കാശ്മീര്‍: കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് തിരിച്ചെത്തുമെന്ന വാര്‍ത്ത നിഷേധിച്ച് ഗുലാം നബി ആസാദ്. കോണ്‍ഗ്രസിലേക്ക് തിരിച്ചുപോകാന്‍ ആഗ്രഹിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ ഒരു നേതാവുമായും താന്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്നും ഗുലാം നബി ആസാദ് പറഞ്ഞു. ഇത്തരം വാര്‍ത്തകളില്‍ തനിക്ക് അത്ഭുതം തോന്നുന്നു. കോണ്‍ഗ്രസിലെ ചില നേതാക്കള്‍ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇത് തന്റെ പാര്‍ട്ടിയിലെ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചാണ് ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചത്. എന്നാല്‍ അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹത്തെ നേരില്‍ കണ്ട് ഇക്കാര്യം സംസാരിച്ചുവെന്നും കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ഗുലാം നബി ആസാദിന്റെ പ്രതികരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അടുത്തിടെ ഗുലാം നബി ആസാദ് കോണ്‍ഗ്രസിനെക്കുറിച്ചും ഭാരത് ജോഡോ യാത്രയെക്കുറിച്ചും ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. താന്‍ കോണ്‍ഗ്രസിന് എതിരല്ലെന്നും പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന മതേതരമൂല്യങ്ങളെ എന്നും ബഹുമാനിക്കുന്ന ആളാണെന്നും ഗുലാം നബി ആസാദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ശോഷിച്ച സംഘടനാ സംവിധാനത്തോട് മാത്രമാണ് വിയോജിപ്പെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ഗുലാം നബി ആസാദ് കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്.