മുംബൈ: പ്രഖ്യാപിച്ച നാള് മുതല്‍ വിവാദത്തിലായ ചിത്രമാണ് ദി കേരളാ സ്റ്റോറി. സുദീപ്തോ സെന്‍ സംവിധാനം ചെയ്ത ചിത്രം കേരളത്തില്‍നിന്ന് 32000 സ്ത്രീകളെ മതംമാറ്റി ഐസിസില്‍ ചേര്‍ത്തുവെന്ന അവകാശവാദവുമായാണ് പ്രേക്ഷകര്‍ക്കുമുന്നിലെത്തിയത്. റിലീസ് ചെയ്തപ്പോള്‍ തന്നെ തിയറ്ററുകളില്‍ ബഹിഷ്കരണാഹ്വാനമുണ്ടായ ചിത്രത്തിന്റെ ഒടിടി റിലീസും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ കേരളാ സ്റ്റോറി ഒരിക്കലും കാണില്ലെന്ന് പറയുകയാണ് നടന് നസറുദ്ദീന്‍ ഷാ. നാസിസത്തിന്റെ പാതയിലാണ് നാം സഞ്ചരിക്കുന്നതെന്നും അപകടകരമായ ട്രെന്‍ഡ് ആണിതെന്നും നസറുദ്ദീന്‍ ഷാ പറഞ്ഞു.
'കേരളാ സ്റ്റോറി ഞാന്‍ കണ്ടിട്ടില്ല. ഇനി കാണാന്‍ ഉദ്ദേശിക്കുന്നുമില്ല. ഭീദ്, അഫ്വ, ഫറാസ് തുടങ്ങിയ മൂല്യവത്തായ സിനിമകള്‍ കാണാന്‍ ആരുംപോയില്ല. കേരളാ സ്റ്റോറി കാണാന്‍ അവര്‍ കൂട്ടത്തോടെ ഒഴുകുകയാണ്. ഞാന്‍ കേരളാ സ്റ്റോറി കാണില്ല. കാരണം അതിനെക്കുറിച്ച് ഞാന്‍ വേണ്ടത്ര പഠിച്ചിട്ടുണ്ട്. ഇപ്പോഴുളളത് അപകടകരമായ ട്രെന്‍ഡ് ആണ്. നാസി ജര്‍മ്മനിയുടെ വഴിയാണ് നാം സഞ്ചരിക്കുന്നത്. ഹിറ്റ്ലറുടെ ഭരണകാലത്ത് അദ്ദേഹം ചെയ്ത നല്ല കാര്യങ്ങളെ പുകഴ്ത്തി സിനിമ ചെയ്യാന്‍ സിനിമാക്കാരെ സമീപിക്കുകയും അതിനായി ശ്രമിക്കുകയും ചെയ്തിരുന്നു. ഇതോടെ ജര്‍മ്മനിയിലെ മികച്ച സിനിമാക്കാരെല്ലാം അവിടെനിന്ന് ഹോളിവുഡിലേക്ക് പോവുകയും സിനിമകളുണ്ടാക്കുകയും ചെയ്തു. ഇവിടെയും അതുതന്നെ സംഭവിക്കുമെന്നാണ് തോന്നുന്നത്' നസറുദ്ദീന്‍ ഷാ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
വിദ്വേഷത്തിന്റെ അന്തരീക്ഷം അധികകാലം നീണ്ടുനില്‍ക്കുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എത്ര നാള് അവര്‍ക്ക് വിദ്വേഷം പടര്‍ത്താന്‍ കഴിയും? ആ വെറുപ്പ് നമ്മളെ ഗ്രസിച്ചപോലെ തന്നെ അപ്രത്യക്ഷമാകുമെന്നാണ് ഞാന്‍ കരുതുന്നത്. അത് ഉടന്‍ ഉണ്ടാകുമെന്നും തോന്നുന്നില്ല'- നസറുദ്ദീന്‍ ഷാ കൂട്ടിച്ചേര്‍ത്തു.