നിങ്ങളും ഞങ്ങളും ഏക സിവിൽ കോഡും! - ഡോ. ഖദീജ മുംതാസ്

വായുവിലും വെള്ളത്തിലും കലർന്നിട്ട് എന്നപോലെ ഏക സിവിൽ കോഡ് നിറഞ്ഞു നിൽക്കുകയാണല്ലോ ഇപ്പോൾ. വാർത്തകളിലും ചാനൽ ചർച്ചകളിലും സോഷ്യൽ മീഡിയകളിലും അതിനെക്കഴിഞ്ഞേ വേറെയെന്തുമുള്ളു എന്ന നിലയാണ്. മോഡിയും ബിജെപിയും എന്താഗ്രഹിച്ചുവോ, ഉദ്ദേശിച്ചുവോ അതുതന്നെ നടക്കുന്നു എന്നർത്ഥം. ഫോറം ഫോർമുസ്ലിം വിമൺസ് ജെൻഡർ ജസ്റ്റിസിൻ്റെ ചർച്ചാ വേദികളിലും ഈ വിഷയം വന്നു. ഈ വിഷയത്തിൽ ഒരു പൊതു സംവാദവും പ്രഭാഷണങ്ങളുമൊക്കെ നടത്തിയാലോ എന്നാലോചിച്ച് പിന്നെയത് ഒരു ഗൂഗിൾ മീറ്റിംഗാക്കി ചുരുക്കിയത്, ഒരു തെരഞ്ഞെടുപ്പു സ്റ്റണ്ടിനെ ഗൗരവം കൂട്ടി പ്രചാരണം കൊടുക്കേണ്ട എന്ന തീരുമാനത്തിലായിരുന്നു. ഇന്ന് ഇടതും വലതും രാഷ്ട്രീയ പാർട്ടികൾ ഇതിനെ വേണ്ടത്ര പക്വതയോടെയാണോ കൈകാര്യം ചെയ്യുന്നത് എന്ന ആശങ്ക തോന്നുന്നതു കൊണ്ടാണ് ഈ കുറിപ്പ്.

പല രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ വിശ്വാസമർപ്പിക്കുന്നവരെങ്കിലും ഹിന്ദുത്വ അജണ്ടകൾക്ക് നാടിനെ വിട്ടു കൊടുക്കാൻ വയ്യ എന്ന വിശ്വസിക്കുന്നവരാണ് FMWGJ(Forum For Muslim Women'sGender Justice)ൻ്റെ നേതൃത്വത്തിലുള്ളവരെല്ലാം. പ്രധാനമായും മുസ്ലിം സ്ത്രീകൾ ആണ് ഈ സ്വതന്ത്ര ഗ്രൂപ്പിൽ ഉള്ളവരെങ്കിലും ഞങ്ങളോടൊപ്പം മത-ലിംഗ പര വൈവിധ്യങ്ങൾക്കപ്പുറം ജനാധിപത്യവിശ്വാസികളായ ഏറെ വൃക്തികൾ അല്ലാതെയുമുണ്ട്. മുസ്ലിം സ്ത്രീകളോട് ഒരു ജനാധിപത്യ പരമാധികാര രാഷ്ട്രമായ ഇന്ത്യയിൽ കാലങ്ങളായി നിയമ പ്രാബല്യത്തോടെ തന്നെ നടമാടിക്കൊണ്ടിരിക്കുന്ന  അനീതിക്കെതിരെയാണ് ഈ ഫോറം പ്രവർത്തിക്കുന്നതും സംസാരിക്കുന്നതും. ഒരു സംഘടന എന്ന നിലയിൽ ശൈശവാവസ്ഥയിലെങ്കിലും ഇതിൻ്റെ വലിയ സാധ്യതകൾ മനസ്സിലാക്കാൻ സാധിക്കും വിധത്തിലാണ് ഇതിൻ്റെ വളർച്ചയും സ്വീകാര്യതയും എന്നതും വാസ്തവം.

