്‍ അനുകൂലികള്‍ പ്രത്യേക രാഷ്ട്രീയ അജണ്ടവെച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന അഭിപ്രായം  താങ്കള്‍ക്കുണ്ടോ?

തീര്‍ച്ചയായും, അവരെ പിരിച്ചുവിടാനുള്ള ആര്‍ജവം സര്‍ക്കാര്‍ കാണിക്കണം. പൊലീസിന്‍റെ മനോഭാവം മാറേണ്ടതുണ്ട്. പൊലീസിലെ സംഘപരിവാര്‍ അനുകൂലികളായ ആളുകളെ പിരിച്ചുവിടുകയാണ് വേണ്ടത്. പൊതു ഇടങ്ങളില്‍ സ്ത്രീകള്‍ അതിക്രമിക്കപ്പെടുന്ന കേസുകളില്‍ വളരെ എളുപ്പത്തില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നുവെന്ന് കാണാന്‍ കഴിയും. പൊലീസ് സേനയിലുള്ള സംഘപരിവാറിന്‍റെ സ്വാധീനം മുഖ്യമന്ത്രി പിണറായി വിജയന് അറിയാന്‍ സാധിക്കുന്നില്ലെങ്കില്‍ അത് അഭ്യന്തര മന്ത്രിയുടെ വീഴ്ചയായി മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ. കേരള പൊലീസില്‍ സംഘപരിവാറിന്‍റെ സ്വാധീനമുണ്ടെന്ന് ആനി രാജ പറഞ്ഞത് വളരെ കൃത്യമായ കാര്യമാണ്. സേന അവരുടെ നിയന്ത്രണത്തിലാണ്. ഞാന്‍ സംഘപരിവാറിനെതിരെ കൊടുക്കുന്ന പരാതിയുടെ സമന്‍സ് എന്‍റെ കയ്യില്‍ കിട്ടുന്നത് കേസ് വിളിച്ചതിന് ശേഷമാണ്. അത്രയും സ്ട്രോങ്ങായാണ് ഇതിനുള്ളില്‍ സംഘപരിവാര്‍ അനുകൂലികള്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനെതിരെ നടപടിയെടുക്കാനാണ് കേരള സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. അല്ലാത്ത പക്ഷം സംഘപരിവാറിനെതിരെ ഘോരം ഘോരം പ്രസംഗിച്ചിട്ടൊന്നും യാതൊരുവിധത്തിലുള്ള കാര്യവുമില്ല. സി പി എമ്മിന് ബി ജെ പിയുമായി ബന്ധമുണ്ടെന്നൊന്നും ഞാന്‍ ആരോപിക്കുന്നില്ല. പക്ഷെ പൊലീസിനുള്ളിലെ സംഘപരിവാര്‍ ബന്ധം അവസാനിപ്പിച്ചിട്ടില്ലെങ്കില്‍ കേരളത്തില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകും.

പിന്നാക്ക ജാതിയില്‍പ്പെട്ടവര്‍ ക്ഷേത്രപ്രവേശനത്തിനായി പോരാട്ടം നടത്തിയ കാലത്ത് അവര്‍ക്ക് യാഥാസ്ഥിതികരോടാണ് പോരാടേണ്ടി വന്നിട്ടുള്ളത്. ഇന്ന് സംഘപരിവാറിന് മേല്‍ക്കയ്യുള്ള തീവ്രവലതുപക്ഷ ആശയങ്ങളെയും അതില്‍ നിന്ന് ഊര്‍ജമുള്‍ക്കൊണ്ട അക്രമണോത്സകതയേയുമാണ്‌ നേരിടേണ്ടി വരുന്നത്. ഇതെങ്ങനെ മുറിച്ചു കടക്കും? 

