കോട്ടയം: ജോജു ജോര്‍ജ്ജ് ചിത്രത്തിനെതിരെ പരാതിയുമായി പാലാ നഗരസഭ. ചിത്രീകരണം മൂലം നഗരത്തില്‍ ഗതാഗതക്കുരുക്കുണ്ടായെന്നും നിയമലംഘനം നടന്നുവെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും കളക്ടര്‍ക്കുമാണ് പരാതി നല്‍കിയിരിക്കുന്നത്. സിവില്‍ സ്റ്റേഷന്റെ പ്രവര്‍ത്തനം വരെ തടസപ്പെടുന്ന സാഹചര്യമുണ്ടായെന്നും പാലാ സബ്ജയിലിന്റെ ബോര്‍ഡ് മാറ്റിയാണ് ചിത്രീകരണം നടത്തിയത്, അത് ചട്ടലംഘനമാണെന്നും പാലാ നഗരസഭ പരാതിയില്‍ പറയുന്നു. പാലാ നഗരസഭ തന്നെയാണ് സിനിമയുടെ ചിത്രീകരണത്തിന് നേരത്തെ അനുമതി നല്‍കിയത്. എന്നാല്‍, പറഞ്ഞ വ്യവസ്ഥകള്‍ മറികടന്നുകൊണ്ടാണ് ചിത്രീകരണം എന്നാണ് നഗരസഭയുടെ ആരോപണം.
'പാലാ സബ്ജയിലിനുമുന്നിലുളള ഇടുങ്ങിയ വഴിയില്‍ സിനിമാ ചിത്രീകരണത്തിന് അനുമതി തേടി പിന്നണിപ്രവര്‍ത്തകര്‍ നഗരസഭയെ സമീപിച്ചിരുന്നു. നഗരസഭ സ്‌പെഷ്യല്‍ കൗണ്‍സില്‍ യോഗം ചേര്‍ന്ന് അനുമതി നല്‍കുകയും ചെയ്തു. 5,6 തിയതികളിലായിരുന്നു അനുമതി നല്‍കിയത്. നഗരസഭ പറഞ്ഞ പ്രധാനവ്യവസ്ഥകളിലൊന്നായിരുന്നു ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ ചിത്രീകരണം നടത്തരുതെന്ന്. എന്നാല്‍ താരങ്ങളുടെ ക്യാരവാനുകളും പ്രൊഡക്ഷന്‍ വാഹനങ്ങളും മൂലം ഗതാഗതം വലിയ രീതിയില്‍ തടസപ്പെടുകയും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാവുകയും ചെയ്തു'- എന്നാണ് നഗരസഭ പരാതിയില്‍ പറയുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പൊറിഞ്ചുമറിയം ജോസിനുശേഷം ജോജു ജോര്‍ജ്ജിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആന്റണി. ലേലം കുരിശടി എന്നറിയപ്പെടുന്ന വെളളിക്കുളം കുരിശടി, വാഗമണ്‍ എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. നൈല ഉഷയും ചെമ്പന്‍ വിനോദും ജോജുവിനൊപ്പം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വിജയരാഘവന്‍, കല്യാണി പ്രിയദര്‍ശന്‍, ആശ ശരത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.