ഒരു ഫോറം എന്ന നിലയിൽ പ്രവർത്തനം തുടങ്ങുമ്പോൾത്തന്നെ ഇന്ത്യൻ രാഷ്ട്രീയ കാലാവസ്ഥയെ കൃത്യമായി വിലയിരുത്തിക്കൊണ്ടാണ് ഇത് മുന്നോട്ടു പോയത്. ഇന്നത്തെ ഇന്തൃയിൽ അപ്രായോഗികവും അപകടകരവുമായ ഏകീകൃത സിവിൽ കോഡല്ല , മറിച്ച് ഹിന്ദു -ക്രിസ്ത്യൻ വൃക്തി നിയമങ്ങളിൽ നേതൃത്വങ്ങളുടെ എതിർപ്പു മറികടന്നും നടപ്പിൽ വരുത്തിയ ലിംഗസമത്വപരമായ മാറ്റങ്ങൾക്ക് സമാനമായി മുസ്ലിം വൃക്തി നിയമങ്ങൾ, പ്രത്യേകിച്ച് അക്കൂട്ടത്തിൽ ഏറ്റവും സ്ത്രീവിരുദ്ധമായ പിന്തുടർച്ചാവകാശ നിയമങ്ങൾ, പരിഷ്കരിക്കുകയും വിശദമായി അക്കമിട്ടു നിരത്തി ക്രോഡീകരിക്കുകയും ചെയ്യുക എന്നതാണ് അന്നും ഇന്നും ഫോറത്തിൻ്റെ ആവശ്യമായി ഞങ്ങൾ ഉയർത്തിപ്പിടിക്കുന്നത്.

പല രാഷ്ട്രീയ വിശ്വാസങ്ങളുള്ളവർ, മത പൗരോഹിത്യത്തിൻ്റെ ഹീനമായ മുഖങ്ങൾ പലവിധത്തിൽ കണ്ടിട്ടുള്ളവർ, അതുമൂലം ജീവിതം വഴിമുട്ടിയവർ, യുക്തിവാദികൾ, വിശ്വാസികൾ,സന്ദേഹവാദികൾ തുടങ്ങി പലതരക്കാർ ഉള്ള, ഇപ്പോഴും പുതിയ അംഗങ്ങൾ പ്രതീക്ഷയോടെ ചേർന്നു കൊണ്ടിരിക്കുന്ന ഒരു ഗ്രൂപ്പിൽ സ്വാഭാവികമായിത്തന്നെ പ്രശ്ന പരിഹാരത്തിന് പല വഴികൾ ആലോചിക്കുന്നവരുണ്ടാകുമല്ലോ. ഒരു ഏക സിവിൽ കോഡ് വരുന്നതിനെ എന്തിനാണെതിർക്കുന്നത്, മറ്റു മതങ്ങളിലെ സ്ത്രീകൾക്ക് ലഭിക്കുന്ന നീതിയെങ്കിലും തങ്ങൾക്കും ലഭിക്കേണ്ടേ എന്നു സംശയമുന്നയിക്കുന്നവർ ഏറെയായിരുന്നു. ബി.ജെ.പി സർക്കാറിൻ്റെ വിഭജനതന്ത്രങ്ങളേക്കാൾ, മുസ്ലിം വിരുദ്ധതയേക്കാൾ തങ്ങളുടെ ജീവിതം കൊണ്ടു തിരിച്ചറിഞ്ഞ ആണധികാര പ്രയോഗങ്ങൾ, മതവിശ്വാസത്തിൻ്റെ പേരിലുള്ള നീതി നിഷേധങ്ങൾ അവരെ രോഷാകുലരും ഇനിയും കുനിഞ്ഞു നിൽക്കാൻ വയ്യ എന്ന അവസ്ഥയിലേക്ക് എത്തിച്ചേർന്നവരും ആക്കിയിരിക്കുന്നു. ഈ സഹനത്തേക്കാൾ ഭീകരമായിരിക്കും ഹിന്ദുത്വയുടെ വരാൻ പോകുന്ന സമഗ്രാധിപത്യ കാലം എന്നത് അങ്ങനെയുള്ളവരെ വിശ്വസിപ്പിക്കുക ഏറെ ശ്രമകരമാണുതാനും. സ്വന്തം കിടപ്പാടം പെട്ടെന്നൊരു നാൾ ജെ.സി.ബി.വെച്ച് പൊളിക്കുന്നത് നോക്കി നിൽക്കേണ്ടി വരുന്നവർ, പുഴയിലെ വെള്ളമെടുക്കുന്നത് മതത്തിൻ്റെ പേരിൽ നിഷേധിക്കപ്പെടുന്ന തീരവാസികൾ, തിരഞ്ഞുപിടിച്ച് കച്ചവട സ്ഥാപനങ്ങൾ പൂട്ടിക്കപ്പെടുന്നവർ, അല്ലെങ്കിൽ, മണിപ്പൂർ നിവാസികളെപ്പോലെ ഒരു സ്പോൺസേഡ് കലാപത്തിന് വിധേയരാകേണ്ടി വരുന്നവർ ഇവരൊക്കെ വേറെയേതോ വിദൂരദേശത്തെ കഥകളിലെ മനുഷ്യർ മാത്രമായേ ഇങ്ങനെയുള്ളവർ ഉൾക്കൊള്ളുന്നുമുള്ളു. നാളെ നമുക്കും അത് സംഭവിക്കാമെന്ന മുന്നറിയിപ്പിനെ ഇന്നത്തെ ജീവിതം വെച്ച് അവർ പ്രതിരോധിച്ചു കൊണ്ടേയിരിക്കുന്നു.വിദ്യാസമ്പന്നരായ മുസ്‌ലിം സ്ത്രീപുരുഷന്മാർ ഇതേ വാദഗതികളുമായി കൂടുതൽ കൂടുതൽ മുന്നോട്ടു വരാൻ തുടങ്ങിയത് പ്രധാനമന്ത്രിയുടെ ഈയിടെയുണ്ടായ ഏകീകൃത സിവിൽ കോഡ് ഉടനെ, എന്ന പ്രഖ്യാപന ശേഷമാണ്.പുതിയ ഒരു നിയമകമ്മീഷനെ വെച്ച് ജനാഭിപ്രായം ഇക്കാര്യത്തിൽ തേടിക്കൊണ്ടിരിക്കുന്ന അവസരത്തിൽത്തന്നെയാണ് പൊടുന്നനെയുള്ള ഈ വാഗ്ദാനം എന്നത് അതിനെ തികച്ചും അനവസരത്തിലുള്ളതാക്കുന്നു.

