രാഹുല്‍ ഗാന്ധിയെ ഇനിയാരും പപ്പുവെന്ന് കളിയാക്കില്ല; 2024 പ്രതീക്ഷയുടെ വര്‍ഷമാണ്- മൃദുല ഹേമലത

എന്തുകൊണ്ടാണ് രാഹുല്‍ ഗാന്ധിക്കെതിരായ നടപടികള്‍ക്ക് ശരവേഗം കൈവരുന്നത്? എന്തുകൊണ്ടാണ് പപ്പു എന്ന് വിളിച്ച് നിസാരവത്കരിച്ചിരുന്നയാള്‍ക്കെതിരെ ഇപ്പോള്‍ എല്ലാ കുന്തമുനകളും നീളുന്നത്? ഉത്തരം കിട്ടാന്‍ പാഴൂര്‍പടി വരെ പോകേണ്ടതില്ല. ഒരാള്‍ പ്രവര്‍ത്തിക്കുമ്പോള്‍, അല്ലെങ്കില്‍ ഭീഷണിയാകുമ്പോള്‍ മാത്രമാണ് അയാളെ എതിരാളികള്‍ ശ്രദ്ധിക്കുക. അപ്പോള്‍ മാത്രമാണ് അയാള്‍ക്കെതിരെ ശത്രുക്കള്‍ തങ്ങളുടെ ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുക. രാഹുല്‍ ഗാന്ധിയുടെ കാര്യത്തില്‍ ഈ ധാരണ അക്ഷരംപ്രതി ശരിയായി വന്നിരിക്കുന്നു. അധിക വിശകലനം ആവശ്യമില്ലാത്ത തരത്തില്‍ രാഹുല്‍ ഗാന്ധിയുടെ ഗ്രാഫ് ഉയര്‍ന്നിരിക്കുന്നു. അദ്ദേഹം രാജ്യത്തെ അനിഷേധ്യ നേതാവായി മാറിയിരിക്കുന്നു. ഇന്ന് പ്രതിപക്ഷത്തുള്ള നേതാക്കളില്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെടുന്ന നേതാവ് മറ്റാരുമല്ല. ഭരണകൂടത്താല്‍ ഏറ്റവുമധികം ടാര്‍ഗറ്റ് ചെയ്യപ്പെടുന്ന നേതാവും മറ്റാരുമല്ല. അനുകൂലമാകട്ടെ പ്രതികൂലമാകട്ടെ  രാഹുല്‍ ഗാന്ധി ചെയ്യുന്നതും പറയുന്നതും ഇന്ന് ദേശീയ മാധ്യമങ്ങളില്‍ ചര്‍ച്ചയാണ്. നാഷണല്‍ ഹെറാള്‍ഡ് കേസിലെ ചോദ്യം ചെയ്യല്‍ മുതല്‍ ഇപ്പോള്‍ ലോക്സഭാംഗത്വത്തില്‍ നിന്ന് അയോഗ്യത കല്‍പ്പിക്കാന്‍ കാരണമായ കോലാര്‍ പ്രസംഗം വരെ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ വലിയ ചര്‍ച്ചയായിരിക്കുന്നു.

ബിജെപിക്കും സംഘപരിവാര്‍ അനുകൂലികള്‍ക്കും രാഹുല്‍ ഗാന്ധിയെ പപ്പുവെന്ന് കളിയാക്കി വിളിക്കുക ഇനി അത്ര എളുപ്പമായിരിക്കില്ല. ഏതൊരു സാധാരണക്കാരനും സമീപിക്കാവുന്ന, കരുത്തനും നിര്‍ഭയനും സ്‌നേഹസമ്പന്നനുമായ വ്യക്തിയും രാഷ്ട്രീയ നേതാവുമായി രാഹുല്‍ ഗാന്ധി മാറിയിരിക്കുന്നു. ഇന്ത്യയെ അറിയുക എന്ന ലക്ഷ്യത്തോടെ കന്യാകുമാരിയില്‍നിന്ന് ആരംഭിച്ച രാഹുലിന്റെ യാത്ര ഫലംകണ്ടു. അദ്ദേഹം ഇന്ത്യയെയും രാജ്യത്തിന്റെ ആത്മാവിനെയും തൊട്ടറിഞ്ഞു. സാധാരണക്കാരായ ജനങ്ങള്‍ക്കിടയിലൂടെ അവരെ ചേര്‍ത്തുപിടിച്ച് രാഹുല്‍ വെച്ച ചുവടുകള്‍ അദ്ദേഹത്തെ ആ ജനങ്ങളിലൊരാളാക്കി. അദ്ദേഹം ജനങ്ങളുടെ നേതാവായി മാറുകയാണ്. ഭാരത് ജോഡോ യാത്രയിലൂടെ രാഹുല്‍ ഗാന്ധിക്ക് ലഭിച്ച ജനപ്രീതി ബിജെപിക്ക് വെല്ലുവിളിയാകുമോ എന്ന ചോദ്യം അവശേഷിക്കുകയാണ്. എങ്കിലും  രാഹുല്‍ ഗാന്ധി എന്ന രാഷ്ട്രീയ നേതാവില്‍ ജനങ്ങള്‍ക്കുളള വിശ്വാസവും പ്രതീക്ഷയും വര്‍ധിച്ചിട്ടുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. പപ്പുവെന്ന് കളിയാക്കിയ ബിജെപി ഇപ്പോള്‍ രാഹുല്‍ ഗാന്ധിക്കെതിരായ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ ലണ്ടന്‍ സന്ദര്‍ശനത്തെയും അവിടെ നടത്തിയ പ്രസംഗത്തെയും കുറിച്ച് ബിജെപി നേതാക്കള്‍ പടച്ചുവിട്ട കളളക്കഥകള്‍ അദ്ദേഹത്തെ അവര്‍ ഭയപ്പെടുന്നു എന്നുതന്നെയാണ് വ്യക്തമാക്കുന്നത്. അദ്ദേഹം രാഷ്ട്രീയത്തിന് ചേരാത്ത, കഴിവില്ലാത്ത  'സോ കോള്‍ഡ് പപ്പു'വാണെങ്കില്‍ എന്തിനാണ് നിങ്ങള്‍ അദ്ദേഹത്തെ ശ്രദ്ധിക്കുന്നത്? അദ്ദേഹം പറയുന്ന കാര്യങ്ങള്‍ ആരും ഗൗരവമായി എടുക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ടിരുന്ന നിങ്ങള്‍തന്നെ അദ്ദേഹത്തിന്റെ പ്രസംഗങ്ങളെക്കുറിച്ച് സംസാരിക്കുന്നത്? 

