ഗാന്ധിവധത്തിന് തൂക്കിലേറ്റപ്പെട്ട നാരായണ്‍ ആപ്‌തെയുടെ കാമുകി- ഇ സനീഷ്

മനോരമ ക്രിസ്ത്യാനി ആയിരുന്നു. മനോരമ സാല്‍വി, അതാണ് മുഴുവന്‍ പേര്. ഗാന്ധിയെ കൊന്നതിന് ഗോഡ്‌സെക്കൊപ്പം തൂക്കിലേറ്റപ്പെട്ട നാരായണ്‍ ആപ്‌തെയുടെ കാമുകിയായിരുന്നു അവര്‍. 

ഗാന്ധി വധത്തിന് ശേഷമുള്ള ചോദ്യം ചെയ്യലില്‍ ഗോഡ്‌സെയില്‍ നിന്ന് തന്നെയാണ് മനോരമയുടെ പേര് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയത്. ഗോഡ്‌സെയെ സ്‌പോട്ടില്‍ വെച്ച് തന്നെ പിടികൂടിയിരുന്നല്ലോ, പത്ത് ദിവസത്തിനകം സവര്‍ക്കറുടെ വീട്ടില്‍ റെയ്ഡ് നടത്തി. ഗോപാല്‍ ഗോഡ്‌സെയെ അറസ്റ്റ് ചെയ്തു. ശങ്കറിനെ ബോംബെയില്‍ വെച്ച് പിടികൂടി. പക്ഷെ ആപ്‌തെയെ മാത്രം കിട്ടിയില്ല. ഗോഡ്‌സെയെ പോലെ തന്നെ കൊലയ്ക്ക പൂര്‍ണ ഉത്തരവാദിയാണ് ആപ്‌തെയും എന്ന് ഇതിനകം പൊലീസ് മനസ്സിലാക്കിയിരുന്നു,  ആളെ കിട്ടുന്നില്ല. അയാളിലേക്കുള്ള ലീഡ് തെരഞ്ഞ് ഒടുവിലാണ് ഗോഡ്‌സെയില്‍ നിന്ന് തന്നെ ഈ പേര് കിട്ടിയത് . മനോരമ സാല്‍വി. അടുത്തൊരു ആശുപത്രിയിലെ ഡോക്ടറുടെ മകള്‍. അടുത്ത ചാന്‍സില്‍ പൊലീസ് അവരെ കസ്റ്റഡിയിലെടുത്തു, ചോദ്യം ചെയ്യലിന് ഇരുത്തി.

മനോരമ ഞെട്ടിപ്പോയി. ഗാന്ധി കൊല്ലപ്പെട്ടത് ലോകത്ത് എല്ലാവര്‍ക്കും എന്ന പോലെ അവര്‍ക്കും അറിയാമായിരുന്നു. പക്ഷെ അവര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട , ഏറ്റവുമടുത്തറിയാവുന്നൊരാളാണ് ആ മഹാനെ കൊന്നത് എന്ന്  ഒരു സൂചനയും ഉണ്ടായിരുന്നില്ല. ആപ്‌തെ എന്ന് അവര്‍ക്ക് അറിയാവുന്ന മനുഷ്യന്‍ അത്തരമൊരാളായിരുന്നെന്ന് വിശ്വസിക്കാനേ പറ്റുമായിരുന്നില്ല. പതിനാറ് വയസ്സേ ഉണ്ടായിരുന്നുള്ളൂ അവര്‍ക്ക്. 