21-ാം ലോ കമ്മീഷൻ വിശാലമായ തലത്തിൽ അഭിപ്രായങ്ങൾ സ്വീകരിച്ച്, 2 വർഷം ധനവും നിയമ വൈദഗ്ദ്ധ്യവും വ്യയം ചെയ്ത്  തയ്യാറാക്കിയ വിശദമായ റിപ്പോർട്ട് 2018 സമർപ്പിക്കപ്പെട്ടത് കയ്യിലിരിക്കുമ്പോഴാണ് അതിന് കടലാസു വില കൽപ്പിക്കാതെ വീണ്ടുമൊരു അഭിപ്രായ സർവെ പ്രഖ്യാപിക്കപ്പെടുന്നത്. ഇൻഡ്യ ഒരു ഏക സിവിൽ കോഡ് സാധ്യമാകാത്ത വിധം സാംസ്കാരിക വൈവിധ്യങ്ങൾ ഉൾക്കൊള്ളുന്ന രാജ്യമാകയാൽ അതാത് വൃക്തിനിയമങ്ങളിലെ അപാകതകൾ നീക്കി പരിഷ്കരിക്കലാണ് വേണ്ടത് എന്ന വിവേകപൂർണമായ, കാര്യകാരണസഹിതമായ റിപ്പോർട്ട് ആണ് അന്ന് സമർപ്പിക്കപ്പെട്ടത് എന്നതായിരിക്കാം അത് അവഗണിക്കപ്പെടാനും കാരണം. അതിൽ നിന്നു വൃത്യസ്തമായ ആവശ്യങ്ങളോ മാറ്റങ്ങളോ പൊതു സമൂഹതലത്തിൽ പുതുതായി ഉയർന്നു വന്നിട്ടുമില്ല. എങ്കിലും രണ്ടാഴ്ച കൊണ്ടു തന്നെ ലക്ഷക്കണക്കിന് വൃക്തി - സംഘടനാതല അഭിപ്രായങ്ങൾ പുതിയ കമ്മീഷന് കിട്ടിക്കഴിഞ്ഞു എന്നാണറിവ്. ഏക സിവിൽ കോഡിനെതിരെ ഏറ്റവും കൂടുതൽ എതിർപ്പ് ഗോത്രവർഗക്കാരിൽ നിന്ന് ആവാൻ സാധ്യതയുണ്ട് എന്നതിനാലാകണം തൽക്കാലം ആ ജനസഞ്ചയത്തെ അനുഭാവപൂർവം യു.സി.സി.യിൽ നിന്ന് ഒഴിവാക്കും എന്ന രീതിയിലുള്ള പ്രഖ്യാപനങ്ങൾ വരുന്നത്.