എന്നും ഹിന്ദുത്വയോടാനാണ് പോരാടേണ്ടി വന്നിട്ടുള്ളത് എന്നാണ് എന്റെ വിലയിരുത്തല്‍. അന്നത്തെ ഫ്യൂഡല്‍ സൊസൈറ്റിയില്‍ ഉള്ളതിനേക്കാള്‍ ശക്തമായ രീതിയിലാണ് ഇന്ന് ഹിന്ദുത്വ തിരിച്ചുവന്നിരിക്കുന്നത്. സമൂഹത്തിന്‍റെ എല്ലാ മേഖലയിലും ഇത് കാണാന്‍ സാധിക്കും. ഇവിടുത്തെ വലത്, ഇടതു കക്ഷികളിലും ഇത് ഒരു പരിധിവരെയുണ്ട്. അതിനുള്ള വേദിയോരുക്കുന്നതിന് അറിഞ്ഞോ അറിയാതയോ ഇടതുപക്ഷ പാര്‍ട്ടികള്‍ വഴിയൊരുക്കുന്നുണ്ടെന്ന് പറയേണ്ടിവരും. ഇത്തരം ആശയങ്ങള്‍ വളര്‍ന്നുവരുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ഇടതുപക്ഷത്തുനിന്നും കാര്യമായ ഇടപെടലുകള്‍ ഉണ്ടാകുന്നില്ല. ഞങ്ങളും വിശ്വാസ സംരക്ഷകരാണ് എന്നു പറയുന്ന ഒരു മൃദുഹിന്ദുത്വ സമീപനത്തിലൂടെ മറികടക്കാന്‍ സാധിക്കുന്ന ഒന്നല്ലയിത്. സിപിഎം,സിപിഐ തുടങ്ങിയ ഇടതുപക്ഷ പാര്‍ട്ടികള്‍ അവരുടെ അണികള്‍ക്കെങ്കിലും കൃത്യമായ മാര്‍ഗനിര്‍ദ്ദേശം നല്‍കുക. അല്ലാത്തപക്ഷം ഇടതുമുന്നണി മുന്‍പോട്ടുവെക്കുന്ന ആശയം പരാജയപ്പെടും. സംഘപരിവാര്‍ ആശയങ്ങള്‍ മേല്‍ക്കൈ നേടുകയാണ്. കോണ്‍ഗ്രസ് തന്നെ ഇല്ലാതായികൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണുള്ളത്. ഇന്നത്തെ സാഹചര്യത്തില്‍ പകരം വെക്കാവുന്ന ഒരു പാര്‍ട്ടിയായി കോണ്‍ഗ്രസിനെ ആരും കാണുന്നില്ലായെന്നതാണ് വസ്തുത. ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയിക്കാനായത് ഇവിടുത്തെ വിശ്വാസികളുടെ വോട്ടുകൊണ്ടൊന്നുമല്ല. മറിച്ച് ഇവിടുത്തെ സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ നൂനപക്ഷങ്ങള്‍ നല്‍കിയ വോട്ടിന്‍റെ അടിസ്ഥാനത്തിലാണ് ആ വിജയം ഉറപ്പിക്കാനായതെന്ന് പറയാന്‍ സാധിക്കും. സംഘപരിവാറിനെതിരെയുള്ള വോട്ടുകളാണ് ഇന്ത്യയില്‍ ഒറ്റകക്ഷിയായി വരാന്‍ സാധ്യതയുള്ള കോണ്‍ഗ്രസിന് ലഭിച്ചത്. പക്ഷെ ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കോണ്‍ഗ്രസ് പാര്‍ട്ടിയിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടമായി. പിന്നീടുള്ള തെരഞ്ഞെടുപ്പുകളെല്ലാം അതിനെ ശരിവെയ്ക്കുന്നതായിരുന്നു. അതുകൊണ്ടുതന്നെ ഒരു ബദല്‍ സംവിധാനം ഉയര്‍ത്തികൊണ്ടുവരേണ്ടത് ഇവിടുത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ്. ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുകയും കൃത്യമായ നിലപാടുകള്‍ സ്വീകരിക്കുകയും വേണം.  ലോകത്ത് വന്ന മാറ്റങ്ങള്‍ ഉള്‍കൊണ്ട് മുന്‍പോട്ടുപോകാന്‍ നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സാധിക്കണം. മനുസ്മൃതിയുടെ മൂല്യങ്ങളിലേക്കുള്ള തിരിച്ചുപോക്കാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്. അത് വളരെ പരിതാപകരമായ ഒന്നാണ്. ദുര്‍ഗാവാഹിനിയെന്ന പേരില്‍ ആളുകള്‍ ആയുധമെടുത്ത് പൊതുനിരത്തുകളില്‍ ആഘോഷ പ്രകടനങ്ങള്‍ നടത്തുന്നത് നാം കണ്ടതാണ്. അവര്‍ സമൂഹത്തിന് നല്‍കുന്ന സന്ദേശമെന്താണ്? ശരണം വിളികളോടെയാണ് പൊതുനിരത്തിലൂടെ വാളുകളുമായി പ്രകടനം നടത്തുന്നത്. കൊലവിളി നടത്തുന്ന സംഘപരിവാറിന്‍റെ ദളങ്ങളായി പല ഗ്രൂപ്പുകളും ഇവിടെ മാറ്റപ്പെടുന്നുണ്ട്. കേരളത്തിലാണ് ഇതെല്ലാം സംഭവിക്കുന്നതെന്നത് ഭീതിയുണര്‍ത്തുന്ന കാര്യമാണ്. കേരളത്തില്‍ ജാതി തിരിച്ചുവരുന്നു, ദളിതുകള്‍ ആക്രമിക്കപ്പെടുന്നു, ആദിവാസി സമൂഹത്തിന് നേരെ ആക്രമണമുണ്ടാകുന്നു. ഇതൊക്കെ സംഭവിക്കുന്ന കേരളം ഏറ്റവും മഹത്തായ സംസ്ഥാനമാണെന്ന് പറഞ്ഞുനടന്നിട്ട് യാതൊരു കാര്യവുമില്ല. 