സാന്ദര്‍ഭികമായി പറയട്ടെ, ഭരണപക്ഷ പാര്‍ട്ടികളും നേതാക്കളും ഇപ്പോള്‍ രാഹുല്‍ ഗാന്ധിയെ പപ്പുവെന്ന് ആക്ഷേപിച്ച് കളിയാക്കുന്നത് മതിയാക്കിയിരിക്കുന്നു. അവര്‍ പോലുമറിയാതെ അവരിലുണ്ടായ മാറ്റമാണത്. രാഹുല്‍ സീരിയസായിരിക്കുന്നു. ആദ്യമൊക്കെ അതംഗീകരിക്കാന്‍ കൂട്ടാക്കാതിരുന്ന ഭരണപക്ഷവും പ്രതിപക്ഷത്തെ തന്നെ ചില നേതാക്കളും ഇപ്പോള്‍ ആ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടിരിക്കുന്നു. 2014 മുതല്‍ ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഏറ്റവും കൂടുതല്‍ തുറന്നെതിര്‍ത്ത പ്രതിപക്ഷത്തെ പ്രധാന നേതാവാരാണ് എന്ന് ചോദിച്ചാല്‍ നിസ്സംശയം പറയാം രാഹുല്‍ ഗാന്ധിയാണ് എന്ന്. അതേസമയം പരാജയങ്ങളില്‍ പതറിപ്പോകുന്ന, നില്‍പ്പില്‍ സ്ഥിരത പ്രകടിപ്പിക്കാത്ത ആ പ്രകൃതം ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിന് തടസമായി നിന്നു. എന്നാല്‍ ഭാരത്‌ ജോഡോ യാത്ര ആ സംശയങ്ങളെല്ലാം ദൂരീകരിച്ചിരിക്കുന്നു. തുടക്കത്തില്‍ രാഷ്ട്രീയം പറയാതിരുന്ന രാഹുല്‍ ഗാന്ധി പക്ഷെ യാത്ര കാശ്മീരില്‍ സമാപിക്കുമ്പോള്‍ ഏറ്റവും കര്‍ക്കശമായ രാഷ്ട്രീയ പ്രസംഗം നടത്തിക്കൊണ്ടാണ് അവസാനിപ്പിച്ചത്. പ്രതിപക്ഷത്തെ പ്രധാന പാര്‍ട്ടികളെല്ലാം അദ്ദേഹത്തിന്‍റെ യാത്രയെ സ്വാഗതം ചെയ്തു. പ്രാധാന നേതാക്കള്‍ സമാപന സമ്മേളനത്തില്‍ പങ്കെടുത്തു. രാഷ്ട്രീയ തന്ത്രജ്ഞന്‍ എന്ന നിലയിലുള്ള രാഹുലിന്റെ വളര്‍ച്ചയാണ് അവിടെ കണ്ടത്. ഭാരത്‌ ജോഡോ യാത്ര ആ നിലയില്‍ രാഹുല്‍ ഗാന്ധിയുടെ ഏറ്റവും മികച്ച നീക്കങ്ങളില്‍ ഒന്നായിത്തന്നെ കണക്കാക്കപ്പെടും. പ്രധാനമന്ത്രി പദം കൊതിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും മറുത്തൊന്നു പറയാന്‍ കഴിയാത്ത ഉയരങ്ങളില്‍ രാഹുല്‍ ആ യാത്രയോട് കൂടി എത്തി എന്ന് പറഞ്ഞാല്‍ അത് തെറ്റാവില്ല. 