വാസ്തവത്തിൽ ഈ ജൂലൈ 14 വരെ ലഭിക്കുന്ന എല്ലാ നിർദ്ദേശങ്ങളും പഠിക്കുകയും ഒരാവർത്തികൂടി വിദഗ്ദ്ധ വിശകലനങ്ങൾ നടക്കുകയും ചെയ്ത ശേഷം മാത്രമേ ഏക സിവിൽ കോഡ് തന്നെയാണോ, മുമ്പ് നിർദ്ദേശിക്കപ്പെട്ട പോലെ വ്യക്തിനിയമ പരിഷ്കാരമാണോ കൊണ്ടുവരേണ്ടത് എന്ന തീർപ്പിലെത്താ നാവൂ.കഴിഞ്ഞവട്ടം രണ്ടു വർഷമെടുത്തെങ്കിൽ പുതിയ ഒരു നിയമ പാനലും അത്ര തന്നെ സമയമെടുക്കാനുള്ള സാധ്യതയുമുണ്ട്. ജനാധിപത്യ രീതിയിലാണെങ്കിൽ അപ്പോളത് അടുത്ത സർക്കാരിൻ്റെ ഉത്തരവാദിത്തമായി വരണം.എന്നിരിക്കേ എന്തിനു വേണ്ടിയാണ് ഈ സർക്കാരിൻ്റെ കാലാവധി കഴിയാനിരിക്കുമ്പോൾ, നിയമകമ്മീഷൻ നടപടികളെ മറികടന്ന് ഇത്തരമൊരു പ്രഖ്യാപനമുണ്ടായത് എന്നത്‌ ആലോചിക്കേണ്ടതാണ്. ഇലക് ഷൻ ലക്ഷ്യമിട്ടൊരു പോളറൈസേഷൻ ശ്രമമോ മറ്റു പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രമോ ആവാനുള്ള സാധ്യത വലുതാണ് എന്നേ പറയാനാവൂ.യു.സി.സി.ക്കുള്ള പ്രവർത്തനങ്ങൾ അണ്ടർ ഗ്രൗണ്ടിലൂടെ ഇതിനിടെ നടന്നു കഴിഞ്ഞിരിക്കാനും അഭിപ്രായം തേടൽ വെുമൊരു പ്രഹസനമോ ഇഷ്ടം പോലെ മാറ്റി മറിക്കാൻ സാധിക്കുന്ന ഒന്നോ ആയിരിക്കാനും സാധ്യതയില്ലാതില്ല. തെരഞ്ഞെടുപ്പിന് മുമ്പ് അത് ഏകപക്ഷീയമായി പ്രഖ്യാപിക്കപ്പെട്ടാൽപ്പോലും ഇതിനു മുമ്പു നടത്തിയിട്ടുള്ള ജനാധിപത്യവിരുദ്ധതകൾ വെച്ച് അത്ഭുതപ്പെടാനുമില്ല. എങ്കിലും ഈ ഭരണക്കാലത്തെങ്കിലും ഭരണഘടനക്ക നുസരിച്ച് പ്രവർത്തിക്കുന്നു എന്ന തോന്നൽ ജനങ്ങളിൽ നിലനിർത്താൻ ശ്രമിക്കാനാണ് സാധ്യത കൂടുതൽ .ആ വിശ്വാസത്തോടെയാണ് ജനാധിപതൃവാദികളായ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഇക്കാര്യത്തിൽ ഇടപെടേണ്ടതും.

