കണ്ണൂര്‍: തലശേരി ആര്‍ച്ച്ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. റബ്ബറിന്റെ വില കിലോയ്ക്ക് മുന്നൂറു രൂപയാക്കിയാല്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ കേരളത്തില്‍നിന്ന് എംപി ഇല്ലാത്തതിന്റെ വിഷമം കുടിയേറ്റ ജനത മാറ്റിത്തരാമെന്ന് പറയുന്ന പാംപ്ലാനിയുടേത് ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയാണെന്നും നീ എനിക്ക് കിലോയ്ക്ക് മുന്നൂറുരൂപ തന്നാല്‍ എനിക്ക് മറ്റൊരു തത്വവുമില്ല എന്ന് പറയുന്നത് ക്രിസ്തീയ വിശ്വാസമല്ലെന്നും എം എ ബേബി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കുടിയേറ്റക്കാരായാലും അല്ലെങ്കിലും കേരളത്തിലെ ക്രിസ്തുമത വിശ്വാസികള്‍ ക്രിസ്തുവിന്റെ നീതിബോധം പേറുന്നവരാണെന്നും അവര്‍ ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ വാക്കുകള്‍ക്ക് ചെവികൊടുക്കില്ലെന്നും എം എ ബേബി പറഞ്ഞു. 'ആര്‍എസ്എസ് സര്‍ക്കാര്‍ റബ്ബറിന്റെ വില കൂട്ടാന്‍പോകുന്നില്ലെന്ന് എല്ലാവര്‍ക്കുമറിയാം. അവര്‍ കര്‍ഷകരെ കൂടുതല്‍ ഞെരുക്കണം എന്ന രാഷ്ട്രീയത്തിന്റെ നടത്തിപ്പുകാരാണ്. ഫാദര്‍ സ്റ്റാന്‍ സ്വാമിയെയോ ആക്രമിക്കപ്പെട്ട മറ്റ് ക്രിസ്തീയ വിശ്വാസികളെയോ കുറിച്ചുമാത്രമല്ല, നീതിയെക്കുറിച്ചും ക്രിസ്ത്യാനികള്‍ ആലോചിക്കണം. ഫ്രാന്‍സിസ് മാര്‍പ്പാപ്പയും വിശ്വാസികളോട് ആവശ്യപ്പെടുന്നത് നീതിയുടെ ഭാഗത്തുനില്‍ക്കാനാണ്. അല്ലാതെ മുന്നൂറുരൂപയോ അധികാരത്തിന്റെ ശീതളശ്ചായയോ തരുന്നവരുടെ കൂടെനില്‍ക്കാനല്ല'- എം എ ബേബി ഫേസ്ബുക്കില്‍ കുറിച്ചു.