ഡല്‍ഹി: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ വസതിയായിരുന്ന തീന്‍മൂര്‍ത്തി ഭവനില്‍ സ്ഥാപിച്ച 'നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി (എന്‍ എം എം എല്‍) യുടെ പേര് മാറ്റുന്നതിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. അല്‍പ്പത്തരത്തിന്റെയും വൈരനിര്യാതന ബുദ്ധിയുടെയും പേരാണ് മോദി എന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു. ഇന്ത്യന്‍ രാഷ്ട്രശില്‍പ്പിയുടെ പേരിനെയും പെരുമയെയും ഇകഴ്ത്താനും നശിപ്പിക്കാനും ഇതില്‍ക്കൂടുതലൊന്നും മോദിക്ക് ചെയ്യാനില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
'അല്‍പ്പത്തരത്തിന്റെയും വൈരനിര്യാതന ബുദ്ധിയുടേയും പേരാണ് മോദി. 59 വര്‍ഷത്തിലേറെയായി നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി (എന്‍ എം എം എല്‍) ഒരു ആഗോള ഭൗതികസിരാകേന്ദ്രവും അമൂല്യമായ പുസ്തകങ്ങളുമടങ്ങിയ ഗ്രന്ഥപ്പുരയുമായിരുന്നു. ഇനിമുതല്‍ അത് പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആന്‍ഡ് സൊസൈറ്റി എന്ന് വിളിക്കപ്പെടും. ഇന്ത്യന്‍ രാഷ്ട്രശില്‍പ്പിയുടെ പേരിനെയും പെരുമയെയും പൈതൃകത്തെയും വളച്ചൊടിക്കാനും ഇകഴ്ത്താനും നശിപ്പിക്കാനും ഇതില്‍ക്കൂടുതലൊന്നും മോദിക്ക് ചെയ്യാനില്ല. അരക്ഷിതാവസ്ഥയാല്‍ കനപ്പെട്ട ഹൃദയവുമായി മോദി വീണ്ടും ചെറുതായിച്ചെറുതായിക്കൊണ്ടിരിക്കുകയാണ്. ഇദ്ദേഹമാണത്രേ സ്വയംപ്രഖ്യാപിത വിശ്വഗുരു'- ജയ്റാം രമേശ് ട്വീറ്റ് ചെയ്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യു
ഇന്നലെ ചേര്‍ന്ന എന്‍ എം എം എല്‍ സൊസൈറ്റിയുടെ യോഗത്തിലാണ് മ്യൂസിയത്തിന്റെ പേരുമാറ്റാന്‍ തീരുമാനമായത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറിയുടെ ചെയര്മാന്. സൊസൈറ്റിയുടെ വൈസ് പ്രസിഡന്റായ പ്രതിരോധമന്ത്രി രാജ് നാഥ് സിംഗിന്റെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. അമിത് ഷാ, നിര്‍മ്മലാ സീതാരാമന്, ധര്‍മ്മേന്ദ്ര പ്രധാന്, കിഷന് റെഡ്ഡി, അനുരാഗ് താക്കൂര്‍ എന്നിവരുള്‍പ്പെടെ 29 പേരാണ് എന്‍ എം എം എല്‍ സൊസൈറ്റി അംഗങ്ങള്‍.
ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിലെ കമാന്‍ഡര്‍ ഇന്‍ ചീഫിന്റെ വസതിയായിരുന്ന തീന്‍മൂര്‍ത്തി ഭവന് പ്രധാനമന്ത്രിയായതോടെ ജവഹര്‍ലാല്‍ നെഹ്റുവിന്റെ വസതിയാവുകയായിരുന്നു. 1964-ല്‍ നെഹ്റു മരിക്കുന്നതുവരെയും അദ്ദേഹം തീന്‍മൂര്‍ത്തി ഭവനായിരുന്നു ഔദ്യോഗിക വസതിയായി ഉപയോഗിച്ചിരുന്നത്. നെഹ്റുവിന്റെ 75-ാം ജന്മദിനത്തില് അന്നത്തെ രാഷ്ട്രപതി എസ് രാധാകൃഷ്ണനാണ് തീന്‍മൂര്‍ത്തി ഭവന് നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി ഉദ്ഘാടനം ചെയ്ത് രാജ്യത്തിന് സമര്‍പ്പിച്ചത്.