യഥാർത്ഥ ന്യൂനപക്ഷ സ്നേഹവും സം രക്ഷണോത്സുകതയും ലിംഗസമത്വ ബോധവും ഉള്ളവരെങ്കിൽ  സ്വീകരിക്കാവുന്ന, ഉയർത്തിപ്പിടിക്കാവുന്ന നിലപാട് FMWGJ സ്വീകരിച്ചിട്ടുള്ള നിലപാടു തന്നെയാണ്. വിവിധ മതങ്ങളും ഗോത്ര വിഭാഗങ്ങളും നിലനിൽക്കുന്ന ഇൻഡ്യൻ സമൂഹത്തെ മുഴുവൻ ഒരൊറ്റ സിവിൽ കോഡിലേക്ക് കൊണ്ടുവരുന്നതിലെ ജനാധിപത്യ വിരുദ്ധത  ഞങ്ങൾ തിരിച്ചറിയുന്നു, പക്ഷേ, വൃക്തി നിയമങ്ങളിൽ ലിംഗവിവേചനങ്ങൾ നീക്കം ചെയ്യുന്ന മാറ്റങ്ങൾ വരണമെന്ന് ഞങ്ങളും ആവശ്യപ്പെടുന്നു, വിശ്വാസ സ്വാതന്ത്രൃത്തെ വ്രണപ്പെടുത്താതെ തന്നെ അവയിൽ ജനാധിപത്യം കൊണ്ടുവരാനുള്ള ശ്രമങ്ങൾക്ക് സാധ്യതയുണ്ടോ എന്നു പരിശോധിക്കാനും ശ്രമിക്കാനുമാണ് ഞങ്ങളുടെ നിർദ്ദേശം എന്ന് രാഷ്ട്രീയപ്പാർട്ടികൾ നിലപാടെടുത്താൽ മാറാത്ത പൗരോഹിത്യ പിടിവാശിയൊന്നും വർത്തമാന ഇന്ത്യൻ അവസ്ഥയിലെങ്കിലും ഇല്ല .

ഇങ്ങനെ ഉറപ്പിച്ചു പറയാൻ കാരണങ്ങൾ പലതുണ്ടു്.

1. വിശ്വാസ സ്വാതന്ത്രൃത്തെപ്പറ്റി ആവർത്തിച്ചു പറയുന്ന ഈ സമുദായ നേതൃത്വങ്ങൾക്ക് കൃത്യമായി അറിയാവുന്ന കാര്യമാണ് ഇന്ത്യയിൽ നിലനിൽക്കുന്ന മുസ്ലിം വൃക്തിനിയമം യഥാർത്ഥ 'ശരീഅത്തോ' ദൈവികമായ ഒന്നോ അല്ലെന്ന്.  'മുത്തലാഖ്' പോലെയുള്ളവ ഖുർആൻ വിരുദ്ധം തന്നെയാണ്. ഖുർആനിൽ പൂർണ രൂപത്തിൽ എല്ലാ കാലങ്ങളിലും നിലനിൽക്കുന്ന രീതിയിൽ പിന്തുടർച്ചാവകാശങ്ങളെപ്പറ്റി സമഗ്രമായി പറയുന്നുമില്ല. ഒമ്പതാം നൂറ്റാണ്ടു മുതലാണ് കർമ്മ ശാസ്ത്ര പുസ്തകങ്ങളുടെ രചനയ്ക്ക് അടിസ്ഥാനമാകാവുന്ന ചിന്തകളും സംവാദങ്ങളുമൊക്കെ നടക്കുന്നതു തന്നെ. പിന്നീടവ കാലത്തിനും ദേശത്തിനമനുസരിച്ച് നിരന്തരം മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. ഇരുപതോളം മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ ആധുനിക ജനാധിപത്യ ബോധത്തിനനുസൃതമായി അവ പരിഷ്കരിച്ചിട്ടുമുണ്ട്. അപ്പോൾ ഇന്ത്യയിൽ മാത്രം അത് ദൈവികവും അലംഘനീയവും ആവാൻ നിവൃത്തിയില്ലല്ലോ. ഇതുവരെ പറഞ്ഞു കൊണ്ടിരുന്നത് വെറും ആണധികാരം ഉറപ്പിക്കലും സ്വാർത്ഥതയും മാത്രമായിരുന്നു എന്ന് ഏറ്റവുമറിയുന്നത് മുസ്ലിം മത പണ്ഡിതർ തന്നെ.