ഒരു ദളിത് എന്ന നിലയില്‍ താങ്കളുടെ ജോലി ഇരട്ടിക്കുന്നുണ്ടോ? 

തീര്‍ച്ചയായും. ഈ സമൂഹത്തില്‍ ദളിതെന്ന രീതിയിലും സ്ത്രീയെന്ന രീതിയിലും ഒരേസമയം വിവേചനം നേരിടുന്നയാളാണ് ഞാന്‍. ആദിവാസികള്‍ക്കെതിരെയും  നൂനപക്ഷങ്ങള്‍ക്കെതിരെയുമുള്ള അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നത് ഇവിടെ നാം കാണുന്നതാണ്. എന്നാല്‍ അതില്‍ എത്ര ആദിവാസികളെയും നൂനപക്ഷ വിഭാഗത്തില്‍ പെട്ടവരെയും കാണാറുണ്ട്. എല്ലാം  പ്രഹസനമായി മാറിക്കൊണ്ടിരിക്കുന്ന ഒരു ഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ആദിവാസികളുടെയും പിന്നോക്ക വിഭാഗങ്ങളുടെയും പ്രശ്നങ്ങള്‍ പഠിച്ച് സവര്‍ണവിഭാഗം ഇവിടെ പ്രസംഗങ്ങള്‍ നടത്തുമ്പോള്‍ പിന്നോക്ക വിഭാഗങ്ങളിലുള്ള എത്രപേര്‍ക്ക് ഈ ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നുണ്ട് എന്നുകൂടി നാം പഠിക്കേണ്ടതുണ്ട്. അരികുവത്ക്കരിക്കപ്പെട്ടവര്‍ എന്നും അരികുവത്ക്കരിക്കുകയാണ്. അവര്‍ക്ക് ജോലി നല്‍കാനോ, അവര്‍ക്ക് വേദി നല്‍കാനോ ആരും തയ്യാറാകുന്നില്ല. ഇതിനുള്ളിലെല്ലാം ജാതിയത നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് എന്നെപോലെയുള്ള ദളിത് വിഭാഗത്തില്‍പ്പെട്ടവരുടെ ജോലി ഇരട്ടിക്കുന്നുണ്ട് എന്ന് പറയുന്നത്.  

ഒരു ദളിത് സ്ത്രീകൂട്ടായ്മ നമ്മുടെ സമൂഹത്തിന് ആവശ്യമാണെന്ന് തോന്നുന്നുണ്ടോ?

അത് അനിവാര്യമാണ്. പക്ഷെ പ്രശ്നമെന്താണെന്ന് വെച്ചാല്‍ കേരളത്തിലെ ദളിത് ആക്ടിവിസ്റ്റുകളെല്ലാം പല ധ്രുവങ്ങളിലാണ്. അതുകൊണ്ടുതന്നെ ഐക്യപ്പെട്ടുകൊണ്ട് പ്രവര്‍ത്തിക്കുകയെന്നത് അത്ര എളുപ്പല്ല. എന്നാല്‍ ഞാന്‍ അതിനുള്ള ചില ശ്രമങ്ങള്‍ നടത്തുന്നുണ്ട്. വയനാട് 'ഷീ പോയിന്‍റ് 'എന്ന പേരില്‍ സ്ത്രീകളുടെ ഒരു സ്പേസ് കഴിഞ്ഞ മാര്‍ച്ച് 8 ന് ആരംഭിച്ചിട്ടുണ്ട്. അതിനകത്തേക്ക് ഈ വിഭാഗത്തില്‍ നിന്നുള്ള ആളുകളെ ഉള്‍പ്പെടുത്താനുള്ള ശ്രമം നടത്തുന്നുണ്ട്. ഷീ പോയിന്‍റ്  ഒരു കോപ്പറേറ്റീവ് ഫെമിനിസ്റ്റ് തിയറിയാണ് മുന്നോട്ടുവെയ്ക്കുന്നത്. പലവിഭാഗങ്ങളില്‍പെട്ട ആളുകള്‍ക്ക് ഒരുമിച്ചുവരാന്‍ പറ്റുന്ന ഒരു സ്ഥലമായിട്ട് അതിനെ മാറ്റണമെന്നാണ് ആഗ്രഹിക്കുന്നത്. എന്തെങ്കിലും ഒരു ആശയത്തിലേക്ക് ആളുകളെ ചേര്‍ത്തുനിര്‍ത്താന്‍ ശ്രമിക്കുന്നത് ഇന്നത്തെ കാലഘട്ടത്തില്‍ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ വിവിധ ആശയങ്ങളെ ഒരുമിപ്പിച്ച് ചേര്‍ത്തുപിടിക്കാനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ കേരളത്തിന്‍റെ സവിശേഷമായ സാഹചര്യത്തില്‍ ഇത്തരം പ്രസ്ഥാനങ്ങള്‍ വളര്‍ന്നുവരാന്‍ ചിലപ്പോള്‍ വര്‍ഷങ്ങള്‍ തന്നെ വേണ്ടിവന്നേക്കാം.

