ബംഗളുരു: കനത്ത മഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ജ്വല്ലറി കടയില്‍ നിന്ന് രണ്ടര കോടി രൂപയുടെ സ്വര്‍ണ്ണം ഒലിച്ചുപോയതായി റിപ്പോര്‍ട്ട്. ബംഗളുരുവിലെ മല്ലേശ്വരത്ത് പ്രവര്‍ത്തിക്കുന്ന നിഹാന് ജ്വല്ലറി ഉടമകള്‍ക്കാണ് മഴ കനത്തതോടെ വമ്പിച്ച നാശനഷ്ടം നേരിട്ടത്. വെള്ളം കയറിയിറങ്ങിയതോടെ ഫര്‍ണ്ണിച്ചറുകള്‍ അടക്കം ഏകദേശം 2.5 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ ഒളിച്ചുപോയി എന്നാണ് ജ്വല്ലറി ഉടമയുടെ മൊഴി.
ബംഗളൂരുവിലെ മല്ലേശ്വരത്ത് നയന്ത് ക്രോസ് ജംഗ്ഷനിലാണ് നിഹാന് ജ്വല്ലറി പ്രവര്‍ത്തിക്കുന്നത്. ശനിയാഴ്ച ജ്വല്ലറിയുടെ ഒന്നാം വാര്‍ഷികമാണ്. ആഘോഷം പ്രമാണിച്ച് കൂടുതല്‍ സ്വര്‍ണാഭരണങ്ങള്‍ കടയിലെത്തിച്ചിരുന്നു. ഇതുള്‍പ്പെടെ മഴവെള്ളത്തില്‍ ഒലിച്ചുപോയി എന്നാണ് കടയുടമ പറയുന്നത്. ''അപ്രതീക്ഷിത വെള്ളപ്പാച്ചിലില്‍ ഷട്ടര്‍ പോലും അടയ്ക്കാന്‍ കഴിയാത്തതാണു വന്നഷ്ടത്തിന് ഇടയാക്കിയത്. ജീവന് രക്ഷാര്‍ത്ഥം കടയില്‍ ഇന്ന് ഇറങ്ങിയോടുകയായിരുന്നു. പിന്നീട് തിരിച്ചു വന്നപ്പോഴാണ് വന്‍തോതില്‍ സ്വര്‍ണ്ണം നഷ്ടപ്പെട്ടതായി മനസ്സിലാക്കിയത്.''- കടയുടമ പറഞ്ഞു.
ശക്തമായ വെള്ളപ്പാച്ചിലില്‍ കടയുടെ പുറകുവശത്തുള്ള വാതില്‍ പൊളിഞ്ഞു തുറന്നുപോയി. ഇതോടെ ബോക്സുകളിലായി സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ ബോക്സുകളടക്കം ഒഴുകിപ്പോവുകയായിരുന്നു. പ്രദേശത്തെ ഓടകളുടെ അശാസ്ത്രീയമായ നിര്‍മ്മാണമാണ് ഇത്രയധികം സ്വര്‍ണ്ണം നഷടപ്പെടാന്‍ ഇടയാക്കിയത് എന്നാണ് കടയുടമയുടെ ആരോപണം. സഹായത്തിനായി അധികൃതരെ ബന്ധപ്പെട്ടെങ്കിലും യാതൊരു സഹായവും ലഭിച്ചില്ല എന്നും ഇവര്‍ പറയുന്നു. ഇതിനിടെ കനത്ത മഴയിലും വെള്ളപ്പാച്ചിലിലും ബംഗളുരുവില്‍ മാത്രം രണ്ടുപേര്‍ മരിച്ചു.