2. ബി.ജെ.പി സർക്കാർ അധികാരമേറ്റ ശേഷം അക്കാലം വരെ ശരീഅത്ത് പ്രകാരം എന്ന രീതിയിൽ അവലംബിച്ചിരുന്ന മുത്തലാഖ് സമ്പ്രദായം ക്രിമിനൽ കുറ്റമായി പ്രഖ്യാപിച്ചിട്ടു പോലും കാര്യമായൊരു എതിർപ്പും പ്രകടിപ്പിക്കാതെ മതനേതൃത്വം കീഴടങ്ങുകയാണുണ്ടായത്.

3- ഇന്ത്യൻ ന്യൂനപക്ഷങ്ങളുടെ അരക്ഷിതാവസ്ഥയെപ്പറ്റി ബോധ്യമുള്ളവർ തന്നെയാണ് ഇസ്ലാമിൻ്റേതുൾപ്പെടെയുള്ള മത നേതാക്കൾ. രാഷ്ട്രീയപ്പാർട്ടികൾ അവരെ വിളിച്ചു കൂട്ടി കൂടെ നിർത്തുന്നതു കൊണ്ടു മാത്രമാണ് അവർ യു.സി.സി.ക്കെതിരെ ശബ്ദമുയർത്താൻ സാഹസപ്പെടുന്നത്.അല്ലെങ്കിൽ നിശ്ശബ്ദം കീഴടങ്ങാനോ ഭരിക്കുന്ന കക്ഷിക്കൊപ്പം നിന്ന് കിട്ടാവുന്ന ആനുകൂല്യങ്ങൾ നേടിയെടുക്കാനോ മടിക്കാത്തവരാണ് വിവിധ ന്യൂനപക്ഷ നേതാക്കൾ. എല്ലാ സ്വാതന്ത്രൃവും ഹനിക്കുന്ന, മത പൗരോഹിത്യത്തിൻ്റെ നിലനിൽപ്പുതന്നെ അപകടത്തിലാക്കുന്ന ഹിന്ദുത്വയുടെ ഏക സിവിൽ കോഡിനേക്കാൾ കുറച്ചു തിരുത്തലുകൾ വരുത്തിക്കൊണ്ടുള്ള വ്യക്തിനിയമ പരിഷ്കരണത്തെ സ്വീകരിക്കാൻ പൗരോഹിത്യം തീരുമാനിക്കുക തന്നെ ചെയ്യും.