ഒരു ദളിത്‌ സ്ത്രീയെന്ന രീതിയില്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ എന്തൊക്കെയാണ്?

ഒരുപാട് പ്രശ്നങ്ങള്‍ നമ്മുടെ സമൂഹത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്നുണ്ട്. പൊതുസമൂഹത്തില്‍, ജോലി സ്ഥലത്ത്, കുടുംബത്തില്‍,.. അങ്ങനെ എല്ലാ മേഖലകളിലും സ്ത്രീകള്‍ ചൂഷ്ണം ചെയ്യപ്പെടുന്നുണ്ട്. ദളിത് സ്ത്രീകളാകട്ടെ അതിലേറെ വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. അതിജീവിച്ച് മുന്നോട്ട് പോകുകയെന്ന് പറയുന്നത് വളരെ പ്രയാസമേറിയ കാര്യമാണ്. കുടുംബത്തില്‍ നിന്നോ  സമൂഹത്തില്‍ നിന്നോ വ്യക്തി ബന്ധങ്ങളില്‍ നിന്നോ നമുക്ക് ഒരു പിന്തുണയും ലഭിക്കണമെന്നില്ല. എല്ലാതരം ആളുകളോടും പടപൊരുതിയാണ്‌ നമ്മള്‍ മുന്‍പോട്ട് പോകേണ്ടിവരിക. അത് പലപ്പോഴും ഒറ്റപ്പെടലിനും, മാനസിക സമര്‍ദ്ദത്തിനും വഴി വെച്ചേക്കാം, പലപ്പോഴും നമുക്കൊപ്പം പ്രവര്‍ത്തിക്കുന്ന പലരും പകുതിയില്‍ വീണുപോയേക്കാം. ഇതൊക്കെ പ്രതിസന്ധി വര്‍ദ്ധിപ്പിക്കുന്നുണ്ട്.   സാമ്പത്തിക സ്വയാശ്രയത്വം ഇല്ലായ്മ അതിലേറെ വലിയ പ്രതിസന്ധിയാണ്. ഇതെല്ലാം വിലയിരുത്തുമ്പോള്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ വളരെ വലുതാണ്. ഇതിനൊക്കെ അപ്പുറത്താണ് ദളിത് സ്ത്രീകളുടെ ബുദ്ധിമുട്ടുകള്‍. ദളിതെന്ന രീതിയിലുള്ള മാറ്റി നിര്‍ത്തലുകള്‍ എനിക്ക് ചെറുപ്പത്തില്‍ അനുഭവപ്പെട്ടിരുന്നില്ലെങ്കിലും എന്‍റെ വളര്‍ച്ചയുടെ ഘട്ടത്തില്‍ പലരുടേയും അനുഭവങ്ങള്‍ക്ക് ഞാന്‍ സാക്ഷിയായിട്ടുണ്ട്. ആ ആനുഭവം ഇത്തരം സമുദായങ്ങളുടെ മാത്രം അനുഭവമാണ്. അതുകൊണ്ട് ചെറുപ്പം മുതല്‍ തന്നെ എസ് സി/എസ് ടി വിഭാഗത്തിന്‍റെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കണമെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു.

ലോ കോളേജ് അധ്യാപികയാണല്ലോ, നിയമം വ്യവഹാരമായി തെരഞ്ഞെടുത്തതിന് പിന്നില്‍ പ്രത്യേക ലക്ഷ്യങ്ങളുണ്ടായിരുന്നോ? 

