ഡല്‍ഹി: ഏക്നാഥ് ഷിന്‍ഡെ വിഭാഗത്തെ യഥാര്‍ത്ഥ ശിവസേനയായി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്. ശിവസേന എന്ന പേരും ഔദ്യോഗിക ചിഹ്നമായ അമ്പും വില്ലും ഇനി മുതല്‍ ഷിന്‍ഡെ വിഭാഗത്തിന് ഉപയോഗിക്കാം. 2019-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 77 ശതമാനം വോട്ടും ലഭിച്ചത് ഷിന്‍ഡെ വിഭാഗത്തിലെ എംഎല്‍എമാര്‍ക്കാണെന്നും 23.5 ശതമാനം വോട്ട് മാത്രമാണ് ഉദ്ധവ് താക്കറെ വിഭാഗത്തിലെ എംഎല്‍എമാര്‍ക്ക് ലഭിച്ചതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് പറഞ്ഞു. ഉദ്ധവ് താക്കറെയുടെ പിതാവ് ബാല്‍ താക്കറെ സ്ഥാപിച്ച പാര്‍ട്ടിയാണ് ശിവസേന.
വിമത എംഎല്‍എമാരുടെ സഹായത്തോടെയാണ് ഏക്നാഥ് ഷിന്‍ഡെ ഉദ്ധവ് താക്കറെയുമായി വേര്‍പിരിഞ്ഞ് ബിജെപിയുമായി ചേര്‍ന്ന് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിച്ചത്. 55-ല്‍ 40 എംഎല്‍എമാരും 18-ല്‍ 12 എംപിമാരും ഷിന്‍ഡെക്കൊപ്പം ചേര്‍ന്നു. തുടര്‍ന്നാണ് ശിവസേനയുടെ പേരിനും ഔദ്യോഗിക ചിഹ്നത്തിനുമായുളള ശ്രമങ്ങള്‍ ഷിന്‍ഡെ ആരംഭിച്ചത്. ഭൂരിപക്ഷ പിന്തുണ തങ്ങള്‍ക്കാണെന്ന് ഷിന്‍ഡെ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. യഥാര്‍ത്ഥ ശിവസേന തങ്ങളാണെന്ന് ചൂണ്ടിക്കാണിച്ച് ഉദ്ധവ് താക്കറെ പക്ഷവും കമ്മീഷനെ സമീപിച്ചു. ഇതോടെ പാര്‍ട്ടി പേരും ഔദ്യോഗിക ചിഹ്നവും മരവിപ്പിച്ച തെരഞ്ഞെടുപ്പ് കമ്മീഷന് ഇരുപക്ഷത്തിനും വേറെ ചിഹ്നങ്ങള്‍ അനുവദിക്കുകയായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് അംഗീകരിക്കാനാവില്ലെന്നും ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. 16 വിമത എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി വിധി വരുന്നതുവരെ തെരഞ്ഞെടുപ്പ് കമ്മീഷന് കാത്തിരിക്കുമെന്നാണ് പ്രതീക്ഷിച്ചതെന്നും എംഎല്‍എമാരുടെയും എംപിമാരുടെയും എണ്ണംനോക്കിയാണ് പാര്‍ട്ടിയുടെ നിലനില്‍പ്പ് കണക്കാക്കുന്നതെങ്കില്‍ അവരെ വിലയ്ക്കുവാങ്ങി ഏത് മുതലാളിക്കും മുഖ്യമന്ത്രിയാകാമെന്നും ഉദ്ധവ് താക്കറെ കൂട്ടിച്ചേര്‍ത്തു.