തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയായി ഡോ. വി വേണുവിനൈയും പൊലീസ് മേധാവിയായി ഷെയ്ക്ക് ദര്‍വേഷ് സാഹിബിനെയും നിയമിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. വി വേണു നിലവില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ്. ഫയര്‍ ആന്‍ഡ് റെസ്ക്യൂ വിഭാഗം ഡയറക്ടര്‍ ജനറലാണ് ദര്‍വേഷ് സാഹിബ്. നിലവിലെ ഡിജിപി അനില്‍ കാന്ത് ജൂണ്‍ 30-ന് വിരമിക്കുന്നതോടെ ദര്‍വേഷ് സാഹിബ് ചുമതലയേല്‍ക്കും.
1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ വേണു പാലാ സബ് കളക്ടറായാണ് കരിയര്‍ ആരംഭിച്ചത്. കേരളാ ടൂറിസം ഡയറക്ടറായും ടൂറിസം വകുപ്പ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര ട്രാവല്‍ മാര്‍ട്ടായ കേരളാ ട്രാവല്‍ മാര്‍ട്ട് വേണുവിന്റെ ആശയമാണ്. ടൂറിസം മന്ത്രാലയത്തിന്റെ ഇന്‍ക്രടിബിള്‍ ഇന്ത്യ ക്യാംപെയ്ന് ആവിഷ്കരിക്കുന്നതിലും വ്യാപിപ്പിക്കുന്നതിലും നിര്‍ണായക പങ്ക് വഹിച്ചു. പ്രളയത്തിനുശേഷം കേരളാ പുനര്‍നിര്‍മ്മാണത്തിന്റെ ചുമതല സര്‍ക്കാര്‍ നല്‍കിയത് വേണുവിനാണ്. നിലവില്‍ ആഭ്യന്തര-പരിസ്ഥിതി വകുപ്പുകളുടെ സെക്രട്ടറിയാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
പൊലീസിലെ സൗമ്യതയുടെ മുഖം എന്നാണ് ആന്ധ്ര സ്വദേശിയായ ഷെയ്ക്ക് ദര്‍വേഷ് സാഹിബ് അറിയപ്പെടുന്നത്. 1990 ബാച്ച് ഉദ്യോഗസ്ഥനായ ദര്‍വേഷ് നെടുമങ്ങാണ് എഎസ്പിയായാണ് കരിയര്‍ ആരംഭിച്ചത്. വയനാട്, പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പൊലീസ് മേധാവിയായി. തിരുവനന്തപുരം, തൃശൂര്‍ റെയ്ഞ്ചുകളിലും പൊലീസ് ആസ്ഥാനത്തും ഐജിയായി. വിജിലന്‍സില്‍ ക്രമസമാധാന ചുമതലയുളള എഡിജിപി ആയിരുന്നു. രണ്ടുതവണ ക്രൈംബ്രാഞ്ച് മേധാവിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.