പഠിക്കാനായി നിയമം തെരഞ്ഞെടുത്തപ്പോള്‍ വേറെ വലിയ ഉദ്ദേശങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്‍റെ കൌമാര കാലത്ത് നിയമം പഠിക്കാനായിരുന്നില്ല എനിക്ക് താത്പര്യം. മതങ്ങളെക്കുറിച്ച് ഒരു താരതമ്യ പഠനം ആയിരുന്നു ഉദ്ദേശിച്ചിരുന്നത്. അന്നൊക്കെ ഞാന്‍ ഒരു വലിയ വിശ്വാസിയായിരുന്നു. അപ്പോള്‍ എല്ലാ മതങ്ങളെക്കുറിച്ചും പഠിക്കണമെന്നായിരുന്നു ആഗ്രഹം. പിന്നീട് എന്‍റെ വായനയുടെ തലമൊക്കെ കൂടിയപ്പോഴാണ് ഞാന്‍ ദളിത് സ്റ്റഡിസില്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നത്. ഈ വിഷയം പഠിക്കുമ്പോഴാണ്, ദളിതുകളുടെ ജീവിത സാഹചര്യത്തെക്കുറിച്ച് കൃത്യമായ വസ്തുതകള്‍ ഉള്ളടങ്ങിയ  ഒരു ചരിത്രം നമുക്ക് ലഭിക്കാനില്ലെന്ന് മനസിലാകുന്നത്. ഡോക്യൂമെന്‍റേഷന്‍ തന്നെ പലതും തെറ്റാണ്. കാരണം ദളിത് സമുദായത്തിന് പുറത്തുള്ളവരാണ് ഇത്തരം കാര്യങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതാകട്ടെ പലരുടെയും താത്പര്യങ്ങള്‍ക്കനുസരിച്ച് വളച്ചൊടിച്ച് എഴുതപ്പെട്ടതാണ്. അതുകൊണ്ടുതന്നെ ദളിത്, ആദിവാസി വിഭാഗത്തില്‍ നിന്നുള്ളവര്‍ തന്നെ തങ്ങളുടെ ചരിത്രം രചിക്കേണ്ടതാണ്. 

മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായുള്ള കൊടുക്കല്‍ വാങ്ങലുകളിലൂടെ അധസ്ഥിതരുടെ മുന്നേറ്റത്തിന് വഴിവെട്ടാനാകുമോ എന്ന അന്വേഷണമുണ്ട് ഡോ. ബി ആര്‍ അംബേദ്‌കറുടെ രാഷ്ട്രീയ പ്രയോഗങ്ങളില്‍. ഈ മാര്‍ഗം അവലംബിക്കുന്നതിനെക്കുറിച്ച് എന്താണഭിപ്രായം?

അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിലാണ് അദ്ദേഹം ആ നിലപാടുകള്‍ സ്വീകരിച്ചത്. പല പാര്‍ട്ടികളും ചില ദളിത് സംഘടനകളും പിന്തുടരുന്ന രീതിയും അതാണ്‌. ഒരു പ്രഷര്‍ ടാക്റ്റിക്സാണത്. ഞാന്‍ അതിനെ അംഗീകരിക്കുന്നില്ല. അംബേദ്‌കര്‍ ഹിന്ദുത്വ ശക്തികള്‍ക്കെതിരെ ശക്തമായ നിലപാട് എടുത്തൊരാളാണ്. അതുപോലെ സംഘപരിവാരില്‍ നിന്നും എന്തെങ്കിലും സ്വീകരിക്കുന്ന നിലപാടുകളെയൊന്നും എനിക്കും ഒരു കാലത്തും അംഗീകരിക്കാന്‍ സാധിക്കില്ല. ഇരകള്‍ക്ക്  വേട്ടക്കാര്‍ക്കൊപ്പം മുന്നോട്ട് പോകാന്‍ സാധിക്കില്ല. 

ഇടതുപക്ഷ രാഷ്ട്രീയമാണ് തന്‍റെതെന്ന് പറയുമ്പോഴും താങ്കള്‍ സിപിഎമ്മിന്‍റെയോ സിപിഐയുടെയോ ഭാഗമല്ല. എന്തുകൊണ്ടാണ് മുഖ്യാധാര രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്ന് അകലം പാലിച്ചുനില്‍ക്കുന്നത്? 

