അമൃത്സര്‍: വൈദ്യുതി ലാഭിക്കാനായി സര്‍ക്കാര്‍ ഓഫീസുകളുടെ സമയം ക്രമീകരിച്ച് പഞ്ചാബ് സര്‍ക്കാര്‍. ഇനിമുതല്‍ പഞ്ചാബിലെ സര്‍ക്കാര്‍ ഓഫീസുകള്‍ രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് രണ്ടുമണിവരെയാണ് പ്രവര്‍ത്തിക്കുക. മെയ് രണ്ടുമുതല്‍ മാറ്റം പ്രാബല്യത്തില്‍വരും. ജൂലൈ പതിനഞ്ചുവരെ ഈ മാറ്റം തുടരും. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
പഞ്ചാബ് സര്‍ക്കാരിന്റെ എല്ലാ ഓഫീസുകള്‍ക്കും ഈ തീരുമാനം ബാധകമാകുമെന്നും പുതിയ സമയക്രമീകരണം മൂലം 300 മുതല്‍ 350 മെഗാവാട്ട് വരെ വൈദ്യുതി ലാഭിക്കാന്‍ സാധിക്കുമെന്നും ഭഗവന്ത് മന്ന് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജനങ്ങളുടെ ക്ഷേമത്തിനായാണ് പുതിയ മാറ്റം കൊണ്ടുവന്നിരിക്കുന്നതെന്നും വേനല്‍കാലത്ത് കനത്തചൂടില്‍ സര്‍ക്കാര്‍ ഓഫീസുകളിലെത്തുന്ന ജനങ്ങള്‍ക്ക് ആവശ്യങ്ങള്‍ പെട്ടെന്ന് തീര്‍ത്ത് തിരികെപ്പോകാന്‍ പുതിയ സമയക്രമീകരണം സഹായകമാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ഓഫീസ് കഴിയുമ്പോള്‍ വീടുകളിലെത്താനും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.