അനിലിന്റെ തീരുമാനത്തോടുളള രോഷവും പരിഹാസവും തീര്‍ക്കേണ്ടത് എ കെ ആന്റണിയോടല്ല- കെ സി വേണുഗോപാല്‍

അനില്‍ കെ ആന്റണി ബിജെപിയില്‍ചേര്‍ന്നതിനുപിന്നാലെ എ കെ ആന്റണിക്കെതിരെ സമൂഹമാധ്യമങ്ങളിലുയരുന്ന വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും മറുപടിയുമായി എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഒരുകാലത്തും വിസ്മരിക്കാന്‍ കഴിയാത്ത ആന്റണിയെയാണ് ഇന്ന് ഒരുകൂട്ടര്‍ സാമൂഹിക വിചാരണയ്ക്ക് വിധേയനാക്കുന്നത്. അത് വൈകാരികമായി സംഭവിക്കുന്നതാകാം. എന്നാല്‍ അത് ആന്റണി എന്ന കോണ്‍ഗ്രസുകാരനോടാവുമ്പോള്‍ മാപ്പില്ലാത്ത അനീതിയാവും- കെ സി വേണുഗോപാല്‍ പറഞ്ഞു. ബിജെപിയിലേക്ക് പോകാനുളള വിഡ്ഢിത്തം നിറഞ്ഞ തീരുമാനം അനില്‍ ആന്റണിയുടേത് തന്നെയാണെന്നും മകന്റെ രാഷ്ട്രീയ തീരുമാനത്തെ നൂറുശതമാനം ആത്മാര്‍ത്ഥതയോടെ ആര്‍ക്കെങ്കിലും തളളിക്കളയാന്‍ കഴിയുമെങ്കില്‍ അവിടെയും ഉത്തരം  എ കെ ആന്റണി എന്നാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. അനിലിന്റെ തീരുമാനം അയാളുടെ വിധി മാത്രമാണെന്നും അതിലുളള രോഷവും പരിഹാസവും തീര്‍ക്കേണ്ടത് എ കെ ആന്റണിയോട് അനീതി പ്രവര്‍ത്തിച്ചുകൊണ്ടാവരുതെന്നും കെ സി വേണുഗോപാല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

കെ സി വേണുഗോപാലിന്റെ കുറിപ്പ്‌

"എനിക്ക് 82 വയസ്സായി. ഇനി എത്രനാൾ ജീവിക്കുമെന്ന് അറിയില്ല. ദീർഘായുസ്സിന് താത്പര്യവുമില്ല. പക്ഷേ എത്രനാൾ ജീവിച്ചാലും ഞാൻ മരിക്കുന്നത് വരെ ഇന്ത്യൻ നാഷനൻ കോൺഗ്രസ് പ്രവർത്തകനായിരിക്കും."

ഇന്നലെ ഹൃദയം നുറുങ്ങുന്ന വേദനയോടെയാകും എ.കെ ആന്റണി എന്ന മനുഷ്യൻ മാധ്യമങ്ങളോട് സംസാരിച്ച് വാക്കുകൾ പൂർത്തീകരിച്ചിട്ടുണ്ടാവുക. ഇത്രകാലവും താൻ നടത്തിയ സംശുദ്ധമായ രാഷ്ട്രീയ പ്രവർത്തനത്തെ ഒരു പരിച പോലെ മുൻപിൽ വെയ്ക്കാതെ ഒരു സാധാരണ കോൺഗ്രസ്‌ പ്രവർത്തകനായി എ.കെ ആന്റണി മാറിയിരുന്നു. കാലം ആ മനുഷ്യനോട് ചെയ്ത അനീതിയായിരുന്നു ഇന്നലത്തെ ദിവസം. അങ്ങനെയൊരു ദിവസം അടിമുടി കോൺഗ്രസുകാരനായ ആന്റണി അർഹിക്കുന്നില്ല. അത്രത്തോളം സുതാര്യതയും വിശുദ്ധിയും അദ്ദേഹം തന്റെ രാഷ്ട്രീയക്കുപ്പായത്തിന് നൽകിയതിന് ചരിത്രം സാക്ഷിയാണ്.

