തിരുവനന്തപുരം: തൊപ്പിയെപ്പോലുളള യൂട്യൂബര്‍മാര്‍ കുട്ടികളിലുണ്ടാക്കുന്ന സ്വാധീനം ആശങ്കപ്പെടുത്തുന്നതാണെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര് ബിന്ദു. തൊപ്പി സംസാരിക്കുന്ന സാമൂഹ്യവിരുദ്ധമായ കാര്യങ്ങളാണ് കുട്ടികളെ ആവേശംകൊളളിക്കുന്നതെന്ന് മനസിലാക്കിയപ്പോള്‍ വേദന തോന്നിയെന്നും കാലത്തിന്റെ മാറ്റങ്ങള്‍ നമ്മുടെ കുഞ്ഞുങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്നതിനെ വേവലാതിയോടെയാണ് താന്‍ നോക്കിക്കാണുന്നതെന്നും ആര് ബിന്ദു പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്ക് എന്ന പരിപാടിയിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
'മുന്കാലങ്ങളിലെപ്പോലെയല്ല, കുട്ടികള്‍ക്ക് വലിയ മാറ്റമുണ്ടായിക്കൊണ്ടിരിക്കുകയാണ്. കാലത്തിന്റെ മാറ്റങ്ങള്‍ നമ്മുടെ കുഞ്ഞുങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നത് വേവലാതിയോടെ മാത്രമേ കാണാന്‍ കഴിയൂ. കഴിഞ്ഞ ദിവസം തൊപ്പി എന്ന യൂട്യൂബര്‍ വളാഞ്ചേരിയിലെത്തിയപ്പോള്‍ ആരാധനയോടെ കുട്ടികള്‍ ഓടിച്ചെന്നെന്നും അയാള്‍ സംസാരിക്കുന്ന സാമൂഹ്യവിരുദ്ധമായ കാര്യങ്ങളാണ് കുട്ടികളെ ആവേശംകൊളളിക്കുന്നതെന്നും മനസിലാക്കിയപ്പോള്‍ ഒരു അധ്യാപിക എന്ന നിലയ്ക്കും അമ്മ എന്ന നിലയ്ക്കും എനിക്ക് ഏറെ വേദനയുണ്ടായി'- മന്ത്രി ആര് ബിന്ദു പറഞ്ഞു.
അതേസമയം, തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബര്‍ നിഹാലിനെ വളാഞ്ചേരി പൊലീസ് ഇന്ന് കൊച്ചിയില്‍നിന്ന് കസ്റ്റഡിയിലെടുത്തു. വളാഞ്ചേരിയില്‍ ഒരു ഉദ്ഘാടന പരിപാടിക്കെത്തിയപ്പോള്‍ അശ്ലീല പരാമര്‍ശം നടത്തുകയും ഗതാഗത തടസം സൃഷ്ടിക്കുകയും ചെയ്തു എന്ന പരാതിയിലാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടത്തത്.