അത്യാവശ്യം സൗകര്യമൊക്കെയുള്ള വീട്ടില്‍ പിറന്ന് തീവ്രവാദിയായ ആളാണ് നാരായണ്‍ ആപ്‌തെ. (ഐ എസ് ഒക്കെ പിന്നെയേ വന്നുള്ളൂ ഓര്‍ക്കണം. ഹിന്ദുത്വക്കാര് ഇതൊക്കെ ഈ സീനൊക്കെ കണ്ടതാണ്.) കണക്ക് അധ്യാപകനായിരൂന്നു. 1932ല്‍ ബോംബെ സര്‍വ്വകലാശാലയില്‍ നിന്ന് ബി എ എടുത്തു. മൂന്ന് കൊല്ലത്തിന് ശേഷം അഹ്‌മദ് നഗറിലെ മിഷന്‍ ഹൈസ്‌കൂളില്‍ അധ്യാപകനായി . അവിടെ വിദ്യാര്‍ഥിനിയായിരുന്നു മനോരമ . മനോരമയെ കാണും മുമ്പ് തന്നെ ഇയാള് വിവാഹിതനാണ്. കുറച്ച് കാലം സ്‌കൂളില്‍ പഠിപ്പിച്ച ശേഷം ഇയാള് 1943ല്‍ റോയല്‍ എയര്‍ഫോഴ്‌സില്‍ ചേര്‍ന്നു. അവിടെ നിന്ന് കത്തുകളെഴുതിയെഴുതിയാണ് മനോരമയെ പ്രേമത്തിലാക്കിയത്. ഇക്കാലമായപ്പോഴേക്ക് മനോരമ സ്‌കൂള്‍ വിട്ട് ബോംബെ വില്‍സണ്‍ കോളജില്‍ ചേര്‍ന്നിരുന്നു. താമസം പണ്ഡിത രമാബായി ഹോസ്റ്റലില്‍. ആപ്‌തെ രണ്ടിടത്തും വരും. രാത്രികളില്‍ സിനിമയ്ക്ക് പോകും. ഒടുവിലൊടുവിലായപ്പോഴേക്ക് ചില ദിവസങ്ങളില്‍ ഒന്നിച്ച് താമസിക്കും. ഹോസ്റ്റലിലും അച്ഛനും അറിയാതിരിക്കാന്‍ ആപ്‌തെ കത്തുകളെഴുതുന്നത് നിര്‍മ്മല എന്ന പേരിലാണ്. 

ചോദ്യം ചെയ്യല്‍ മുറിയില്‍ മനോരമയ്‌ക്കൊപ്പം അച്ഛനും ഉണ്ടായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ട്  അച്ഛന്‍ മാത്രമല്ല, മനോരമയും ഞെട്ടിപ്പോയി.അച്ഛനെന്ന പോലെ അവരും അയാളെപ്പറ്റി പലതും ആദ്യമായി അറിയുകയായിരുന്നു. നാല് മണിക്കൂര്‍ ചോദ്യം ചെയ്യല്‍ നീണ്ടു. രണ്ട് മാസം മുമ്പ് പോലും അവരൊന്നിച്ച് താമസിച്ചിരുന്നു. വല്ലപ്പോഴും ആപ്‌തെ , ഗോഡ്‌സെയുമായി ചേര്‍ന്ന് നടത്തുന്ന അഗ്രണി എന്ന  പത്രം കൊണ്ട് വന്നിരുന്നു. അവളത് അത്ര സീരിയസായി വായിച്ചിരുന്നില്ല. ഇയാള്‍  അധികം രാഷ്ട്രീയമൊന്നും പറഞ്ഞിരുന്നില്ല. വല്ലപ്പോഴും പറയുന്ന രാഷ്ട്രീയത്തോടൊന്നും ഒരു കൗതുകവും മനോരമയ്ക്ക്  തോന്നിയിരുന്നുമില്ല. കാര്യങ്ങൾ വെളിവായി വരുമ്പോൾ ,ചോദ്യം ചെയ്യലിന്റെ ഏതോ നിമിഷം തൊട്ട് അവള്‍ അതികഠിനമായി അയാളെ വെറുത്ത് തുടങ്ങി എന്നാണ് ധീരേന്ദ്ര കെ ഝാ എഴുതുന്നത്. അടുത്ത ദിവസങ്ങളില്‍ ഒരു പക്ഷെ എന്നെ ഫോണില്‍ വിളിക്കുമായിരിക്കും എന്ന് അവള്‍ തന്നെയാണ് പൊലീസിനോട് പറയുന്നത്. അങ്ങനെ തന്നെ സംഭവിക്കുന്നു, രണ്ട് ദിവസത്തിനകം വിളി വരുന്നു. അത് ഫോളോ ചെയ്ത് പൊലീസ് നാരായണ്‍ ആപ്‌തെയെ അറസ്റ്റ് ചെയ്യുന്നു.

