ലക്നൗ: ഉത്തര്‍പ്രദേശില്‍ ജയ്ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് മുസ്ലീം യുവാവിന് ക്രൂര മര്‍ദ്ദനം. ബുലന്ദ്പൂര് സ്വദേശി ഷാഹിലിനെയാണ് മോഷണക്കുറ്റം ആരോപിച്ച് മൂന്നംഗ സംഘം പിടിച്ചുകൊണ്ടുപോയി മര്‍ദ്ദിച്ചത്. യുവാവിനെ മരത്തില്‍ കെട്ടിയിട്ട് തല പകുതി ഷേവ് ചെയ്ത് നിര്‍ബന്ധിച്ച് ജയ് ശ്രീറാം വിളിപ്പിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. യുവാവിന്റെ കുടുംബം പരാതി നല്‍കിയതോടെ സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
ജൂണ്‍ പതിമൂന്നിനായിരുന്നു സംഭവം. ഗ്രാമത്തിലെ ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കുകയായിരുന്ന ഷാഹിലിനെ മൂന്നംഗ സംഘം നിര്‍ബന്ധിച്ച് ബൈക്കില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് ഷാഹിലിനോട് മൊബൈല്‍ മോഷണത്തെക്കുറിച്ച് ചോദിച്ച പ്രതികള്‍ ഇയാളെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയും തല പകുതി മൊട്ടയടിക്കുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ തന്നെയാണ് പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
യുവാവിന്റെ കുടുംബം ആദ്യം ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പ്രതികള്‍ക്കെതിരെ യാതൊരു നടപടിയുമുണ്ടായില്ല. തുടര്‍ന്ന് എ എസ് പിക്ക് പരാതി നല്‍കിയതോടെയാണ് സംഭവത്തില്‍ കേസെടുക്കുകയും അക്രമികളെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.