റിയാദ്: മക്കയിലെത്തി ഉംറ നിര്‍വഹിച്ച് ബോളിവുഡ് നടന് ഷാറൂഖ് ഖാന്. 'ഡന്‍കി' എന്ന സിനിമയുടെ ചിത്രീകരണത്തിനായി സൗദിയിലെത്തിയപ്പോഴാണ് നടന് ഉംറ കര്‍മ്മം നിര്‍വഹിച്ചത്. ഷാറൂഖ് മസ്ജിദുല്‍ ഹറാമില്‍ ഇഹ്റാം വസ്ത്രം ധരിച്ച് നില്ക്കുന്ന ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. നടന്റെ ഫാന്പേജുകളിലൂടെ പുറത്തുവിട്ട ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. അദ്ദേഹത്തിന്റെ പ്രാര്‍ത്ഥന അല്ലാഹു കേള്‍ക്കട്ടെ എന്നും ഷാറൂഖിനും കുടുംബത്തിനും നല്ലത് വരട്ടെ എന്നുമുള്പ്പെടെയുളള കമന്റുകളാണ് ചിത്രത്തിനുതാഴെ വരുന്നത്. ഹജ്ജ് ചെയ്യുക എന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് ഷാറൂഖ് ഖാന് നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
രാജ്കുമാര് ഹിരാനിയാണ് 'ഡങ്കി' യുടെ സംവിധായകന്. തപ്സി പന്നുവാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം 2023-ലാണ് തിയറ്ററുകളിലെത്തുക. റെഡ് ചില്ലീസ് എന്റര്ടൈന്മെന്റ്സ്, രാജ്കുമാര് ഹിരാനി ഫിലിംസ്, ജിയോ സ്റ്റുഡിയോ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ബൊമന്‍ ഇറാനിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അതേസമയം, ജവാന്, പത്താന് എന്നീ സിനിമകളാണ് ഷാറൂഖിന്റേതായി ഇനി പുറത്തിറങ്ങാനുളള ചിത്രങ്ങള്‍. പത്താന് 2023 ജനുവരി 25-ന് തിയറ്ററുകളിലെത്തും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക