സുബൈദയുടെയും ചക്കിയുടെയും കേരളാ സ്റ്റോറി- എൻ ഇ സുധീർ

സുബൈദയുടെയും ചക്കിയുടെയും കേരള സ്റ്റോറി. 

'കേരള സ്റ്റോറി' എന്ന സിനിമയെ ആഘോഷിക്കുന്നവർ അതിൻ്റെ സൗന്ദര്യാംശത്തെയല്ല പുകഴ്ത്തുന്നത് എന്നെല്ലാവർക്കുമറിയാം. സിനിമയുടെ  പ്രമേയവും സിനിമയുടെ ലക്ഷ്യവുമാണ് അവരെ ഉത്തേജിതരാക്കുന്നത്. കേരളത്തെ ഇകഴ്ത്തിക്കാട്ടുക എന്നതു മാത്രമാണ് അക്കൂട്ടരുടെ ലക്ഷ്യം. അതിനായി  വ്യാജനിർമ്മിതികളെയും നുണക്കൊട്ടാരങ്ങളെയും അവർ ഉപയോഗപ്പെടുത്തുന്നു എന്നു മാത്രം. ഇതിൻ്റെ പ്രധാന കാരണം നിലവിലെ കേരളത്തെ സൃഷ്ടിച്ചെടുക്കുന്നതിൽ ഇവർ പങ്കാളികളായിരുന്നില്ല എന്നതാണ്. അതുകൊണ്ടാണ് കേരളം ഇങ്ങനെ വേറിട്ട ഒരിടമായി നിലകൊള്ളുന്നതും. ഈ വ്യത്യസ്തതയാണ് ഇക്കൂട്ടരെ അസ്വസ്ഥരാക്കുന്നത്. അതാണ് അവരുടെ ഉറക്കംകെടുത്തുന്നത്. വേറിട്ട ഈ ഭൂമികയിൽ എങ്ങനെ രാഷ്ട്രീയ സ്വാധീനം നേടാം എന്നതാണ് അവരുടെ ചിന്ത. ദീർഘകാലമായുള്ള അജണ്ടയും. 

ഏതുവിധേനയും കേരളീയ സമൂഹത്തെ  മറ്റിടങ്ങളെപ്പോലെ വർഗീയവത്കരിക്കുക എന്നതാണ് അവർ ഇതിനായി കണ്ടെത്തിയ എളുപ്പ പരിഹാരം. അതിന് കേരളത്തിൽ വിഭാഗീയത സൃഷ്ടിക്കണം. ഈ സമൂഹത്തെ അപകീർത്തിപ്പെടുത്തണം. ഇവിടെയാണ് സംഘപരിവാർ അനുകൂലികളുടെ  ഇരട്ടത്താപ്പ് ശ്രദ്ധിക്കേണ്ടത്. നമ്മുടെ രാജ്യത്തെ മോശമായി ചിത്രീകരിക്കൂമ്പോൾ അപകീർത്തിപ്പെടുത്തുമ്പോൾ അവർക്കത് രാജ്യദ്രോഹമാണ്. രാജ്യത്തിൻ്റെ തെറ്റുകുറ്റങ്ങൾ ചൂണ്ടിക്കാട്ടുമ്പോൾ അത് ദേശസ്നേഹമില്ലായ്മയാണ്. എന്നാൽ  കേരളമെന്ന സംസ്ഥാനത്തെ അപകീർത്തിപ്പെടുത്തുമ്പോൾ അവർക്ക് മറ്റൊരു മനസ്സാണ്. ഇതാണ് ഇവരുടെ ഇരട്ടതാപ്പു രാഷ്ട്രീയം. ഇതാണ് തുറന്നു കാട്ടപ്പെടേണ്ടത്. 

ഇന്ത്യയെന്നത് കേരളമൊഴിച്ചുള്ള ഒരിടമാണെന്ന നിലയിലാണ് ഇവരിൽ പലരും സംസാരിക്കുന്നത്. ഇവരാണ് യഥാർത്ഥ രാജ്യ വിരുദ്ധർ. ദേശസ്നേഹമില്ലാത്തവർ. തിരുവനന്തപുരത്തെ പാളയത്ത് ക്ഷേത്രവും ചർച്ചും മോസ്കും മുഖത്തോടു മുഖം സമാധാനത്തോടെ നിലനിൽക്കുമ്പോൾ അത് കേരളത്തിനെന്ന പോൽ ഇന്ത്യാ രാജ്യത്തിനും അഭിമാനിക്കാവുന്ന കാര്യമായി മനസ്സിലാക്കണം. അങ്ങനെ ഉയർത്തിക്കാട്ടണം. വിഭാഗിയ ചിന്തകൾ നിറഞ്ഞു നിൽക്കുന്ന സംഘർഷ സംസ്ഥാനങ്ങളിൽ ഈ മാതൃകയെപ്പറ്റി നിരന്തരം  സംസാരിക്കണം. അതാണ് രാജ്യസ്നേഹം. അതാവണം ദേശസ്നേഹം. ഇത്തരമൊരു സഹവർത്തിത്തം സാധ്യമാണെന്ന് ഇന്ത്യയിലെ മൊത്തം ജനതയോട് വിവരിച്ചു കൊടുക്കണം. 