ഈ സാധ്യതകളെക്കൂടി ഇല്ലാതാക്കുന്ന വിധത്തിലാണ് രാഷ്ട്രീയ കക്ഷികൾ ഇടതു വലതുഭേദമെന്യെ ന്യൂനപക്ഷ ഘട കങ്ങളുടെ പുരുഷനേതൃത്വങ്ങളെ മാത്രം കൂടെ നിർത്താൻ കിണയുന്നത്. അവർ മനസ്സിലാക്കാതെ പോവുന്ന കാര്യം പൗരോഹിത്യത്തിനു കീഴടങ്ങി അവരുടെ അഭിപ്രായങ്ങൾക്കനുസരിച്ച് വോട്ടു ബാങ്കായി നില നിൽക്കാൻ ഇനി പ്രബുദ്ധരായ മുസ്ലിം സ്ത്രീകളെയും പുരുഷന്മാരെയും പഴയതുപോലെ കിട്ടിയെന്നു വരില്ല എന്നതാണ്. അവർ മാറിക്കഴിഞ്ഞു. മതബോധം പറഞ്ഞു ഭയപ്പെടുത്തി പുരുഷസ്വാർത്ഥതയെ നി ല നിർത്താൻ ഒത്താശ ചെയ്യുന്ന പൗരോഹിത്യത്തെ അവർ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഭരണഘടനയിലെ നിയമങ്ങൾ മാത്രമാണവർക്ക് വിലങ്ങാവുന്നത്. ആ വിലങ്ങിനെ പൊട്ടിച്ചെറിയാൻ അവരേ തു മാർഗവും സ്വീകരിച്ചെന്നു വരും. ഏകീകൃത സിവിൽ കോഡ് വെച്ചു നീട്ടുന്ന രാഷ്ട്രീയപ്പാർട്ടിയെ അന്ധമായി പിന്താങ്ങുക എന്നതുൾപ്പെടെ.ഈയിടെയൊരു ബിഷപ് പാംബ്ലാനി പറഞ്ഞതോർക്കുന്നില്ലേ, റബറിൻ്റെ വില കൂട്ടിത്തന്നാൽ ഒരു എം പിയില്ലാത്ത സങ്കടം തീർത്തു തരാമെന്ന്! അതു പോലെ, ഞങ്ങളുടെ ദീർഘകാല സങ്കടങ്ങൾ തീർത്തു തരുമെങ്കിൽ ഒരു തുടർ ഭരണം ലഭിക്കാൻ ഞങ്ങൾ സഹായിക്കാമെന്ന് ആരെങ്കിലുമൊക്കെ തീരുമാനിക്കുമെങ്കിൽ കുറ്റം പറയാനായില്ലെന്നു വരും. ഇങ്ങനെ പറയുന്നവരുടെ എണ്ണം വളരെ കുറവല്ലെന്ന് ഞങ്ങൾ അവരെ പ്രതിരോധിക്കാനായി ചെലവഴിക്കേണ്ടി വരുന്ന സമയവും മാനസികാധ്വാനവും ഞങ്ങളോടു പറയുന്നു.

പ്രിയപ്പെട്ട രാഷ്ട്രീയക്കാരേ, വളരെ ബുദ്ധിപരമായും മനുഷ്യത്വപരമായും നിങ്ങൾ ഈ സന്നിദ്ധ ഘട്ടത്തെ നേരിടേണ്ടതുണ്ടു്. ഒന്നുകിൽ യു സി സി യുടെ ഒരു ഡ്രാഫ്റ്റ് പുറത്തിറങ്ങും വരെ ഈ വിഷയത്തെ ഊതിപ്പെരുപ്പിക്കാതിരിക്കുക. അല്ലെങ്കിൽ പ്രശ്നത്തെ അതിൻ്റെ യഥാർത്ഥ ആഴത്തിലും പരപ്പിലും തന്നെയെടുത്ത് ലിംഗപര അസമത്വങ്ങളെ മാറ്റി വൃക്തിനിയമങ്ങൾ പരിഷ്ക്കരിക്കുവാൻ നിയമക്കമ്മീഷനെയും കേന്ദ്ര സർക്കാരിനെയും പ്രേരിപ്പിക്കും വിധമാവട്ടെ നിങ്ങളുടെ പ്രവർത്തനങ്ങൾ. അല്ലാത്ത മുന്നേറ്റങ്ങളൊക്കെ ഭാവിയിൽ തിരിച്ചടിക്കുകയേയുള്ളു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Dr. Khadija Mumtaz

Recent Posts

Web Desk 9 hours ago
Social Post

ബോണ്ടുവാങ്ങി ബോണ്ടായ മാര്‍ട്ടിന്‍

More
More
Web Desk 9 hours ago
Social Post

മെയ് ഡേയും മെയ് ഡേ മുന്നറിയിപ്പും

More
More
Web Desk 9 hours ago
Social Post

അയണ്‍മാന്‍ കഴിച്ച് ഫേമസാക്കിയ ഷവര്‍മ

More
More
Web Desk 10 hours ago
Social Post

സ്ത്രീധനം വാങ്ങിയാല്‍ എന്ത്‌ സംഭവിക്കും?

More
More
Web Desk 2 days ago
Social Post

പ്രതിപക്ഷത്തെ വരിഞ്ഞുമുറുക്കുന്ന അന്വേഷണ ഏജന്‍സികള്‍

More
More
Web Desk 2 days ago
Social Post

രാജസ്ഥാനില്‍ ബിജെപിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്ന രജ്പുത് പ്രതിഷേധം

More
More