ഡല്‍ഹി: താനും മക്കളും മുന്‍ എംപി അതീഖ് അഹമ്മദിനെപ്പോലെ വെടിയേറ്റ് മരിക്കുമെന്ന് ഭയപ്പെടുന്നുവെന്ന് സമാജ് വാദി പാര്‍ട്ടി സ്ഥാപക നേതാവും മുന്‍ എംപിയുമായ അസം ഖാന്. അത്തരം സംഭവങ്ങളുണ്ടാകാതിരിക്കണമെങ്കില് രാജ്യത്തെയും രാജ്യത്തെ നിയമങ്ങളെയും സംരക്ഷിക്കണമെന്നും യുപിയിലെ ക്രമസമാധാനപ്രശ്നങ്ങള്‍ അവസാനിപ്പിക്കാന്‍ ജനങ്ങള്‍ വോട്ടിലൂടെ ബിജെപിക്ക് മറുപടി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. റാംപൂരില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അസം ഖാന് ഇക്കാര്യം പറഞ്ഞത്.
'ആരെങ്കിലും വന്ന് എന്റെയും മക്കളുടെയും തലയ്ക്ക് വെടിവയ്ക്കണമെന്ന് റാംപൂരിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? ഇനി അതുംകൂടിയേ സംഭവിക്കാനുളളു. നിങ്ങള്‍ മറ്റൊന്നും ചെയ്യേണ്ട. രാജ്യത്തെയും രാജ്യത്തിന്റെ നിയമങ്ങളെയും സംരക്ഷിക്കൂ. അതിനായി സ്വയം മുന്നോട്ടുവരൂ. നിങ്ങളെ ആരെങ്കിലും തടഞ്ഞാല്‍ പിന്നോട്ടില്ലെന്ന് പറഞ്ഞ് കുത്തിയിരുന്ന് വോട്ട് ചെയ്യൂ. വോട്ടുചെയ്യുക എന്നത് നിങ്ങളുടെ മൗലികാവകാശമാണ്. രണ്ടുതവണ അവര്‍ ഈ അവകാശം തട്ടിപ്പറിച്ചു. ഇനിയും അതിന് അനുവദിച്ചാല്‍ ശ്വസിക്കാനുളള അവകാശംപോലും നഷ്ടമാകും'- അസം ഖാന് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം അസം ഖാനെതിരെ നിരവധി കേസുകള്‍ ചുമത്തിയിരുന്നു. രണ്ടുവര്‍ഷം ജയിലിലടയ്ക്കുകയും ചെയ്തു. നരേന്ദ്രമോദിക്കും യോഗി ആദിത്യനാഥിനുമെതിരെ വിദ്വേഷപ്രസംഗം നടത്തിയെന്ന കേസില്‍ ശിക്ഷിക്കപ്പെട്ടതിനെത്തുടര്‍ന്ന് അസംഖാനെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയിരുന്നു.