ഡല്‍ഹി: പ്രതിപക്ഷത്തുളള നേതാക്കള്‍ ഒന്നിച്ചിരുന്ന് ചായ കുടിച്ചതുകൊണ്ടോ ഭക്ഷണം കഴിച്ചതുകൊണ്ടോ ബിജെപിയെ തോല്‍പ്പിക്കാനാവില്ലെന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ബിജെപിയെ തോല്‍പ്പിക്കണമെങ്കില്‍ അതിന്റെ യഥാര്‍ത്ഥ ശക്തിയെന്താണെന്ന് മനസിലാക്കണമെന്നും 2024-ല്‍ ബിജെപിയെ താഴെയിറക്കുക എന്നത് പ്രാവര്‍ത്തികമല്ലെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. എന്‍ഡിടിവിക്ക് നല്കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'പ്രതിപക്ഷത്തുളള പാര്‍ട്ടികളെയോ നേതാക്കളെയോ ഒരുമിച്ച് കൊണ്ടുവന്നതുകൊണ്ടുമാത്രം പ്രതിപക്ഷ ഐക്യമുണ്ടാകില്ല. നിങ്ങള്‍ക്ക് ബിജെപിയെ തോല്‍പ്പിക്കണമെങ്കില്‍ അതിന്റെ ശക്തി മനസിലാക്കണം. ഹിന്ദുത്വം, ദേശീയത, ക്ഷേമവാദം എന്നിവയാണ് ബിജെപിയെ താങ്ങിനിര്‍ത്തുന്ന തൂണുകള്‍. ഇതില്‍ രണ്ടെണ്ണമെങ്കിലും തകര്‍ത്താല്‍ മാത്രമേ പ്രതിപക്ഷത്തിന് ബിജെപിയെ വെല്ലുവിളിക്കാന്‍ സാധിക്കുകയുളളു'-എന്നാണ് പ്രശാന്ത് കിഷോര്‍ പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിനെതിരെ പോരാടാന്‍ പ്രത്യയശാസ്ത്രങ്ങളുടെ ഒരു കൂട്ടുകെട്ടാണ് ഉണ്ടാകേണ്ടതെന്നും ഗാന്ധിവാദികളുടെയും അംബേദ്കറേറ്റ്സിന്റെയും സോഷ്യലിസ്റ്റുകളുടെയും കമ്മ്യൂണിസ്റ്റുകളുടെയുമെല്ലാം പ്രത്യയശാസ്ത്രം വളരെ പ്രധാനമാണെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. ' മാധ്യമങ്ങള്‍ പ്രതിപക്ഷത്തെ നേതാക്കളുടെ കൂടിക്കാഴ്ച്ചയെ പ്രതിപക്ഷ സഖ്യമായാണ് കാണുന്നത്. എന്നാല്‍ ഞാന്‍ പ്രത്യയശാസ്ത്രത്തിന്റെ രൂപീകരണമുണ്ടോ എന്നാണ് നോക്കുന്നത്. അത് സംഭവിക്കുന്നില്ലെങ്കില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ഒരു വഴിയുമില്ല'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.