എ.കെ ആന്റണി എന്ന പേരിൽ വട്ടം കറങ്ങിയ കാലമുണ്ടായിരുന്നു കേരളാ രാഷ്ട്രീയത്തിന്. ഗുവാഹത്തി എ.ഐ.സി.സിയിൽ സാക്ഷാൽ ഇന്ദിരാ ഗാന്ധിയെ വരെ വിമർശിക്കാൻ മടി കാണിക്കാതിരുന്നിട്ടുണ്ട് ആന്റണിയിലെ യൗവനം. റഫാലിൽ കമ്മിഷൻ ആരോപണം ഉയർന്നയുടൻ തുടർനടപടികൾ നിർത്തിവെക്കാൻ ആന്റണിയിലെ പ്രതിരോധ മന്ത്രിക്ക് ഒരു നിമിഷം പോലും ആലോചിക്കേണ്ടി വന്നിരുന്നില്ല. ഇങ്ങനെ എ.കെ ആന്റണി എന്ന മനുഷ്യന് മാത്രം കഴിഞ്ഞിരുന്ന ചിലതുണ്ട് രാഷ്ട്രീയത്തിൽ, ഒരുപക്ഷേ ജീവിതത്തിലും.

ഇത്രയും കാലത്തെ അധികാരവും ഉന്നതപദവികളും എ.കെ ആന്റണിക്ക് എപ്പോഴും ധരിക്കുന്ന തൂവെള്ളമുണ്ടിലെന്ന പോലെ കറ പുരളാത്തതാണ്. അതുകൊണ്ടാണ് സംസ്ഥാന രാഷ്ട്രീയം വിട്ട് ദേശീയ രാഷ്ട്രീയത്തിൽ സജീവമായെങ്കിലും മലയാളികളുടെ മനസ്സിൽ ആ പഴയ ആന്റണി ഇന്നുമുള്ളത്.

എല്ലായ്പ്പോഴും ആ മനുഷ്യൻ വിസ്മയിപ്പിച്ചിട്ടുണ്ട്. കത്തിക്കയറുന്ന പ്രസംഗങ്ങളുടെയോ മതസാമുദായിക സംഘടനകളുടെ പിൻബലത്തിലോ ഒന്നും വളർന്നതായിരുന്നില്ല എ.കെ ആന്റണിയെന്ന വടവൃക്ഷം. കഠിനാദ്ധ്വാനത്തിൽ തുടങ്ങി ആദർശത്തിൽ അവസാനിക്കുന്നതെന്തോ, അതായിരുന്നു അദ്ദേഹത്തിന്റെ മൂലധനം. അതിന്റെ ചുവട്ടിൽ തണല് പറ്റി കേരളത്തിന്റെ കോൺഗ്രസും വളർന്നിട്ടുണ്ട്. ഒരിക്കൽ ഒമ്പത് എം.എൽ.എമാരിലേക്ക് തകർന്നടിഞ്ഞ, 1967-ലെ കോൺഗ്രസിനെ കോൺഗ്രസുകാരെങ്കിലും ഓർക്കുന്നുണ്ടാവും. കെ കരുണാകരനൊപ്പം കോൺഗ്രസിനെ ഉയിർത്തെഴുന്നേൽപ്പിച്ചുകൊണ്ട് വന്ന് ഭരണത്തിലേക്ക് നയിച്ച യൂത്ത് കോൺഗ്രസുകാരൻ ആന്റണിയെ ആര് മറന്നാലും കോൺഗ്രസുകാർ മറക്കരുത്. അത്രയധികം അനുഭവങ്ങളുടെ കലവറ ആ മനുഷ്യനിലുണ്ടെന്ന് നമ്മൾ തിരിച്ചറിയണം.

