തിരുവനന്തപുരം: വടകര എംഎല്‍എ കെ കെ രമയെ ചവിട്ടിയെന്ന ആരോപണം നിഷേധിച്ച് എംഎല്‍എമാരായ സച്ചിന്‍ദേവും എച്ച് സലാമും. ആശുപത്രിയില്‍ പോകുന്നതിനുമുന്‍പ് രമ മാധ്യമങ്ങളോട് സംസാരിച്ച വീഡിയോ പരിശോധിച്ചാല്‍ ആരോപണം തെറ്റാണെന്ന് മനസിലാവുമെന്നും വാച്ച് ആന്‍ഡ് വാര്‍ഡ് പിടിച്ചുതളളിയതിന്റെ ഫലമായാണ് കൈയ്ക്ക് പരിക്കുപറ്റിയതെന്ന് രമ തന്നെ പറയുന്നുണ്ടെന്നും എച്ച് സലാം പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് എംഎല്‍എമാരുടെ പ്രതികരണം. നിയമസഭയില്‍ നടന്ന സംഘര്‍ഷത്തിനിടെ പ്രതിപക്ഷ അംഗങ്ങളെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. സനീഷ് ജോസഫ് എംഎല്‍എയുടെ പരാതിയിലായിരുന്നു പൊലീസ് കേസെടുത്തത്.
'ഭരണപക്ഷ എംഎല്‍എമാര്‍ ആക്രമിച്ചോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അങ്ങനെ ഉണ്ടായിട്ടില്ലെന്നാണ് കെ കെ രമ പറഞ്ഞത്. അവര്‍ ആക്രമിക്കപ്പെട്ടിരുന്നെങ്കില്‍ അപ്പോള്‍ അത് പറയുമായിരുന്നു. എംഎല്‍എമാര്‍ ആക്രോശിച്ച് അടുത്തെന്നും വനിതാ വാച്ച് ആന്‍ഡ് വാര്‍ഡുമാര്‍ ബലം പ്രയോഗിച്ചതിനാല്‍ പരിക്കേറ്റെന്നുമാണ് അവര്‍ മാധ്യമങ്ങളോട് പറയുന്നത്. എച്ച് സലാമോ സച്ചിന്‍ദേവോ ചവിട്ടിയതായി രമ പറയുന്നില്ല'- എച്ച് സലാം പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
99 ഭരണപക്ഷ എംഎല്‍എമാരില്‍ ആരെങ്കിലും ചവിട്ടിയിട്ടുണ്ടെങ്കില്‍ അതിന്റ തെളിവ് പ്രതിപക്ഷം പുറത്തുവിടണമെന്നും വാച്ച് ആന്‍ഡ് വാര്‍ഡിന്റെ പരിക്കും പ്രതിപക്ഷ എംഎല്‍എമാരുടെ പരിക്കും മാധ്യമങ്ങള്‍ താരതമ്യം ചെയ്യണമെന്നും എച്ച് സലാം പറഞ്ഞു. പ്രതിപക്ഷ നേതാവ് കഥകള്‍ മെനയുകയാണെന്നും രമയുടെ പരിക്ക് വ്യാജമാണെന്നോ അല്ലെന്നോ ഭരണപക്ഷം പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.