അമൃത്സര്‍: നരേന്ദ്രമോദിയുടെ സ്വേഛാധിപത്യത്തിനെതിരെ പോരാടുന്ന ഒരേയൊരാള്‍ രാഹുല്‍ ഗാന്ധിയാണെന്ന് പഞ്ചാബ് മുന്‍ പിസിസി അധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ദു. മോദിയുടെ ഇന്ത്യയില്‍ ജനാധിപത്യം ഏതാനും വ്യവസായികളുടെ അടിമയായി മാറിയിരിക്കുകയാണെന്നും ഭരണഘടനാ സ്ഥാപനങ്ങളെല്ലാം അവരുടെ അധീനതയിലായെന്നും സിദ്ദു പറഞ്ഞു. പത്തുമാസത്തെ ജയില്‍വാസത്തിനുശേഷം ഇന്നലെയാണ് നവ്ജ്യോത് സിംഗ് സിദ്ദു ജയില്‍മോചിതനായത്. ജയില്മോചിതനായതിനുപിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'രാഹുല്‍ ഗാന്ധിക്ക് പിന്തുണ നല്‍കേണ്ട സമയമാണിത്. നാം അദ്ദേഹത്തെ പിന്തുണച്ചാല്‍ ഈ ദുഷിച്ച ശക്തികള്‍ക്കെതിരായ പോരാട്ടത്തിന് ശക്തികൂടും. അവര്‍ ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്ത് രാഹുല്‍ ഗാന്ധിയുടെ ശബ്ദത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ ശബ്ദം ഇപ്പോള്‍ അമേരിക്കയിലും ജര്‍മ്മനിയിലും എല്ലാം മുഴങ്ങുകയാണ്. എപ്പോഴൊക്കെ സ്വേഛാധിപത്യമുണ്ടായിട്ടുണ്ടോ, അപ്പോഴൊക്കെ ഒരു വിപ്ലവവും ഉണ്ടായിട്ടുണ്ട്. ഇന്ന് ആ വിപ്ലവത്തിന്റെ പേര് രാഹുല്‍ ഗാന്ധി എന്നാണ്'- നവ്ജ്യോത് സിംഗ് സിദ്ദു പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
1988-ല്‍ കാര്‍ പാര്‍ക്കിംഗിനെച്ചൊല്ലിയുണ്ടായ വാക്കേറ്റത്തിനും അടിപിടിക്കുമൊടുവില്‍ ഒരാള്‍ കൊല്ലപ്പെട്ട കേസിലാണ് നവ്ജ്യോത് സിംഗ് സിദ്ദുവിന് സുപ്രീംകോടതി ഒരുവര്‍ഷം തടവുശിക്ഷ വിധിച്ചത്. 2022 മെയ് ഇരുപതിനാണ് സിദ്ദു ജയില്‍വാസം ആരംഭിച്ചത്. ഈ വര്‍ഷം മെയ് 16-നായിരുന്നു അദ്ദേഹം ജയില്മോചിതനാകേണ്ടിയിരുന്നത്. ജയിലിലെ നല്ലനടപ്പിന്റെ ഭാഗമായാണ് അദ്ദേഹത്തെ 45 ദിവസം നേരത്തെ വിട്ടയച്ചതെന്ന് അഭിഭാഷകന് പറഞ്ഞു.