അതുപോലെ മലപ്പുറം ജില്ലയിലെ അടക്കാകുണ്ടിലെ സുബൈദയുടെ നന്മ നിറഞ്ഞ ജീവിതം ഇന്ത്യയിലെല്ലായിടത്തേയും മനുഷ്യരെ അറിയിക്കണം. കേരളത്തിലെ അടക്കാക്കുണ്ട് എന്ന സ്ഥലത്ത് സുബൈദ എന്ന ഒരു മുസ്ലിം സ്ത്രീ അയൽക്കാരിയായ ചക്കി എന്ന ഹിന്ദു സ്ത്രീയുടെ  മൂന്നു മക്കളെ പോറ്റി വളർത്തിയ കഥ ഇന്ത്യ അറിയണം. ചക്കി മരിച്ചപ്പോൾ സുബൈദ അനാഥരായ ചക്കിയുടെ മക്കളായ രമണിയേയും ലീലയേയും ശ്രീധരനേയും കൂട്ടി തൻ്റെ വീട്ടിലേക്കു പോയ കഥ ലോകമറിയണം, ഇന്ത്യയറിയണം.

സുബൈദയുടെ മൂന്ന് മക്കൾ - ഷാനവാസും ജാഫറും ജോഷ്നയും മദ്രസയിൽ പോയപ്പോൾ ചക്കിയുടെ മക്കൾ സ്കൂളിലും അമ്പലത്തിലും പോയി. സുബൈദയുടെ മക്കൾ വൈകുന്നേരങ്ങളിൽ ഖുറാൻ വായിച്ചപ്പോൾ, ചക്കിയുടെ മക്കൾ നെറ്റിയിൽ കുറി തൊട്ട് പ്രാർത്ഥിച്ചു. അങ്ങനെ ആ ആറു കുട്ടികൾ രണ്ടു മതസ്തരായി സുബൈദയുടെ വീട്ടിൽ വളർന്നു. ഈ കഥയും ഇന്ത്യയറിയണം. ചക്കിയുടെ മക്കളെ സുബൈദയും ഭർത്താവ് അബ്ദുൾ അസീസ് ഹാജിയും സ്വന്തം മക്കളെപ്പോലെ വളർത്തി. വലുതായപ്പോൾ ഹിന്ദു ആചാരപ്രകാരം വിവാഹം നടത്തിക്കൊടുത്തു. ഇതും കേരളത്തിലാണ്. ഇതും മലപ്പുറത്താണ്. തീർച്ചയായും ഇന്ത്യയിലുമാണ്. ഈ സംഭവകഥ ഇന്ത്യയിലെല്ലായിടത്തെയും പാഠപുസ്തകങ്ങളിൽ ചേർത്ത് കുട്ടികളിൽ, വരും തലമുറയിൽ  സഹവർത്തിത്തത്തിൻ്റെ വലിയ പാഠങ്ങൾ മനസ്സിലാക്കി കൊടുക്കണം. അതാണ് യഥാർത്ഥ രാജ്യസ്നേഹികൾ ചെയ്യേണ്ടത്. കേരളത്തിൽ നിന്നാണ് ഇന്ത്യ പലതും പഠിക്കേണ്ടത്.

നമ്മൾ കേരളീയർ ആദ്യം മനുഷ്യരാണ്. ആത്യന്തികമായും മനുഷ്യരാണ്. അതിനു ശേഷം  മാത്രമെ ഹിന്ദുവും മുസ്ലീമും ക്രിസ്ത്യനുമൊക്കെയാവുന്നുള്ളൂ. 

നിങ്ങളിപ്പോൾ ചെയ്യുന്നത് ഇവിടെയാരും വിലവെക്കുകയില്ല. ഇതുകൊണ്ടൊന്നും കേരളത്തിലെ ഹിന്ദു സമൂഹം നിങ്ങൾക്കൊപ്പമാവില്ല. അവർ മുസ്ലീം സമൂഹത്തെ ചേർത്തു നിർത്തുന്നവരാണ്. കേരളം സുബൈദയുടെയും ചക്കിയുടേതുമാണ്. ഷാനവാസിൻ്റെയും ശ്രീധരൻ്റേതുമാണ്. നിങ്ങളുടെ നുണക്കഥകൾ വിശ്വസിക്കാത്ത ഒരിന്ത്യ സ്വപ്നം കാണുന്നവരാണ്. 'കേരള സ്റ്റോറി' എന്ന വ്യാജനിർമ്മിതിയുടെ സന്ദേശത്തെ പുകഴ്ത്തുന്നവർ കേരള വിരോധികളാണ്. ഇന്ത്യാ വിരോധികളാണ്. അത് കേരളത്തിൽ ഒരു ചലനവും സൃഷ്ടിക്കില്ല എന്നു തെളിഞ്ഞു കഴിഞ്ഞു. കുറച്ചു പേർ വികാരാവാശേത്തോടെ അതിനെ നിരോധിക്കണമെന്നൊക്കെ പറഞ്ഞുവെന്നു മാത്രം.

NB: ഒറ്റപ്പെട്ട ദുരനുഭവങ്ങൾ കേരളത്തിലില്ല എന്നൊന്നും ഇതുകൊണ്ട് അർത്ഥമാക്കുന്നില്ല.

പാളയത്തെ വരച്ചത് പ്രശസ്ത കാർട്ടൂണിസ്റ്റ് ഇ.പി. ഉണ്ണി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

Contact the author

Web Desk

Recent Posts

Web Desk 1 week ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 1 week ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 1 week ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 1 week ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 1 week ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 1 week ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More