എന്‍റെ സമുദായത്തിലുള്ള ആളുകളുടെ താത്പര്യങ്ങള്‍ സംരക്ഷിച്ച് മുന്‍പോട്ട് പോകുന്ന തരത്തില്‍ പ്രവര്‍ത്തിക്കാനുള്ള ഇടമാണ് ആവശ്യം. അത്തരമൊരു ഇടം ഇടതുപക്ഷ പാര്‍ട്ടികള്‍ നല്‍കിയിരുന്നുവെങ്കില്‍ ഒരു പക്ഷെ ഞാന്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് കടന്നുവരുമായിരുന്നു. ദളിതുകളെ സംരക്ഷിക്കണമെന്ന് ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഒരിക്കലും തോന്നറില്ലായെന്നത് ഒരു വസ്തുതയാണ്. ഈ അടുത്തിടെ പിങ്ക് പൊലീസ് ഒരു പെണ്‍കുട്ടിയോട് എങ്ങനെയാണ് പെരുമാറിയതെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ആ കുട്ടിക്കുണ്ടായ മനസിക സംഘര്‍ഷമൊന്നും ഇവിടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രത്യേകിച്ച് ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനം ഗൌരവമായി എടുത്തില്ല എന്ന കാര്യം നാം കണ്ടതാണ്. നീതി നല്‍കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ലെന്ന് മാത്രമല്ല, ആ കുട്ടിക്ക് കോടതി നിര്‍ദ്ദേശിച്ച തുക കൊടുക്കാന്‍ പോലും തയ്യാറായില്ല. ആ പെണ്‍കുട്ടിയും അഛനും വീണ്ടും അപ്പീല്‍ പോകുകയാണ് ചെയ്തത്. ദളിതുകള്‍ ഇരയായി വരുന്ന ഓരോ വിഷയത്തിലും പ്രതികളെ സംരക്ഷിക്കുന്ന നിലപാടെടുക്കുന്നത് നന്നായി വേദനിപ്പിക്കുന്നുണ്ട്. അത്തരമൊരു നിലപാട് പാര്‍ട്ടികള്‍ സ്വീകരിക്കുമ്പോള്‍ എങ്ങനെയാണ് അവര്‍ക്കൊപ്പം പോകാന്‍ സാധിക്കുക. ഇവിടെയുള്ള ആദിവാസി ഊരുകള്‍ നോക്കുക. മിക്ക ആദിവാസി കുടിലുകളിലും ഒരു പ്ലാസ്റ്റിക്ക് ഷീറ്റ് പോലും വലിച്ച് കെട്ടാന്‍ സാധിക്കാതെ മഴയത്ത് കഴിയേണ്ടി വരുന്ന ആളുകളുണ്ട്. മരത്തിനടിയിലും പാറയിടുക്കുകളിലുമാണ് പലരും അഭയം പ്രാപിക്കുന്നത്. ഇങ്ങനെ ഒരു വിഭാഗം ആളുകള്‍ ജീവിക്കുമ്പോഴാണ് ഇവിടെ വീടുകള്‍ പൊളിച്ച് വീണ്ടും പുതിയ വീടുകള്‍ വെച്ച് കൊടുക്കുന്നത്. ഇവിടെ മുന്നോക്ക സംവരണം നടപ്പാക്കുമ്പോള്‍ ആര്‍ക്കാണ് അതുകൊണ്ട് ഗുണമുണ്ടാകുന്നത്? ഇത്തരം സംവരണം എസ് സി/ എസ് ടി വിഭാഗത്തിലുള്ള കുട്ടികളെക്കാള്‍ താഴെ നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ മുന്‍പില്‍ എത്തിക്കും. ഇതുവഴി അവസരങ്ങള്‍ ആര്‍ക്കാണ് നഷടപ്പെടുകയെന്നത് നേതാക്കള്‍ ചിന്തിക്കുന്നില്ല. പൊലീസിലും മറ്റും ജോലിക്ക് കയറിയ എത്ര ദളിതരാണ് ആത്മഹത്യ ചെയ്യുന്നത്. ഇതിനെതിരെയൊന്നും പ്രതികരിക്കാന്‍ ഇവിടുത്തെ രാഷ്ട്രീയ നേതാക്കള്‍ തയ്യാറാകുന്നില്ല. നിരന്തരമായി ആദിവാസികളും ദളിതരും അക്രമിക്കപ്പെടുമ്പോള്‍ അവരെ തള്ളി പറയുന്ന ആളുകളുടെ ഒപ്പം ചേര്‍ന്ന് എങ്ങനെ പോകാന്‍ സാധിക്കും. ഇടതുപക്ഷ ആശങ്ങളോട് താത്പര്യമുണ്ട്. എന്നാല്‍ നേതാക്കളുടെ പല രീതികളോടും എനിക്ക് വിയോജിപ്പുണ്ട്. ഇടതുപക്ഷത്തെ തള്ളിപ്പറഞ്ഞ് ഏതെങ്കിലും വലത് പാളയത്തിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നില്ല. അത് സിപിഎമ്മിനെക്കാള്‍ മികച്ചതാണന്ന പ്രതീക്ഷയുമില്ല. നിലവിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ മികച്ചത് ഇടതുപക്ഷമാണ്. 

ജീവിതത്തെക്കുറിച്ച് ഒരിക്കല്‍ ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ വിവരിക്കുകയുണ്ടായല്ലോ? അത്തരമൊരു തുറന്നെഴുത്തിന് പ്രേരിപ്പിച്ചത് എന്തായിരുന്നു?