ആന്റണിയുടെ പേരിൽ ആന്റണിക്ക് മാത്രം സാധ്യമായ ചിലതുണ്ട്. യുവജന-വിദ്യാർഥി പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കവേ 1970-ലാണ് ആന്റണി ആദ്യമായി എം.എൽ.എ. ആകുന്നത്. 1977-ൽ 37-ാം വയസ്സിൽ കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മുഖ്യമന്ത്രിയായി. വീണ്ടും രണ്ടുതവണകൂടി മുഖ്യമന്ത്രിക്കസേര തേടിയെത്തി. 10 വർഷം പി.സി.സി. അധ്യക്ഷൻ, കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പി.സി.സി. പ്രസിഡന്റ്, അഞ്ചുതവണ എം.എൽ.എ., മൂന്നുതവണ കേന്ദ്രമന്ത്രി, അഞ്ചുതവണ രാജ്യസഭാംഗം, ഏറ്റവും കൂടുതൽകാലം പ്രതിരോധമന്ത്രി, ഏറ്റവുമേറെക്കാലം കോൺഗ്രസ് പ്രവർത്തകസമിതി അംഗം. ഇതൊന്നും വെറുതെ കൈവെള്ളയിൽ ലഭിച്ചതായിരുന്നില്ല. സംശുദ്ധമായ തന്റെ വ്യക്തിജീവിതവും തെളിമയുള്ള തന്റെ രാഷ്ട്രീയ ജീവിതവും സ്വായത്തമാക്കിയതിന്റെ തുടർച്ചയായിരുന്നു ആന്റണിയെ തേടിയെത്തിയ സ്ഥാനമാനങ്ങൾ ഓരോന്നും.

തനിക്ക് ലഭിച്ച സ്ഥാനങ്ങളിൽ ആന്റണി നടത്തിയ പ്രവർത്തനങ്ങൾ ഈ വാദങ്ങളെ കൂടുതൽ മനോഹരമാക്കുന്നുണ്ട്. വി.കെ കൃഷ്ണമേനോൻ, വൈ.ബി ചവാൻ, ജഗ്ജീവൻ റാം തുടങ്ങി രാഷ്ട്രീയത്തിലെ പ്രഗത്ഭർ ഇരുന്നതാണ് പ്രതിരോധമന്ത്രിക്കസേര. അവിടെയാണ് അധികം സംസാരിക്കാത്ത ആന്റണി ഏറ്റവും കൂടുതൽ കാലമിരുന്നത്. അതിർത്തിയിൽ റോഡ് വികസനമടക്കമുള്ള പദ്ധതികൾക്ക് തുടക്കമിട്ടു. റഫാൽ യുദ്ധവിമാനങ്ങളും അത്യാധുനിക ആയുധങ്ങളും വാങ്ങാനുള്ള കരാറുകൾക്ക് പച്ചക്കൊടി കാട്ടി. യുദ്ധം ജയിക്കലല്ല, ഒഴിവാക്കലാണ് വിജയം എന്ന നയമായിരുന്നു ആന്റണിയുടേത്. വിക്കിലീക്ക്‌സ് വിവാദരേഖകളിൽ ഡൽഹിയിലെ അമേരിക്കൻ എംബസി വാഷിങ്ടണിലേക്കയച്ച കുറിപ്പുകളിൽ പറയുന്നത് ആന്റണിയെ കൈകാര്യംചെയ്യുക എളുപ്പമല്ലെന്നാണ്.

