ഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുമുന്നോടിയായി പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യമേ തനിക്കുളളുവെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. പ്രതിപക്ഷത്തുളള പാര്‍ട്ടികളെ ഒന്നിപ്പിക്കാനായി എല്ലാ നേതാക്കളും പരിശ്രമിക്കുമെന്നും അവര്‍ അക്കാര്യത്തില്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും നിതീഷ് കുമാര്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയടക്കമുളള പ്രതിപക്ഷ നേതാക്കളെ കണ്ടശേഷം പാറ്റ്ന വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്. അതിനെക്കുറിച്ചുളള വിവരങ്ങള്‍ നിങ്ങള്‍ക്ക് പതിയെ ലഭിക്കും. ഡല്‍ഹിയിലെത്തി ഞാന്‍ പ്രതിപക്ഷനേതാക്കളെ കണ്ടു. ചര്‍ച്ച നടത്തി. എല്ലാ നേതാക്കളും പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിച്ചുനിര്ത്താനായി പരിശ്രമിക്കുമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്'- നിതീഷ് കുമാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, ബിഹാര്‍ ഉപമുഖ്യമന്ത്രിയും ആര്‍ജെഡി ഉപാധ്യക്ഷനുമായ തേജസ്വി യാദവ് തുടങ്ങിയ പ്രമുഖ നേതാക്കളുമായാണ് നിതീഷ് കുമാര്‍ കൂടിക്കാഴ്ച്ച നടത്തിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
നിതീഷിന്റെ അടുത്ത ലക്ഷ്യം കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ സഖ്യം രൂപീകരിക്കാന്‍ ശ്രമിക്കുന്ന മമതാ ബാനര്‍ജിയും അരവിന്ദ് കെജ്റിവാളും കെ ചന്ദ്രശേഖര റാവുവുമുള്പ്പെട്ട ജി8 ആണ്. പ്രതിപക്ഷ നിരയെ ആര് നയിക്കുമെന്നോ ആരാവും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്നോ പ്രഖ്യാപിക്കാന്‍ തങ്ങളില്ലെന്ന് കഴിഞ്ഞ മാസം മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞിരുന്നു. പ്രതിപക്ഷ സഖ്യത്തെ തങ്ങള്‍ തന്നെ നയിക്കുമെന്ന നിലപാടില്‍നിന്ന് പിന്മാറുമെന്ന് കോണ്‍ഗ്രസ് സൂചന നല്കിയ സാഹചര്യത്തില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ ഫലം ചെയ്യുമെന്ന പ്രതീക്ഷ നേതാക്കള്‍ക്കുണ്ട്. അതേസമയം, 2024-ല്‍ പ്രതിപക്ഷപാര്‍ട്ടികളുടെ പ്രധാനമന്ത്രി പദം ലക്ഷ്യമിട്ടാണ് നിതീഷ് കുമാര്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ബിജെപിയുടെ ആരോപണം.