നിരന്തരമായി എനിക്കെതിരെ സൈബര്‍ അറ്റാക്ക്, ബോഡി ഷെയിമിംഗ്, മോശം പദങ്ങള്‍ ഉപയോഗിച്ച് അഭിസംബോധന ചെയ്യല്‍, ജാത്യാധിക്ഷേപം തുടങ്ങിയ വളരെ മോശമായ സമീപനം ഒരു വിഭാഗത്തില്‍ നിന്നുമുണ്ടായപ്പോഴാണ് അത്തരമൊരു തുറന്നെഴുത്ത് നടത്തിയത്. ആ കുറിപ്പിനടിയിലും വളരെ മോശമായ രീതിയിലുള്ള കമന്‍റുകളാണ് വന്നത്. ഭീകരമായ സൈബര്‍ അറ്റാക്കാണ് അന്ന് നേരിടേണ്ടി വന്നത്. അതിലെ കുറച്ച് കമന്‍റുകള്‍ സ്ക്രീന്‍ ഷോര്‍ട്ട് ചെയ്തു പരാതി നല്‍കിയിരുന്നു. 2019- ലാണ് ഞാന്‍ പരാതി നല്‍കിയത്. ആ കേസില്‍ 3 പ്രതികളെ തിരിച്ചറിഞ്ഞുവെന്ന് പറഞ്ഞു പോലീസിന്‍റെ ഭാഗത്ത് നിന്നും ഒരു പ്രതികരണം 2022- ലാണ് ലഭിക്കുന്നത്. കേരളാ പൊലീസ് ഇത്തരം കാര്യങ്ങളൊന്നും ഒട്ടും സീരിയസായി എടുക്കുന്നില്ലെന്നാണ് ഇതില്‍ നിന്നും മനസിലാകുന്നത്. പ്രതികള്‍ക്ക് സംരക്ഷണം നല്‍കുകയാണ് പൊലീസ്. ഞാന്‍ നല്‍കിയ ഒരു പരാതിയില്‍ പോലും എനിക്ക് നീതി ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല. സൈബര്‍ ക്രൈം കൈകാര്യം ചെയ്യുന്നതില്‍ ലോക്കല്‍ പൊലീസിന് കൃത്യമായ അറിവില്ല എന്നതും വസ്തുതയാണ്. ആദിവാസികളും ദളിതുകളും ഇരകളായി വരുന്ന മിക്ക കേസുകളിലും പ്രതികളെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.

എങ്ങനെയാണ് ഇന്നത്തെ ബിന്ദു അമ്മിണി രൂപപ്പെടുന്നത്? കുട്ടിക്കാലമൊക്കെ എങ്ങനെയാണ് പിന്നിട്ടത്?

അനുഭവങ്ങൾ തന്നെയാണ് ഇന്നത്തെ എന്നെ രൂപപ്പെടുത്തിയത്. കുട്ടിക്കാലത്തെ കുറിച്ച് മധുരിക്കുന്ന ഓർമ്മകൾ ഒന്നും ഇല്ല. 5 വയസ്സു മുതൽ അമ്മയെ ജോലിയിൽ സഹായിച്ചിരുന്നു. പത്തനംതിട്ട ജില്ലയുടെ പല ഭാഗങ്ങളിലായിട്ടാണ് കുട്ടിക്കാലം ചിലവിട്ടത്.

സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളെ നേരിടാന്‍ നമ്മുടെ സംവിധാനങ്ങള്‍ക്കുള്ള പരിമിതികള്‍ എന്തൊക്കെയാണ്? 

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള പൊലീസ് സംവിധാനം തൃപ്തികരമല്ല. പല നിയമങ്ങളിലും വനിതാ പോലീസിന്റെ സാന്നിധ്യം നിര്‍ബന്ധമാണ്. എന്നാൽ കേവലം 20 ശതമാനം പോലും വനിതാ പോലീസ് നിലവിലില്ല. അത് പരിഹരിക്കേണ്ടതാണ്. ഓരോ സ്റ്റേഷനിലും 50 ശതമാനത്തിൽ കൂടുതൽ വനിതാ പൊലീസിനെ നിയമിക്കണം. സ്ത്രീകള്‍ക്ക് അനുകൂലമായ നിയമങ്ങൾ കർശനമായി നടപ്പാക്കണം. സ്ത്രീസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കപ്പെടണം. കേവലമൊരു ജോലിക്ക് വേണ്ടി മാത്രം വരുന്നവരെ നിയമിക്കാനുള്ള ഒരു സംവിധാനമായി പോലീസ് സേന മാറരുത്. ഫിസിക്കലി ഫിറ്റല്ലാത്ത മുഴുവൻ പോലീസുകാരേയും മറ്റ് ഡിപ്പാർട്മെന്റ്കളിലേക്കുമാറ്റി നിയമിക്കണം. ഉയർന്ന റാങ്കിലേക്ക് ആനുപാതികമായി സ്ഥാനക്കയറ്റം നൽകി അന്വേഷണത്തിന്റെയും മറ്റും ചുമതലകളിൽ സ്ത്രീ പ്രാധിനിത്യം ഉറപ്പാക്കണം. എല്ലായിടത്തും സ്ത്രീ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കപ്പെടണം. നിയമപരമായ പരിരക്ഷകൊണ്ടുമാത്രം സ്ത്രീ സുരക്ഷിതത്വം സാദ്ധ്യമാകില്ല. റിവേഴ്‌സ് കണ്ടീഷനിങ്ങ് നടക്കേണ്ടിയിരിക്കുന്നു. സ്ത്രീയും പുരുഷനും ഒരുമിച്ച് ചെയ്യാൻ സാധിക്കുന്നതൊക്കെയും സമഭാവനയോടെ ചെയ്യാൻ കഴിയണം. പുരുഷധിപത്യം തുടച്ചു നീക്കുന്നതിനു ബോധപൂർവ്വമായ ഇടപെടൽ നടത്തിയേ മതിയാവൂ.