ക്രിസ്ത്യാനിയായിരുന്നു മനോരമ സാല്‍വി.പള്ളിയിലെ പാട്ടുകാരിയായിരുന്നു. അച്ഛനും മറ്റ് കുടുംബാംഗങ്ങളും നാട്ടിലാകെ സമ്മതരായവര്‍. അതിരൂക്ഷമായ വര്‍ഗീയ കലാപങ്ങളുടെ ആ കാലത്ത് , ഹിന്ദുത്വപ്രാന്തന്മാര് അഴിഞ്ഞാടുന്ന ആ കാലത്ത് ക്രിസ്ത്യാനികള്‍ക്ക് യേശുവെന്ന പൊലെ ആരാധനയര്‍ഹിക്കുന്നൊരു ഫിഗറായിരുന്നു മഹാത്മാ ഗാന്ധി. ആ ഗാന്ധിയെ കൊന്നയാളിന്റെ കാമുകിക്ക് , ഗാന്ധിവധമാകെ ലോകത്തെത്തന്നെ ഇളക്കി മറിച്ച ആ ദിവസങ്ങളിൽ എന്ത് സംഘര്‍ഷത്തെയാകും കടന്ന് പോകേണ്ടി വന്നിട്ടുണ്ടാവുക എന്ന്  പറയേണ്ടതില്ലല്ലോ.  കുടുംബവും നാടും അവള്‍ക്ക് നേരെ മുഖം തിരിച്ചു. അച്ഛനവളെ ഉപേക്ഷിച്ചു, അല്ലാതെ പറ്റുമായിരുന്നില്ല. 

ഗാന്ധിവധ വിചാരണ പൂര്‍ത്തിയായി. ഗോഡ്‌സെയും ആപ്‌തെയും തൂക്കിലേറ്റപ്പെട്ടു. ബന്ധുക്കളുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കപ്പെട്ട മനോരമ വെളിച്ചത്തില്‍ നിന്ന് മറഞ്ഞു. അവരൊരിക്കലും മാധ്യമങ്ങള്‍ക്ക് മുന്നിലോ പുറം ലോകത്തിന് മുന്നിലേക്കോ വന്നില്ല.ഗൂഗിള്‍ സെര്‍ച്ചില്‍ അധികം റിസള്‍ട്ട് കിട്ടില്ല. ഗാന്ധി വധത്തിന്റെ അന്വേഷണ രേഖകളിൽ പക്ഷെ ആ പേരും അവരെയും കാണും,  ഒറ്റ നിമിഷം കൊണ്ട് ലോകമാകെ തലയിലേക്ക് കമഴ്ന്ന് വീണ മട്ടില്‍ അന്തം വിട്ട് നില്‍ക്കുന്നൊരു പതിനാറുകാരിയായിട്ട്. ( പേജ് 127-129, 241-246)

ധീരേന്ദ്ര കെ ഝാ - യുടെ ഗാന്ധിസ് അസ്സാസ്സിന്‍, ദ മേക്കിംഗ് ഓഫ് നാഥുറാം ഗോഡ്‌സെ ആന്‍ഡ് ഹിസ്  ഐഡിയ ഓഫ് ഇന്ത്യ. ഇക്കഴിയുന്ന കൊല്ലം വായിച്ചതില്‍ കൊള്ളാവുന്ന ഒരു പുസ്തകം. മേലെഴുതിയത് അതിലെ വളരെ ചെറിയൊരു ഭാഗം.

Contact the author

Web Desk

Recent Posts

Web Desk 18 hours ago
Social Post

അയണ്‍മാന്‍ കഴിച്ച ഫെയ്മസ് ഷവര്‍മ

More
More
Web Desk 18 hours ago
Social Post

സ്ത്രീധനം വാങ്ങിയാല്‍ എന്ത്‌ സംഭവിക്കും?

More
More
Web Desk 1 day ago
Social Post

പ്രതിപക്ഷത്തെ വരിഞ്ഞുമുറുക്കുന്ന അന്വേഷണ ഏജന്‍സികള്‍

More
More
Web Desk 1 day ago
Social Post

രാജസ്ഥാനില്‍ ബിജെപിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്ന രജ്പുത് പ്രതിഷേധം

More
More
Web Desk 2 days ago
Social Post

ലോകത്ത് 500 പേര്‍ക്ക് മാത്രമുള്ള പാസ്പോര്‍ട്ട്‌

More
More
Web Desk 2 days ago
Social Post

ഒരിക്കലും മരിക്കാത്ത ജീവി

More
More