ഇംഫാല്‍: മണിപ്പൂര്‍ ഒരു മുന്നറിയിപ്പാണെന്ന് ഡല്‍ഹി, സിക്കിം, നാഗാലാന്‍ഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളുടെ ചുമതലയുളള എ ഐ സി സി ജനറല്‍ സെക്രട്ടറി അജോയ് കുമാര്‍. ബിജെപി മതത്തിന്റെ പേരില്‍ ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കുകയാണെന്നും അവര്‍ അധികാരത്തില്‍ തുടര്‍ന്നാല്‍ രാജ്യം മുഴുവന്‍ മണിപ്പൂരിന് സമാനമായ സാഹചര്യമുണ്ടാകുമെന്നും അജോയ് കുമാര്‍ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'മണിപ്പൂര്‍ ഒരു ട്രെയിലറാണ്. ബിജെപി വിദ്വേഷം പ്രചരിപ്പിക്കുന്നത് തുടരുകയാണെങ്കില്‍ രാജ്യത്തുടനീളം മണിപ്പൂരിന് സമാനമായ സാഹചര്യമുണ്ടാകും. തെരഞ്ഞെടുപ്പുകളില്‍ വിജയിക്കാന്‍ വിദ്വേഷം പടര്‍ത്തി രാജ്യത്തെ വിഭജിക്കേണ്ട കാര്യമില്ല'- അജോയ് കുമാര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ചുരാചന്ദ്പൂരിലേക്കുളള യാത്രക്കിടെ രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹത്തെ മണിപ്പൂര്‍ പൊലീസ് തടഞ്ഞതില്‍ കോണ്‍ഗ്രസ് എംപി മനീഷ് തിവാരിയും അതൃപ്തി രേഖപ്പെടുത്തി. 'രാഹുല്‍ ഗാന്ധിയുടെ മണിപ്പൂര്‍ സന്ദര്‍ശനം തടസപ്പെടുത്തിയ സംഭവം ദൗര്‍ഭാഗ്യകരമാണ്. ആഭ്യന്തര മന്ത്രിയൊഴികെ ഒരു മന്ത്രിയും ഇതുവരെ മണിപ്പൂര്‍ സന്ദര്‍ശിക്കാനുളള മര്യാദ കാണിച്ചിട്ടില്ല. പ്രധാനമന്ത്രി വിഷയത്തില്‍ ഒരുവാക്കുപോലും പ്രതികരിച്ചിട്ടില്ല. ഈ പശ്ചാത്തലത്തില്‍ പ്രതിപക്ഷത്തെ മുതിര്‍ന്ന നേതാവ് അവിടം സന്ദര്‍ശിക്കാന്‍ ശ്രമിക്കുമ്പോള്‍ അദ്ദേഹത്തെ സംസ്ഥാന സര്‍ക്കാര്‍ പിന്തുണയ്ക്കുകയായിരുന്നു വേണ്ടത്'- മനീഷ് തിവാരി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍ സിംഗ് രാജിവച്ചേക്കുമെന്ന് സൂചനയുണ്ട്. ഇന്ന് ഉച്ചയോടെ ഗവര്‍ണറുമായി കൂടിക്കാഴ്ച്ച നടത്തുമെന്നും രാജിക്കത്ത് സമര്‍പ്പിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. 2017 മുതല്‍ മണിപ്പൂര്‍ മുഖ്യമന്ത്രിയാണ് ബീരേന്‍ സിംഗ്. മണിപ്പൂരില്‍ കലാപം ആളിപ്പടരാന്‍ മുഖ്യമന്ത്രിയുടെ ഇടപെടലുകള്‍ കാരണമായെന്ന് ആരോപണമുണ്ട്. മുഖ്യമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടിരുന്നു.