കര്‍ഷക വേദികളില്‍ രാകേഷ് ടികായത്തിനൊപ്പം സമരം നടത്താന്‍ പോയല്ലൊ? അതിന് പ്രേരിപ്പിച്ച ഘടകം എന്തായിരുന്നു? ആ അനുഭവം എങ്ങനെയായിരുന്നു?

രാകേഷ് ടിക്കായതിനൊപ്പം മാത്രമല്ല, കർഷകർക്കൊപ്പം കൂടിയാണ് സമരത്തില്‍ പങ്കെടുത്തത്. ഞാൻ ഒരു കർഷകന്റെ മകൾ ആണ്. കർഷകന്റെ സഹോദരി ആണ്. ഭരണഘടനാ മൂല്യങ്ങൾ ഉയത്തിപ്പിടിച്ചു നടത്തിയ കർഷക സമരത്തിൽ നിന്നും ആത്മാഭിമാനം ഉള്ള ഒരാൾക്കും വിട്ടുനിൽക്കാനാവില്ലായിരുന്നു. അഭിമാനപൂർവ്വം ആണ് സമര ഓർമ്മകൾ പങ്കുവെക്കുന്നത്. കേരളത്തിന്റെ പ്രതിനിധി ആയി ഗാസിപൂർ ബോർഡറിൽ എനിക്ക്‌ അംഗീകാരം കിട്ടിയിരുന്നു. അവിടെ സ്ത്രീകൾക്ക് വേണ്ടി ഒരു ടെന്‍റ്  തുറന്നുകൊടുക്കാന്‍ കഴിഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ സ്നേഹവും ആദരവും ഒരിക്കലും വിസ്മരിക്കാൻ ആവില്ല. സഹോദരിയായും മകളായും എനിക്ക്‌ അവർക്കിടയിൽ പ്രവർത്തിക്കാൻ കഴിഞ്ഞു.

കയ്പ്പേറിയ നിരവധി അനുഭവങ്ങളിലൂടെ കടന്നുപോയ വ്യക്തി എന്ന നിലയില്‍ എന്ത് സന്ദേശമാണ് സമൂഹത്തിന് നല്‍കാനുള്ളത്? 

ഓരോ അനുഭവങ്ങളിലും കൂടുതൽ കരുത്താർജ്ജിക്കുകയാണ് വേണ്ടത്. ഒരിക്കലും സാഹോദര്യം, മാനവികത, എത്തിക്സ് ഇവ കൈവിടരുത്. വിശ്വാസ്യത കാത്തുസൂക്ഷിക്കാൻ എന്നും കഴിയണം. പ്രത്യാഘാതങ്ങൾ നോക്കാതെ ലക്ഷ്യത്തിലേക്കു നടന്നുകയറണം. സ്വയം പര്യാപ്തത കൈവരിക്കാനാവണം. വിവേക പൂർവ്വം പെരുമാറാൻ കഴിയണം. ജീവിതാവസാനം വരെ വിദ്യാർത്ഥിയായിയിരിക്കാൻ കഴിയണം. Self love, self respect ഇവ എപ്പോഴും ഉണ്ടായിരിക്കണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Christina Kurisingal

Recent Posts

Interview

മുതിര്‍ന്നാലും ട്രെയ്നിയാകേണ്ടിവരുന്ന വനിതാ ജേർണലിസ്റ്റുകള്‍- ലക്ഷ്മി പത്മ / ക്രിസ്റ്റിന കുരിശിങ്കല്‍

More
More
P P Shanavas 2 years ago
Interview

ഓർത്തുവെയ്ക്കാൻ ഒരു കവിതക്കാലം - ക്ഷേമ കെ. തോമസ് / പി. പി. ഷാനവാസ്‌

More
More
T K Sunil Kumar 3 years ago
Interview

ദൈവത്തെ പുരുഷവത്കരിച്ചത് എന്തിനാകും? - എറിൻ മാനിങ് / ടി. കെ. സുനില്‍ കുമാര്‍

More
More