ജയ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും എത്ര വര്‍ഗീയ കാര്‍ഡിറക്കിയാലും രാജസ്ഥാനില്‍ വിജയിക്കില്ലെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. കര്‍ണാടകയില്‍ ബിജെപിയുടെ ഈ തന്ത്രം പരാജയപ്പെട്ടെന്നും രാജസ്ഥാനിലും അത് വിലപ്പോകില്ലെന്നും അശോക് ഗെഹ്ലോട്ട് പറഞ്ഞു. സംസ്ഥാനത്ത് ഭരണമികവ് ഉയര്‍ത്തിക്കാട്ടിയാണ് കോണ്‍ഗ്രസ് പ്രചാരണം നടത്തുന്നതെന്നും വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലെല്ലാം വികസനം കൊണ്ടുവരാന്‍ തന്റെ സര്‍ക്കാരിന് സാധിച്ചെന്നും ഗെഹ്ലോട്ട് പറഞ്ഞു. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
'പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും മതത്തിന്റെ പേരില്‍ മുദ്രാവാക്യം വിളിക്കുന്നു. ഇത്തവണ അതൊന്നും വിലപ്പോകില്ല. അവര്‍ കര്‍ണാടകയില്‍ ബജ്‌റംഗ് ബലിയെക്കുറിച്ച് പറഞ്ഞ് വോട്ടുപിടിക്കാന്‍ ശ്രമിച്ചില്ലേ? എന്നിട്ടെന്തായി. അതൊന്നും ഫലംകണ്ടില്ല. മോദിയെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് വിലക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഇങ്ങനെ വര്‍ഗീയ കാര്‍ഡിറക്കി പ്രചാരണം നടത്തുന്നത് കുറ്റകൃത്യം തന്നെയാണ്'- ഗെഹ്ലോട്ട് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അഞ്ച് വര്‍ഷത്തെ ഭരണമികവില്‍ തനിക്ക് ആത്മവിശ്വാസമുണ്ടെന്നും റോഡ്, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ വികസനം കൊണ്ടുവരാന്‍ തന്റെ സര്‍ക്കാരിന് സാധിച്ചിട്ടുണ്ടെന്നും ഗെഹ്ലോട്ട് പറഞ്ഞു. സച്ചിന്‍ പൈലറ്റുമായുളള പ്രശ്‌നങ്ങളെക്കുറിച്ചുളള ചോദ്യത്തിന് 'ഡല്‍ഹിയില്‍വെച്ച് ഞങ്ങള്‍ സംസാരിച്ചിരുന്നു, രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും കെസി വേണുഗോപാലുമുണ്ടായിരുന്നു. അതേക്കുറിച്ച് ഞാനിപ്പോള്‍ പറയുന്നില്ല. എന്തെങ്കിലും പറഞ്ഞാല്‍ അത് തെറ്റായി വ്യാഖ്യാനിക്കപ്പെടും' എന്നായിരുന്നു അശോക് ഗെഹ്ലോട്ടിന്റെ മറുപടി. മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.