യാത്രക്ക് ശേഷമാണ് ലോക്സഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കി കൊണ്ടുള്ള വിധി വന്നത്. ഇത് ഒരു പക്ഷെ ഭാരത്‌ ജോഡോ യാത്രയുടെ തുടര്‍ച്ചയായി തന്നെ കണക്കാക്കാം. ആ വിധിയും തുടര്‍ന്നുണ്ടായ അയോഗ്യനാക്കല്‍ നടപടിയും ഏറ്റവും വലിയ രാഷ്ട്രീയ ആയുധമായി മാറുന്ന കാഴ്ച്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. പ്രതിപക്ഷത്ത് താന്‍പോരിമയുള്ള പാര്‍ട്ടികളും നേതാക്കളുമടക്കം രാഹുല്‍ ഗാന്ധിയെ പിന്തുണച്ചു. ആ അര്‍ത്ഥത്തില്‍ പ്രതിപക്ഷ ഐക്യത്തിനുള്ള ഒരു കാഹളമായി മാറി ആ നടപടി. തീര്‍ച്ചയായും ഭരണപക്ഷത്തിനും ചിന്നിച്ചിതറി നില്‍ക്കുന്ന പ്രതിപക്ഷത്തിനും അവഗണിക്കാന്‍ കഴിയാത്ത, നിസാരവത്കരിക്കാന്‍ ഒട്ടുമേ കഴിയാത്ത ഒരു ലീഡറായി രാഹുല്‍ മാറി എന്ന് തീര്‍പ്പാക്കുന്നതായിരുന്നു അയോഗ്യനാക്കല്‍ നടപടിക്ക് ശേഷം അദ്ദേഹം നടത്തിയ വാര്‍ത്താ സമ്മേളനം. ഒറ്റ ഫോക്കസില്‍തന്നെ നിന്ന് സംസാരിച്ച രാഹുല്‍ ഗാന്ധി തന്റെ ചോദ്യം അദാനി- മോദി ബന്ധത്തില്‍ മാത്രം ഒതുക്കി നിര്‍ത്തി. അതിനുള്ള ഉത്തരത്തില്‍ കുറഞ്ഞൊന്നും താന്‍ പ്രതീക്ഷിക്കുന്നില്ല എന്ന് അസന്നിഗ്ദമായി പ്രഖ്യാപിക്കുന്നതായിരുന്നു ആ വാര്‍ത്താസമ്മേളനം. തീര്‍ച്ചയായും ഒറ്റ കാര്യത്തില്‍ ഊന്നിയുള്ള സമരങ്ങളും ചോദ്യങ്ങളും തന്നെയാണ് പല ഏകാധിപത്യ ഭരണകൂടങ്ങള്‍ക്കും തീര്‍പ്പ്‌ കല്‍പ്പിച്ചത്. അത് മനസ്സിലാക്കാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആ അര്‍ത്ഥത്തില്‍ തുടര്‍ച്ചകളുണ്ടായാല്‍, അതിനൊത്ത് കോണ്‍ഗ്രസ്സിനും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും വളരാനായാല്‍ തീര്‍ച്ചയായും ഇന്ത്യയില്‍ പ്രതിപക്ഷത്തിന് ഭാവിയുണ്ട്. 2024 അവരെ സംബന്ധിച്ച്, ഇന്ത്യന്‍ ജനതയെ സംബന്ധിച്ച് പ്രതീക്ഷയുടെ വർഷം  തന്നെയായിരിക്കും. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Mridula Hemalatha

Recent Posts

J Devika 2 weeks ago
Views

പൊറുക്കൽ നീതി അഥവാ Restorative justice എന്നാല്‍- ജെ ദേവിക

More
More
Mehajoob S.V 3 weeks ago
Views

കര്‍ണാടക തെരഞ്ഞെടുപ്പ് ഫലത്തെ നിര്‍ണ്ണയിച്ച 4 ഘടകങ്ങള്‍- എസ് വി മെഹജൂബ്

More
More
Mehajoob S.V 1 month ago
Views

മാമുക്കോയയെ കണ്ട് നാം ചിരിച്ചത് എന്തിനായിരുന്നു- എസ് വി മെഹ്ജൂബ്

More
More
Mehajoob S.V 2 months ago
Views

സ്വയം സമൂഹമാണെന്ന് കരുതി ജീവിച്ച പ്രസ്ഥാനത്തിന്‍റെ പേരാണ് ഇ എം എസ് - എസ് വി മെഹജൂബ്

More
More
Mehajoob S.V 2 months ago
Views

വൈരനിര്യാതന ബുദ്ധിയോടെ ഏഷ്യാനെറ്റും -സിപിഎമ്മും നടത്തുന്ന പോരാണ് നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്- എസ് വി മെഹജൂബ്

More
More
K K Kochu 3 months ago
Views

ദുരിതാശ്വാസ നിധി തട്ടിപ്പ് കൊളളക്കാര്‍ പോലും ചെയ്യാനറയ്ക്കുന്ന, മനുഷ്യത്വഹീനമായ കുറ്റകൃത്യം- കെ കെ കൊച്ച്

More
More