ഇവിടെയ നമുക്ക് പഠിക്കാനുള്ള ഒരു സർവകലാശാല തുറന്നുവെയ്ക്കുന്നുണ്ട് അദ്ദേഹം. 37 വയസ്സ് തികയുമ്പോൾ സംസ്ഥാനത്തെ ഏറ്റവും വലിയ പദവികളിലൊന്ന് ജനാധിപത്യപരമായി നേടിയെടുത്ത വ്യക്തിയെ ആരോപണങ്ങളുടെ ഏതെങ്കിലും കോണിൽ നമ്മൾ കണ്ടിട്ടുണ്ടോ? എന്നെങ്കിലും സംശുദ്ധമായ ആ കൈകളിൽ അഴിമതിയുടെ കറ പുരളുന്നതിന് ഈ രാജ്യം സാക്ഷ്യം വഹിച്ചിട്ടുണ്ടോ? ഈ രാജ്യത്തെ ഏറ്റവും ഉന്നതമായ സ്ഥാനങ്ങളിലൊന്നായ പ്രതിരോധ മന്ത്രിസ്ഥാനം മാതൃകാപരമായി അദ്ദേഹം കൈകാര്യം ചെയ്തതിന് കൂടുതൽ സാക്ഷ്യങ്ങൾ വേണമെന്ന് തോന്നുന്നില്ല.

ഈ ആന്റണിയെയാണ്, കോൺഗ്രസിന്റെ ചരിത്രത്തിന് ഒരുകാലവും വിസ്മരിക്കാൻ കഴിയാത്ത ആന്റണിയെയാണ് ഇന്ന് ഒരു കൂട്ടർ സാമൂഹിക മാധ്യമങ്ങളിൽ വിചാരണയ്ക്ക് വിധേയനാക്കുന്നത്, അദ്ദേഹത്തിന് നേർക്കാണ് ഇന്നവർ കല്ലുകളെറിയുന്നത്. വൈകാരികമായി സംഭവിക്കുന്നവയുമുണ്ടാകാം. അതുപക്ഷേ ആന്റണി എന്ന കോൺഗ്രസുകാരനോടാവുമ്പോൾ മാപ്പില്ലാത്ത അനീതിയാവും. ആ മനുഷ്യനൊരു തുറന്ന പുസ്തകമാണ്. അത് വായിച്ചുപഠിക്കേണ്ടതുണ്ട് കല്ലെറിയുന്നവർ. അത്രകണ്ട് വിശുദ്ധി നിങ്ങൾ മറ്റെവിടെയെങ്കിലും കാണുമോ എന്നുപോലും അറിയില്ല.

ഇവിടെ വിഷയം അനിൽ ആന്റണിയാണ്. എ.കെ ആന്റണി എന്ന രാഷ്ട്രീയ നേതാവിന് ശ്രമിച്ചിരുന്നെങ്കിൽ മികച്ച സ്ഥാനത്ത് തന്റെ മക്കളെ എത്തിക്കാമായിരുന്നു. അതുണ്ടായിട്ടില്ല. അനിൽ തന്റെ കരിയർ സ്വയം കണ്ടെത്തിയതാണ്, അതുവഴി ഏത്തപ്പെട്ട പദവികളാണ് ഓരോന്നും. ബി.ജെ.പിയിലേക്ക് പോകാനുള്ള വിഡ്ഢിത്തം നിറഞ്ഞ തീരുമാനവും അനിലിന്റേത് മാത്രമാണ്. സ്വന്തം മകന്റെ രാഷ്ട്രീയ തീരുമാനത്തെ നൂറ് ശതമാനം ആത്മാർത്ഥതയോടെ ആർക്കെങ്കിലും തള്ളിക്കളയാൻ കഴിയുമെങ്കിൽ അവിടെയും ഉത്തരം എ.കെ ആന്റണി എന്നാണ്.

അനിലിന്റെ തീരുമാനം അയാളുടെ വിധി മാത്രമാണ്. അതവിടെ തീരട്ടെ. അതിലുള്ള രോഷവും പരിഹാസവും തീർക്കേണ്ടത് എ.കെ ആന്റണിയോട് അനീതി പ്രവർത്തിച്ചുകൊണ്ടാവരുത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 15 hours ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 16 hours ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 21 hours ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 21 hours ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 1 day ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 1 day ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More